Thursday 24 February 2022 10:50 AM IST : By Text K. K. Aju John : Photo Rajesh Kavinissery, K. K. Aju John

ഭക്തരുടെ കൈപിടിച്ച് അവരുടെ ആവലാതികൾ കേട്ട് പരിഹാരങ്ങൾ പറയുന്ന മലമുകളിലെ മുത്തപ്പൻ

theyyam7

തുലാപ്പത്ത് കഴിഞ്ഞാൽ വടക്കൻ മലബാറിലെ തെയ്യക്കാവുകൾ ഉണരും. കാറ്റിനു പോലും മഞ്ഞൾക്കുറി മണമുള്ള നാളുകളാണ് ഇനി വടക്കന്റെ മണ്ണിൽ. തോറ്റിയുണർത്തുന്ന ചൈതന്യം മനുഷ്യ ശരീരത്തെ ദൈവമാക്കി മാറ്റുന്ന അദ്ഭുതക്കാഴ്ചകൾ... തന്റെ ഭക്തരുടെ കൈപിടിച്ച് അവരുടെ ആവലാതികൾ കേട്ട് പരിഹാരങ്ങൾ പറയുന്ന ദൈവം. ചിത്രങ്ങളിലെ വർണപ്പൊലിമ കൊണ്ടു തെയ്യം കാണാൻ മോഹിച്ച് ആ ലോകത്തേയ്ക്ക് കടന്നു ചെന്നപ്പോൾ മുന്നിൽ തെളിഞ്ഞത് ഒരു പ്രപഞ്ചമായിരുന്നു, തെയ്യപ്രപഞ്ചം. തെയ്യത്തിന്റെ കാഴ്ചകളിലേക്കിറങ്ങി മനുഷ്യൻ ദൈവമാകുന്ന അപൂർവ നിമിഷങ്ങൾ കാണാൻ തീരുമാനിച്ചപ്പോൾ തുണയായത് മലബാറുകാരായ സുഹൃത്തുക്കളായിരുന്നു.

 തെയ്യം കണ്ടു തുടങ്ങാൻ കുന്നത്തൂർ പാടി ഉത്സവം നിർദേശിച്ചതും അവരാണ്. സാക്ഷാൽ മുത്തപ്പന്റെ ആരൂഡം. അങ്ങനെ കഴിഞ്ഞ വർഷം കുന്നത്തൂർപാടിയിലേക്ക് വണ്ടി കയറി.

കുന്നത്തൂർ പാടിയിലേക്ക്...

theyyam8

തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് 25 km ആണ് ദൂരം, അവിടെ നിന്നും പയ്യാവൂർക്കുള്ള ബസ് പിടിച്ച് പയ്യാവൂർ സ്റ്റാൻഡിലെത്തി, അവിടെ നിന്നാണ് കുന്നത്തൂർപാടിക്ക് പോകേണ്ടത്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളാണ് പയ്യാവൂരും ഇരിക്കൂറും കുന്നത്തൂർ പാടിയുമൊക്കെ. കുടക് മലകളോട് അതിരിടുന്ന മലബാറിലെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും തെയ്യങ്ങൾക്കും സംസ്ഥാന അതിർത്തികൾ വേലികൾ തീർക്കുന്നതേയില്ല. പണ്ട് കോട്ടയത്ത് നിന്നും പാലായിൽ നിന്നും കുടിയേറിയവരുടെ വഴികൾ ഓർമിപ്പിച്ച് കൊണ്ട് ഇവിടെ നിന്നും കാഞ്ഞിരപ്പള്ളിക്കും പാലായ്ക്കുമൊകെ ദീർഘദൂര ബസ്സുകൾ ഉണ്ട്. കുന്നത്തൂർപാടിക്ക് ബസ്സുകൾ കുറവാണ് പിന്നെ ആശ്രയം ജീപ്പുകളാണ്. സ്റ്റാൻഡിൽ തിരക്കിയപ്പോൾ ഉടനെ ഒരു ബസ് ഉണ്ടെന്ന് പറഞ്ഞു.

