Friday 31 December 2021 04:15 PM IST : By സ്വന്തം ലേഖകൻ

നൂറ്റാണ്ടിന്റെ പഴക്കവും ചരിത്രവുമുള്ള സിക്കിം രാജ്ഭവൻ സന്ദർശകർക്കായി തുറക്കുന്നു

sikkim rb

സിക്കിം ഗവർണറുടെ ഔദ്യോഗിക ഭവനമായ ഗാങ്ടോക് രാജ്ഭവന്റെ കവാടങ്ങൾ പുതുവർഷത്തിലെ ആദ്യ ദിനം മുതൽ സന്ദർശകർക്കായി തുറക്കുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് സിക്കിം, ഭൂട്ടാൻ, ടിബറ്റ് പ്രദേശത്തിന്റെ ഭരണാധികാരമുള്ള പൊളിറ്റിക്കൽ ഓഫിസറിന്റെ റസിഡൻസ് എന്ന നിലയിൽ നിർമിച്ച കെട്ടിടത്തിന് 125 വർഷം പഴക്കവും ഒട്ടേറെ പ്രധാനവ്യക്തികളുമായി ബന്ധപ്പെട്ട ചരിത്രവുമുണ്ട്. ദീർഘമായ ചരിത്രമുള്ള സിക്കിം രാജ്ഭവന്റെ വാസ്തുശിൽപ ഭംഗിയും പശ്ചാത്തല സൗന്ദര്യവും സാധാരണ പൗരൻമാർക്കും ആസ്വദിക്കാൻ സാധിക്കട്ടെ എന്നാണ് സിക്കിം ഗവർണർ ഗംഗ പ്രസാദ് ഈ നടപടിയെപ്പറ്റി അഭിപ്രായപ്പെട്ടത്.

ഹിമാലയത്തിന്റെ മടിത്തട്ടിൽ റോഡോഡെൻഡ്രോൺ, പൈൻ, മഗ്നോലിയ വൃക്ഷങ്ങൾ നിറഞ്ഞ കാനനസമാനമായ പശ്ചാത്തലത്തിലാണ് ബ്രിട്ടിഷ് ശൈലിയിലുള്ള രാജ്ഭവൻ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രാജ്ഭവനോടു ചേർന്ന് പുൽമൈതാനങ്ങളും പഴത്തോട്ടങ്ങളും ഔഷധസസ്യങ്ങളുടെ തോട്ടവും കാഴ്ചവിരുന്നൊരുക്കുന്നു. തെളിഞ്ഞ കാലാവസ്ഥയിൽ കാഞ്ചൻജംഗ കൊടുമുടി ഉൾപ്പടെയുള്ള ഹിമാലയ കൊടുമുടിയുടെ വിദൂരദൃശ്യവും ഇവിടെനിന്ന് ലഭിക്കും.

1888 ൽ സിക്കിം–ടിബറ്റ് യുദ്ധകാലത്ത് അസിസ്റ്റന്റ് പൊളിറ്റിക്കൽ ഓഫിസറായി ഗാങ്ടോക്കിലെത്തിയ ജോൺ ക്ലൗഡ് വൈറ്റ് ആണ് സിക്കിം രാജ്ഭവൻ കെട്ടിടത്തിന്റെ ശിൽപി. 1889 ൽ പൊളിറ്റിക്കൽ ഓഫിസറായി സ്ഥാനമേറ്റ ശേഷം തന്റെ റെസിഡൻസിക്കായി കാടിനു നടുവിൽ മനോഹരമായൊരു സ്ഥാനം കണ്ടെത്തി കെട്ടിട നിർമാണം ആരംഭിച്ചത്. 1975 ൽ സിക്കിം ഇന്ത്യയിലെ സംസ്ഥാന പദവി നേടിയതോടെ പൊളിറ്റിക്കൽ ഓഫിസറുടെ റെസിഡൻസി സംസ്ഥാന ഗവർണറുടെ രാജ്ഭവനായി മാറുകയായിരുന്നു. വിക്ടോറിയൻ ശൈലിയിലുള്ള ഇരുനിലക്കെട്ടിടമാണ് രാജ്ഭവൻ.

സന്ദർശകർക്കു പ്രവേശനം അനുവദിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ഗവർണറും മുഖ്യമന്ത്രിയും വിനോദസഞ്ചാര രംഗത്തെ വിവിധ സംഘടനകളും പങ്കെടുത്ത പ്രത്യേക ചടങ്ങിൽ വച്ച് ഡിസംബർ 27 നു നടന്നു. ദിവസവും രാവിലെ 10 മുതൽ 12 വരെയും 2 മുതൽ 4 വരെയുമാണ് സന്ദർശകർക്ക് രാജ്ഭവനിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.

Tags:
  • Manorama Traveller
  • Travel India
  • Travel Destinations