Thursday 05 May 2022 04:24 PM IST : By Amrita A S

കിള്ളിക്കുറിശ്ശിയിലെ കലക്കത്ത് ഭവനം

kalakkathu house Photo : Sudheesh Salabham

ട്രെയിനില്‍ കുത്തിത്തിരക്കിയും ബസുകള്‍ മാറിക്കയറിയും നടത്തിയ കുഞ്ഞു കുഞ്ഞു യാത്രകൾ ഒട്ടേറെ. എന്നാൽ കലക്കത്ത് ഭവനത്തിലേക്കു നടത്തിയ യാത്രയെ അവിസ്മരണീയമാക്കുന്നത് ആ സ്ഥലത്തിന്റെ പ്രശാന്തത തന്നെ. സഞ്ചാരികളുടെ തിരക്കില്ലാത്ത ശാന്തമായ ഇടമായിരുന്നു പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം. മഹാകവി കുഞ്ചന്‍നമ്പ്യാരുടെ ജന്മഗൃഹമായ കലക്കത്ത് ഭവനമാണ് അദ്ദേഹത്തിന്റെ സ്മരണയെ തലമുറകളിലേക്കു പകരാനുള്ള ദൗത്യവുമായി അവിടെ നിലകൊള്ളുന്നത്.

സ്‌റ്റോപ് തെറ്റിയാലും വഴി തെറ്റാതെ...

ലക്കിടിപേരൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട ഈ സ്ഥലം ഒറ്റപ്പാലത്തിനടുത്താണ്. ലക്കിടിയില്‍ ബസ്സിറങ്ങി, വേറെ തിരക്കൊന്നുമില്ലാത്തതിനാല്‍ ഓട്ടോ വിളിക്കാതെ ബസ് കാത്തുനിന്നു. തിരുവില്വാമല ബസില്‍ കയറി, പാലക്കാടൻ ഗ്രാമങ്ങളിൽ കൂടിയുള്ള യാത്രയ്ക്കിടെ വഴിയോര കാഴ്ചകളിൽ മറന്ന് ഇറങ്ങേണ്ട സ്‌റ്റോപ് വിട്ടുപോകാതിരിക്കാൻ ജാഗ്രത പുലർത്തി. എന്നാൽ സംഭവിച്ചതോ, കലക്കത്തു ഭവനം കാണാൻ പോകുന്ന ആവേശത്തില്‍ ഇറങ്ങേണ്ടതിന് ഒരുസ്‌റ്റോപ് മുന്നേ അറിയാതെ ഇറങ്ങിപ്പോയി. നട്ടുച്ചവെയിലില്‍ നാട്ടിന്‍പുറത്തെ തിരക്കില്ലാത്ത റോഡിലൂടെ നടന്നു.

kalakkathu killikkurissi

മെയിന്‍ റോഡില്‍ 'മഹാകവി കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം - കലക്കത്ത് ഭവനം' എന്ന ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കിലും വഴി ഇതുതന്നെയല്ലേയെന്ന് അടുത്തുള്ള കടക്കാരനോട് ചോദിച്ചു. 'ഈ റോഡിലൂടെ കുറേ നടന്നാല്‍ കിള്ളിക്കുറിശ്ശി മഹാദേവക്ഷേത്രത്തിനു മുന്നിലെത്തും... അവിടുന്ന് ഇടത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞാല്‍ മതി...' മാപ്പ് നോക്കാതെ, അവര്‍ പറഞ്ഞുതന്ന വഴിയേ നടന്നു... അൽപം നടന്നപ്പോഴേക്ക് ക്ഷേത്രം കാണായി. ഇടത്തേക്കു തിരിഞ്ഞു, കലക്കത്ത് ഭവനത്തിന്റെ പടിപ്പുര അടഞ്ഞു കിടക്കുകയാണ്. ഉച്ച സമയത്തെ ഇടവേളയായിരുന്നതിനാല്‍ സ്മാരകത്തിന്റെ പടിപ്പുര അടച്ചിട്ടതായിരുന്നു. കുറച്ചുനേരം കാത്തുനിന്നു.

കിള്ളിക്കുറിശ്ശിയും സമീപത്തെ തിരുവില്വാമലയും ഒക്കെ പണ്ടു കാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു.

