Thursday 06 October 2022 05:01 PM IST : By Christy Rodrigues

നക്സൽ ബാരി, തീവ്ര ഇടതുപക്ഷത്തിന്റെ പര്യായമായി മാറിയ ഗ്രാമത്തിലെ കാഴ്ചകൾ

naxal bari railway station

കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ക്രിസ്റ്റി റോഡ്രിഗ്സ് നേപ്പാളിൽ എത്തിയത്. ഉത്തർപ്രദേശ് അതിർത്തിയിലൂടെ പടിഞ്ഞാറൻ നേപ്പാളിലേക്ക് കയറി കിഴക്കോട്ട് സഞ്ചരിച്ച് പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ ആ രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിലൂടെ വീണ്ടും ഇന്ത്യയിലേക്ക്. മഞ്ഞു പുതച്ച തേയിലത്തോട്ടങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിലെ ഗ്രാമക്കാഴ്ചകളിലൂടെ.

nepal road

നേപ്പാളിലൂടെയുള്ള സഞ്ചാരം അവസാനഘട്ടത്തിലേക്ക് കടന്നു. ഉത്തരാഖണ്ഡിലൂടെ പടിഞ്ഞാറൻ നേപ്പാളിൽ പ്രവേശിച്ചതാണ്. കിഴക്കൻ നേപ്പാളിലൂടെ പശ്ചിമ ബംഗാളിലേക്ക് കയറി ഇന്ത്യയിലെ യാത്ര തുടരാനാണ് പദ്ധതി. ചൈന–നേപ്പാൾ ബോർഡറായ കൊടാരിയിൽ നിന്നു തെക്കോട്ടു സഞ്ചരിച്ച് നേപ്പാളിന്റെ തെക്കൻ അതിർത്തി പ്രദേശങ്ങളിലൂടെ ഇന്ത്യയിലെ ബീഹാറിനു സമാന്തരമായാണ് യാത്ര തുടർന്നത്. കോശി നദി മുറിച്ചു കടന്ന ശേഷം വടക്കോട്ട് യാത്ര ചെയ്ത് ഇലാം എന്ന പട്ടണത്തിൽ എത്തുകയാണ് ആദ്യ ലക്ഷ്യം. 12 മണിക്കൂറിലേറെ സമയം ആവശ്യമായ യാത്രയ്ക്കിടയിൽ കാട്ടിൽ വഴിതെറ്റിയത് യാത്രാദൈർഘ്യം വർധിപ്പിച്ചു. രാത്രി എത്തിച്ചേർന്ന ഇടത്തരം പട്ടണത്തിലെ ഒരു മൈതാനത്ത് ടെന്റടിച്ചു വിശ്രമിച്ചു.

നേപ്പാളിലെ കണ്ണാടി പ്രതിഷ്ഠ

nepal mirror temple2

പുലർച്ചെ യാത്ര പുനരാരംഭിച്ചു. ഒട്ടേറെ ഹെയർപിൻ വളവുകളുള്ള പാത ചൈനയുടെ സഹായത്തോടെ നിർമിച്ചതാണ്. നേപ്പാളിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. താഴെ ദുധ്കോശി നദിയുടെ മനോഹരമായ കാഴ്ച. മുൾക്കോട്ട് എന്നാണ് സ്ഥലത്തിനു പേര്. കൃഷിഭൂമിക്കു നടുവിൽ ചെറിയ ഗ്രാമങ്ങൾ കാണാം. വഴിയോരക്കാഴ്ചകൾ ആസ്വദിച്ചു മുന്നോട്ടു നീങ്ങവേ വലതുവശത്ത് റോഡിന് അതിരിടുന്ന കൽക്കെട്ടിൽ കണ്ണാടികൾ പതിച്ചിരിക്കുന്നതു കണ്ടു. ഉദ്ദേശം 500 മീറ്റർ ദൂരം പല വലിപ്പവും ആകൃതിയുമുള്ള കണ്ണാടികൾ. അൽപം മുന്നോട്ടു നീങ്ങിയപ്പോൾ പാതയുടെ ഓരം ചേർന്ന് പാറ തുരന്ന് ഒരു ക്ഷേത്രം കണ്ടു. അതിനുള്ളിലെ പ്രതിഷ്ഠയും കണ്ണാടിതന്നെ. അവിടെ വാഹനങ്ങള്‍ വഴിയോരത്ത് ഒതുക്കിയ ചിലർ കണ്ണാടി സമർപ്പിച്ച് പ്രാർഥിക്കുന്നതും കണ്ടു. ആ ക്ഷേത്രത്തിൽ കണ്ണാടി പതിപ്പിക്കുന്നവർക്ക് യാത്രയ്ക്കിടയിൽ അപകടമൊന്നും സംഭവിക്കില്ലെന്നാണത്രേ വിശ്വാസം. നാട്ടുകാരായ ചിലരോട് കണ്ണാടികൾ പതിപ്പിച്ച മതിലിനെപ്പറ്റി അന്വേഷിച്ചു. എതാനും വർഷം മുൻപ് അവിടെവച്ച് അപകടത്തിൽപെട്ട വാഹനത്തിന്റെ കണ്ണാടി ആരോ ആ മതിലില്‍ പതിപ്പിച്ചു, പിന്നീട് ആ വഴി വന്ന ചിലർ അത് അനുകരിച്ചു. അതൊരു ആചാരമായി മാറാൻ കാലതാമസമുണ്ടായില്ല. കരിങ്കൽക്കെട്ടിനിടയ്ക്കുള്ള പാറക്കെട്ടിൽ ഇടയ്ക്കെപ്പോഴോ കണ്ണാടി പ്രതിഷ്ഠയും പിറന്നു...

