Saturday 29 January 2022 03:02 PM IST : By Pratheesh Jaison

കാടിനു നടുവിലെ കർഷക ഗ്രാമം, ഐസ്ക്രീം കോണുകൾ പോലുള്ള വീടുകൾ, ഫോട്ടോ എടുക്കാൻ വേണം ആത്മാക്കളുടെ അനുവാദം...

wae rabo1 Photos : Pratheesh Jaison

വെ റാബോ, മബ്രൂ നിയങ്... ഇന്തൊനീഷ്യയിൽ എത്തുമ്പോൾ എന്തെല്ലാം കാണണം? ഈ ചോദ്യത്തിനുള്ള ഉത്തരം തേടലിലാണ് ഈ രണ്ടു വാക്കുകളിൽ മനസ്സുടക്കിയത്. ഇന്റർനെറ്റിലും പിന്നീട് ഭൂമിയിലും ആ വാക്കുകൾ തിരഞ്ഞു പോയ അനുഭവമാണിത്. കാടിനു നടുവിൽ, നാടും ലോകവുമെല്ലാം ഒാടുന്ന കൂടെ ഒാടാതെ ഐസ്ക്രീം കോണുകളെ ഒാർമിപ്പിക്കുന്ന മേൽക്കൂരയുള്ള കുടിലുകളിൽ കഴിയുന്ന ഒരു കർഷക ഗോത്രം, വെ റാബോ. എല്ലാ സൗകര്യങ്ങളുമുള്ള അവരുടെ കൂമ്പൻ കൊട്ടാരങ്ങളാണ് മബ്രൂ നിയങ്. 2012ലെ യുനെസ്കോ ഏഷ്യാ പെസഫിക് ഹെറിറ്റേജ് അവാർഡ് നേടിയത് വെ റാബോ ഗ്രാമമായിരുന്നു.

നിനച്ചിരിക്കാതെ ഇന്തൊനീഷ്യ

യാദൃശ്ചികമായിരുന്നു ഇന്തൊനീഷ്യൻ യാത്ര. പക്ഷേ, ഇന്തൊനീഷ്യ പോലെ കാണാൻ ഒരുപാടു കാര്യങ്ങൾ ഉള്ള രാജ്യത്ത് എന്തു കാണണം എന്ന കൺഫ്യൂഷൻ ആയിരുന്നു. വെ റാബോ എന്ന കാടിനുള്ളിലെ ഈ ഗ്രാമത്തെ പറ്റി അറിഞ്ഞത് ഒരു സുഹൃത്തു പറഞ്ഞ്. കുറച്ച് അന്വേഷണം നടത്തി.

ഈ സ്ഥലം ജക്കാർത്തയിൽ നിന്ന് വളരെ ദൂരെയാണ്. വിമാനത്തിൽ ഉദ്ദേശം ഒന്നര മണിക്കൂർ യാത്ര ചെയ്ത്, ഫ്ലോറസ് ദ്വീപിലെ ലാബുവൻ ബജോ എയർപോർട്ടിൽ ഇറങ്ങി. അവിടെനിന്ന് ഡ്രൈവ് ചെയ്ത് പോകണം. ഫ്ലോറെസ് ദ്വീപിന്റെ ഭൂരിഭാഗം സ്ഥലങ്ങളും മൊബൈൽ റേഞ്ച് ഇല്ലാത്ത ഉൾനാടൻ ഗ്രാമങ്ങളാണ്. പോകുന്ന വഴിയിൽ ചില സ്ഥലങ്ങളിൽ റോഡുപണി നടക്കുന്നുണ്ട് എന്ന് അറിഞ്ഞതിനാലും സുഹൃത്തിന്റെ സഹായത്തോടെ ലാബുവാൻ ബജോ ടൗണിൽ നിന്ന് ഒരു വണ്ടി ഏർപാട് ചെയ്തു.

