Monday 21 March 2022 04:27 PM IST : By Heeda Harsil

വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ ജനവാസമുള്ള അവസാനത്തെ ഗ്രാമം

chitkul c

ഒരു തവണ കൊറോണ ബാധിച്ചും രണ്ടു ഡോസ് വാക്‌സിൻ എടുത്തും നേടിയ രോഗ പ്രതിരോധ ശേഷിയുടെ ധൈര്യത്തിലാണ് പല തവണ മാറ്റിവച്ച സ്പിതി യാത്രക്ക് പുറപ്പെട്ടത്. എനിക്കും ഭർത്താവിനും ഒപ്പം ചെന്നൈയിലെ രണ്ടു സുഹൃത്തുക്കളുമുണ്ട്. യാത്ര ഹരമാക്കിയ ബീനയും ഭർത്താവ് മുരളിയും. ഷിംലയിൽ നിന്ന് 60 കിലോമീറ്റർ ദൂരെ നാർക്കണ്ടയിലെ ഒരുൾഗ്രാമത്തിൽ ഒരു പഴത്തോട്ടത്തിനു നടുവിലെ ഹോംസ്‌റ്റേയിലാണ് ആദ്യദിവസം അന്തിയുറങ്ങിയത്. പിറ്റേന്ന് രാവിലെ ബീനക്ക് ചെറിയൊരു ദേഹാസ്വാസ്ഥ്യം. യാത്ര മുടങ്ങുമോ എന്നൊരു ആശങ്ക തോന്നി. എന്നാൽ അടുത്തുള്ള താലൂക്ക് ആശുപത്രിയിലെ ഡോക്ടർ നൽകിയ ധൈര്യത്തിൽ അല്പം വൈകിയെങ്കിലും യാത്ര തുടർന്നു. സത്‌ലജ് നദിക്കു സമാന്തരമായി, താറുമാറായി കിടക്കുന്ന റോഡിലൂടെ 160 കിലോമീറ്റർ പോകണം ഇന്നത്തെ ലക്ഷ്യമായ സാംഗ്ലാ താഴ്‌വരയിലേക്ക്.

chitkul 2

നാർക്കണ്ടയിൽ നിന്ന് 120 കിലോമീറ്റർ ദേശീയയപാത5 ലൂടെ സഞ്ചരിച്ച് കർഛം എത്തി. അവിടെ വഴി തിരിയണം സാംഗ്ലായിലേക്ക്. സത്‌ലജ് നദിയിലുള്ള പ്രധാന ഹൈഡ്രോ-ഇലക്ട്രിക്ക് പ്രോജക്ട് ആയ, 1000 MW ഉല്പാദനശേഷിയുള്ള, കർഛം - വാങ്തു ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റ് ഈ ഗ്രാമത്തിലാണ്. (ഇന്ന് ദേശീയ വൈദ്യുതി ഉത്പാദനത്തിന്റെ 25 ശതമാനവും നൽകുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്.)

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലാണ് ഇന്ത്യയിലെ സുന്ദരമായ താഴ്‌വരകളിൽ ഒന്നായസാംഗ്ലാ വാലി. ഏകദേശം 100 കിലോമീറ്റർ നീളത്തിൽ പരന്നു കിടക്കുന്ന സാംഗ്ല വാലിക്ക് ബസ്‌പാ വലി എന്നും പേരുണ്ട്. ഒരറ്റത്ത് കർഛം മറ്റേ അറ്റത്ത് ചിത്കുൽ. ഇതിനിടയിലുള്ള സാംഗ്ലാ എന്ന ചെറുപട്ടണമാണ് താഴ്‌വരയുടെ ആസ്ഥാനം. താഴ്‌വരയുടെ അങ്ങേ അറ്റത്ത്, ചിത്കുലിന് അപ്പുറം കിന്നൗർ കൈലാസ പർവത നിരകൾ . ദേവദാരു മരങ്ങളും പൈൻ മരങ്ങളും നിറഞ്ഞ മലഞ്ചെരിവുകൾ. ചന്തത്തില്‍ നിരനിരയായി നില്‍ക്കുന്ന ആപ്പിള്‍ മരങ്ങൾ വലിയ പാറക്കല്ലുകൾക്കിടയിലൂടെ ഒഴുകുന്ന ബസ്‌പ നദി, വെള്ളാരം കല്ലുകൾ നിറഞ്ഞ വിശാലമായ പുഴക്കര. മലഞ്ചെരിവുകളിലൂടെ ഹിമാനികൾ അലിഞ്ഞിറങ്ങുന്ന, കൈത്തോടുകൾ. കൃഷിയും കന്നുകാലി വളർത്തലും ഉപജീവനമാർഗമാക്കിയ പഹാഡി ജനത. അധികവും ബുദ്ധമതവിശ്വാസികൾ, പിന്നെ ഹിന്ദുക്കളും.