nepal mirror temple

നേപ്പാളിലെ മനോഹരമായ ചുരം ഇറങ്ങി നിരപ്പായ സ്ഥലമെത്തി. തണുത്ത അന്തരീക്ഷത്തിൽ നിന്ന് കൊടുംചൂടിലേക്ക്. നമ്മുടെ ബീഹാറിനു സമാന്തരമാണ് ഈ റോഡ്. ഇന്ത്യൻ അതിർത്തിയായ റക്സോളും ഈ വഴിയിൽത്തന്നെ. നേപ്പാളിലെ പെർമിറ്റ് അവസാനിക്കാൻ ഒരു ദിനംകൂടി ബാക്കിയുണ്ട്. നേപ്പാളിന്റെ കടൽ എന്നു വിളിക്കുന്ന കോശി നദിയുടെ തീരത്തുകൂടി വാഹനം നീങ്ങി. കാലവർഷത്തിന്റെ സമയത്ത് ദിശമാറി ഒഴുകുന്ന കോശി നദി ബീഹാറിലും നേപ്പാളിലും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്. നദിക്കരയിൽ പലയിടത്തും മീൻ പിടിക്കുന്ന വള്ളങ്ങളും മീൻ കച്ചവടം പൊടിപൊടിക്കുന്ന അങ്ങാടികളും കണ്ടു. ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും കണ്ട നേപ്പാളല്ല ഇത്, ആ രാജ്യത്തിന്റെ ഭാഗമാണിതെന്ന് ഒരിക്കലും തോന്നുകയില്ല. കണ്ണെത്തുന്നിടത്തോളം വീതിയുള്ള നദി, അവസാനമില്ലാത്തതെന്നു തോന്നുംവിധം നീളമുള്ള നദീതീരം...

ബുഡാനി, നേപ്പാളിലെ മലബാർ

നദിക്കരയിലൂടെ സഞ്ചരിച്ചെത്തിയത് ബുഡാനി എന്ന സ്ഥലത്തായിരുന്നു. നമ്മുടെ വടക്കേ മലബാറിലെ ഒരു ഗ്രാമത്തിലെത്തിയ പ്രതീതി. കവുങ്ങും വാഴയും വളരുന്ന പുരയിടങ്ങൾ, അരമതിൽ കെട്ടിത്തിരിച്ച, ഓടിട്ട വീടുകളുള്ള നാട്. ബോഗൻവില്ലകൾ പൂത്തു നിൽക്കുന്ന ഒരു ഭാഗത്ത് ടെന്റടിച്ചു. അതുവഴി വന്ന ഗ്രാമീണർ പരിചയപ്പെടാനും കുശലപ്രശ്നം നടത്താൻ മടിച്ചില്ല. കണ്ടുമുട്ടിയവരെല്ലാം നല്ല മനുഷ്യർ, ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്നവർ.

