Tuesday 15 June 2021 12:45 PM IST : By Staff reporter

കെടിഡിസി ഹോട്ടൽ മുറി ബുക്കിങ്ങിന് ചാനൽ മാനേജർ സോഫ്ട് വെയർ

ktdc booking

രാജ്യാന്തര ബുക്കിങ് പോര്‍ട്ടലുകളുമായി കെടിഡിസിയെ ബന്ധിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജ്യാന്തര – ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് വേഗത്തിലും ഫലപ്രദവുമായി കെടിഡിസി ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. ആദ്യപടിയായി ‘ചാനല്‍ മാനേജര്‍ സോഫ്റ്റ് വെയര്‍’ സംവിധാനം നടപ്പാക്കും. കെടിഡിസി ഹോട്ടലുകൾ വിനോദസഞ്ചാര നെറ്റ് വര്‍ക്കിന്റെ ഭാഗമാകും – മന്ത്രി പറഞ്ഞു.

ബുക്കിംഗ് ഡോട്ട് കോം, അഗോഡ, മേക്ക് മൈ ട്രിപ്പ്, ഗോഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി എന്നിവയുടെ ബുക്കിങ് പോര്‍ട്ടലില്‍ കെടിഡിസി ഹോട്ടൽ ബുക്ക് ചെയ്യാൻ സാധിക്കും. തിരുവനന്തപുരത്തു ഗ്രാന്റ് ചൈത്രം ഹോട്ടലില്ലാണു ചാനല്‍ മാനേജര്‍ സോഫ്റ്റ് വെയര്‍ ആദ്യം നടപ്പാക്കുക.

‘‘കോവിഡിന്റെ രണ്ടാം തരംഗം പിന്നിടുമ്പോള്‍ സംസ്ഥാന ടൂറിസം മേഖലയെ സജീവമാക്കാനും ആകര്‍ഷകമാക്കാനും വ്യത്യസ്ത പരിപാടികളാണ് തയാറാക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെടിഡിസിയുടെ ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളും നവീകരിക്കും. തനതു വിഭവങ്ങള്‍ കെടിഡിസി ഹോട്ടലുകള്‍ വഴി ലഭിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും – ടൂറിസം മന്ത്രി അറിയിച്ചു.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ റൂഫ് ടോപ്പ് റസ്റ്ററന്‍റ്, ഹെറിറ്റേജ് ബ്ലോക്ക്, ഗ്രാന്റ് ചൈത്രത്തിലെ മുറികള്‍, റസ്റ്റന്‍റ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിൽ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങൾ മന്ത്രി വിലയിരുത്തി. ടൂറിസം ഡയറക്ടറും കെടിഡിസി എംഡിയുമായ വി.ആര്‍. കൃഷ്ണ തേജ മന്ത്രിയെ അനുഗമിച്ചു.