Monday 27 September 2021 01:07 PM IST : By സ്വന്തം ലേഖകൻ

അംബരചുംബികളായ കെട്ടിടങ്ങളും അമ്യുസ്മെന്റ് പാർക്കുകളും മ്യൂസിയങ്ങളും മാത്രമല്ല അമേരിക്കയിലെ കാഴ്ചകൾ. പ്രകൃതിയെ തൊട്ടറിയാൻ ചില അമേരിക്കൻ ഡെസ്റ്റിനേഷനുകൾ...

usa go 1

അമേരിക്കൻ ഐക്യനാടുകൾ എന്നു കേൾക്കുമ്പോൾ ഓർമ വരുന്നത് ആകാശത്തോളം ഉയർന്ന കെട്ടിടങ്ങളും വൻകിട വ്യാപാര സമുച്ചയങ്ങളും വ്യവസായകേന്ദ്രങ്ങളും മാത്രമാണോ.... വിസ്മയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും വൈവിധ്യം നിറഞ്ഞ പരിസ്ഥിതിയും അവിടുത്തെ ഒട്ടേറെ കാഴ്ചകളിൽ മറഞ്ഞു കിടക്കുന്നു. അധികം ജനത്തിരക്ക് ഇല്ലാത്ത, ശാന്തമായ അന്തരീക്ഷത്തിൽ കാണാനും അനുഭവിക്കാനും ഏറെയുള്ള ഡെസ്റ്റിനേഷനുകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്? അത്തരക്കാർക്ക് തൃപ്തിയേകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാകട്ടെ ഈ വർഷം ലോക ടൂറിസം ദിനത്തിൽ

കടലിൽ നീന്താം

150000 കിലോമീറ്റർ സമുദ്രതീരമുള്ള അമേരിക്കൻ ഐക്യനാടുകളിൽ കടലിനടുത്ത് എത്താൻ ഒട്ടേറെ വഴികളുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ പ്രദേശത്താണ് സഞ്ചരിക്കുന്നതെങ്കിൽ അറ്റ്‌ലാന്റിക് തീരത്ത് എത്താം. ആഴമേറിയ, പച്ചനിറമുള്ള ജലവും ഒന്നാന്തരം മണൽ പരപ്പും അറ്റ്ലാന്റിക് തീരത്തെ സവിശേഷമാക്കുന്നു. അമേരിക്കയുടെ മറ്റു ഭാഗങ്ങളേക്കാൾ ‘മണ്ണിന്റെ മണമുള്ള’ ബീച്ചുകളാണ് ഈ ഭാഗത്തുള്ളത്. ഫ്ലോറിഡ ഉപദ്വീപിനു നേരേ അക്കരെ മെക്സിക്കൻ ഉൾക്കടലിന്റെ ബീച്ചുകളിലാണ് ഈ പ്രദേശത്തെ ഏറ്റവും തെളിഞ്ഞ ജലവും വെള്ള മണലുമുള്ള തീരം കാണുന്നത്. അറ്റ്ലാന്റിക്കിന്റെ ഉള്ളിലേക്ക് കൂടുതൽ വടക്കോട്ട്, സഞ്ചരിക്കുന്നെങ്കിൽ ഒന്നാന്തരം ഡെസ്റ്റിനേഷനാണ് കേപ് കോഡ്. ക്ലാസിക്കൽ മാരി ടൈം കാലത്തിന്റെ വൈബ് ലഭിക്കുന്ന സ്ഥലമാണിത്. വേനൽക്കാലത്ത് ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്നു മസച്ചുസെറ്റ്സിലെ ഈ ബീച്ച്. യാത്രാ പദ്ധതിയിൽ വിട്ടുപോകാതെ ഉൾപ്പെടേണ്ട സ്ഥലങ്ങളാണ് കലിഫോണിയയിലെ മലിബുവും ആധുനിക സർഫിങ്ങിന്റെ തലസ്ഥാനമായ ഹവായിയും. യുഎസ്സിന്റെ കരിബിയൻ തീരങ്ങളിൽ അദ്ഭുതപ്പെടുത്തുന്ന ബീച്ചുകൾ കാണാം. പ്യുർടോ റിക്കോ, യുഎസ് വിർജിൻ ഐലൻഡ്സ് എന്നിവ രണ്ട് ഉദാഹരണങ്ങൾ. മരതകനിറമുള്ള കടലും ഒട്ടേറെ വിനോദങ്ങളും ഈ ബീച്ചുകളെ കൂടുതൽ ആകർഷകമാക്കുന്നു.