 അവസാന വണ്ടിയിൽ കയറി കുന്നുകളും മലകളും കാടുമുള്ള ആ മലയടിവാരത്തിൽ ഇറങ്ങുമ്പോൾ സന്ധ്യയോടടുത്തിരുന്നു.

theyyam3

സഹ്യപർവ്വതമല നിരകളിലെ ഉടുമ്പമലയിൽ, സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. ഗോപുരവാതിൽ കഴിഞ്ഞ് മുകളിലേക്ക് പടികൾ. പടികൾ അവസാനിക്കുന്നതിന് വലതു വശത്ത് പൊടിക്കളത്ത് മടപ്പുരയുണ്ട്. അവിടെയാണ് ഉത്സവ സമയത്ത് ഉച്ചയ്ക്കും വൈകുന്നേരവും അന്നദാനം നടക്കുന്നത്. മുകളിൽ മുത്തപ്പൻ ദേവസ്ഥാനത്ത് വെള്ളാട്ടത്തിനുള്ള ഒരുക്കങ്ങളാണെന്നുള്ള വിളിച്ച് പറച്ചിൽ. ഭക്തർ മുകളിലേക്കുള്ള നടപ്പിന് വേഗം കൂട്ടി.

theyyam4

കല്ലുകളും മരങ്ങളുടെ വേരുകളുമുള്ള നടപ്പാത. ഇരുവശവും കാട്. പാതയവസാനിക്കുന്നത് ദേവസ്ഥാനത്താണ്. കൂറ്റൻ മരങ്ങളും പനകളും ഈറ്റയുമെല്ലാമുള്ള കാട്ടിൽ ഒരിടമാണ് മുത്തപ്പന്റെ ദേവസ്ഥാനം. പ്രകൃതിദത്തമായാണ് ഇവിടെ ഉൽസവ്വം നടക്കുന്നത്. ഓലയും പുല്ലും ഈറയും കൊണ്ട് നിർമിച്ച ഗുഹ പോലെയുള്ള മടപ്പുരയും കരക്കാർക്ക് വേണ്ടി തിരുമുറ്റത്തിന്റെ വശങ്ങളിലുള്ള ചെറിയ പന്തലുകളും.
 ദേവസ്ഥാനത്തിന് മുകളിൽ ഉള്ള കുന്നുകളിൽ ആളുകൾ ഒറ്റയും കൂട്ടമായും ഇടം പിടിക്കുന്നുണ്ട്. സ്ത്രീകളും പുരുഷൻമ്മാരും കുട്ടികളുമുൾപ്പടെയുള്ള സംഘങ്ങൾ കുന്നിൻ പുറത്ത് പലയിടങ്ങളിലായി സ്ഥാനം പിടിച്ചു. ‘‘മലബാറുകാരുടെ കൺകണ്ട ദൈവമാണ് മുത്തപ്പൻ. ഏത് ആവലാതിയും പറയാവുന്ന വിളിപ്പുറത്തുള്ള ദൈവം. വെള്ളാട്ടം കഴിഞ്ഞ് മുത്തപ്പനോട് ആവലാതികൾ പറഞ്ഞ് അനുഗ്രഹം വാങ്ങാനുള്ളവരുടെ നീണ്ട നിരയുണ്ട്. മുത്തപ്പനും അനുയായി ചന്ദനും ആവലാതികൾ കേട്ട് ആശ്വസിപ്പിക്കുന്നുണ്ട്.


