Monday 06 September 2021 04:34 PM IST : By സ്വന്തം ലേഖകൻ

ഗോവയിലെ ഈ ദ്വീപിൽ സമുദ്രതീരവുമില്ല, നഗരങ്ങളുമില്ല. ദിവാർ‍ ദ്വീപിലേക്കു സഞ്ചാരികളെത്തുന്നു ഗോവയുടെ ഗ്രാമീണ മുഖം തേടി

divar island1

ദ്വീപുകളും ബീച്ചുകളും കടൽതീര നഗരങ്ങളും ഗോവയിൽ പുതുമയല്ല. അവിടുത്തെ വലിയ ആകർഷണങ്ങളും അത് തന്നെ. എങ്കിലും ഏറെ ആരും നടക്കാത്ത വഴി തേടുന്ന സഞ്ചാരികളും തനതു ഗ്രാമീണ ജീവിതം തേടി അലയുന്നവരും ഗോവയിൽ എത്തിയാൽ പോകേണ്ട ഒരു നാടുണ്ട്, ദിവാർ ഐലൻഡ്. വടക്കൻ ഗോവയിൽ മണ്ഡോവി നദിയിലെ ഒരു ദ്വീപാണ് ദിവാർ. ഗോവയിലെ നദീ ദ്വീപുകളിൽ ഏറ്റവും വലുത്. ഓൾഡ് ഗോവയുടെ മണ്ഡോവി തീരത്തിനു സമീപമാണ് ഈ ദ്വീപ്. കൊറോവോ, തിസ്‌വദ്ദി എന്നീ രണ്ടു വലിയ ദ്വീപുകളുടെ ഇടയിലാണ് ദിവാറിന്റെ സ്ഥാനം. ഗോവയിലെ ഗ്രാമീണജീവിതം മനസ്സിലാക്കാനും കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ പ്രകൃതി ആസ്വദിക്കാനും ഏറ്റവും മികച്ച ഡെസ്‌റ്റിനേഷനാണ് ദിവാർ ദ്വീപുകൾ.

divar island3

നൂറ്റാണ്ടുകൾക്കു മുൻപ് വലിയൊരു ജനവാസകേന്ദ്രമായിരുന്നു ഈ ദ്വീപ്. പോർച്ചുഗീസ് അധിനിവേശ കാലത്ത് ജനങ്ങൾ ഇവിടം വിട്ടുപോയി. ഇന്നും നാലു ഗ്രാമങ്ങളിലായി രണ്ടായിരം പേർ ഇവിടെ വസിക്കുന്നു. 12,13 നൂറ്റാണ്ടുകളിൽ കൊങ്കണ ഹിന്ദു സമൂഹത്തിന്റെ തീർഥാടനകേന്ദ്രമായിരുന്നു ഈ ദ്വീപ്. ശ്രീ മഹാമായ, ഗണേഷ്, സപ്തകോടേശ്വർ, ദ്വാരക എന്നിങ്ങനെ നാലു മഹാക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. നറോറ ഗ്രാമത്തിലെ പ്രധാന കാഴ്ചയാണ്  പന്ത്രണ്ടാം നൂറ്റാണ്ടിൽ കദംബ രാജവംശം നിർമിച്ച സപ്തകോടേശ്വർ ക്ഷേത്രവും ക്ഷേത്രക്കുളവും.

divar island2

പൈദേദ് ഗ്രാമത്തിൽ കദംബരാജവംശത്തിന്റെ അവശേഷിപ്പുകളും ശവകുടീരങ്ങളും കാണാം. ഈ ഗ്രാമത്തിലാണ് പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയം അവർ ലേഡി ഓഫ് പൈദേദ്. ദ്വീപിന്റെ വിശാലമായ കാഴ്ചകിട്ടുന്ന മനോഹരമായൊരു വ്യൂപോയിന്റ് എന്ന നിലയ്ക്കും ഈ ദേവാലയം സഞ്ചാരികളെ ആകർഷിക്കുന്നു.

divar island4

പഴയകാല ഗോവൻ ജനവാസകേന്ദ്രങ്ങളുടെ ഇന്നും നിലനിൽക്കുന്ന മാതൃകയാണ് മലാർ ഗ്രാമം. ഉയരമേറിയ മരങ്ങൾക്കിടയിലൂടെയുള്ള പാതകളും പച്ചപ്പു നിറഞ്ഞ അന്തരീക്ഷവും ഈ ഗ്രാമ യാത്രയെ വേറിട്ടതാക്കുന്നു.

പനാജിയിൽ നിന്ന്  10 കിലോ മീറ്റർ ദൂരമുണ്ട് ദിവാർ ദ്വീപിലേക്ക്‌. മണ്ഡോവി നദിയിലെ കടത്തു കടന്നു മാത്രമേ ദിവാർ ദ്വീപിൽ എത്താൻ സാധിക്കൂ. ഓൾഡ് ഗോവ, നാറോറ, റിബൺഡർ എന്നിവിടങ്ങളിൽ നിന്ന് പുലർച്ചെ 7  മുതൽ രാത്രി 8 വരെ ഫെറി സർവീസ് ഉണ്ട്. കൊങ്കൺ റെയിൽവേ ഈ ദ്വീപിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും റെയിൽവേ സ്‌റ്റേഷൻ ഇല്ല.

Tags:
  • Manorama Traveller
  • Travel Destinations
  • Travel India