Saturday 23 October 2021 03:23 PM IST : By Paipra Radhakrishnan

ബ്രഹ്മപുത്ര സ്കെച്ചുകൾ

1br bridge

നദികളിൽ സുന്ദരൻ മാത്രമല്ല കരുത്തനുംകൂടിയായ ബ്രഹ്മപുത്രയുടെ തടങ്ങൾ ഒട്ടേറെ കാഴ്ചകളുടെ കലവറയാണ്. അസമിലെ ദിബ്രുഗഡും ശിവസാഗറും സാദിയയും അതിൽ ചിലതുമാത്രം. മറ്റു നദികളെപ്പോലെ കൃഷി ആവശ്യങ്ങൾക്കോ ജലസേചനത്തിനോ കാര്യമായി ഉപയോഗിക്കാത്ത ബ്രഹ്മപുത്ര പണ്ടു കാലം മുതലേ നദീസഞ്ചാരത്തിന് പ്രസിദ്ധമായിരുന്നു. ആദ്യ കാലത്ത് ബ്രിട്ടിഷ് കച്ചവടക്കാർ ഈ നദിയുടെ വലിപ്പം കണ്ട് തെറ്റിദ്ധരിച്ചിരുന്നുവത്രേ. ലോകത്തെ മഹാനദികളിൽപെടുന്ന ബ്രഹ്മപുത്ര മനുഷ്യന്റെ കൈക്കരുത്തിനും കണക്കുകൂട്ടലുകൾക്കും വഴങ്ങാൻ കൂട്ടാക്കാത്ത നദിയാണ്.

തേയിലപ്പട്ടണത്തിൽ

ഇന്ത്യയുടെ തേയിലപ്പട്ടണമെന്ന് ഖ്യാതിപ്പെട്ട ദിബ്രുഗഡിൽ നാം എവിടെ നിന്നാലും അത് ബ്രഹ്മപുത്രയുടെ തീരത്തുതന്നെ ആയിരിക്കും. ഈ നദീയോര പട്ടണത്തിന്റെ ശാപവും അനുഗ്രഹവും ഇതു തന്നെ. 1950ലെ മെഡോങ് ഭൂകമ്പത്തിൽ നഗരത്തിന്റെ മുക്കാൽ ഭാഗവും നദി കവർന്നെടുത്തു.

അസമിന്റെ വടക്കെ അറ്റം ചേർന്ന് അരുണാചലിനോട് അതിർത്തി പങ്കിട്ട് കിടക്കുന്ന ഇന്ത്യയുടെ ഈ തേയിലപ്പട്ടണത്തിൽനിന്നാണ് ഞങ്ങളുടെ അസം യാത്രകൾ ആരംഭിച്ചത്. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന തേയിലപ്പാടങ്ങളെ പിന്നിട്ടാണ് മഹാനദിയിലെ വിസ്മയ സേതുക്കൾ കാണാൻ പുറപ്പെട്ടത്. അസമിന്റെ തേയില ഉൽപാദനത്തിൽ പകുതിയും ദിബ്രുഗഡിനോട് ചേർന്നു കിടക്കുന്ന തിൻസുകിയ, ശിവ്സാഗർ പ്രദേശങ്ങളിലാണ്.

2br bridge

തിൻസുകിയ വഴിയുള്ള ശിവസാഗർ യാത്ര അസമിന്റെ ഗാഢ ഹരിത സ്ഥലികളിലൂടെയാണ്. ഇരുവശത്തും നോക്കെത്താ ദൂരം പരന്നു കിടക്കുന്ന സമതല തേയിലത്തോട്ടങ്ങളും നെൽവയലുകളും. മൂന്നാർ മലഞ്ചെരിവുകളിലെ തേയിലത്തോട്ട ലാവണ്യം പരിചയിച്ചവർക്ക് ഈ സമതല തേയിലത്തോട്ടങ്ങൾ കൗതുക കാഴ്ചകളാകും.

