Thursday 17 June 2021 01:07 PM IST : By Staff Reporter

റഷ്യയിൽ പാറിപ്പറന്ന് തപ്സി; കോവിഡിനെ പേടിക്കാതെ ആടിപ്പാടാൻ കൂടെയുള്ളത് ഗഗൻ

1 - tapsi

ബോളിവുഡ് താരം തപ്സി പന്നു ഇപ്പോൾ റഷ്യയിലാണ്. മോസ്കോ നഗരത്തിന്റെ പശ്ചാത്തലത്തിൽ കിടിലൻ ഫോട്ടോകളാണ് തപ്സി പങ്കുവച്ചിരിക്കുന്നത്. ലോക്ഡൗണിൽ ഷൂട്ടിങ് നിലച്ചപ്പോഴാണു തപ്സി റഷ്യയിലേക്കു പറന്നത്. സഹോദരി ഗഗുൻ പന്നുവിനൊപ്പം റഷ്യൻ ദിനങ്ങൾ ആഘോഷിക്കുകയാണെന്ന് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും stay safe, stay home പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലിരിക്കുകയാണ്. ഈ സമയത്താണു സ്പുട്നിക് വാക്സീൻ ഉത്പാദിപ്പിച്ച് ലോകത്തിന്റെ ശ്രദ്ധ നേടിയ റഷ്യയിലേക്കു തപ്സി യാത്ര തിരിച്ചത്. നീലനിറമുള്ള ടോപ്പും ബോട്ടവുമണിഞ്ഞു ഒറ്റച്ചക്രമുള്ള സൈക്കിളില്‍ നില്‍ക്കുന്ന ചിത്രമാണ് തപ്സി ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. 'സൈറ്റ് സീയിങ് പാര്‍ട്ണര്‍' എന്നാണ് ഇതിനു കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. വെളുത്ത ഷൂസും പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും ക്രോസ് ബാഗുമണിഞ്ഞ്‌ പുഞ്ചിരിച്ചു നില്‍ക്കുന്ന തപ്സിയെ ഈ ചിത്രത്തില്‍ കാണാം. ഹോട്ട് എയര്‍ ബലൂണിനരികെ നില്‍ക്കുന്ന ചിത്രവും തപ്സി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മതിലിനു മുകളില്‍ കയറിയിരുന്ന് ആകാശത്തേക്ക് നോക്കിയിരിക്കുന്ന ഒരു ചിത്രവും കാണാം. ഇവ കൂടാതെ അനേകം മനോഹര ചിത്രങ്ങള്‍ തപ്സിയുടെ സ്റ്റാറ്റസ് അപ്ഡേറ്റില്‍ സേവ് ചെയ്തിട്ടുമുണ്ട്.

2 - tapsi

കോവിഡ് രണ്ടാം തരംഗത്തിലും ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ സ്വാഗതം ചെയ്ത രാജ്യമാണു റഷ്യ. മോസ്കോയിൽ വന്നിറങ്ങുന്ന വിനോദസഞ്ചാരികൾക്ക് രണ്ടു ഡോസ് വാക്സീൻ സൗജന്യം പ്രഖ്യാപിച്ച് മഹാമാരിയുടെ ദിനങ്ങളിലും വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ചു. ടൂറിസ്റ്റുകൾക്കു 30 ദിവസം വരെ സാധുതയുള്ള സിംഗിൾ എൻ‌ട്രി – ഡബിൾ എൻ‌ട്രി ടൂറിസ്റ്റ് വീസ ലഭിക്കും. മോസ്കോയിൽ എത്തുന്നതിനു മൂന്നു ദിവസം മുൻപു ആർ‌ടി-പി‌സി‌ആർ പരിശോധനയിൽ ലഭിച്ച നെഗറ്റീവ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. അവിടെ എത്തിയ ശേഷം ഒരു ടെസ്റ്റ്‌ കൂടി നടത്തും. പോസിറ്റീവ് ആണെങ്കില്‍ അവരെ ഉടന്‍ തന്നെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കും.

സ്നീക്കർ ഷൂസ് ധരിച്ച്, ട്രഡീഷനൽ ആഭരണങ്ങൾ അണിഞ്ഞ്, ഡിസൈനർ ഫാഷനിലുള്ള കോട്ടൻ കൈത്തറി ഡ്രസിൽ നിൽക്കുന്ന തപ്സിയുടെ ഫോട്ടോകൾ ഇതിനകം വൈറലായി. മോഡല്‍, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തയാണ് തപ്സി പന്നു. ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുന്‍പ് സോഫ്റ്റ് വെയര്‍ പ്രഫഷനലായിരുന്നു. ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമായാണ് ആദ്യ ചിത്രം. ആടുകളം എന്ന തമിഴ് സിനിമയിലെ റോൾ തപ്സിയെ തെന്നിന്ത്യയിൽ പ്രശസ്തയാക്കി. സോഹന്‍ സംവിധാനം ചെയ്ത ഡബിള്‍സിൽ മമ്മൂട്ടിയുടെ നായികയായി.