Wednesday 05 January 2022 03:00 PM IST : By സ്വന്തം ലേഖകൻ

ജലത്തിനടിയിലെ വിസ്മയങ്ങൾ, സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ

uw1

കരയിലെ സാഹസിക കാഴ്ചകൾ കണ്ടുമടുത്ത സഞ്ചാരികൾക്ക് ഇനി ജലത്തിനടിയിലെ വിസ്മയങ്ങൾ പരിചയപ്പെടാം. കടലിനടിയിലെ പിരമിഡ്, ദ് ലയൺ സിറ്റി, കാൻകൻ അണ്ടർ വാട്ടർ മ്യൂസിയം, സൺകെൻ സിറ്റി...തുടങ്ങിയവയെല്ലാം സഞ്ചാരികൾക്ക് അദ്ഭുത നിമിഷങ്ങൾ സമ്മാനിക്കുന്ന ഇടങ്ങളാണ്.

യുനാഗുനി മോന്യുമെന്റ്

ഈജിപ്തിനെ കുറിച്ചാലോചിക്കുമ്പോൾ ആദ്യം ഓർമ വരുന്ന രൂപം പിരമിഡുകളുടേതല്ലേ. ഇതു പോലെ പിരമിഡിനോടു രൂപസാദൃശ്യമുള്ള ഒരു കാഴ്ച ജപ്പാനിലെ യുക്യു ദ്വീപിന് (Ryukyu island)തെക്കേ അറ്റത്ത് യുനാഗുനി തീരത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്. കടലിനടിയിലെ ഈ പിരമിഡ് കാഴ്ച 1986 ലാണ് കണ്ടെത്തുന്നത്. വർഷങ്ങൾക്കു മുൻപ് കടലെടുത്തുപോയൊരു നാടിന്റെ ശേഷിപ്പുകളാണിതെന്നാണ് യുനാഗുനി മോന്യുമെന്റിനെ കുറിച്ച് നിലനിൽക്കുന്ന ഒരു വാദം. എന്നാൽ പ്രകൃതിദത്തമായ സീബെഡ് ഫോർമേഷനാണ് യുനാഗുനി ടൂറിസം അസോസിയേഷന്റെ നിഗമനം. അവർ കാരണമായി ചൂണ്ടിക്കാണിക്കുന്നത് വടക്കൻ തീരത്തും കണ്ടെത്തിയ ഇത്തരം സമാന കാഴ്ചകളാണ്. ഭൂകമ്പ സാധ്യത ഏറെയുള്ള മേഖലകളാണ് ഇവ. ഹാർമർ ഹെഡ് ഷാർക്കുകളെ ധാരാളമായി ഇവിടെ കാണപ്പെടുന്നു.

uw2

ദി ലയൺ സിറ്റി

ചൈനയിലെ 573 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ശുദ്ധജല തടാകമാണ് ക്വയാങ്ഡോവോ തടാകം (Qiandao Lake). 1000 ദ്വീപുകളുള്ള തടാകമെന്നും ഇതിനു പേരുണ്ട്. വൂഷി പർവതം അഥവാ അഞ്ച് സിംഹങ്ങളുടെ പർവതത്തിന്റെ താഴ് വര ഒരിക്കൽ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് തടാകത്തിൽ മുങ്ങിപ്പോയി. ചൈനീസ് ഭാഷയിൽ ഷീചെങ് എന്നറിയപ്പെടുന്ന ലയൺ സിറ്റി എന്ന നഗരമായിരുന്നു മുങ്ങിപ്പോയത്. 1400 വർഷം മുൻപുണ്ടായിരുന്ന ഈ സ്ഥലത്തെ പറ്റി ചൈനീസ് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 265 ഏക്കർ പ്രദേശം തടാകത്തിനടിയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

uw3

കാൻകൻ അണ്ടർവാട്ടർ മ്യൂസിയം

മെക്സിക്കോയിൽ കടലിനടിയിൽ സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയമാണ് കാൻകൻ അണ്ടർവാട്ടർ മ്യൂസിയം (Cancun Underwater museum). പവിഴപുറ്റുകളുടെ സംരക്ഷണത്തിനായാണ് ഇത്തരത്തിൽ കടലിനടിയിൽ മ്യൂസിയം നിർമിച്ചിട്ടുള്ളത്. ഉദ്ദേശം 500 ശിൽപങ്ങളാണ് ഇവിടെയുള്ളത്. 2009 ൽ നിർമാണമാരംഭിച്ച മ്യൂസിയം 2010 നവംബറിൽ ഔദ്യോഗികമായി തുറന്നു.

uw4

ഇവിടെ സ്ഥാപിച്ചിരിക്കുന്ന ശിൽപങ്ങൾ പവിഴപുറ്റുകൾക്കു വളരാൻ സഹായകരമാകുന്ന രീതിയിലാണുള്ളത്. പി എച്ച് ന്യൂട്രൽ സിമന്റാണ് ശിൽപങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. രണ്ടു ലക്ഷം സഞ്ചാരികൾ ഓരോ വർഷവും മ്യൂസിയം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്.

സൺകെൻ സിറ്റി

uw5

ജമൈക്കൻ തീരപ്രദേശമേഖലയാണ് സൺകെൻ സിറ്റി(Sunken Pirate City). പ്രകൃതി ദുരന്തങ്ങൾ മൂലം നശിച്ചു പോയൊരിടമാണിത്. ഈ പ്രദേശത്തിന് വിദേശരാജ്യങ്ങളുമായി കച്ചവടബന്ധങ്ങളുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഇവിടെ നിന്നും കണ്ടെത്തിയ വസ്തുക്കളും ഈ വസ്തുത ശരി വയ്ക്കുന്നു. കടൽക്കൊള്ള, ചൂതാട്ടം എന്നിവയ്ക്ക് പ്രശസ്തമായ ജമൈക്കൻ പ്രദേശം കൂടിയായിരുന്നു സൺകെൻ സിറ്റി.

Tags:
  • Manorama Traveller