Saturday 26 June 2021 03:39 PM IST : By Easwaran Seeravally

‘രാമപ്പ’ന്റെ പേരുള്ള ഒരു ക്ഷേത്രം പൈതൃകം സ്ഥാപിച്ചെടുക്കാൻ പോരാടുന്നു

2 - une

ലിവർപൂളിന്റെ ലോക പൈതൃക പദവി നഷ്ടമാകുമോ? വെനീസും ബുഡാപെസ്റ്റും കാഠ്മണ്ഡുവും ഗ്രേറ്റ് ബാരിയർ റീഫും റെഡ് ലിസ്റ്റിൽ പെടുമോ? രാമപ്പക്ഷേത്രം ലോക പൈതൃക പദവിയിലെത്തുമോ? ലോകം യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി കൺവൻഷനു കാത്തിരിക്കുന്നു

യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 44 മത് വാർഷിക യോഗം ചൈനയിലെ ഫുഷാനിൽ നിന്ന് ഓൺലൈനായി സംഘടിപ്പിക്കുകയാണ്. 2020 ലെ വാർഷിക യോഗം കോവിസ് 19 സാഹചര്യങ്ങൾ മൂലം നീട്ടി വച്ചിരുന്നു. 2020, 21 വർഷങ്ങളിലെ തീരുമാനങ്ങളും ചർച്ചകളും ഒരുമിച്ച് നടത്തുകയാണ് ഇപ്പോൾ. ജൂലൈ 16 മുതൽ 31 വരെ നടക്കുന്ന കൺവൻഷനിൽ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചില തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാനവരാശിയുടെ പുരോഗതിക്ക് വിശേഷമായ സംഭാവനകൾ നൽകിയതും ഭാവിയിലേക്കു സംരക്ഷിക്കപ്പെടേണ്ടതുമായ ചരിത്ര , സാംസ്കാരിക, പ്രകൃതി ഈടുവയ്പുകളെയാണ് ലോക പൈതൃക പദവി നൽകി ആദരിക്കുന്നത്. നിലവിലുള്ള പൈതൃക സ്ഥാനങ്ങളുടെ സ്ഥിതിയും സംരക്ഷണവും വിലയിരുത്തുക, വിവിധ രാജ്യങ്ങൾ ലോക പൈതൃകമായി പ്രഖ്യാപിക്കാൻ സമർപിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുക, പൈതൃക പദവി ലഭിച്ച ഏതെങ്കിലും സ്ഥാനത്തിന്റെ പദവി പുനർനിർണയം ആവശ്യമെങ്കിൽ ചർച്ച ചെയ്യുക എന്നിവയൊക്കെ വാർഷിക യോഗത്തിലാണ് നടക്കുക.

3 - une

പൈതൃക സ്ഥാനങ്ങളുടെ സ്ഥിതിയും സംരക്ഷണവും വിലയിരുത്തി യുനെസ്‌കോ പുറത്തുവിട്ട റിപ്പോർട്ടാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തീരമായ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ്, ലഗൂണുകളും കനാലുകളും നിറഞ്ഞ ഇറ്റലിയിലെ വെനീസ്, ഡാന്യൂബ് നദീതീരവും ബുഡാ കാസിലും ചേരുന്ന ഹംഗറിയിലെ ബുഡാപെസ്റ്റ്, നേവാർ നിർമാണ ശൈലി കൊണ്ട് ശ്രദ്ധേയമായ കാഠ്മണ്ഡു, അൽബേനിയയിലും വടക്കൻ മസിഡോണിയയിലുമായുള്ള ഓഹ്റിഡ് പ്രദേശം, റഷ്യയിലെ കംചട്ക അഗ്നിപർവതം, നൈജീരിയയിലും ബുർക്കിന ഫാസോയിലുമായി വ്യാപിച്ച വാപ് സമുച്ചയം എന്നീ ലോക പൈതൃകങ്ങളെ വേൾഡ് ഹെറിറ്റേജ് ഇൻ ഡെയിഞ്ചർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് യുനെസ്കോ റിപോർട്ട്.