nepal road christy

അടുത്ത ദിവസം പുലർച്ചെ യാത്ര പുനരാരംഭിച്ചു. നേപ്പാളിലെ അവസാനത്തെ പട്ടണമായ ഇലാം ആണ് ലക്ഷ്യം. 2009 ലെ നേപ്പാൾ യാത്രയിലും ഞാൻ സന്ദർ‌ശിച്ച സ്ഥലമായിരുന്നു അത്. അന്ന് തേയിലത്തോട്ടങ്ങൾ കുറവായിരുന്നു. താമസത്തിന് നന്നേ ചെറിയ ഒരു ലോഡ്ജ് മാത്രം. നേപ്പാൾ ആഭ്യന്തരയുദ്ധകാലത്ത് ഒറ്റപ്പെട്ടുപോയ പ്രദേശമായിരുന്നു ഇലാം. അവിടുത്തെ കാടുകളിൽ രഹസ്യകേന്ദ്രങ്ങളുണ്ടാക്കി മാവോയിസ്‍റ്റുകൾ ആയുധങ്ങൾ സംഭരിച്ചു. 11 വർഷത്തിനു ശേഷം കാണുമ്പോൾ തിരിച്ചറിയാനാകാത്ത വിധമാണ് ഇലാമിന്റെ മാറ്റം. നേപ്പാളി തേയിലയുടെ ഏറ്റവും വലിയ ഉൽപാദകർ എന്ന ബഹുമതിക്കൊപ്പം ടൂറിസത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യം കിട്ടിയിരിക്കുന്നു ഈ മുനിസിപ്പാലിറ്റിക്ക്.

സിലിഗുരിയിലെ പുട്ടും കടലയും

ilam nepal

യാത്ര തുടർന്ന് അതിർത്തി ചെക്ക്പോസ്‌റ്റായ പശുപതി നഗർവഴി പശ്ചിമബംഗാളിലെ ഡാർജിലിങ് ജില്ലയിലേക്കു പ്രവേശിച്ചു. കനത്ത മൂടൽമഞ്ഞിൽക്കൂടിയാണ് അതിർത്തി താണ്ടിയത്. ആനകൾ വിഹരിക്കുന്ന കാടുകളും തേയിലത്തോട്ടങ്ങളും കടന്ന് സിലിഗുരി പട്ടണത്തിലെത്തി. നഗരമധ്യത്തിൽ ഒരു പത്രത്തിന്റെ ഓഫിസിൽ താമസ സൗകര്യം തരപ്പെടുത്തി. നക്സൽബാരി ഗ്രാമവും നോർത്ത് ബംഗ്ല സർവകലാശാലയുമാണ് ഇവിടെ കാണാനുള്ളത്.

ബൈക്ക് സർവീസ് ചെയ്യാതെ ഇനി യാത്ര തുടരുന്നത് ബുദ്ധിയല്ല. നേപ്പാളിലെ മസ്തങ് യാത്രയ്്ക്കിടെ പിന്നിലെ ഷോക്ക് അബ്സോർബർ ഒടിഞ്ഞത് ഇതുവരെ റിപ്പയർ ചെയ്തിട്ടില്ല. അടുത്ത ദിവസം രാവിലെ ഒരു വർക്ക്ഷോപ് കണ്ടെത്തി ബൈക്ക് സർവീസിങ്ങിന് കൊടുത്തു. തുടർന്ന് സിലിഗുരി ചുറ്റിക്കാണാൻ ഇറങ്ങി. തെരുവോരത്ത് മധുരപലഹാരങ്ങളും പൂരിയും വിൽക്കുന്ന കടകൾക്കിടയിൽ കൗതുകക്കാഴ്ച കണ്ണിൽപ്പെട്ടു, ഒരിടത്ത് നല്ല ‘മലയാളിത്തമുള്ള’ പുട്ട് ചൂടോടെ വിളമ്പുന്നു. കടലയും പപ്പടവും സഹിതമാണ് മുളങ്കുറ്റിയിൽ വേവിച്ചെടുക്കുന്ന പുട്ട് മുന്നിലെത്തിയത്. കടക്കാരൻ മുൻപ് കേരളത്തിൽ കുറച്ചു കാലം ഉണ്ടായിരുന്നത്രേ. കക്ഷി അന്ന് ഇവിടെ നിന്നു പഠിച്ച വിദ്യയാണ് ബംഗാളികൾക്കു വിളമ്പുന്നത്...

