Friday 03 September 2021 04:54 PM IST : By സ്വന്തം ലേഖകൻ

ലോകത്ത് ഏറ്റവും സുരക്ഷിത നഗരം കോപൻഹേഗൻ, 60 ലോകനഗരങ്ങളിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയത് രണ്ട് പട്ടണങ്ങൾ

safe city index copenhagen

ലോകത്ത് ‘ഏറ്റവും സുരക്ഷിത നഗരം’ എന്ന വിശേഷണം ഇനി ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപൻഹേഗന്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് എന്ന സംഘടനയുടെ സേഫ് സിറ്റി ഇൻഡക്സ് പഠനത്തിലാണ് കോപൻഹേഗനെ സുരക്ഷിത നഗരമായി കണ്ടെത്തിയത്. 60 ലോക നഗരങ്ങളെ തെരഞ്ഞെടുത്ത് 76 സൂചകങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ ഇന്ത്യയിൽ നിന്ന് ഡെൽഹിയും മുംബൈയും പട്ടികയിൽ ആദ്യ 50സ്ഥാനങ്ങൾക്കുള്ളിൽ ഇടം നേടിയിട്ടുണ്ട്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് 2015 മുതൽ ഓരോ രണ്ടു വർഷത്തിലും ഈ പഠനം നടത്തുകയും സുരക്ഷിത നഗരങ്ങളെ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

വ്യക്തി സുരക്ഷ, ആരോഗ്യം, അടിസ്ഥാനസൗകര്യം, ഡിജിറ്റൽ, പരിസ്ഥിതി എന്നിങ്ങനെ 5 സുരക്ഷ പില്ലറുകൾക്കു താഴെ വരുന്ന 76 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക നഗരങ്ങളെ വിലയിരുത്തിയത്. ഈ വർഷം ആദ്യമായിട്ടാണ് പരിസ്ഥിതി സുരക്ഷയെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയത്. 100 ൽ 82.4 പോയിന്റ് നേടിയാണ് കോപൻഹേഗൻ 1ാം സ്ഥാനത്ത് എത്തിയത്. കാനഡയിലെ ടോറന്റോ(82.2),  സിംഗപുർ (80.7), ഓസ്ട്രേലിയയിലെ സിഡ്നി (80.1), ജപ്പാനിലെ ടോക്യോ (80.0) എന്നിവയാണ് 2 മുതൽ 5 വരെ സ്ഥാനത്ത് എത്തിയ നഗരങ്ങൾ.

safe city index1

സേഫ് സിറ്റി ഇൻഡക്സിൽ 2015, 2017, 2019 പഠനങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ടോക്യോ ഇത്തവണ 5ാം സ്ഥാനത്തായി. പരിസ്ഥിതി സുരക്ഷയുമായ ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഏറെ മുന്നിലെത്തിയതാണ് കോപൻഹേഗനെയും ടോറന്റോയെയും മറ്റു നഗരങ്ങളി‍‌ൽ നിന്ന് മുന്നിലെത്തിച്ചത്. ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങളിൽ മുന്നിലെത്തിയത് ടോക്യോ, സിംഗപുർ, ഹോങ്കോങ്, മെൽബൺ, ഓസാക എന്നിവയാണ്. ഡിജിറ്റൽ സുരക്ഷിതത്വത്തിൽ ഏറ്റവും മുന്നിലെത്തിയത് സിഡ്നിയും സിംഗപുരും ആണ്. ആംസ്റ്റർഡാം, വെല്ലിങ്ടൺ, ഹോങ്കോങ്, മെൽബൺ, സ്‌റ്റോക്കോം ഇവയാണ് സേഫ് സിറ്റി ഇൻഡക്സിൽ ആദ്യ 10ൽ ഉൾപ്പെടുന്ന മറ്റു നഗരങ്ങൾ. ദേശീയ തലസ്ഥാനമായ ന്യൂഡൽഹി 48ാം സ്ഥാനത്തും മുംബൈ 50ാം സ്ഥാനത്തും എത്തിയതാണ് ഇന്ത്യയുടെ നേട്ടങ്ങൾ.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations