Monday 15 November 2021 02:32 PM IST : By സ്വന്തം ലേഖകൻ

ഓർക്കുക, മഴയ്ക്ക് ആരുടെയും മുഖം പരിചയമില്ല; നമുക്കു ജീവനുണ്ടെങ്കിൽ മാത്രമേ സെൽഫികൾക്ക് ഭംഗിയുള്ളൂ...

calamity786

മലയാള നാട് സമീപ കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിലൂടെ കടന്നു പോകുന്നു. കേരളത്തിന്റെ പലയിടങ്ങളും
മലവെള്ളപ്പാച്ചിലിന്റെ ഭീഷണിയിൽ ഉറക്കമില്ലാതെ കഴിയുകയാണ്.  സംഹാര താണ്ഡവമാടുന്ന പേമാരിയിൽ ഇടുക്കിയിലെ അണക്കെട്ടുകൾ നിറഞ്ഞുക്കൊണ്ടിരിക്കുന്നു.  നദികൾ കര കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ പ്രളയത്തിലായി. വീടും കുടുംബവും നഷ്ടപ്പെട്ട് അലമുറയിടുന്ന ആളുകളുടെ നെഞ്ചിടിപ്പാണ് ടിവി ചാനലുകൾ അണമുറിയാതെ സംപ്രേഷണം ചെയ്യുന്നത്.

ആസ്വദിക്കാനോ, ആഘോഷിക്കാനോ, വിനോദ സഞ്ചാരിയുടെ മനസ്സോടെ കണ്ടിരിക്കാനോ പറ്റിയ സമയമല്ല. സമൂഹ മാധ്യമങ്ങളിൽ വെള്ളപ്പൊക്കത്തെ കുറിച്ച് കെട്ടുകഥകൾ പ്രചരിപ്പിക്കാതിരിക്കുക. ദുരന്ത ബാധിത മേഖലകളിൽ കഴിയന്നവർക്ക് ആവുന്നത്ര സഹായം ചെയ്യുക. കാലവർഷത്തിന്റെ കലിയടങ്ങും വരെ അപകട മേഖലകളിലേക്ക് യാത്ര ഒഴിവാക്കുക. മലയോര മേഖലകൾ മഴയിൽ കുതിർന്ന് മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. നാലു ദിവസത്തേക്ക് ഹൈറേഞ്ച് യാത്രകൾ ഒഴിവാക്കണം. അട്ടപ്പാടി, വയനാട്, ഇടുക്കി പ്രദേശങ്ങൾ സന്ദർശിക്കാൻ ഇറങ്ങി പുറപ്പെടരുത്.

യാത്രാ പ്രേമികൾ പ്രകൃതിയുടെ മാറിയ മുഖം തിരിച്ചറിഞ്ഞ് ക്ഷമ പാലിക്കുക. വെള്ളം കുതിച്ചൊഴുകുന്ന നദികളുടെ തീരത്ത് കാഴ്ചകൾ ആസ്വദിക്കാൻ പോകരുത്. കുത്തിയൊഴുകുന്ന നദികളിലും തോടുകളിലും ഇറങ്ങരുത്. ഉരുൾപൊട്ടുന്ന വിഡിയോ പകർത്താൻ മലഞ്ചെരിവുകളിലേക്ക് പോകരുത്. ‘വെറൈറ്റി പ്രൊഫൈൽ പിക്ചർ’ എടുക്കാനായി സാഹസത്തിനു മുതിരരുത്. ഓർക്കുക, ജീവനുണ്ടെങ്കിൽ മാത്രമേ സെൽഫികൾക്കും ഫോട്ടോകൾക്കും ഭംഗിയുള്ളൂ...

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ സമൂഹത്തോടുള്ള ഉത്തരവാദിത്തം ഓർക്കണം. മറ്റുള്ളവരുടെ വേദനയും പരിഭ്രാന്തിയും കണ്ടു രസിക്കുന്നത് ബുദ്ധി സ്ഥിരതയുടെ ലക്ഷണമല്ല. പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ പ്രവേശിക്കരുത്. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുക. ശ്രദ്ധിക്കുക, നമ്മുടെ വീടിന്റെ ഉമ്മറത്ത് വെള്ളം കയറുന്നതിനു തൊട്ടു മുൻപുള്ള നിമിഷം വരെ മാത്രമേ വെള്ളപ്പൊക്കം കൗതുകമായി തോന്നുകയുള്ളൂ...