ഉച്ചയ്ക്കു ശേഷം നോർത്ത് ബംഗ്ലാ സർവകലാശാല സന്ദർശിച്ചു. 13 ഏക്കർ ക്യാംപസുള്ള വലിയ സർവകലാശാലയ്ക്കു മുന്നിലെ ചെറിയ കാപ്പിക്കടയിൽ ഏതാനും വിദ്യാർഥികളുമായി അൽപം രാഷ്ട്രീയവും ബംഗാളിലെ കാഴ്ചകളും സംസാരിച്ച് സമയം ചെലവിട്ടു. അവരിൽ ചിലർ നക്സൽബാരിയിലെ രാജുവിനെ ഫോണിലൂടെ പരിചയപ്പെടുത്തി. രാത്രി ഏറെ വൈകിയാണ് വിദ്യാർഥി സുഹൃത്തുക്കളെ പിരിഞ്ഞ് താമസസ്ഥലത്തേക്കു മടങ്ങിയത്.

നക്സൽബാരി

പിറ്റേന്നു പ്രഭാതത്തിൽ നക്സൽബാരിയിലേക്കു യാത്ര തുടങ്ങി. ഡാർജിലിങ്ങിൽ നിന്നു തെക്കോട്ടു സഞ്ചരിച്ചാണ് സിലിഗുരിയിലെത്തുന്നത്. അവിടെ നിന്ന് പടിഞ്ഞാറേക്ക് വീണ്ടും നേപ്പാൾ അതിർത്തിക്കു സമീപത്തേക്കു യാത്ര ചെയ്യണം നക്സൽബാരിയിലെത്താൻ. ജിട്ടു എന്ന സ്ഥലത്തെത്തിയപ്പോൾ റോഡിനു ഇടതു വശത്ത് വലത്തേക്കു ചൂണ്ടുന്ന ബോർഡ്, നക്സൽബാരി. അപ്പോഴേക്ക് തേയിലത്തോട്ടങ്ങൾ നെൽപാടങ്ങൾക്കും പച്ചക്കറി കൃഷിക്കും വഴിമാറിയിരിക്കുന്നു. വാഴയും സുലഭമായി കാണാം. പാതവക്കിലെ നാടൻ കാപ്പിക്കടയിൽനിന്നു പ്രഭാതഭക്ഷണം കഴിച്ചു. മൂന്നു പൂരിയും ഉരുളക്കിഴങ്ങ് കറിയും ചായയും... സ്വാദിഷ്ടമായ ഭക്ഷണത്തിന് 25 രൂപ മാത്രം.

നക്സൽബാരി റെയിൽവേ സ്‌റ്റേഷനു സമീപം രാജുവിനെ കണ്ടുമുട്ടി. അവിടെ നിന്ന് രണ്ടര കിലോ മീറ്റർ മാറി ബംഗായ് ജോട്ട് ഗ്രാമത്തിലാണ് ആദ്യ നക്സൽ യോഗം നടന്നത്. കൃഷിത്തോട്ടങ്ങൾക്കിടയിലൂടെ പോകുന്ന വീതികുറഞ്ഞതെങ്കിലും ടാറിട്ട പാതയിലൂടെയായിരുന്നു യാത്ര. ബംഗായ്ജോട്ട് പ്രൈമറി സ്കൂളിനു സമീപം ചുവന്ന തൂണുകളിൽ ലെനിൻ, സ്റ്റാലിൻ, മാർക്സ്, ഏംഗൽസ്, മാവോ, ചാരു മജുംദാർ എന്നിവരുടെ അർധകായ പ്രതിമകൾ. തൊട്ടടുത്തുള്ള ഫലകത്തിൽ ബംഗാളി ഭാഷയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

naxal bari railway station

1967 മേയ് 25 ന്റെ പൊലീസ് വെടിവയ്പിലെ രക്തസാക്ഷികൾ 1.ധനേശ്വരീ ദേവി, 2.സിമേശ്വരി മുള്ളിക്ക്, 3.നയനേശ്വരി മുള്ളിക്ക്, 4.സുരുബാല ബർമൻ, 5.സോനാമതി സിങ്, 6.ഫുൽമതി ദേവി, 7.ഡായി ബാനി, 8.ദ്രാവ്ഡായിബാനി, 9.ഗാർസിങ് മുള്ളിക്ക് ഒപ്പം 3 വയസ്സു മാത്രം പ്രായമുള്ള രണ്ടു കുട്ടികളും...