വെ റാബോയിലെ കൊട്ടാരങ്ങൾ

മൊബൈൽ കവറേജ് ഇല്ലാത്ത, വൈദ്യുതി ഇല്ലാത്ത, കാടിനുള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്ന നൂറുകണക്കിന് വർഷത്തെ പാരമ്പര്യം ഉള്ള ഒരു ഗോത്ര സമൂഹമാണ് വെ റാബോ.

മബ്രൂ നിയങ് എന്ന നല്ല സൗകര്യം ഉള്ള വലിയ കുടിലുകളിൽ ആണ് ഇവർ താമസിക്കുന്നത്. നൂറു വർഷം മുൻപ് എമ്പു മാരോ എന്ന ഗോത്രനേതാവാണ് ഈ ഗ്രാമം കെട്ടിപ്പടുത്തത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവരുടെ പതിനെട്ടാം തലമുറയിൽ പെട്ട ആളുകളാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.

സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ, ടോടോ (Todo) എന്ന വലിയ കാടിനു നടുവിൽ, മനോഹരമായ കാടിന്റെയും മലകളുടെയും കാഴ്ച കിട്ടുന്ന സ്ഥലത്താണ് ഈ ഗ്രാമം. പുല്ലും മുളയും തടികളും ഉപയോഗിച്ച് പത്തു മീറ്ററോളം വ്യാസത്തിൽ ഒരു കോണിന്റെ രൂപത്തിലാണ് മബ്രൂ നിയങ് നിർമിച്ചിരിക്കുന്നത്.

ഈ കുടിലുകൾക്ക് അഞ്ചു ഭാഗങ്ങൾ ഉണ്ട്

ലുറ്റ്ർ (Lutur) - എന്നാൽ ടെന്റ് എന്നാണ് അർഥം. കുടുംബാംഗങ്ങൾ താമസിക്കുന്ന ഇടം.

ലോബോ(Lobo) - ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം.

ലിൻറ്റെർ (lentar) - വിത്തുകൾ സൂക്ഷിക്കുന്ന സ്ഥലം.

ലെംപ (Lempa) - ദീർഘകാലത്തേക്കു വേണ്ടി ഭക്ഷണവും വിത്തുകളും സൂക്ഷിക്കുന്ന ഇടം.

ഹെകാങ് കൊടെ (Hekang kode) - ഏറ്റവും പരിപാവനമായി കാണുന്ന ഭാഗമാണ് ഇത്. ഇവരുടെ പൂർവികർ കുടികൊള്ളുന്ന ഇടമായാണ് ഈ സ്ഥലം കണക്കാക്കുന്നത്. പ്രത്യേക പ്രാർഥനകൾക്കും മറ്റുമായാണ് ഹെകാങ് കൊടെ ഇവർ ഉപയോഗിക്കുന്നത് . ഏഴു കുടിലുകളിയായി ഉദ്ദേശം അൻപതു പേരാണ് ഇവിടെ താമസിക്കുന്നത്.

wae rabo2

വേറിട്ട മുഖം

ജക്കാർത്തയിലെ വലിയ കെട്ടിടങ്ങളും മണിക്കൂറുകൾ നീളുന്ന ട്രാഫിക്കും മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് ലക്ഷ്വറി കാറുകളിലും നൈറ്റ് ക്ലബ്ബുകളിലും തിമർക്കുന്ന ജീവിതം കണ്ട് ഇവിടെ എത്തിയപ്പോൾ ഇന്തൊനീഷ്യയുടെ മറ്റൊരു മുഖമാണ് കാണാൻ കഴിഞ്ഞത്.

വെള്ളവും വെളിച്ചവും പോലും എത്തിയിട്ടുണ്ടോ എന്ന് സംശയം തോന്നുന്ന രീതിയിലുള്ള ഗ്രാമങ്ങളാണ് വഴിയിൽ ഉടനീളം. കടൽ തീരത്തൂടെ പോകുന്ന കിലോമീറ്ററുകളോളം ഉള്ള പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. യാത്ര ചെയ്യാൻ ഒട്ടും സുഖമില്ലെങ്കിലും കാഴ്ചകൾ അതിമനോഹരം.

