Monday 05 July 2021 05:02 PM IST : By സ്വന്തം ലേഖകൻ

മുഖം മിനുക്കി മൊഞ്ചത്തിയായി കോഴിക്കോട്

kozhikode 1

ഐസൊരതിയും കല്ലുമ്മക്കായ നിറച്ചതും അസ്തമയവും തേടിയെത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കാനൊരുങ്ങി കോഴിക്കോട് ബീച്ചിന്റെ ‘പുതിയ മുഖം’. ബീച്ച് മാത്രമല്ല, തളി– കുറ്റിച്ചിറ പൈതൃക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കോഴിക്കോടിന്റെ സാംസ്കാരിക തനിമയും പ്രൗഢിയും അടയാളപ്പെടുത്തുന്ന ഇടങ്ങളും പുതുമോടിയിലാണ്. രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

kozhikode 2

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ചെയർമാൻ കൂടിയായ കലക്ടർ എസ് സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് സൗത്ത് ബീച്ച് മുതൽ ഫ്രീഡം സ്ക്വയർ വരെയുള്ള ഭാഗം നവീകരിച്ചത്. സോളസ് ആഡ് സോലൂഷൻ സ്ഥാപനവുമായി ചേർന്നായിരുന്നു ഡിടിപിസിയുടെ ബീച്ച് വികസനപ്രവർത്തനങ്ങൾ. സെൽഫി പോയിന്റുകൾ ഗെയിം സോണുകൾ എന്നിവയും കോഴിക്കോടിന്റെ സാസ്കാരിക പൈതൃകം വിളിച്ചോതുന്ന ചുമർചിത്രങ്ങളുമാണ് ബീച്ചിലെ പ്രധാന ആകർഷണം. ശുചിമുറി, റാംപുകൾ, ബീച്ചിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കാനുതകുന്ന ലൈറ്റിങ് സംവിധാനം,നിരീക്ഷണ ക്യാമറ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ എന്നിവയും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

kozhikode 3

തളി ക്ഷേത്രകുളവും അനുബന്ധനിർമാണങ്ങളും ജില്ലാടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നവീകരിച്ചു. 1.25 കോടി രൂപ വിനോദസഞ്ചാരവകുപ്പും 75 ലക്ഷം രൂപ എംഎൽഎ ഫണ്ടും ഉപയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.

kozhikode 4

പദ്ധതിയുടെ ഭാഗമായി കുളം നവീകരിച്ച് സംരക്ഷണ ഭിത്തി കെട്ടി പെയിന്റിംഗ് ചെയ്ത് മനോഹരമാക്കി. കുളത്തിന്റെ ഭാഗമായുള്ള ആറാട്ട് കടവ്, വടക്കുഭാഗത്ത് കുളപ്പുരകൾ എന്നിവ പുനർനിർമിച്ചു. കുളത്തിന്റെ കിഴക്കുഭാഗത്ത് ഗ്രാനൈറ്റ് പതിച്ച ഇരിപ്പിടങ്ങളൊരുക്കി. കുളത്തിന് അഭിമുഖമായി നിർമിച്ച എട്ടുചുമരുകളിലായി സാമൂതിരി ഭരണകാലത്തെ നിമിഷങ്ങൾ സിമന്റിൽ കൊത്തിവച്ചിരിക്കുന്ന ദൃശ്യചാരുത. ചിത്രങ്ങൾ സംബന്ധിച്ച വിവരണങ്ങൾ ചുമരിന് പിന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അരിയിട്ട് വാഴ്ച, രാജാവിന്റെ എഴുന്നള്ളത്ത്, മാമാങ്കം, രേവതിപട്ടത്താനം, മങ്ങാട്ടച്ഛനും പൂന്താനവും, ത്യാഗരാജസംഗീതസഭ, കൃഷ്ണനാട്ടം, തളിയിലെ സദ്യ എന്നിവയാണ് ചുമരിലെ ചിത്രങ്ങൾ.ക്ഷേത്രമതിലിനോടു ചേർന്ന് സസ്യോദ്യാനം നിർമിച്ചിട്ടുണ്ട്. ഉദ്യാനം നിറയെ ഔഷധസസ്യങ്ങളും പൂജാപുഷ്പങ്ങളുമാണ്. ആൽത്തറയിൽ ഇരിപ്പിടങ്ങളും നടപ്പാതയും പടവുകളും മ്യൂസിയം, ലൈബ്രറി എന്നിവയും ചേർന്ന മികച്ച കാഴ്ചാനുഭവമാണ് തളി പൈതൃക ടൂറിസം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

വീഡിയോ കാണാം

 

Tags:
  • Manorama Traveller