naxal bari memorial

തുടർന്ന് ഒരു കിലോ മീറ്റർ മാറി റോഡരികിൽ നിന്ന ആൽമരത്തിനു സമീപത്തേക്കു ഞങ്ങളെ കൊണ്ടുപോയി. അതിനു ചുവട്ടിൽ വച്ചാണ് അവരെ വെടിവെച്ചു കൊന്നത്. ആൽമരത്തിനു സമീപം കൊയ്തുകൂട്ടിയ നെല്ല് കാളവണ്ടിയിൽ കയറ്റുന്ന കർഷകരെ കണ്ടു. ‌കാലങ്ങൾക്കു മുൻപ് ഈ പാടങ്ങളിൽ പണിയെടുത്ത തൊഴിലാളികളുടെ കൂലി വർധനവിനുവേണ്ടി പോരാടിയ കർഷകരേയാണ് സിപിഐ(എംഎൽ) എന്ന പേരിൽ നക്സലുകളാക്കിയത്. നക്സൽബാരി ഗ്രാമത്തിൽ ആരംഭിച്ച പ്രക്ഷോഭത്തോടെ തീവ്രഇടതുപക്ഷക്കാർ ഈ ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി.

രാജുവിന്റെ ഭവനത്തിലേക്കായിരുന്നു പിന്നീടു പോയത്. സമീപത്തു തന്നെയുള്ള ഒരു ചെറിയ വീട്. അദ്ദേഹത്തിന്റെ അമ്മ ആരതി സർകാർ ഉമ്മറപ്പടിയിൽ തന്നെയുണ്ട്. 1967 വിപ്ലവത്തിൽ പങ്കെടുത്ത സഖാവാണ്. ‘‘കാർഷിക വിളകൾക്കു ന്യായമായ വിലയും കർഷകർക്ക് അർഹമായ കൂലിയും വേണമെന്നാവശ്യപ്പെട്ട് കനൂ സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ നക്സൽബാരിയിലെ ആദ്യ സിപിഐ(എംഎൽ) യോഗം നടന്നു. വഴിവക്കിൽ നിന്നിരുന്ന ഗർഭിണി പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടതാണ് വഴിത്തിരിവായത്. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. തുടർന്ന് ഗ്രാമത്തിലെ പുരുഷൻമാർ എല്ലാവരും നേപ്പാളിലെ ഇലാം, കാക്കർബേട്ട ഗ്രാമങ്ങളിലേക്ക് ഒളിവിൽ പോയി. ഗ്രാമം വളഞ്ഞു തെരച്ചിൽ നടത്തിയ പൊലീസ് സംഘം പുരുഷൻമാരെ ആരെയും കിട്ടാത്ത ദേഷ്യത്തിൽ 9 സ്ത്രീകളേയും 2 കുട്ടികളേയും വെടിവെച്ചു കൊന്നു.” രാജുവിന്റെ അമ്മയുടെ വാക്കുകൾ മനസ്സിൽ നീറ്റലുളവാക്കി.

നേപ്പാളിനും നക്സൽബാരി ഗ്രാമത്തിനും അതിരിട്ടൊഴുകുന്ന മേച്ചി നദിക്കരയിലൂടെ സിക്കിം ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇടതൂർന്നു വളരുന്ന മുളങ്കാടുകളുടേയും ഹരിതാഭമായ തേയിലത്തോട്ടങ്ങളുടേയും സൗന്ദര്യം നക്സൽബാരിയിലെ ചരിത്രക്കാഴ്ചകൾ കെടുത്തി. പാതയുടെ വശം ചേർന്ന് കലങ്ങി മറിഞ്ഞ് അലറിപ്പായുന്ന തീസ്ത നദിയുടെ ശബ്ദം അലയൊടുങ്ങാത്ത വിപ്ലവത്തിന്റെ ആരവം കാലങ്ങൾക്കിപ്പുറവും മുഴങ്ങുന്നതുപോലെ ചെവിയിൽ വന്നലയ്ക്കുന്നു.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India