കർഛം കവലയിൽ നിന്ന് 30 കിലോമീറ്ററുണ്ട് ഞങ്ങൾ ഇന്ന് രാപാർക്കുന്ന രക്ഛം ഗ്രാമത്തിലേക്ക്. ഇരുട്ട് വീണതിനാൽ വഴിയുടെ ഭീകരത കണ്ടില്ല. പക്ഷെ വണ്ടിയുടെ കുലുക്കവും ചാട്ടവും തൊട്ടു താഴെ ഒഴുകുന്ന നദിയുടെ മുഴക്കവും ഞങ്ങളെ ഭയപ്പെടുത്തി. എങ്കിലും ഡ്രൈവർ ജഗ്ഗുഭായിയിൽ തികഞ്ഞ വിശ്വാസമുള്ളത് കൊണ്ട് നിശ്ശബ്ദരായി കണ്ണടച്ചിരുന്നു.

രക്ഛം ഗ്രാമത്തിലെ ഹോട്ടലിൽ എത്തുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു. ഉൾഗ്രാമത്തിൽ ആണെങ്കിലും  അത്യാവശ്യം സൗകര്യങ്ങളുള്ള ഹോട്ടൽ. തനി ഹിമാലയൻ ആതിഥ്യവും ഹൃദ്യമായ ഭക്ഷണവും. ഹോട്ടലിന്റെ പേരിനോട് ചേർന്ന് റിവർ വ്യൂ എന്നുള്ളത് കൊണ്ട് ഉണരുമ്പോൾ തന്നെ സുന്ദരമായ കാഴ്ചകളിലേക്ക് കണ്ണ് തുറക്കാൻ ജനാല വിരികൾ നീക്കിയിട്ട് ഉറക്കത്തിലേക്ക് വീണു. നേരം പുലരുമ്പോൾ ഉദയത്തിന്റെ ചുവപ്പു രാശിയേറ്റ് തിളങ്ങുന്ന മഞ്ഞിന്റെ തൂവെണ്മ. താഴ്‌വാരത്തെ പച്ചപ്പിലേക്ക് ഒലിച്ചിറങ്ങുന്ന ഹിമാനികൾ. അതിനും താഴെ വലിയ പാറക്കെട്ടുകൾക്ക് മീതെ അലച്ചൊഴുകുന്ന ബസ്‌പാനദി. തട്ടുതട്ടായിതിരിച്ച കൃഷിയിടങ്ങൾ. കാഴ്ചകളുടെ ഉത്സവം മുഴുവൻ കാണാൻ വേഗം തന്നെ തൊപ്പിയും സ്വറ്ററും എടുത്ത് പുറത്തിറങ്ങി.