 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളാട്ടവും തിരുവപ്പനയും ഒന്നിച്ചാണ് നടക്കുന്നത്. പക്ഷേ, കുന്നത്തൂർ പാടിയിൽ ഇവ രണ്ടും രണ്ടായിട്ടാണ് നടക്കുന്നത്.’’ മലകയറ്റത്തിനിടയ്ക്ക് പരിചയപ്പെട്ട ഒരു സുഹൃത്ത് കഥകളുടെ കൊട്ടഴിച്ചു.

theyyam1

മുത്തപ്പൻ കുന്നത്തൂർ പാടിയിലെത്തിയത്

theyyam5

പയ്യാവൂരിലെ എരുവശ്ശി ഗ്രാമത്തിൽ പുരാതനകാലത്ത് അയ്യങ്കര (അഞ്ചരമന) എന്ന തീയ്യരാജവംശത്തിന്റെ അരമന ഉണ്ടായിരുന്നു. നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു. അയ്യങ്കര വാഴും മന്നനാരുടെ ഭാര്യ പാടികുറ്റിയമ്മ ശിവഭക്തയായിരുന്നു. പാടിക്കുറ്റിയമ്മ തിരുവൻകടവ് എന്ന പുഴക്കടവിൽ കുളിക്കുമ്പോൾ ഒരു കുഞ്ഞ് വട്ടത്തോണിയിൽ ഒഴുകി വരുന്നത് കണ്ടു. ആ കുഞ്ഞിനെ അവർ എടുത്തു ഇല്ലത്തേക്ക് കൊണ്ടുപോയി. പാലും പഴവും കൊടുത്ത് കുട്ടിയെ വളർത്തി. എന്നാൽ, കുട്ടി കോഴിയേയും മറ്റും പിടിച്ചുകൊണ്ടു വന്നു കൊന്ന് മണം ഇല്ലത്ത് പരത്താൻ തുടങ്ങി. അയ്യങ്കര നായനാർ ഒരിക്കൽ ഇല്ലത്തമ്മയോട് 'കണ്ടുകിട്ടിയ മകൻ നിമിത്തം ഈ ഇല്ലത്ത് നിന്നൂടാത്തെ അവസ്ഥയാണല്ലോ. കേക്കാത്തെ മണം വരെ ഞാൻ കേട്ടുതുടങ്ങി... ഇന്നിയിപ്പം ഈ ഇല്ലത്തിത് എന്താ ചെയ്യുക...' എന്നു പറഞ്ഞു. ഇതും കേട്ടുകൊണ്ടാണ് മകൻ വന്നത്. ‘എന്തു പറഞ്ഞമ്മേ അയ്യങ്കര’ എന്ന് ചോദിച്ചു. ‘ഒന്നും പറഞ്ഞില്ല മകനേ.’ എന്ന് അമ്മ. ‘അമ്മ കേട്ടില്ലെങ്കിൽ ഞാൻ ഒരു ചെവിയാലേ കേട്ടു. ഇനി ഞാനിവിടെ നിൽക്കില്ല എനിക്ക് മലനാട് വരെ സഞ്ചരിക്കണം’ എന്ന് പറഞ്ഞു ഇല്ലം വിട്ടിറങ്ങി. ആയുധമായി വില്ലും ചുരികേയുമായി മലനാട് വരെ സഞ്ചരിച്ചു. അവിടെ മൊഴുക്കുവെല്ലി കോട്ടയിൽ നിന്ന് നാലു പാടും നോക്കിയപ്പോൾ, കുന്നത്തൂർ പാടി കണ്ട് കൊതിച്ചു. അങ്ങനെ അഞ്ചരമനയിലെ മകൻ ( മുത്തപ്പൻ )കുന്നത്തൂർ പാടി തന്റെ ആസ്ഥാനമാക്കി. നിറയെ പനകളുള്ള ഇടമാണ് കുന്നത്തൂർ പാടി. പനങ്കള്ള് കണ്ട് മോഹിച്ച് കയറി കുടിച്ചു കൊണ്ടിരുന്ന മുത്തപ്പനെ പന ചെത്താൻ വന്ന ചന്ദൻ കണ്ടു. 

കള്ള് കട്ട് കുടിക്കുന്നവനെ അമ്പെയ്യാൻ ശ്രമിച്ച ചന്ദനെ മുത്തപ്പൻ ശപിച്ച് കല്ലാക്കി മാറ്റി. ഭർത്താവിനെ കാണാഞ്ഞ് തിരക്കി വന്ന ചന്ദന്റെ ഭാര്യ ഇത് കണ്ട് നിലവിളിച്ച് പനമുകളിൽ കണ്ട രൂപത്തെ വിളിച്ചപേക്ഷിച്ചു. സംപ്രീതനായ മുത്തപ്പൻ ചന്ദനെ പൂർവരൂപത്തിലാക്കി അവരെ അനുഗ്രഹിച്ചത്രെ. പ്രത്യുപകാരമായി ചന്ദനും ഭാര്യയും കള്ളും ധാന്യങ്ങളും, തേങ്ങാപൂളും മുത്തപ്പന് നിവേദ്യമായി അർപ്പിച്ചു. ഇതിന്റെ അനുസ്മരണമെന്ന നിലയിലാണത്രെ ഇവിടെ ഉൽസവം നടക്കുന്നത്.

theyyam2

മുത്തപ്പൻ തന്റെ കൗമാരവും യൗവ്വനവും ചിലവഴിച്ചത് കുന്നത്തൂർ പാടിയിലാണത്രെ. കുന്നത്തുർ മലയിൽ നായാട്ട് നടത്തിയും മറ്റും കഴിഞ്ഞിരുന്ന കാലത്ത് മുത്തപ്പന്റെ സഹായികൾ ആദിവാസികളായിരുന്നുവത്രെ. അത് കൊണ്ട് തന്നെ തിരുവപ്പന ഉൽസവ്വത്തിനും വളരെ വേണ്ടപ്പെട്ടവരാണ് ഈ വിഭാഗക്കാർ.



മുത്തപ്പന്റെ പരമ്പരയായ മന്നനാർ രാജവംശത്തിന്റെ രാജ്യാധികാരത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പ്രദേശം. മുത്തപ്പന്റെ വംശത്തിലുള്ള ഈ രാജവംശത്തിലെ അവസാന രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാർ കൊല്ലപ്പെട്ടതോടെ കുന്നത്തൂർപാടിയിലെ പാരമ്പര്യമായ പരമാധികാരസ്ഥാനം ഇല്ലാതായി. ഈ തീയ്യരാജവംശത്തിന്റെ പിന്തുടർച്ചാവകാശം നിലനിർത്താൻ മരുമക്കൾ ഇല്ലാതായതും കുന്നത്തൂർ പാടിയിലെ പരമാധികാരസ്ഥാനം ഇല്ലാതാവാൻ കാരണമായി.

കുന്നത്തൂർ പാടി ഉത്സവം

theyyam6

കന്നി മാസത്തിൽ പുത്തരി വെള്ളാട്ടാണ് കുന്നത്തൂർ പാടി ഉത്സവം. ബാക്കിയെല്ലായിടത്തും തുലാമാസത്തിൽ നടത്തുമ്പോൾ ഇവിടെ കന്നി മാസത്തിൽ നല്ല ദിവസം നോക്കിയിട്ടാണ് നടത്തുക. ധനു രണ്ടിനാണ് ഉത്സവം തുടങ്ങുക. കാട്ടിനു നടുവിൽ ഒരു തുറസ്സായ സ്ഥലവും ഗുഹയും ഉണ്ട്. ഉത്സവ സമയത്ത് ഇവിടെ ഒരു താൽക്കാലിക മടപ്പുര കെട്ടി ഉണ്ടാക്കും. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ. മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും ചെളികൊണ്ട് നിർമിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്. ഉത്സവം തുടങ്ങുന്നത് ധനുമാസം 2-നു ആണ്. ഉത്സവം മകരം 2-ന് അവസാനിക്കുന്നു. (ഡിസംബർ മധ്യം മുതൽ ജനുവരി മധ്യം വരെ).