ശിവസാഗർ

3br bridge

നഗരഹൃദയത്തിൽ130 ഏക്കർ വ്യാപിച്ചു കിടക്കുന്ന ശിവസാഗർ തടാകം മനുഷ്യനിർമിതമാണ്. 18–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മഹാറാണി അംബികാദേവിയാണ് ഭർത്താവ് ശിവസിംഹന്റെ സ്മരണയ്ക്ക് തടാകം പണിതത്. വലിയതടാകം എന്നർത്ഥമുള്ള ബോർപുഖരി എന്നും ഇത് അറിയപ്പെടുന്നു. നിറയെ താമരയും ആമ്പലും പൂത്തു കിടക്കുന്ന ഈ തടാകം നീർ‍പക്ഷികളുടെ ഇഷ്ടതാവളമാണ്. തടാക തീരത്തു തന്നെയാണ് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര സമുച്ചയം. നടുവിൽ ശിവക്ഷേത്രവും ഇടത്തും വലത്തുമായി ദേവി, വിഷ്ണു ക്ഷേത്രങ്ങളും.

4br bridge

ശിവസാഗറിലെ ചരിത്ര സ്മാരകങ്ങളിൽ മുഖ്യമാണ് കരേംഗ്ഖർ. 1751 ൽ രാജേശ്വർ സിൻഹയാണ് ഈ കൊട്ടാര നിർമിതി പൂർത്തിയാക്കിയത്. മുകളിലേക്ക് നാലും താഴേക്ക് മൂന്നുമായി ഏഴു നിലകൾ. ശത്രുക്കളുടെ ആക്രമണമുണ്ടായാൽ രക്ഷപെടാൻ രണ്ട് രഹസ്യ തുരങ്കങ്ങളും താഴേനിലയിൽ ഉണ്ടായിരുന്നത്രേ.

6br bridge

രണ്ടു നിലകളുള്ള രാജകീയ പവലിയൻ രംഗ്ഖർ ആണ് മറ്റൊരു ആകർഷണം. 1746 ൽ രാജാ പ്രമത്ത സിൻഹയാണ് ഇത് നിർമിച്ചത്. രൊംഗോലി ബിഹു (വിഷു) ആഘോഷങ്ങളും കായികാഭ്യാസങ്ങളും ഈ പവലിയിനിൽ ഇരുന്നാണ് രാജാവ് വീക്ഷിച്ചിരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ആംഫി തിയേറ്റർ ആയി ഇതു ഗണിക്കപ്പെടുന്നു. വലിയൊരു ബോട്ടിന്റെ ആകൃതിയിലാണ് ഇതിന്റെ നിർമിതി. അഹോം രാജാക്കൻമാരുടെ വാസ്തുശൈലിയുടെ മികച്ച ഉദാഹരണങ്ങളിലൊന്നായി ഇതിനെ കരുതുന്നു. പനഞ്ചക്കര, ഉഴുന്ന്, ആനപ്പുല്ല്, വലിയ മീൻ അസ്ഥികൾ എന്നിവയൊക്കെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ടത്രേ.

5br bridge

ഗ്രാമീണദൃശ്യങ്ങൾ

വഴിയോരങ്ങളിലെ വയൽക്കുളങ്ങളിൽ ചെറിയ വലകളും ചൂണ്ടകളും ഉപയോഗിച്ച് മീൻ പിടിക്കുന്ന അസാംകാരെ കാണാം. ഇടയ്ക്കിടെ കടുംപച്ച തുരുത്തുകളും മുളങ്കൂട്ടങ്ങളും കൊച്ചുകൊച്ചു ജലാശയങ്ങളും വൃക്ഷഛായകളും. പൊതുവെ വെള്ളക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞതാണ് അസം പ്രകൃതി. അതിനാൽ മുളകളിലോ കോൺക്രീറ്റു തൂണുകളിലോ ഉയർത്തിക്കെട്ടിയ മുളവീടുകളാണ് എമ്പാടും കാണാനാവുക.