സമീപത്തെല്ലാം വയലും വീടുകളുമാണ്. അന്നേരം പിന്നോട്ടുതന്നെ നടന്ന് മഹാദേവക്ഷേത്രവും കുളവുമെല്ലാം ചുറ്റിനടന്നു കണ്ടുവരുമ്പോഴേക്കും പടിപ്പുരയുടെ വാതില്‍ തുറക്കാന്‍ ആളെത്തി.

kalakkathu house padippura

നിഴൽചിത്രങ്ങൾ

ആധുനിക രീതിയിൽ മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്ന പുരയിടത്തിന്റെ പുരാതനമായ പടിപ്പുര മാളിക പഴമയുടെ സൗന്ദര്യം ചോരാതെ സംരക്ഷിച്ചിരിക്കുന്നു. പടിപ്പുര വാതിലിനപ്പുറം കളിത്തട്ടും മാളികയും പത്തായപ്പുരയും കലാപീഠവുമെല്ലാമുള്ള കലക്കത്ത് ഭവനം. പച്ചപ്പുല്ലു വിരിച്ച മുറ്റത്തുനിന്നു നീണ്ട വരാന്തയിലൂടെ മാളികപ്പുരയ്ക്കകത്തേക്കു കയറി. മണ്ണിനും മണലിനുമൊപ്പം ശര്‍ക്കരയും, കടുക്കയും, ഉമിയും ചേര്‍ത്തുണ്ടാക്കിയതാണ് കലക്കത്ത് വീടിന്റെ ചുവരുകള്‍. കറന്റുപോയ സമയമായിരുന്നതിനാല്‍ ഉള്ളില്‍ വെളിച്ചം കുറവായിരുന്നു. എങ്കിലും നടുത്തളത്തിലേക്കു വീഴുന്നതും ജാലകങ്ങളിലൂടെയും മറ്റു വിടവുകളിലൂടെയും ഊര്‍ന്നുവീഴുന്നതുമായ വെളിച്ചം ആ വീട്ടിനകത്ത് നിഴല്‍ച്ചിത്രങ്ങള്‍ വരച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഓർമ ശകലങ്ങളിലൂടെ രൂപപ്പെടുന്ന കവിയുടെ ജീവിതചിത്രവും സമാനമാണല്ലോ.

18ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കലക്കത്ത് ഭവനത്തിൽ ജനിച്ച കുഞ്ചൻ നമ്പ്യാർ ബാല്യകാല വിദ്യാഭ്യാസത്തിനു ശേഷം അച്ഛനോടൊപ്പം കോട്ടയം ജില്ലയിലെ കിടങ്ങൂര് എത്തിയെന്നാണ് വിശ്വസിക്കുന്നത്. അച്ഛൻ അന്നാട്ടുകാരനും കിടങ്ങൂർ മഹാക്ഷേത്രത്തിലെ ജീവനക്കാരനും ആയിരുന്നെന്നു കരുതുന്നു. അക്കാലത്ത് കുഞ്ചൻ നമ്പ്യാർ കുടമാളൂർ, കുമാരനെല്ലൂർ മുതലായ സമീപദേശങ്ങളിൽ സഞ്ചരിക്കുകയും ആ യാത്രകളിൽ ലഭിച്ച പരിചയങ്ങളിലൂടെ അമ്പലപ്പുഴയിൽ എത്തിച്ചേരുകയുമായിരുന്നു എന്നു കണക്കാക്കുന്നു. ഇത്തരം ഊഹങ്ങളെ സാധൂകരിക്കുന്ന ശ്ലോകങ്ങളും കൃതികളും അദ്ദേഹത്തിന്റെ സാഹിത്യസഞ്ചയത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമ്പലപ്പുഴയിൽ താമസിക്കുന്ന കാലത്താണ് സംസ്കൃത ഭാഷയിലും മറ്റും അഗാധമായ അറിവു സമ്പാദിച്ചതത്രേ.

കാലം ഘനീഭവിച്ച ഇടം

കലക്കത്തെ നാലുകെട്ട് മാളികയിൽ നടുത്തളത്തിനരികിലായി ഒരു മിഴാവുണ്ട്. മിഴാവില്ലാതെ ആ മഹാകവിയില്ലല്ലോ. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണത്രേ ഇവിടെ കാണാൻ സാധിക്കുന്ന മിഴാവിന്. ‘മിഴാവണ’ എന്നു വിളിക്കുന്ന ഭംഗിയുള്ള തടിക്കൂട്ടിലാണ് ഈ വാദ്യോപകരണത്തെ സ്ഥാപിച്ചിരിക്കുന്നത്. കൂത്തിനും കൂടിയാട്ടത്തിനും അകമ്പടിയായി ഉപയോഗിക്കുന്ന മിഴാവിനെ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലെ പ്രതിഷ്ഠാമൂർത്തിയായും കണക്കാക്കാറുണ്ട്.

