Wednesday 29 June 2022 04:18 PM IST : By സ്വന്തം ലേഖകൻ

ലഡാക്കിൽ വിനോദസഞ്ചാരികൾക്ക് ഹെലികോപ്റ്റർ സർവീസ്

LADAKH

വിനോദ സഞ്ചാരികൾക്ക് ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ എല്ലാ ഭാഗത്തും സഞ്ചാരിക്കാൻ പാകത്തിൽ ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചു. ജൂൺ 28 ന് ആയിരുന്നു ആദ്യ ബാച്ച് വിനോദ സഞ്ചാരികൾ ഈ സർവീസ് ഉപയോഗിച്ച് പറന്നത്. സഞ്ചാരികൾക്കും ല‍ഡാക്ക് നിവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാകും വിധമാണ് ലഡാക്ക് ഭരണകൂടം ഹെലികോപ്റ്റർ സൗകര്യം തയാറാക്കിയിരിക്കുന്നത്.

ലേ, ഡിബ്‌ലിങ്, ഡിസ്കിറ്റ്, ദ്രാസ്, കാർഗിൽ, ലിങ്ഷെഡ്, നീരക്, പദും, ടുർടുക്, യുൽചുങ് എന്നിങ്ങനെ 10 പാതകളിലാണ് ഇപ്പോൾ ഹെലികോപ്റ്റർ സർവീസിന് നിശ്ചയിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള പ്രദേശമായതിനാലും കടുത്ത തണുപ്പിനെ അതിജീവിക്കേണ്ടതിനാലും സഞ്ചാരികൾക്ക് ലഡാക്കിലെ വിദൂര ഗ്രാമങ്ങളിൽ എത്തിച്ചേരുക എളുപ്പമല്ല. അതിനൊരു പോംവഴി എന്ന നിലയ്ക്കും ഉൾനാടുകളിൽ അടിയന്തിര ചികിത്സാ അവശ്യങ്ങൾക്ക് ഉപകരിക്കുക, വർധിക്കുന്ന വിനോദസഞ്ചാരത്തിലൂടെ ഗ്രാമീണരുടെ തൊഴിൽ അവസരങ്ങളും വരുമാനവും മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഈ ഹെലികോപ്റ്റർ സർവീസിലൂടെ ലക്ഷ്യമിടുന്നത്.

https://heliservice.ladakh.gov.in എന്ന സൈറ്റിലൂടെ ഹെലികോപ്റ്റർ മുൻകൂട്ടി ബുക്ക് ചെയ്യാം. അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് B–3 ചോപ്പറുകളും ഒരു എംഐ–172 ഉം ആണ് ഇപ്പോൾ സർവീസിനായി ഉപയോഗിക്കുന്നത്. സഞ്ചാരികളുടെ എണ്ണം, കാലാവസ്ഥ തുടങ്ങിയവയ്ക്കു വിധേയമായിട്ടാകും ബുക്കിങ് സ്വീകരിക്കുന്നതും ഹെലികോപ്റ്ററുകൾ സർവീസ് നടത്തുന്നതുമെന്ന് അധികൃതർ അറിയിച്ചു.

Tags:
  • Manorama Traveller
  • Travel India