ഉത്സവച്ചുരുക്കം

തന്ത്രിമാർ‍ ഉത്സവത്തിന് ശുദ്ധീകരണ കർമങ്ങൾ നടത്തും. പശുദാനം, പുണ്യാഹം, ഗണപതി ഹോമം, ഭഗവതിസേവ എന്നിവ നടക്കുന്നു. പുരളിമലയിൽ നിന്നാണ് മുത്തപ്പന്റെ മലയിറക്കൽ നടക്കുന്നത്. മറ്റെല്ലാ മടപ്പുരകളിലും പടിയിറക്കൽ നടക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്. തിരുവപ്പനയും വെള്ളാട്ടവും ഒരുമിച്ച് പാടിയിൽ അവതരിക്കാറില്ല. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ മാത്രമാണ് വെള്ളാട്ടവും തിരുവപ്പനയും ഒരുമിച്ച് അവതരിക്കാറ്.

മുത്തപ്പന് ഭക്തർ സമർപ്പിക്കുന്ന നിവേദ്യം പനങ്കള്ളാണ്. ഭക്തർ കൊണ്ട് വരുന്ന കള്ള് തിരുമുറ്റത്ത് വച്ചിട്ടുള്ള വലിയ കലത്തിലാണ് ഒഴിച്ച് വയ്ക്കുന്നത്. കള്ളല്ലാതെ അവലും കടലയും തേങ്ങാപ്പൂളും കൂടി പൈംകുറ്റിയിൽ കൊടുക്കുന്നതാണ് ഇവിടുത്തെ നിവേദ്യം. വനം വകുപ്പിന് കീഴിലുള്ള കുന്നത്തൂർ വനത്തിലെ വനഭൂമിയിലാണ് സർക്കാർ ഉത്തരവ് പ്രകാരം കുന്നത്തൂർ 'ദേവസ്ഥാനത്തിന്റെ ആവിശ്യങ്ങൾക്ക് വിട്ട് കൊടുത്തിട്ടുള്ളത്. ഉത്സവം കഴിഞ്ഞാൽ പിന്നെ അടുത്ത കൊല്ലം ഉത്സവം വരെ ദേവസ്ഥാനത്തേക്ക് ആരും പ്രവേശിക്കില്ല.

 

ഉത്സവക്കാഴ്ചകൾ

കഥ കേട്ടു കൊണ്ടിരുന്നപ്പോൾ താഴെ മടപ്പുരയിൽ നിന്ന് അന്നദാനത്തിനുള്ള അനൗൺസ്മെന്റ് കേട്ടു.

 കുന്നത്തൂർ പാടിയും അവിടുത്തെ ഉത്സവവും പ്രത്യേകതകൾ നിറഞ്ഞതാണ്. രാത്രി തുടങ്ങിയാൽ പുലരും വരെയാണ് ഉൽസവത്തിന്റെ ചടങ്ങുകൾ. മുത്തപ്പന്റെ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം വാനപ്രസ്ഥം എന്നിവയെ സൂചിപ്പിച്ച് യഥാക്രമം പുതിയ മുത്തപ്പൻ, പുറം കാലമുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവയാണ് ഉത്സവത്തിന് കുന്നത്തൂർപാടിയിൽ കെട്ടിയാടുന്നത്. പിന്നെയുള്ളത് മുത്തപ്പന്റെ മാതൃസ്ഥാനീയയായ മൂലം പെറ്റ ഭഗവതിയാണ്. തിരുവപ്പനയ്ക്കിടെ അമ്മയെ കാണണമെന്ന് പറഞ്ഞാൽ മൂലം പെറ്റ ഭഗവതിയെയും കെട്ടിയാടാറുണ്ട്.

