Saturday 23 July 2022 03:52 PM IST : By സ്വന്തം ലേഖകൻ

മണി മഹേഷ് കൈലാസ തീർഥാടനം ഓഗസ്റ്റ് 19 മുതൽ സെപ്തംബർ 2വരെ. തീർഥാടകർക്ക് ഈ വർഷം റജിസ്ട്രേഷൻ ഏർപ്പെടുത്തുന്നു.

manimahesh 2

പഞ്ചകൈലാസങ്ങളിലൊന്നായ മണി മഹേഷ് കൈലാസ പർവതത്തിലേക്കുള്ള വാർഷിക തീർഥാടനം ഓഗസ്റ്റ് 19 ന് ആരംഭിക്കും. വർഷംതോറും കൃഷ്്ണാഷ്ടമി മുതൽ‍ രാധാഷ്ടമി വരെ രണ്ടാഴ്ചയാണ് സമുദ്ര നിരപ്പിൽ നിന്ന് 13000. അടി ഉയരത്തിലുള്ള പർവതത്തിനു സമീപത്തേക്കു തീർഥാടകർ സഞ്ചരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ചംബ ജില്ലയിലാണ് മണി മഹേഷ് പർവതം. സംസ്ഥാന സർക്കാറാണ് തീർഥാടന സൗകര്യങ്ങളൊരുക്കുന്നതും മേൽനോട്ടം വഹിക്കുന്നതും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ ശിവഭക്തർ എത്തിച്ചേരുന്ന മണി മഹേഷ് യാത്രയ്ക്ക് ഈ വർഷം റജിസ്‌ട്രേഷൻ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. യാത്രികരുടെ സുരക്ഷയ്ക്കായും തീർഥാടനത്തിന് എത്തുന്നവരുടെ എണ്ണം അറിയാനുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. റജിസ്ട്രേഷൻ ഫീസ് 20 രൂപയും നിശ്ചയിച്ചിട്ടുണ്ട്.

ചംബയിൽനിന്ന് 60 കി മീ അകലെ ബർമോർ എന്ന പട്ടണമാണ് മണിമഹേഷ് യാത്രയുടെ അടിത്താവളം. രാവി നദിയുടെ തീരത്തുള്ള ഈ നഗരത്തിൽ ചൗരാസി മന്ദിർ, ബർമാണി മാതാ ക്ഷേത്രം തുടങ്ങിയ ചില പുരാതനക്ഷേത്രങ്ങളുമുണ്ട്. ആചാരമനുസരിച്ച് ബർമാണി മാതാക്ഷേത്രത്തിലെത്തി അവിടത്തെ തീർത്ഥകുണ്ഡിൽ സ്നാനം ചെയ്ത്, ക്ഷേത്രദർശനം നടത്തി വേണം മണിമഹേഷ് യാത്ര ആരംഭിക്കേണ്ടത്.

manimahesh1

ബർമോറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഹഡ്സർ ഗ്രാമത്തിൽ നിന്നാണ് മണി മഹേഷ് തകാൽനടയാത്ര ആരംഭിക്കുന്നത്. 14 കിലോമീറ്റർ നടന്ന് പർവതത്തിനു ചുവട്ടിൽ എത്തുകയും സമീപത്തു തന്നെയുള്ള മണിമഹേഷ് തടാകത്തിനു പ്രദക്ഷിണം ചെയ്ത് മടങ്ങുന്നതുമാണ് യാത്ര. അമർനാഥ് യാത്രയെക്കാൾ കഠിനമായ നടത്തം എന്നു വിശേഷിപ്പിക്കുന്ന മണിമഹേഷ് യാത്ര പൂർത്തിയാക്കാൻ മൂന്നു ദിവസമെങ്കിലും ആവശ്യമായി വരും. നടക്കാൻ ബുദ്ധിമുട്ടുള്ളവർ കോവർകഴുതകളെയോ കുതിരകളെയോ ആശ്രയിക്കാറുണ്ട്. ഹെലികോപ്റ്റർ സർവീസും ലഭ്യമാണ്. ഹിമാലയത്തിലെ മറ്റു പല സങ്കേതങ്ങളിൽനിന്നും വ്യത്യസ്തമായി മണിമഹേഷിൽ ആദ്യന്തം ഒരൊറ്റ കയറ്റമാണ്. ഇടയ്ക്ക് നിരപ്പായ സ്ഥലങ്ങൾ ഇല്ല എന്നു പറയാം. മറ്റെല്ലായിടത്തും ഒരു കയറ്റം, പിന്നെ നിരപ്പ്, വീണ്ടും കയറ്റം എന്ന രീതിയിലാണ് പർവതങ്ങളിലെ നടപ്പാതകൾ. വീതി കുറഞ്ഞപാതയും മഴയും യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു.

manimahesh 3

കാടുകളിലൂടെയും മലഞ്ചെരിവുകളിലൂടെയും കടന്നു പോകുന്ന നടപ്പാതയിലെ ഡാൻചോ, ഗൗരികുണ്ഡ് എന്നീ ഇടത്താവളങ്ങളിൽ തീർഥാടകർക്കു സൗജന്യമായി വിശ്രമിക്കാൻ ഇടം നൽകുകയും ഭക്ഷണം വിളമ്പുകയും ചെയ്യുന്ന ലങ്കറുകൾ പ്രവർത്തിക്കാറുണ്ട്. ഹിമാലയത്തിലെ പ്രവചനാതീതമായ കാലാവസ്ഥയും സമീപകാലത്തെ ഒട്ടേറെ പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് സുരക്ഷിതത്വം ഉറപ്പാക്കി മാത്രമേ ലങ്കറുകളുടെ പ്രവർത്തന സ്ഥാനം അനുവദിക്കൂ എന്ന് ജില്ലാ അധികൃതർ അറിയിച്ചിട്ടുണ്ട്. രാധാഷ്ടമി ദിവസമായ സെപ്തംബർ 2 ന് തീർഥാടനം അവസാനിക്കും.

തീർഥാടനകാലത്തിനു മുൻപും ശേഷവും മണിമഹേഷ് തടാകതീരം വരെ ട്രെക്കിങ് അനുവദിക്കാറുണ്ട്. അക്കാലത്ത് ക്യാംപിങ് ഉപകരണങ്ങളും ഭക്ഷണത്തിനുള്ള തയാറെടുപ്പുകളും പരിചയസമ്പന്നരായ വഴികാട്ടികളുടെ സേവനവുമുണ്ടെങ്കിലേ നടന്നു കയറാൻ സാധിക്കൂ.

Tags:
  • Manorama Traveller
  • Travel India