usa go 2

അഗ്നിപർവതങ്ങളിൽ നടക്കാം

പ്രകൃതിസൗന്ദര്യം കൊണ്ട് അദ്ഭുതപ്പെടുത്തുന്ന അമേരിക്കൻ പ്രദേശമാണ് ഹവായി. നിത്യവും കാണാവുന്ന മഴവില്ലും സജീവ അഗ്നിപർവതങ്ങളും ഹവായിയുടെ സവിശേഷതകളാണ്. ഹൈക്കിങ് പാതകളോടു കൂടിയ രണ്ട് അഗ്നിപർവതങ്ങളെ ഹവായി അഗ്നിപർവത ദേശീയോദ്യാനത്തിൽ കാണാം. ലോകത്ത് മറ്റെങ്ങും കാണാൻ സാധിക്കാത്ത ഭൗമ സവിശേഷതകൾ ഈ പാർക്കിലുണ്ട്. ഹലേമൗ–മൗ ക്രേറ്റർ കാണുന്നതിനൊപ്പം ക്രേറ്ററിന്റെ അരികു ചേർന്നുള്ള ഡ്രൈവിങ്ങിലൂടെ നീരാവിയും മറ്റും അഗ്നിപർവത മുഖത്തുകൂടെ പുറന്തള്ളുന്നത് കാണുകയും ചെയ്യാം. ചെയിൻ ഓഫ് ക്രേറ്റർസ് റോഡിലൂടെ സഞ്ചരിച്ചാൽ ലാവയ്ക്കു മുകളിലൂടെ സഞ്ചരിക്കാനുള്ള അവസരവും ലഭിക്കും. വാഷിങ്ടൺ സംസ്ഥാനത്തെ മൗണ്ട് റെയിനിയർ, മൗണ്ട് സെന്റ് ഹെലൻസ് എന്നിവയും വ്യോമിങ്ങിലെ യെല്ലോ സ്‌റ്റോൺ കാൾഡ്രയും ലോകപ്രശസ്തമായ അഗ്നിപർവതങ്ങളാണ്. രാജ്യത്ത് 200 ഓളം അഗ്നിപർവതങ്ങളുള്ളതിൽ ഏറെയും പസഫിക് നോർത്ത്‌വെസ്റ്റ് പ്രദേശത്താണ്.

മലമുകളിൽ നിന്ന് സ്കീ ചെയ്തിറങ്ങാം

ആയിരക്കണക്ക് ഏക്കർ സ്ഥലം സ്കീയിങ്ങ്, ചെറുതും വലുതുമായ കേബിൾ ചെയർ കാറുകൾ, ഗൊണ്ടോലകൾ എന്നിവയും ഉപയോഗിക്കുന്ന രാജ്യമാണ് യുഎസ്എ. ഹിമാനികൾ മൂടിയ വാഷിങ്ടണിലെ മൗണ്ട് ഒളിംപസ്, വെർമോണ്ടിലെ ഒകേമോ മല, തഹോ തടാകത്തിനു ചുറ്റുമുള്ള സിയറ നെവേദ മലനിരകൾ ഇങ്ങനെ പ്രകൃതി ദത്തമായ ഇടങ്ങൾ തടാക വിനോദങ്ങൾ മുതൽ ലോകോത്തര സ്കീയിങ് അനുഭവം വരെ വ്യത്യസ്തതയുള്ള ഒട്ടേറെ അനുഭവങ്ങൾ നൽകുന്ന സ്ഥലങ്ങൾ ഒട്ടേറെ.

usa go 3

പ്രശസ്തമായ പർവതങ്ങളുടേയും ലോക നിലവാരത്തിലുള്ള സ്കീയിങ് റിസോർട്ടുകളുടേയും കേന്ദ്രമാണ് കൊളറാഡോയും അയൽ സംസ്ഥാനമായ ഉട്ടയും. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കാണണമെങ്കിൽ വടക്കേ അറ്റത്തുള്ള അലാസ്ക സംസ്ഥാനത്തേക്കു സഞ്ചരിക്കണം, ഡെനാലി നാഷനൽ പാർക്കിൽ 6190.5 മീറ്റർ ഉയരമുള്ള മൗണ്ട് ഡെനാലി കാണാം.