 മടപ്പുരയോട് ചേർന്നുള്ള ഊട്ടുരയിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്തർ തിരുവപ്പന കാണാൻ വേണ്ടി മുകളിലേക്ക് കയറികൊണ്ടേയിരുന്നു. വെള്ളാട്ടം കഴിഞ്ഞതോടെ തിരുവപ്പനയ്ക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

തിരുമുറ്റത്ത് മണ്ണ് കൊണ്ട് നിർമിച്ച ഒരു പിഠത്തിലാണ് മുത്തപ്പന്റെ ഇരിപ്പിടം. ഉണങ്ങിയ ഓടകത്തിച്ചാണ് തിരുമുറ്റത്ത് വെളിച്ചം കൊടുക്കുന്നത്. കോലധാരിയെ പീഠത്തിലിരുത്തിയാണ് മുഖത്തെഴുത്തും ചമയങ്ങളും ചെയ്യുന്നു. ചമയങ്ങളും മുഖത്തെഴുത്തും പൂർത്തിയായാൽ പിന്നെ തിരുമുടിയും തിളങ്ങുന്ന പൊയ്കണ്ണും താടിയുമണിയും. ഇത് കഴിഞ്ഞാണ് രണ്ടും കയ്യിലും രണ്ട് പേർ പിടിച്ചു കൊണ്ട് തിരുമുറ്റത്തുള്ള പ്രദക്ഷിണം. മുത്തപ്പൻ കുന്നത്തൂർ പാടിയിൽ നായാടി നടന്നിരുന്ന കാലത്തിന്റെ അനുസ്മരണയായുള്ള പള്ളിവേട്ടയാണ് പ്രധാന ചടങ്ങ്. ഓടകത്തിച്ച് തിരുമുറ്റത്ത് പലയിടങ്ങളിലായി ഇട്ടിരിക്കുന്നതിന് മുകളിലുടെ അമ്പും വില്ലുമായി ചാടിയാണ് പള്ളിവേട്ട നടത്തുന്നത്.

 പള്ളിവേട്ട കഴിഞ്ഞ് ആദ്യം മുത്തപ്പനും പിന്നെ അനുയായികളും ചെറിയ കിണ്ടികളിൽ വീഞ്ഞ് സേവിക്കുന്നതോടെ മുത്തപ്പൻ ഭക്തർക്ക് അനുഗ്രഹം കൊടുക്കാൻ തുടങ്ങും. ദേവസ്ഥാനത്തിന്റെ ചുമതലയുള്ള എള്ളിരിഞ്ഞിയിലെ കരക്കാട്ടിടം കാരണവരുടെ അനുവാദം വാങ്ങിയ ശേഷം പീഠത്തിലിരുന്നാണ് അനുഗ്രഹം കൊടുക്കൽ.

 സ്ത്രീകൾക്കും പുരുഷൻമ്മാരുൾപ്പടെ നീണ്ട നിരയാണ് മുത്തപ്പനടുത്തെത്തി പറയാനുള്ളവ പറഞ്ഞ് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങുന്നത്. ക്ഷമയോട് കാത്തു നിന്ന് ആവലാതികൾ ദൈവത്തോട് ബോധിപ്പിച്ച് നിർവൃതിയോടെ ഭക്തർ മലയിറങ്ങുന്നു. 




നീണ്ട ഒരു വർഷത്തെ കാത്തിരിപ്പാണ് ഭക്തരെ ഇവിടെയെത്തിക്കുന്നത്. ഭക്തിപൂർവ്വം മല കയറി പുലരുവോളം ഉറക്കമൊഴിച്ച് കാത്തിരുന്ന് അനുഗ്രഹം വാങ്ങിയുള്ള മടക്കം. അവസാനത്തെ ഭക്തനും അനുഗ്രഹം നൽകി മാത്രം തിരുമുടിയഴിക്കാറുള്ളു കോലധാരി.

 ജാതിമത വർണ്ണ ഭേദമില്ലാതെ കൺമുന്നിൽ കൈപിടിച്ച് ആവലാതികൾ കേൾക്കുന്ന ദൈവത്തെ കണ്ടനുഗ്രഹം വാങ്ങി മലയിറങ്ങാനാണ് കുന്നത്തൂർപാടിയിലേക്ക് ഭക്തരെത്തുന്നത്.

Tags:
  • Manorama Traveller