kalakkathu mizhavu

ഇരുട്ടിന് കനമുള്ള ഇടനാഴിയ്ക്കപ്പുറം കുഞ്ചന്‍നമ്പ്യാര്‍ ജനിച്ചുവെന്ന് കരുതപ്പെടുന്ന മുറി. ‘ജനിച്ച അകം’ എന്ന് കട്ടളയിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു. കെട്ടിടത്തിന്റെ ഒരുവശത്ത് അടുക്കളയും അതിന്റെ ചുമരിനോട് ചേര്‍ന്നു കിണറും. അടുക്കളയിൽ നിന്നുതന്നെ വെള്ളം കോരി എടുക്കാം. നീളത്തിൽ ചെത്തി എടുത്ത കരിങ്കല്ലു വിരിച്ച കൊട്ടത്തളം, തടികൊണ്ട് ചെണ്ടപോലെ ഉരുണ്ട രൂപത്തിൽ നിർമിച്ചെടുത്ത കപ്പി, പുറം ചുമരിൽ അഴിയിട്ട ജാലകങ്ങൾ, ചുമർ ചേർത്തു വച്ച അലമാര... അടുക്കള കണ്ടപ്പോള്‍ ആ വീട്ടില്‍ മനുഷ്യര്‍ താമസിച്ചിരുന്ന കാലത്തെപ്പറ്റിയാണ് ഓര്‍ത്തത്.

kalakkathu house room

കലക്കത്ത് കുടുംബത്തിന്റെ കുലദേവതമാരായ ഭഗവതിക്കും അയ്യപ്പനും വിളക്കു വെയ്ക്കുന്ന ഇടവും അകത്തളത്തിൽ കാണാം. ഇടനാഴിയിലെ കുത്തനെയുള്ള കോണിപ്പടികള്‍ കയറി മുകള്‍നിലയിൽ എത്താം. അവിടെ മൂന്ന് ചെറിയ മുറികളാണ്‌. അതിനുള്ളില്‍ പോള്‍ കല്ലാനോട് തയ്യാറാക്കിയ ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍ ശീതങ്കന്‍തുള്ളല്‍ എന്നിവയുടെ ശില്പങ്ങള്‍ വെച്ചിരിക്കുന്നു.

ദേശീയ സ്മാരകം

എണ്ണൂറു വർഷം പഴക്കമുള്ളതാണ് കലക്കത്തു ഭവനത്തിന്റെ കെട്ടിടം എന്നു കരുതുന്നു. മുറ്റത്തു നിന്ന് അൽപം പിന്നിലേക്കു മാറി സ്മൃതി മണ്ഡപം കാണാം. മഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ (1700–1770) എന്നു രേഖപ്പെടുത്തിയ തുറന്നു വച്ച പുസ്തകത്തിന്റെ ആകൃതിയിലുള്ള ഒരു ശിൽപം. 1957 മെയ് 5ന് ആദ്യമായി കുഞ്ചൻ ദിനം കലക്കത്തു ഭവനത്തിൽ വച്ച് ആചരിക്കുകയും തൊട്ടടുത്ത വർഷം അവിടെ കുഞ്ചൻ നമ്പ്യാർ സ്മാരക വായനശാലയ്ക്കു തറക്കല്ലിടുകയും ചെയ്തു. ലൈബ്രറിയും കലാപഠനവുമൊക്കെയായി ലക്കിടിയുടെ സാംസ്‌കാരിക കേന്ദ്രമായ കുഞ്ചന്‍ സ്മാരകം ഒരു ദേശീയ സ്മാരകമാണ്.

kalakkathu house 2

നാലുകെട്ടു മാളികയ്ക്കും അതിനു സമീപമുള്ള പത്തായപ്പുരയ്ക്കും ഇടയിൽ കലാവതരണങ്ങൾക്കായി മനോഹരമായ ഒരു വേദിയും പിൽക്കാലത്ത് പണിതു. കളിത്തട്ട് എന്നു വിളിക്കുന്ന ഈ സ്‍‌റ്റേജ് കൂടാതെ കുഞ്ചൻ നമ്പ്യാർ സ്മാരക നാട്യശാല എന്നൊരു പുതിയ കെട്ടിടവും നിർമിച്ചിട്ടുണ്ട്. ഓഫിസും ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവും ഇതിനോടു ചേർന്നു പ്രവർത്തിക്കുന്നു. കേരള സർക്കാർ‍ സാംസ്കാരിക വകുപ്പിനു കീഴിലാണ് കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ പ്രവർത്തനം.