മലകളുടെയും താഴ്‌വരയുടെയും ഇടയിൽ ഇളവെയിലും നിഴലും തീർക്കുന്ന മായാജാലം. നാട്ടു വഴിയിലൂടെ നിരയായി നീങ്ങുന്ന ആട്ടിൻ പറ്റം. ഓമനയായൊരു ആട്ടിൻ കുഞ്ഞിനെ മാറത്തടുക്കി ഒരു ഇടയസ്ത്രീ. ആടുകളുടെ കാവലിനായി നിറയെ രോമങ്ങളുള്ള സുന്ദരന്മാരും ഭീകരന്മാരുമായ നായ്ക്കൾ (രൂപം കണ്ടു പേടിക്കേണ്ട അവർ ചുമ്മാ നടക്കുന്നവരെ ഒന്നും ചെയ്യില്ല ).

chitkul 3

കുറച്ചു നടന്നു പോയപ്പോൾ പ്രണയാക്ഷരങ്ങൾ കൊത്തിവെച്ച വലിയൊരു പാറ. അതിന്റെ തുഞ്ചത്തൊരു കൊടിയും. പാറയുടെ മുകളിൽ കയറി കൊടിയിൽ ഒന്ന് തൊടണമെന്നു ഒരാശ. അള്ളിപ്പിടിച്ചു കയറി. മുകളിൽ നിന്നപ്പോൾ കാണുന്ന കാഴ്ച! എന്റെ സാറേ! പരന്നൊഴുകി വരുന്ന ബസ്‌പാനദി, ഒരു താഴ്ചയിലേക്ക് കുതിച്ചൊഴുകുന്നു. സുന്ദരിയായ ഒരു ദേഷ്യക്കാരിയെ പോലെ. നദിക്കരയോളം വിശാലമായി പരന്നു കിടക്കുന്ന ആപ്പിൾ തോട്ടം. ആദ്യമായാണ് ഒരു ആപ്പിൾ തോട്ടം ഇത്ര അടുത്തു കാണുന്നത്. ചുവന്നു തുടുത്തു പാകമായ ആപ്പിൾ. നിറവും ഗുണവും ലക്ഷണവും ഒത്ത കിന്നൗരി ആപ്പിൾ. ഇഷ്ടം പോലെ പടമെടുത്തു. തൊട്ടു തലോടി.

തിരിയെ ഹോട്ടലിലേക്ക് നടക്കുമ്പോൾ കൃഷിപ്പണിക്ക് പോകുന്ന സ്ത്രീകൾ, പരമ്പരാഗത വേഷവും കടും നിറത്തിലുള്ള ശിരോവസ്ത്രവും അണിഞ്ഞവർ. മുതിർന്ന സ്ത്രീകൾ സംസാരിക്കാനോ ഫോട്ടോ എടുക്കാനോ താല്പര്യം കാണിച്ചില്ല. അപ്പോഴാണ് എന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന രണ്ടു കണ്ണുകൾ കണ്ടത്. പ്രിയ എന്ന യുവതി . അവളും രാജ്മ (വലിയ തരം പയർ) തോട്ടത്തിലേക്ക് പണിക്ക് പോകുകയാണ്. പഠിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അത് ഷിംലയിലാണ് എന്നവൾ ദൂരേക്ക് കൈ ചൂണ്ടി പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ ഈ താഴ്‌വരയിൽ മഞ്ഞു വീണു തുടങ്ങും. അപ്പോൾ മിക്കവരും തണുപ്പ് കുറവുള്ള ഇടങ്ങളിലേക്ക് ചേക്കേറും. പലർക്കും അവിടെ വീടുകൾ ഉണ്ടാവും. വേറെ വീട് ഇല്ലാത്തവരും കന്നുകാലികൾ ഉള്ളവരും തണുപ്പിനോട് പൊരുതി ഇവിടെ തന്നെ തുടരും. പ്രിയ അടുത്ത മാസം ഷിംലയിലേക്ക് പോകും അവിടെ അവൾ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നുണ്ട്. എങ്ങനെയും ഒരു സർക്കാർ ജോലിനേടണം എന്നാണ് അവളുടെ ആഗ്രഹം.

chitkul 7

ഹോട്ടലിൽ എത്തി റെഡിയായി വരുമ്പോഴേക്കും ജഗ്ഗുഭായി കമ്പിളിയും പുതച്ച്, ബീഡിയും വലിച്ചു തയാറായി നിൽക്കുന്നു. അടുത്ത ലക്‌ഷ്യം ഇവിടന്ന് 12 കിലോമീറ്റർ മാറി ചിത്കുൽ ആണ് . യാത്ര പുറപ്പെടുമ്പോൾ മുതല്‍ സ്വപ്നങ്ങളിൽ നിറഞ്ഞ ഇടം. വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ തിബത്തൻ അതിർത്തിയിലെ ഒടുവിലത്തെ ആവാസ ഗ്രാമം .

ചിത്കുൽ കാഴ്ചകളുടെ ഒരു കർട്ടൻ റൈസർ ആണ് രക്ഛം ഗ്രാമത്തിൽ കണ്ടതെന്ന് ആ വഴിക്ക് തിരിഞ്ഞപ്പോഴേ മനസിലായി. മലഞ്ചെരിവിലൂടെ പാറ തുര ന്നുണ്ടാക്കിയതാണ് പാത. വഴിയിലെങ്ങും വലുതും ചെറുതുമായ പാറകൾ പരന്നു കിടക്കുന്നു. (അതൊക്കെ മലമുകളിൽ നിന്ന് ആകസ്മികമായി താഴേക്ക് പതിക്കുന്നതാണ് എന്ന് ജഗ്ഗു ഭായ് പറഞ്ഞു). ഇടയ്ക്കിടെ വലിയ കുഴികളും . ബാലൻസ് തെറ്റിയാൽ വീഴാൻ നല്ല സുന്ദരൻ കൊക്കകളുടെ നീണ്ട നിരയാണ് മറുവശം. ആത്മാവ് കയ്യിൽ പിടിച്ചു കൊണ്ടുള്ള ഒരു യാത്ര.

chitkul 4

നമ്മുടെ നാട്ടിൽ ഡ്രൈവ് ചെയ്യുന്നവർ ഹിമാലയ യാത്രകളിൽ ‘ശെടാ, മറുവശത്തു നിന്നൊരു വണ്ടി വന്നാൽ എന്ത് ചെയ്യും’ എന്ന് അന്തം വിടും. അവിടത്തെ ഡ്രൈവർമാരുടെ വൈഭവം കണ്ടു തന്നെ അറിയണം. ഹിമാലയൻ റോഡുകളെ നാഷണൽ ജിയോഗ്രഫിക് ചാനൽ ലോകത്തെ ഏറ്റവും അപകടകരമായ റോഡുകളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

യാത്രയുടെ കഷ്ടപ്പാടുകൾ അറിയാത്ത വിധം മായികമായ കാഴ്ചകളാണ് വഴിക്കിരുവശവും. മഞ്ഞും മലകളും താഴ്‌വരയും, കൂടെ ശ്രീകുമാരൻ തമ്പി എഴുതിയത് പോലെ "ഒരിക്കൽ മെലിഞ്ഞും ഒരിക്കൽ നിറഞ്ഞും ഒഴുകുന്ന പുഴയും”... അതിനപ്പുറം ആരാധനയോടെ ഹിമശൈലത്തെ നോക്കി തൊഴുതു നിൽക്കുന്ന പോലെ ദേവദാരു മരങ്ങളും.

പാതയോരത്ത് 11,320 അടി ഉയരെ ചിത്കുൽ. "ഇന്ത്യയിലെ അവസാന ഗ്രാമത്തിലാണ് നിങ്ങൾ" എന്നെഴുതിയ ബോര്‍ഡ് നമ്മളെ വരവേൽക്കുന്നു. അതിന് താഴെ നിന്ന് ഒരു ഫോട്ടോ എടുത്തു. പ്രത്യേക പെർമിറ്റുകൾ ഒന്നും കൂടാതെ സഞ്ചരിക്കാൻ പറ്റുന്ന ഇന്തോ ടിബറ്റൻ അതിർത്തിയിലെ ഒടുവിലത്തെ ഗ്രാമമാണ് ചിത്കുൽ. 90 കിലോമീറ്റർ അപ്പുറത്ത് ചൈനയുടെ തിബത്ത്.

chitkul 5

ഹിമശൃംഗങ്ങൾക്കിടയിൽ 800 ഓളം ആളുകൾ മാത്രം താമസിക്കുന്നആ കൊച്ചു ഗ്രാമം, വളരെ സൗമ്യതയോടെ തന്റെ സൗന്ദര്യത്തെക്കുറിച്ചു വലിയ പൊങ്ങച്ചമൊന്നും കാട്ടാത്ത ഒരു സുന്ദരി പെണ്ണിനെ പോലെ തോന്നിച്ചു . മുന്നോട്ട് പോകുന്ന വഴിയുടെ വശങ്ങളിൽ ചെറിയ പീടികകൾ. റോഡിൽ നിന്ന്കുറച്ചു ഉള്ളിലേക്ക്  നീങ്ങി മരം കൊണ്ട് നിർമ്മിച്ച, മട്ടുപ്പാവിന് ചുറ്റും ചില്ലുജാലകങ്ങളുള്ള, സ്ലേറ്റ് മേഞ്ഞ, ചെറിയ ഉയരം കുറഞ്ഞ പഴയ  വീടുകൾ . പുതുതായി നിർമ്മിക്കുന്നവ  ടിൻ ഷീറ്റ് മേഞ്ഞ വാർപ്പു കെട്ടിടങ്ങൾ ആണ്. അവ ഇവിടത്തെ പ്രകൃതിക്കും ഭംഗിക്കും ഒട്ടും ചേരുന്നില്ല.പുഴക്കരയിലെ സർക്കാർ സീനിയർ സെക്കണ്ടറി സ്‌കൂൾ കോവിഡ് കാരണം അടച്ചിട്ടിരിക്കുകയാണ്. കോൺക്രീറ്റ് കെട്ടിടം ആണെങ്കിലും ഇതിനേക്കാൾ റൊമാന്റിക് ആയ ഒരു സ്‌കൂൾ പരിസരം സങ്കൽപ്പിക്കാൻ കഴിയില്ല.ആ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളോട് അസൂയ തോന്നി.

chitkul 6

വെണ്മേഘങ്ങൾ പാറുന്ന തെളിഞ്ഞ നീലാകാശത്തിനു താഴെ അവിടവിടെ പച്ചപ്പ്‌ അതിനിടയിൽ മഞ്ഞിന്റെ വെളുത്ത കുന്നുകൾ. അതിനും താഴെ ഉരുളൻ കല്ലുകളിലൂടെ പരന്നൊഴുകുന്ന ബസ്‌പാ നദി. പുഴക്കരയിൽ വളരെ ചെറിയ കൃഷിത്തോട്ടങ്ങൾ . അവിടെ പണിയെടുക്കുന്ന കമ്പിളിയുടുപ്പിട്ട ഗ്രാമീണർ. കുന്നിൻ ചെരുവുകൾക്കിടയിലുള്ള പരന്ന സ്ഥലങ്ങളിൽ ഗോതമ്പ് , റാഗി, പച്ചക്കറികൾ ഒക്കെ കൃഷി ചെയ്യുന്നു. വയലില്‍ ഇരുന്നു ഗോതമ്പ് കൊയ്യുന്ന പ്രായമായ സ്ത്രീ. ഗ്രാമത്തിന്റെ ഏത് ഭാഗത്തു നിന്ന് നോക്കിയാലും ദൂരെ മഞ്ഞു പുതച്ച കിന്നൗർ കൈലാസ നിരകൾ. ചെറുതെങ്കിലും "ഇന്ത്യയിലെ അവസാന ധാബ" എന്ന് പേരുള്ള ഒരു ചായക്കടയുണ്ടിവിടെ. പലതരം പറാത്തകളാണ് വിഭവങ്ങൾ. ഞങ്ങളും കുടിച്ചു അവിടന്ന് ഓരോ ചായ.

ചിത്കുൽ, ട്രെക്കിങ്ങിനു പേര് കേട്ട സ്ഥലമാണ്. കിന്നൗർ ജില്ലയിലെ മിക്കവാറും എല്ലാ പ്രധാന  ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഹിമാചൽ ട്രാൻസ്‌പോർട് കോർപറേഷന്റെ ബസുകൾ ഓടുന്നുണ്ട്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒക്കെ വളരെചെറിയ ചെലവില്‍ ഹിമാലയൻ യാത്ര ചെയ്യാനാവും. ചെറിയ ഹോട്ടലുകൾ, ഹോം സ്‌റ്റേകൾ‌, ബാക്ക് പാക്കേഴ്സ് ഹോസ്റ്റലുകൾ, പിന്നെ ടെന്റിൽ താമസിക്കാൻ താല്പര്യം ഉള്ളവർക്ക് പുഴക്കരയിൽ ടെന്റുകൾ എല്ലാം ഉണ്ടിവിടെ. മഞ്ഞുകാലത്തിനു മുന്നോടിയായി ടെന്റുകൾ ഒക്കെ അഴിച്ചു തുടങ്ങി. മഞ്ഞുകാലത്ത് ഗ്രാമമാകെ മഞ്ഞിന്റെ പുതപ്പിനടിയിലാവും.

chitkul 8

ജഗ്ഗു ഭായ് സാഹസികമായി വണ്ടി ഒരു ചെറിയ വഴിയിലൂടെ ഓടിച്ച് നദിക്കരയിൽ എത്തിച്ചു. ഞങ്ങൾ കല്ലുകളിൽ ചവിട്ടി പുഴയിലേക്ക് നടന്നു. ഒരു പാറപ്പുറത്ത്, പുഴയിലെ ഐസ് വെള്ളത്തിൽ കാൽ തൊട്ട് ഇരുന്നു.. നട്ടുച്ച വെയിൽ,. തണുത്ത കാറ്റ്. പുഴ അങ്ങനെ പരന്നൊഴുകുകയാണ് . അതിൽ പല നിറങ്ങളിൽ, വെള്ളാരം കല്ലുകൾ.  കുറച്ചു കല്ലുകൾ പെറുക്കി വീട്ടിൽ കൊണ്ട് പോകണമെന്ന് എന്റെ ഉള്ളിലെ കുട്ടി കൊതിച്ചു. ഇന്തോ തിബത്തന്‍ അതിര്‍ത്തിയിലെ ഈ കൊച്ചു ഗ്രാമത്തിൽ ഇരിക്കുമ്പോൾ, പ്രകൃതി രചിച്ച മനോഹരമായ ഒരു എണ്ണച്ചായ ചിത്രത്തിന് നടുവിൽ പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്. ഐ ഐ ടി ഡല്‍ഹിയുടെ പഠനപ്രകാരം ഏറ്റവും ശുദ്ധമായ വായു ആണത്രേ ചിത്കുലിൽ. ശുദ്ധമായ വായു പോലെ അതിലും ശുദ്ധമാണ് മഞ്ഞുരുകി വരുന്ന ഈ വെള്ളവും. ഞങ്ങൾ പുഴവെള്ളം കോരിക്കുടിച്ചു.

chitkul 9

ഈ ഗ്രാമത്തിൽ ഇങ്ങനെ ഓടി വന്നു പോയാൽ പോര ദിവസങ്ങൾ താമസിച്ചു ഇവിടം മുഴുവൻ അനുഭവിച്ചു പോകണമെന്ന് തോന്നി. തിരിച്ചു പോകാൻ ഓർമ്മിപ്പിച്ചു ജഗ്ഗു ഭായ്. ചെന്നെത്താൻ ഇനിയുമേറെ ദൂരം. കാണാൻ ഇതിലും മനോഹരമായ കാഴ്ചകൾ. അങ്ങനെ ചിന്തിച്ചാൽ മാത്രമേ ചിത്കുലിൽ നിന്ന് നിങ്ങൾക്ക് തിരിയെ പോരാനാവൂ.

മടക്ക യാത്രയിൽ ജഗ്ഗുഭായിയുടെ പെൻഡ്രൈവിൽ നിന്ന് കിഷോർ ദായുടെ ഗാനം. യെ രാതേ.. യെ മൗസം.. നദീ കാ കിനാരാ ...യെ ചഞ്ചൽ ഹവാ ....

Tags:
  • Travel Stories
  • Manorama Traveller
  • Travel India