7br bridge

മുളവാരികൾ കൊണ്ട് നെയ്ത ഭിത്തികളാണ് അസാം ഗൃഹനിർമാണ കൗശലത്തിന്റെ സവിശേഷത. ഭിത്തികൾ പശിമയുള്ള ചെളിതേച്ച് മിനുസപ്പെടുത്തുകയും ചെയ്യും. അപൂർവമായി ചിലത് ചായം തേച്ച് മോടിപിടിപ്പിച്ചിട്ടുണ്ട്. ചെറിയ തോടുകൾക്കു കുറുകെയുള്ള നടപ്പാലങ്ങളും മുളകൾകൊണ്ടുതന്നെയാണ്. ഉണങ്ങിയ വാഴക്കൈകളും കമുകിൻ പാളകളും തൂക്കിയിട്ട പ്രത്യേക തരം വേലികളും കാണാം.

വിസ്മയ സേതുക്കൾ

ബ്രഹ്മപുത്രയിലെ രണ്ട് വിസ്മയ സേതുക്കളാണ് സാദിയയിലെ ഭൂപൻ ഹസാരിക സേതുവും ബോഗിബിൽ ഡബിൾ ഡക്കർ പാലവും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരം ഉൾപ്പടെയുള്ള പല മേഖലകളുടെയും വികസനത്തിനും ഈ പാലങ്ങൾ വഴിവയ്ക്കുമെന്നാണ് കണക്കാക്കുന്നത്. താഴെ റയിലും മുകളിൽ റോഡുമുള്ള ബോഗിബിൽ ഇരുനില പാലത്തിന് 4.5 കി മീ നീളമുണ്ട്. ഇതുതന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡബിൾ ഡക്കർപാലം.

ബ്രഹ്മപുത്രയ്ക്ക് ഇവിടെ നൂറടിയിലേറെ ആഴമുണ്ട്. മുകൾ പാലത്തിലൂടെ അക്കരയ്ക്ക് കടന്ന ഞങ്ങൾ താഴെ നദിക്കരയിലേക്ക് ഇറങ്ങി. ഇവിടെ സദാ പോലിസ് നിരീക്ഷണവും നിയന്ത്രണവും ഉണ്ട്. പുറമെ ശാന്തപ്രവാഹമായി തോന്നിപ്പിക്കുന്ന ഈ മഹാനദിയെ അടുത്തു ചെന്ന് നോക്കിക്കാണുമ്പോൾ ശക്തമായ ചുഴികൾ കാണാം. കടലിരമ്പം പോലുള്ള നദിയുടെ ഉള്ളലർച്ചയെക്കുറിച്ചും അപകടങ്ങളെ അകമേ ഒതുക്കിയുള്ള ശാന്തഗതിയെപ്പറ്റിയും ഞങ്ങൾക്കൊപ്പമുള്ള അംശുമാൻ ദത്ത വാചാലനായി. പാലം വരുന്നതിനു മുൻപ് ഇവിടെ ജങ്കാർ കടത്തായിരുന്നത്രേ. അക്കാലത്ത് ഒരു ജങ്കാർ നൂറുകണക്കിനു യാത്രക്കാരോടും ഒട്ടേറെ വാഹനങ്ങളോടും കൂടി നദിയിൽ മുങ്ങിപ്പോയി. വാഹനങ്ങൾപോലും കണ്ടെത്താനാകാത്തത്ര അടിയൊഴുക്കുണ്ടായിരുന്നു നദിയിൽ.

8br bridge

അസമിന്റെ പാരമ്പര്യ ഗ്രാമീണ സംഗീതത്തെ ദേശീയതലത്തിൽ ഉയർത്തിയ ഭൂപൻ ഹസാരികയുടെ സ്മാരകം കൂടിയാണ് സാദിയയിലെ പാലം. 9.5 കി മീ നീളമുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലവും ആണ്. നദിക്കു കുറുകെ നേർരേഖയിലല്ല ഭൂപൻ ഹസാരിക പാലം. ബ്രഹ്മപുത്രയുടെ വിശാലതയിൽ ഇടയ്ക്കൊന്ന് വളഞ്ഞാണ് പാലം കടന്നുപോകുന്നത്. വിശാലമായ നീരൊഴുക്കും മൺതിട്ടകളും പച്ച തുരുത്തുകളും മുളന്തുരുത്തുകളും ചതുപ്പുകളും പൊന്തക്കാടുകളുമായി ബ്രഹ്മപുത്ര തന്റെ വിശ്വരൂപം കാട്ടുന്ന ഒരിടം.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India