കലകളുടെ പാഠം പകർന്ന് കലാപീഠം

കലക്കത്ത് ഭവനത്തോടു ചേർന്ന് കലാപീഠമെന്നപേരില്‍ കുട്ടികള്‍ക്കായുള്ള കലാപരിശീലനകേന്ദ്രമുണ്ട്. അവിടെ തുള്ളല്‍, മോഹിനിയാട്ടം, മൃദംഗം, ശാസ്ത്രീയസംഗീതം എന്നിവ പരിശീലിപ്പിക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള കലാമണ്ഡലം നൽകുന്ന സർടിഫിക്കറ്റും ലഭിക്കുന്നു. ക്ലാസില്ലാത്ത ദിവസമായതിനാല്‍ കുട്ടികളെയാരെയും കാണാനായില്ല. വീടിന്റെ താഴെ നിലയില്‍ ഇടനാഴിയ്ക്കപ്പുറം നിറയെ ജനലഴികളുള്ള വിശാലമായ ഒരു ഹാളുണ്ട്. പണ്ട് നെല്ലുകുത്താനും അരിപൊടിക്കാനുമൊക്കെയുള്ള സ്ഥലമായിരുന്നു. അതിപ്പോള്‍ തുള്ളല്‍ക്കളരിയാണ്.

kalakkathu hall2

കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്തു ഭവനം കാണാനെത്തുന്നവർക്ക് കുഞ്ചൻ നമ്പ്യാരുമായി ബന്ധപ്പെട്ട മറ്റൊരു ഓർമ പോലെ കാണാം കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം. പരമ്പരാഗതമായ കേരളീയ വാസ്തു ശിൽപ ഭംഗിയൊത്ത ക്ഷേത്രവും കുളവും മനോഹരമാണ്. ക്ഷേത്രത്തിന്റെ ബലിക്കൽ പുര കുഞ്ചൻ നമ്പ്യാർ പണികഴിപ്പിച്ചതാണെന്നും കേട്ടിട്ടുണ്ട്.

മലയാളി മറക്കാതെ കാണേണ്ട കാഴ്ച

പാലക്കാട് ജില്ലയിൽ പാലക്കാട് കോട്ടയും മലമ്പുഴ ഡാമും വരിക്കാശ്ശേരി മനയും തസ്രാക്കും കണ്ടു മടങ്ങുന്ന മലയാളികൾ മറക്കാതെ കാണേണ്ട ഒരിടം തന്നെ മഹാകവി കുഞ്ചൻ നമ്പ്യാർ സ്മാരകവും. കലക്കത്തു ഭവനത്തിൽ നിന്നു തിരിച്ചുപോരും മുൻപ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന സന്ദര്‍ശക പുസ്തകം വെറുതേ മറിച്ചുനോക്കി... ആദ്യ കുറിപ്പ് കവി അയ്യപ്പപ്പണിക്കരുടേത്. അതിനുതാഴെയായി നടന്‍ നെടുമുടി വേണുവിന്റെ കൈപ്പട... 2003 സെപ്തംബര്‍ 27 എന്ന തിയ്യതി കുറിച്ച് അയ്യപ്പപ്പണിക്കര്‍ എഴുതിയിരിക്കുന്നു - ‘‘വളരെ സന്തോഷം. അമ്പലപ്പുഴക്കാരന് കിള്ളിക്കുറിശ്ശിമംഗലത്തുവന്ന് കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തിന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് എത്ര ആഹ്ലാദകരം.’’ അതുപോലെ, അവിടെയെത്തിയതും അത് വായിക്കാന്‍ കഴിഞ്ഞതും എത്ര ആഹ്ലാദകരം....

kalakkathu house

കിള്ളിക്കുറിശ്ശിമംഗലം

പാലക്കാട് നഗരത്തിൽ നിന്നു 30 കിലോ മീറ്റർ ദൂരമുണ്ട് കിള്ളിക്കുറിശ്ശിമംഗലത്തേക്ക്. ലക്കിടിയിൽ നിന്നു തിരുവില്വാമല റൂട്ടിൽ സഞ്ചരിച്ച് കിള്ളിക്കുറിശ്ശിമംഗലത്ത് എത്താം. ലക്കിടി റെയിൽവേ സ്‌റ്റേഷനാണ് സമീപ റെയിൽവേ സ്‌റ്റേഷൻ. ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്‌റ്റേഷൻ ഒറ്റപ്പാലം

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories