Thursday 08 July 2021 04:06 PM IST : By Musthafa Vandoor

ഒരു മരം മുറിച്ചാൽ നാലു വൃക്ഷത്തൈ നടണം: നിയമം കർശനമാക്കിയ ഗ്രാമം

1 - latta

മ‍‍ഞ്ഞു വീഴ്ച തുടങ്ങിയാൽ ഒരു ഗ്രാമത്തിലെ മനുഷ്യർ കൂട്ടത്തോടെ നദിയുടെ തീരത്തേയ്ക്കു താമസം മാറുന്ന ഒരു പ്രദേശമുണ്ട് ഉത്തരേന്ത്യയിൽ. അവിടെ എല്ലാ കുടുംബങ്ങൾക്കും രണ്ടു വീടുണ്ട്. വേനലിൽ താമസത്തിനു മലയുടെ നെറുകയിലെ വീട്. മഞ്ഞു പെയ്യുമ്പോൾ താമസം നദിക്കരയിലെ വീട്ടിൽ. നന്ദാ നദിയുടെ തീരത്തു നിന്നു നോക്കിയാൽ ആകാശച്ചെരുവിൽ കാണുന്ന മനോഹരമായ ഗ്രാമത്തിന്റെ പേര് ലാത്താ. നൂറു കുടുംബങ്ങൾ താമസിക്കുന്ന ലാത്തയിലേക്കുള്ള യാത്ര അപ്രതീക്ഷിതമായിരുന്നു. ഉത്തരാഖണ്ഡിൽ ഒളി എന്ന സ്ഥലത്തു സ്കീയിങ്ങിനു പുറപ്പെട്ട സംഘം ലാത്തയിൽ എത്തിച്ചേരാൻ ഇടയാക്കിയതു പെട്ടന്നുണ്ടായ തീരുമാനം.

ഡൽഹിയിൽ നിന്നു പുറപ്പെട്ടു. രണ്ടു ദിവസം ഹരിദ്വാറിലും ഋഷികേശിലും സഞ്ചരിച്ചു. പിന്നീട് ജോഷിമഠിലേക്ക് വണ്ടി കയറി. ഒളിയിലേക്കു യാത്ര പുറപ്പെടുന്നതു ജോഷിമഠിൽ നിന്നാണ്. ഒളിയിൽ എത്താനായി റോപ് വേ കാത്തു നിൽക്കുന്ന സമയത്ത് ആകർഷകമായി തോന്നിയതു സമീപ ഗ്രാമത്തിലെ ഒരു സ്ത്രീയുടെ ഫോട്ടോ ആയിരുന്നു. സ്ത്രീയുടെ ചിത്രത്തിനു താഴെ ‘ലാത്താ വില്ലേജ്’ എന്നു കുറിച്ചിരുന്നു. ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത സ്ഥലപ്പേരാണു ലാത്ത. ‘‘റൂട്ട് മാറ്റിപ്പിടിച്ചാലോ? ലാത്തയിലേക്കു പോയാലോ?’’ ഏതു വഴിക്കായാലും ‘റെഡി’ – സഹയാത്രികൻ ഷഹീദ് പറഞ്ഞു.

2 - latta

ലാത്തയിലേക്കു വഴി ചോദിച്ചപ്പോൾ അവിടത്തുകാരുടെ മുഖത്തു കൗതുകം. ഗ്രാമീണർ താമസിക്കുന്ന മലഞ്ചെരിവിൽ എന്തു കാണാനാണു പോകുന്നതെന്ന് അവർ സംശയെ പ്രകടിപ്പിച്ചു. വിനോദസഞ്ചാരികൾ എത്തിയിട്ടില്ലാത്ത ഗ്രാമമാണു ലാത്തയെന്നു മനസ്സിലായപ്പോൾ എത്രയും പെട്ടെന്ന് അവിടെയെത്താൻ കൊതി തോന്നി. പിറ്റേന്നു രാവിലെ മുറിയിൽ നിന്നിറങ്ങി ലാത്തയിലേക്കു പോകുന്ന വാഹനം അന്വേഷിച്ചു. എല്ലാ ദിവസവും പുലർച്ചെ അഞ്ചിനു ഷെയർ ടാക്സിയുണ്ട്. ഞങ്ങൾ എത്തിയപ്പോഴേക്കും ആ വാഹനം സ്ഥലം വിട്ടിരുന്നു. ടാക്സി അന്വേഷിച്ചപ്പോൾ നാലിരട്ടി വാടകയാണ് ഡ്രൈവർമാർ ആവശ്യപ്പെട്ടത്. ‘തപോവൻ’ എന്ന സ്ഥലത്തേക്ക് ടാക്സി പുറപ്പെടുന്നതായി അവിടെ ഒരാൾ പറഞ്ഞു. ലാത്ത എത്തുന്നതിനു മുൻപുള്ള സ്ഥലമാണു തപോവൻ. മറ്റൊന്നും ആലോചിക്കാതെ ഞങ്ങൾ ആ വാഹനത്തിൽ ചാടിക്കയറി.

നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന തദ്ദേശീയരാണ് സഹയാത്രികർ. തൊട്ടടുത്തിരുന്നയാൾ യാത്രയുടെ ഉദ്ദേശ്യം അന്വേഷിച്ചു. സ്ഥലം കാണാൻ വന്നതാണെന്നു അറിഞ്ഞപ്പോൾ അദ്ദേഹത്തിനു സന്തോഷമായി. ‘നന്ദൻ’ – അദ്ദേഹം സ്വയം പരിചയപ്പെടുത്തി. പൊടുന്നനെ സുഹൃത്തായി മാറിയ സഹയാത്രികനെ ഞങ്ങൾ ‘നന്ദൻജി’ എന്നു വിളിച്ചു. നന്ദൻജിയുടെ വീടു ലാത്തയിലാണ്.

ഹൃദയമുള്ള ഗ്രാമം

തപോവനിൽ എത്തിയപ്പോൾ ഉച്ചകഴിഞ്ഞു. ഞങ്ങൾ ഒരു കടയിൽ കയറി കട്ടൻ ചായ കുടിച്ചു. അവിടെ നിന്നു ലാത്ത വരെ നടക്കേണ്ടി വരുമെന്നു നന്ദൻജി ആശങ്ക പ്രകടിപ്പിച്ചു. ഞങ്ങളുടെ പരിഭ്രമം മനസ്സിലാക്കിയിട്ടെന്ന പോലെ നന്ദൻജി അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കാർ വിളിച്ചു വരുത്തി. നാനൂറു രൂപ വാടക നൽകിയാൽ മതിയെന്ന് നന്ദൻജി പറഞ്ഞപ്പോൾ ഞങ്ങൾ ആ കാറിലേക്കു പാഞ്ഞു കയറി. മഞ്ഞു പെയ്ത് വെളുപ്പണിഞ്ഞ മലഞ്ചെരുവിലെ പാതയിലൂടെയാണു യാത്ര. നദിയുടെ തീരത്തു കൂടിയാണ് റോഡ്.

‘‘ലാത്ത എത്തുന്നതിനു മുൻപ് ഒരു ഹോം േസ്റ്റയുണ്ട്. നിങ്ങൾക്ക് അവിടെ താമസിക്കാം. ഫെബ്രുവരിയിൽ നല്ല തണുപ്പാണ്. ലാത്ത ഗ്രാമം നടന്നു കാണാൻ പകലാണ് അനുയോജ്യം’’ യാത്രയ്ക്കിടെ നന്ദൻജി പറഞ്ഞു.

3 - latta

ഹോം േസ്റ്റയുടെ മുൻപിൽ ഇറങ്ങി. ബാഗുകൾ വാഹനത്തിൽ നിന്നിറക്കി. ഹോം േസ്റ്റ ഉടമ വാടക പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി. ഞങ്ങളുടെ ബജറ്റിനെക്കാൾ മൂന്നിരട്ടി വാടക. അവിടെ താമസിക്കുക സാധ്യമല്ല. എന്തു ചെയ്യുമെന്നറിയാതെ ഞാൻ ഷഹീദിനെ നോക്കി. ‘‘എന്റെ വീടു ചെറുതാണ്. സൗകര്യങ്ങൾ കുറവാണ്. അഡ‍്ജസ്റ്റ് ചെയ്യാമെങ്കിൽ എന്റെ അതിഥിയായി അവിടെ താമസിക്കാം.’’ വീണ്ടും നന്ദൻജിയുടെ മാസ് എൻട്രി. എല്ലാ നാട്ടിലും മറ്റുള്ളവരുടെ സാഹചര്യം തിരിച്ചറിഞ്ഞു പെരുമാറുന്ന കുറച്ചു പേരുണ്ട്. അവശ്യഘട്ടങ്ങളിൽ മറ്റുള്ളവരെ എങ്ങനെ സഹായിക്കണമെന്നു പഠിക്കാൻ അവർ നമുക്കു മാതൃകയാകും.

നന്ദൻജി മുന്നിലും ഞങ്ങൾ പുറകിലുമായി അദ്ദേഹത്തിന്റെ വീട്ടിലേക്കു നടന്നു. കുന്നിന്റെ അരികിലാണു റോഡ്. കുന്നിനു മുകളിൽ തട്ടുകളായി തിരിച്ച സ്ഥലത്താണു വീടുകൾ. വീടിന്റെ ഉമ്മറത്തിരുന്ന് ആളുകൾ നന്ദൻജിയോടു ഞങ്ങളെ കുറിച്ച് അന്വേഷിച്ചു. അതിഥികളാണെന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു.

അളകനന്ദ നദിയുടെ തീരത്താണ് നന്ദൻജിയുടെ രണ്ടു മുറികളുള്ള ചെറിയ വീട്. നന്ദൻജിക്കു മൂന്ന് ആൺ മക്കൾ. മൂന്നു പേരും ഡൽഹിയിലാണ്. നന്ദൻജിയും ഭാര്യയും അമ്മയുമാണ് വീട്ടിലുള്ളത്. വിരുന്നുകാരെ അവർ ആചാര മര്യാദയോടെ സ്വീകരിച്ചു. ചായ എടുക്കാമെന്നു പറഞ്ഞ് നന്ദൻജിയുടെ അമ്മ അടുക്കളയിലേക്കു കയറി. ‘‘ലാത്ത ചെറിയ ഗ്രാമമാണ്. ഞങ്ങളുടെ നാട് ഇഷ്ടമായോ?’’ ചായയുമായി എത്തിയ നന്ദൻജിയുടെ ഭാര്യ ചോദിച്ചു. ലാത്തയുടെ മനോഹാരിതയിലും അവരുടെ സ്വീകരണത്തിലും മനസ്സു നിറഞ്ഞതായി ഞങ്ങൾ പറഞ്ഞു.

വർത്തമാനത്തിനിടെ നന്ദൻജി അവരുടെ ഗ്രാമത്തെ കുറിച്ച് വാചാലനായി.

നന്ദാദേവി മലനിരയുടെ താഴ്‌വരയിലുള്ള നദിയെ ഞങ്ങൾ നന്ദാ നദിയെന്നു ചുരുക്കി പറയുന്നു. ഗംഗാ നദിയുടെ പോഷക നദികളിലൊന്നാണ് അളകനന്ദ നദി. ഇന്ത്യ – ചൈന അതിർത്തിയിലൂടെയാണ് നന്ദാ നദി ഒഴുകുന്നത്. നന്ദയുടെ തീരത്താണു ഞങ്ങളുടെ ഗ്രാമം. ഇവിടെ ആകെ നൂറു കുടുംബങ്ങളാണുള്ളത്. കൃഷിയും കന്നുകാലി വളർത്തലുമാണ് ഉപജീവനമാർഗം. ഞങ്ങൾക്ക് ഇതു കൂടാതെ നദിയുടെ കരയിൽ ഒരു വീടുണ്ട്. മഞ്ഞുകാലത്ത് ലാത്തയിൽ കൊടും തണുപ്പാണ്. കന്നുകാലികളുടെ ജീവൻ അപകടത്തിലാകും. കൃഷി ചെയ്യാൻ പറ്റില്ല. അതുകൊണ്ടു തന്നെ ശൈത്യകാലത്ത് നദിയുടെ തീരത്തെ വീട്ടിലേക്കു താമസം മാറും. ഞങ്ങൾ മാത്രമല്ല, ഈ ഗ്രാമത്തിലെ നൂറു കുടുംബങ്ങളും മഞ്ഞുകാലത്ത് നദീ തീരത്തെ വീടുകളിലേക്കു പോകും.

നന്ദൻജി അവരുടെ നാട്ടിൽ മഞ്ഞുവീഴ്‌ചയെ കുറിച്ചു പറഞ്ഞപ്പോൾ മഴക്കാലത്ത് കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഓർത്തു. മഴ പെയ്യുമ്പോൾ തുരുത്തുകളിൽ ക്യാംപ് ചെയ്ത് താമസിക്കുന്നവരെ ഓർത്തു. മടപൊട്ടുന്നതും കൃഷി സ്ഥലത്തു വെള്ളം കയറി കുട്ടനാട്ടുകാരുടെ ജീവിതം ദുരിതത്തിലാകുന്നതും ഓർമിച്ചു.

അളകനന്ദ

പിറ്റേന്നു പുലർച്ചെ ഞങ്ങൾ അപ്പർ ലാത്തയിലേക്ക് പുറപ്പെട്ടു. കുന്നുകൂടിയ മഞ്ഞു കട്ടയിലൂടെ ഞങ്ങൾ നടന്നു. കൃഷിക്കുള്ള സാധനങ്ങൾ നിറച്ച കുട്ടയുമായി ആളുകൾ നടക്കുന്നതു കണ്ടു. ലാത്തയിലുള്ളവർ അധ്വാനശീലരാണ്. അതിഥികളോട് അവർ പരിചയം നടിച്ചു പുഞ്ചിരിച്ചു. ജാഗ്രതയോടെ നടക്കാൻ മുന്നറിയിപ്പു നൽകി. മലയുടെ മുകളിൽ നിന്നു ഗ്രാമച്ചന്തം ആസ്വദിച്ചു, ഫോട്ടോയെടുത്തു.

4 - latta

ഞങ്ങൾ തിരികെ എത്തിയപ്പോൾ നന്ദൻജി വീട്ടുമുറ്റത്തു വിറകു കൂട്ടുകയായിരുന്നു. വിറകിനു തീകൊളുത്തിയ ശേഷം ഞങ്ങൾ അതിനു ചുറ്റുമിരുന്നു. നന്ദൻജി അവരുടെ ഗ്രാമത്തെ കുറിച്ച് പറഞ്ഞു.

‘‘ലാത്ത ഗ്രാമത്തിനു മൂന്നു തലവന്മാരുണ്ട്. സ്ത്രീകളുടെ സംരക്ഷണത്തിന് ഒരു തലവൻ. പുരുഷന്മാരുടെ അധിപനായി ഒരാൾ. മൂന്നാമത്തെ തലവൻ കാടിന്റെ സംരക്ഷകനാണ്. ലാത്തയിലെ കാട് ഗ്രാമീണരുടെ പ്രധാന സ്രോതസ്സാണ്. അവിടെ നിന്നുള്ള മരം ഉപയോഗിച്ചാണ് ലാത്തയിലെ വീടുകൾ നിർമിച്ചിട്ടുള്ളത്. ഗ്രാമത്തലവന്റെ അനുമതിയില്ലാതെ മരം മുറിക്കരുത്. ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിനു ബോധ്യപ്പെട്ടാൽ മാത്രമേ മരം മുറിക്കാൻ അനുമതി ലഭിക്കൂ. ഒരു മരം മുറിക്കുന്നയാൾ നാലു വൃക്ഷത്തൈകൾ നടണം. ചിട്ടകൾ പാലിക്കാത്തവർ പിഴയൊടുക്കണം. ഫൈൻ നൽകുന്ന തുക ഉപയോഗിച്ച് വൃക്ഷത്തൈ വാങ്ങി നട്ടുപിടിപ്പിക്കും.’’ വനം സംരക്ഷിക്കുന്ന രീതി അദ്ദേഹം വിശദമാക്കി.

നന്ദൻജിയുടെ അമ്മ തയാറാക്കിയ റൊട്ടിയും ഉരുളക്കിഴങ്ങു കയറിയും കഴിച്ചു. അതിനു ശേഷം നന്ദാനദിയുടെ തീരത്തേക്കു നീങ്ങി. ഓറഞ്ച് ചെടികൾ വളരുന്ന സ്ഥലത്തു കൂടിയാണ് റോഡ് കടന്നു പോകുന്നത്. കൃഷിയിടം താണ്ടി പുല്ലു മൂടിയ പറമ്പിലെത്തി. പശുക്കൾക്കു മേയാൻ പുല്ലു വളർത്തുന്ന സ്ഥലമാണത്രേ അത്. ലാത്തയിലെ കൃഷിഗ്രാമത്തിന്റെ ആസൂത്രണത്തിനു മുന്നിൽ ശിരസ്സു നമിച്ചു.

വെള്ളാരങ്കല്ലിനു മുകളിലൂടെ നിശബ്ദമായി ഒഴുകുകയാണ് നന്ദാ നദി. മലയുടെ നെറുകയിലെ മഞ്ഞുരുകി ലാത്തയുടെ ഹൃദയഭൂമിയിലേക്ക് തെളിനീരിന്റെ പ്രവാഹം. അൽപനേരം നദിയുടെ തീരത്തു നിന്നു. നന്ദൻജിയോടും ലാത്താ ഗ്രാമത്തോടും യാത്ര പറയുമ്പോൾ സ്നേഹം വിളമ്പുന്ന ഗ്രാമത്തിലേക്കു വീണ്ടും വരണമെന്നു മനസ്സു മന്ത്രിച്ചു.