4 - une

ഡെയിഞ്ചർ പട്ടികയിൽ ഉൾപ്പെട്ടാൽ അതാത് രാജ്യങ്ങൾ സംരക്ഷണത്തിന് കർശനമായ നടപടികൾ സ്വീകരിക്കേണ്ടതായി വരും. ഏതാനും വർഷങ്ങൾക്കുശേഷം പട്ടികയിൽ നിന്നു മാറാൻ സാധിക്കും. ഇക്കാലത്ത് വിനോദ സഞ്ചാരമുൾപ്പടെയുള്ളവയ് ആ ഭാഗത്ത് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. സ്വാഭാവിക സ്ഥിതി പുനസ്ഥാപിക്കാനാകുന്നില്ലങ്കിൽ ലോക പൈതൃക പദവി പൂർണമായും നഷ്ടമാകും. ഗ്രേറ്റ് ബാരിയർ റീഫിനും വെനീസിനും ടൂറിസത്തിന്റെ അതിപ്രസരത്തോടൊപ്പം കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും വെല്ലുവിളിയാകുന്നുണ്ട്. ഓസ്ട്രേലിയൻ സർക്കാർ യുനെസ്കോ പഠനത്തെ തള്ളുകയും വസ്തുതക്കൾക്ക് നിരക്കാത്തതാണെന്നും പറഞ്ഞിട്ടുണ്ട്. ഭൂചലനവും പ്രകൃതിക്ഷോഭങ്ങളുമാണ് കാഠ്മണ്ഡുവിലെ പൈതൃക നിർമിതികൾക്ക് കോട്ടം വരുത്തിയത്.

4 - une

ബ്രിട്ടിഷ് നഗരമായ ലിവർപൂളിനെയും ടാൻസാനിയയിലെ ഗെയിം റിസർവായ സെലസ് വനത്തെയും ലോക പൈതൃക പദവിയിൽ നിന്നു നീക്കം ചെയ്യാനും കമ്മിറ്റി ശുപാർശ ചെയ്യുന്നുണ്ട്. ലോകമെങ്ങും കടൽമാർഗം വാണിജ്യ ബന്ധമുണ്ടായിരുന്ന കാലത്ത് ലിവർപൂൾ തുറമുഖത്തിനുണ്ടായിരുന്ന സ്ഥാനം പരിഗണിച്ചാണ് 20 വർഷം മുൻപ് ഈ സവിശേഷ പദവി ലിവർപൂളിന് കിട്ടിയത്. അടുത്ത കാലത്ത് പല നിർമാണ പ്രവർത്തനങ്ങളും പരമ്പരാഗത കെട്ടിടങ്ങളെ തകർക്കുകയും വിക്ടോറിയൻ കാലത്തെ തുറമുഖത്തിന് മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനാൽ ആ പദവി നഗരത്തിന് ഇപ്പോൾ ചേരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കയിലെ അവശേഷിക്കുന്ന വലിയ വനപ്രദേശങ്ങളിലൊന്നായ സെലസ് ഗെയിം റിസർവിന് ഭീഷണി ഉയർത്തുന്നത് ജലവൈദ്യുത പദ്ധതിയാണ്.

5 - une

സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ ഗുജറാത്തിലെ ധോലാവിര പുരാവസ്തു സൈറ്റിനും തെലങ്കാനയിലെ കാകതീയ ചരിത്ര ശേഷിപ്പുകൾക്കും ലോക പൈതൃക പദവി നൽകുന്നതു സംബന്ധിച്ച് ഫുഷാൻ കൺവൻഷനിൽ തീരുമാനമുണ്ടാകും. മഹത്തായ കാകതീയ തോരണങ്ങളും രാമപ്പക്ഷേത്രവും 2020 ലെ നോമിനേഷനായും ഹാരപ്പ നഗരം ധോലാവിര 2021 ലെ നോമിനേഷനായിട്ടുമാണ് പരിഗണിക്കുന്നത്. രണ്ടു വർഷങ്ങളിലേതായി 32 നോമിനേഷനുകളാണ് പുതിയ ലോക പൈതൃക സ്ഥാനങ്ങളാകാൻ പരിഗണിക്കുന്നത്.