Monday 17 October 2022 05:31 PM IST : By സ്വന്തം ലേഖകൻ

ഇടുക്കി കള്ളിപ്പാറയിൽ നീലക്കുറുഞ്ഞി വസന്തം

neelakurinji-kallipara-idukki-cover കള്ളിപ്പറയിലെ നീലക്കുറിഞ്ഞി വസന്തം; ഫോട്ടോകൾ: സിബി കെ. തമ്പി

ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മിഴിവേകുന്ന ഇൗ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനുമായി നിരവധി പേരാണ് കള്ളിപ്പാറയിലേക്ക് എത്തിയിരിക്കുന്നത്. കള്ളിപ്പാറയിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ച് എൻജിനീയർ മെട്ട് എന്ന കുന്നിൻമുകളിലെത്തിയാൽ നീലക്കുറിഞ്ഞി ഒരുക്കുന്ന നീലവസന്തം കാണാം. സ്ട്രോബെലാന്തസ് കിന്തിയാനസ് എന്ന ഇനമാണ് ഇവിടെ പൂവിട്ടത്. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ഇനമാണിത്. ഒരു മാസമായി സഞ്ചാരികളുടെ നല്ല തിരക്കാണ്. മഴ കനത്താൽ പൂവുകൾ പോകാൻ സാധ്യതയുണ്ട്.

നീലക്കുറിഞ്ഞി കാണാൻ

neelakurinji-kallipara-idukki-2

കോട്ടയം ജില്ലയിൽ നിന്ന് കുമളി, കട്ടപ്പന വഴി വരുന്നവർക്ക് നെടുങ്കണ്ടത്ത് എത്തിയ ശേഷം ഉടുമ്പൻചോല വഴി കള്ളിപ്പാറയിൽ എത്തി ചേരാം. പാലാ- തൊടുപുഴ വഴി വരുന്നവർ നേര്യമംഗലം അടിമാലി രാജാക്കാട് വഴി ശാന്തൻപാറയിൽ എത്തിയ ശേഷം അവിടെ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ച് കള്ളിപ്പാറയിലെത്താം.

എറണാകുളം ഭാഗത്തു നിന്നു വരുന്നവർ കോതമംഗലം അടിമാലി രാജാക്കാട് വഴി ശാന്തൻപാറയിലും കള്ളിപ്പാറയിലും എത്തിച്ചേരാം. ഇടുക്കി ചെറുതോണിയിൽ നിന്ന് കട്ടപ്പന നെടുങ്കണ്ടം വഴിയും കല്ലാർകുട്ടി രാജാക്കാട് വഴിയും ശാന്തൻപാറയിൽ എത്തിച്ചേരാം. ഗൂഗിൾ മാപ്പ് ഉപയോഗിച്ചു വരുന്നവർ ശാന്തൻപാറ സെറ്റ് ചെയ്തു വരുന്നതാവും നല്ലത്.

മൂന്നാറിൽ നിന്ന് കെഎസ്ആർടിസി

neelakurinji-kallipara-idukki

മൂന്നാർ ഡിപ്പോയിൽ നിന്നു കെഎസ്ആർടിസി യാത്രാ സൗകര്യമുണ്ട്. രാവിലെ 9നു മൂന്നാറിൽ നിന്നാരംഭിച്ച് ആനയിറങ്കൽ വഴി കള്ളിപ്പാറയിൽ ഉച്ചയ്ക്ക് ഒന്നിനെത്തും. 2 മണിക്കൂർ സഞ്ചാരികൾക്കു കുറിഞ്ഞിപ്പൂക്കൾ കാണാം. 3നു മടക്കയാത്ര. വൈകിട്ട് 6നു മൂന്നാർ ഡിപ്പോയിൽ മടങ്ങിയെത്തും. 300 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. കോതമംഗലം ഡിപ്പോയിൽ നിന്ന് അടിമാലി, പൊൻമുടി, ചതുരംഗപ്പാറ, ശ്രീനാരായണപുരം വഴി നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ശാന്തമ്പാറ, കള്ളിപ്പാറ എന്നിവിടങ്ങളിലേക്കു സ്ഥലസന്ദർശന സർവീസ് നടത്തുന്നുണ്ട്.