മരുഭൂമിയിലൂടെ റോഡ് യാത്ര

usa go 5

യുഎസ്സിന്റെ ഭൂമിശാസ്ത്രത്തിനു വൈവിധ്യം ചാർത്തുന്ന മറ്റൊരു ഭൂപ്രകൃതിയാണ് അമേരിക്കൻ സൗത്ത്‌വെസ്റ്റ് പ്രദേശത്തെ മരുഭൂമി. ചെമ്മൺ ചുവപ്പും വരണ്ട ഉഷ്ണ കാലാവസ്ഥയ്ക്കും പേരുകേട്ട മൊഹാവി മരുഭൂമിയും ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്കും ഈ ഭാഗത്തെ ഒട്ടേറെ പ്രകൃതി വിസ്മയങ്ങളിൽ പ്രധാനപ്പെട്ടവയാണ്. അമേരിക്കൻ മരുപ്രദേശങ്ങളിൽ സഞ്ചരിക്കുമ്പോൾ ജോഷ്വ ട്രീ നാഷനൽ പാർക്കിൽ സുലഭമായി കാണപ്പെടുന്ന ജോഷ്വ മരം, ഈ പ്രദേശത്ത് ഏറ്റവും ചൂടുള്ളതും ഉണങ്ങി വരണ്ടതുമായ പ്രദേശം കലിഫോണിയ–നെവാദ അതിർത്തിയിലെ ഡെത്ത് വാലി എന്നിവ കാണാൻ മറക്കരുത്.

usa go 4

വന്യജീവി കാഴ്ചകൾ

അമേരിക്കയിലുടനീളം വ്യത്യസ്തമായ ഭൂപ്രകൃതികൾ ദൃശ്യമാണ്. ഓരോന്നിലും തനതായ ഔട്ട് ഡോർ വിനോദ മേഖലകളുമുണ്ട്. കരടികളും ചെന്നായകളും സുലഭമായി കാണപ്പെടുന്ന മൊണ്ടനയിലെ യെല്ലോ സ്‌റ്റോൺ നാഷനൽ പാർക്ക് വന്യജീവി കാഴ്ചകൾക്ക് പ്രശസ്തമാണ്. ലോകത്ത് ഏറ്റവും ഉയരമുള്ള വൃക്ഷങ്ങൾ കാണാൻ കാലിഫോണിയയിലെ റെഡ്‌വുഡ് നാഷനൽ പാർക്കിൽ പോകാം. അമേരിക്കയുടെ മധ്യ ഭാഗത്തുകൂടിയാണ് സഞ്ചരിക്കുന്നതെങ്കിൽ മിസൂറി മുതൽ അർകസാൻസ് വരെ നീളുന്ന പർവതപ്രദേശം ഒസാർക്സ് കാണാം. അമേരിക്കയിലെ പുൽമേടുകളും ഹൈക്കിങ്, ക്യാംപിങ്, സൈക്ലിങ് സൗകര്യങ്ങളുള്ള ഗ്ലേഷ്യർ നാഷനൽ പാർക്കിലെ മനോഹര കാഴ്ചകളും അനുഭവിക്കണമെങ്കില്‍ തെക്ക്് ഗ്രേറ്റ് പ്ലെയിൻസ് പ്രദേശമാണ് നല്ലത്. നോർത്ത് കരോലിനയിലെ ആഷ്‌വെൽ ആണ് ലക്ഷ്യമെങ്കിൽ നീലയും പച്ചയും കലർന്ന വിസ്മയക്കാഴ്ച ബ്ലൂ റിഡ്ജ് മൗണ്ടൻസും കലാഭംഗി തുളുമ്പുന്ന പർവത നഗരവും കാണാം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക GoUSA.in

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Wild Destination