Wednesday 25 August 2021 04:34 PM IST : By സ്വന്തം ലേഖകൻ

150 വർഷം മുൻപ് നിർമിച്ച മരപ്പാലം സഞ്ചാരികൾക്കായി തുറന്നു, ഇനി ലോകത്തെ ഏറ്റവും സാഹസികമായ നടപ്പാതകളിലൊന്ന് ഇന്ത്യയിൽ

gadthang gali0

ഉത്തരാഖണ്ഡിൽ ഉത്തരകാശി ജില്ലയിലെ ഗഡ്താങ് ഗലി മരപ്പാലം സഞ്ചാരികൾക്കായി തുറന്നതോടെ ലോകത്തെ ഏറ്റവും സാഹസികമായ യാത്രകളിലേക്ക് ഒരു ഇന്ത്യൻ പാതയും ഉൾപ്പെട്ടിരിക്കുന്നു. 150 വർഷം മുൻപ് ഉത്തരകാശിയിൽ നിന്ന് നിലാങ് താഴ്‌വര കടന്ന് ടിബറ്റിലേക്കും തിരിച്ചും സഞ്ചരിച്ചിരുന്ന വാണിജ്യ സംഘങ്ങൾക്കായി നിർമിച്ച നടപ്പാലമാണ് ഗഡ്താങ് ഗലി. ഭോട്ടിയ വിഭാഗത്തില്‍ പെട്ടവർക്ക് വാണിജ്യത്തിൽ മുൻതൂക്കമുണ്ടായിരുന്ന കമ്പിളി, ശർക്കര, സുഗന്ധദ്രവ്യങ്ങൾ എന്നിവ ഗഡ്താങ് ഗലി വഴിയായിരുന്നു ടിബറ്റിലേക്കു കൊണ്ടുപോയിരുന്നത്. 1962 ലെ ഇന്ത്യ–ചൈന യുദ്ധത്തിനുശേഷം ഗഡ്താങ് ഗലി ഉൾപ്പടെ ഈ പാത അടച്ചിട്ടിരിക്കുകയായിരുന്നു. 64 ലക്ഷം രൂപ ചെലവഴിച്ച് പുരാതന പാലത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടു നവീകരിച്ച ശേഷമാണ് ഇപ്പോൾ സഞ്ചാരികൾക്കായി ഗഡ്താങ് ഗലി തുറന്നു കൊടുക്കുന്നത്.

gadthang gali1

സമുദ്രനിരപ്പിൽ നിന്ന് 10500 അടി ഉയരത്തിലുള്ള ചുരം 150–200 മീറ്റർ അഗാധമായ ഗർത്തത്തിനോട് ചേർന്നാണ് കടന്നു പോകുന്നത്. അതിർത്തിക്കു സമീപമുള്ള ജഡുങ്, നിലാങ് ഗ്രാമങ്ങളിൽ വസിക്കുന്നവർക്ക് ഹർസിൽ പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള ഏക മാർഗമാണ് നിലാങ് വാലിയിൽ ഭൈരവ്ഘാട്ടി സമീപമുള്ള ഗഡ്താങ് ഗലി. അഗാധ ഗർത്തത്തിന്റെ ഒരു വശത്ത് പാറ പൊട്ടിച്ചുമാറ്റി, ചെങ്കുത്തായ പാറയിൽ ഇരുമ്പ് ദണ്ഡ് തുളച്ചു കയറ്റി അതിൽ പലക പാകിയാണ് 136 മീറ്റർ നീളമുള്ള പാലം നിർമിച്ചത്. പെഷവാറിൽ നിന്നു കൊണ്ടുവന്ന പത്താൻമാരാണത്രേ ആദ്യം ഈ പാലം നിർമിച്ചത്.

gadthang gali2

ഗംഗോത്രി നാഷനൽ പാർക്കിന്റെ ഭാഗമായ പ്രദേശത്താണ് ഗഡ്താങ് ഗലി. സഞ്ചാരികൾ ഭൈരവ്ഘാട്ടിയിലെ ചെക്പോസ്‌റ്റിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഒരേ സമയം 10 പേർക്കു മാത്രമേ പാലത്തിലേക്കു പ്രവേശനം അനുവദിക്കുകയുള്ളു. പാലത്തിൽ നൃത്തം ചെയ്യുകയോ ചാടുകയോ കൂട്ടംകൂടി നടപ്പാതയിൽ ഇരിക്കുകയോ പാലത്തിന്റെ കൈവരിയിൽ പിടിച്ച് താഴേക്ക് എത്തി നോക്കുകയോ ചെയ്യാൻ പാടില്ല തുടങ്ങി ഒട്ടേറെ സുരക്ഷാമാനദണ്ഡങ്ങൾ സന്ദർശകർ പാലിക്കണം. നാഷനൽ പാർക്കിന്റെ മറ്റു ഭാഗങ്ങളിലേക്കു പ്രവേശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് മേടിക്കേണ്ടതുണ്ട്. സാഹസികതയ്ക്കൊപ്പം ഉത്തരാഖണ്ഡിന്റെ ലഡാക്ക് എന്നറിയപ്പെടുന്ന നിലോങ് താഴ്‌വരയുടെ സുന്ദരദൃശ്യങ്ങളും മരപ്പാലത്തിൽ നിന്ന് ആസ്വദിക്കാം. ഉത്തരകാശിയിൽ നിന്ന് 110 കിലോ മീറ്ററുണ്ട് ഗഡ്താങ് ഗലിയിലേക്ക്.

Tags:
  • Manorama Traveller
  • Travel India
  • Travel Destinations