ഒരു ചെറിയ ടൗണിൽ നിന്നു വഴിക്കു വേണ്ട ഭക്ഷണം വാങ്ങിയാണ് യാത്ര. മൂന്നു മണിക്കൂർ യാത്രയിൽ വഴിക്ക് അധികമൊന്നും കിട്ടുമെന്ന് കരുതണ്ട. പോകുന്ന വഴിക്ക് കടൽ തീരത്തിരുന്നു ഭക്ഷണം കഴിച്ച് ഉച്ചയോടെ മലയുടെ താഴെ എത്തി. മല കയറാൻ വണ്ടി പാർക്ക്‌ ചെയ്യുന്ന ഭാഗത്ത്‌ ചില തദ്ദേശീയരായ ആളുകൾ വഴി കാണിക്കാം എന്നു പറഞ്ഞ് കൂടെ കൂടി. സഹായമില്ലാതെ തന്നെ മല കയറാം. മുകളിലോട്ടു കയറാനുള്ള വഴിയെല്ലാം അടയാളപ്പെടുത്തിയിട്ടുള്ളതുകൊണ്ട് അവരെ ഒഴിവാക്കി. അങ്ങനെ രണ്ടര മൂന്നു മണിക്കൂറുകൊണ്ട് മല കയറി. അധികം വന്യജീവികൾ ഇല്ലാത്ത എന്നാൽ ഒരുപാട് മരങ്ങളും ചെടികളും തിങ്ങി നിറഞ്ഞ കാട്ടിലൂടെയാണ് യാത്ര.

പഴയ കാർഷിക കേരളം

ഗ്രാമത്തിനോട് അടുക്കുമ്പോൾ പഴയ കാർഷിക കേരളത്തിന്റെ ഫീൽ. വാഴയും ചേനയുമൊക്കെയുള്ള ചെറിയ കൃഷിയിടങ്ങൾ. അത് വെ റാബോ ഗ്രാമവാസികളുടേതാണ്. ഒരു കാര്യം പ്രത്യേകം ഓർമിക്കണം, ഈ ഊരിന്റെ മൂപ്പന്റെ അനുവാദം ഇല്ലാതെ ഗ്രാമത്തിൽ ഫോട്ടോ എടുക്കാൻ പാടില്ല. അതുകൊണ്ട് ആദ്യം നേരെ മൂപ്പന്റെ കുടിയിലേക്കു പോയി. പൗലോസ് എന്നാണ് മൂപ്പന്റെ പേര്. നല്ല പ്രായമുള്ള ട്രെഡീഷനൽ ലുങ്കി ഉടുത്ത അപ്പൂപ്പൻ. നല്ല വലുപ്പമുള്ള, ഒരു തരിപോലും ചൂടില്ലാത്ത കുടിലിന്റെ നടുക്കായി ആള് ഇരിപ്പുണ്ട്.

wae rabo3

ആളെ കണ്ട് ഒരു നമസ്കാരം പറഞ്ഞ് മുന്നിൽ ഇരുന്നു. അപ്പോൾ ആള് ഓരോരുത്തരുടെയും പേര് ചോദിച്ചു, എന്നിട്ട് ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും മനസ്സിലായില്ല. പിന്നീട് മനസ്സിലായി, അവരുടെ ആചാരമനുസരിച്ചു അവിടുത്തെ ആത്മാക്കളോടു ഞങ്ങളെയും കൂടെ ഇവിടെ താമസിപ്പിച്ചോട്ടെ എന്ന് സമ്മതം ചോദിച്ചത് ആണെന്ന്. പുറത്തു നിന്ന് ഒരു ആള്‍ വരുമ്പോൾ ഇവരുടെ ഒരു ആചാരമാണിത്. മൂപ്പന് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിച്ചു ആ കുടിലിൽ നിന്ന് ഇറങ്ങി.

മറക്കില്ല വെ റാബോ

ചുറ്റിനും കൊടുംകാട് നിറഞ്ഞ മല നിരകൾ. വച്ചുപിടിപ്പിച്ച ലോണുകളെ തോൽപിക്കുന്ന മനോഹരമായ പച്ച പുല്ലാൽ ചുറ്റപ്പെട്ട ഗ്രാമം. നല്ല തണുത്ത കാറ്റ്. ഇതൊക്കെ ആസ്വദിച്ചു നിൽക്കുന്നിതിനിടെ വീണ്ടും കുറച്ചു ടൂറിസ്റ്റുകൾ കയറി വരുന്നുണ്ടായിരുന്നു. അതിഥികൾക്കു താമസിക്കാനായി ഒരു കുടിൽ ഒരുക്കിയിട്ടുണ്ട്. അതിനുള്ളിൽ പായ വിരിച്ച് എല്ലാരും ഒന്നിച്ചു വേണം ഉറങ്ങാൻ. കുടിലിലെ ലീഡറായ ചെറുപ്പക്കാരൻ വന്ന് അവരുടെ ചരിത്രം പറയുന്ന ചില ബുക്കുകളും മറ്റും കാണിച്ചു, അവരുടെ ആചാരങ്ങളെയും പ്രത്യേകതകളെയും നിയമങ്ങളെയും ഒക്കെ പറ്റി കുറച്ചു സംസാരിച്ചു. അത് കഴിഞ്ഞ് ഞങ്ങൾ വീണ്ടും പുറത്തുപോയി കുറച്ചു നല്ല ചിത്രങ്ങൾ എടുത്തു ഇരുട്ടു വീഴാറായപ്പോൾ കുടിലിൽ കയറി.

wae rabo4

രാത്രിയിൽ എല്ലാവരും തറയിൽ ഒന്നിച്ചിരുന്നു വേണം കഴിക്കാൻ. ഇതും അവരുടെ ആചാരമാണ്. ചോറും അവരുടേതായ ചില കറികളും ആണ് ഭക്ഷണം. അത് കഴിഞ്ഞ് ഒന്ന് പുറത്തിറങ്ങി നോക്കി എങ്കിലും നല്ല തണുത്ത കാറ്റു കാരണം അകത്തുതന്നെ ചുരുണ്ടു കൂടി കിടന്നു. സോളറിൽ പ്രവർത്തിക്കുന്ന ഏതാനും ലൈറ്റുകൾ മാത്രമെ വെളിച്ചത്തിനായി രാത്രിയിൽ ഉള്ളു. മല കയറി വന്ന ക്ഷീണവും പുറത്തെ കാറ്റിന്റെ ശബ്ദവും കാരണം പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി. രാവിലെ കട്ടൻ ചായയും റൊട്ടിയും കഴിച്ചു. പിന്നെ ഒരുപാട് ഫോട്ടോകളും എടുത്ത്, മൂപ്പനോട് നന്ദി പറഞ്ഞ് അവിടെനിന്ന് കാടിറങ്ങി. ഇതുവരെയുള്ള യാത്രാനുഭവങ്ങളിൽ, തികച്ചും വ്യത്യസ്തമായിരുന്നു കാടിനുള്ളിലെ ഈ ഗ്രാമത്തിലേക്കുള്ള യാത്ര. എത്തിപ്പെടാൻ കുറച്ചു പ്രയാസം ആണെങ്കിലും വെ റാബോയിലേക്കുള്ള യാത്ര ഒരിക്കലും സഞ്ചാരികളെ നിരാശരാക്കില്ല. ഇന്തൊനീഷ്യ സന്ദർശിക്കുമ്പോൾ വെ റാബോയും മബ്രൂ നിയങ്ങും നിർബന്ധമായും കാണണം..

Tags:
  • Manorama Traveller