Tuesday 21 December 2021 03:01 PM IST : By ഈശ്വരന്‍ ശീരവള്ളി

‘ആത്മാവുകളെ അലോസരപ്പെടുത്താതെ’; പയ്യോളി കടപ്പുറത്തുനിന്ന് വെള്ളിയാങ്കല്ലിലേക്ക് കടലിലൂടെ ഒരു യാത്ര!

0L8A0117 Photo: Josewin paulson

മയ്യഴിയെ സാഹിത്യത്തിൽ അനശ്വരമാക്കിയ എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ജനന മരണങ്ങളുടെ രഹസ്യം പേറുന്നത് പുറങ്കടലിലെ വെള്ളിയാങ്കല്ലാണ്. പയ്യോളി കടപ്പുറത്തുനിന്ന് വെള്ളിയാങ്കല്ലിലേക്ക് കടലിലൂടെ ഒരു യാത്ര. 

ആത്മാവുകൾക്ക് ഇരിപ്പിടമാകുന്ന വെളളിയാങ്കല്ല്

മയ്യഴിയിൽ മൂപ്പ കുന്നിലെ ലൈറ്റ് ഹൗസിനോടു ചേർന്ന് പണിതീർത്തിരിക്കുന്ന ഗാലറിയിൽ നിന്ന് കടലിന്റെ വിശാലമായ പരപ്പിലേക്ക് കണ്ണോടിച്ചു. തൊട്ടടുത്ത് മയ്യഴിപ്പുഴ കടലിലേക്കു ചേരുന്നത് കാണാം, അങ്ങു ദൂരെ പേരറിയാത്ത ചില തുരുത്തുകൾ. അതിനുമപ്പുറത്ത് എവിടെയോ ആണ് മനുഷ്യന്റെ ജന്മതാളങ്ങളുടെ രഹസ്യം പേറുന്ന വെള്ളിയാങ്കല്ല്. 

0L8A0046

എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സൃഷ്ടിയുടെ അണിയറയായാണ് വെള്ളിയാങ്കല്ലിനെ ചിത്രീകരിക്കുന്നത്. ‘‘തിരകളില്ലാത്തതും മൗനത്തിന്റെ ഗാംഭീര്യമാർന്നതുമായ സമുദ്രം. അങ്ങങ്ങ് അകലെ ഒരു സ്വപ്നത്തിലെന്ന പോലെ കാണാവുന്ന വെള്ളിയാങ്കല്ല്. അതിനു മുകളിൽ തുമ്പികളെപ്പോലെ പറന്നുകളിക്കുന്ന ആത്മാവുകൾ. ജന്മങ്ങൾക്കിടയിൽ അല്പനേരം വിശ്രമം തേടിവന്ന ആത്മാവുകൾ...’’ തികച്ചും അലൗകികവും ഭാവാത്മകവുമായ ഒരു സങ്കല്പം. ആ വെള്ളിയാങ്കല്ലിനെ ഒരു നോക്ക് അടുത്തു കാണാനാകുമോ? 

മയ്യഴിയുടെ ബോട്ട് ജെട്ടിയിൽനിന്നും പുറങ്കടലിലെ വെള്ളിയാങ്കല്ലിലേക്ക് ബോട്ട് പോകും, പക്ഷേ, അതിനു ദൂരവും സമയവും കൂടുതലാണ്. എന്നാൽ പയ്യോളിയിൽനിന്നോ തിക്കോടിയിൽനിന്നോ അത്ര സമയവും ചെലവും വരില്ലെന്ന് കേട്ടാണ് അങ്ങോട്ടു പോയത്. പയ്യോളി കടപ്പുറത്ത് നിന്നാൽ കടലിലൊരു മത്സ്യകന്യക കിടക്കുന്നതുപോലെ തെക്കുവടക്ക് നീളത്തിൽ ആ മായികക്കല്ല് കാണാം. 

0L8A0185

ഉച്ച തിരിഞ്ഞ സമയം. കാറ്റുണ്ട്, കടൽ ശാന്തമല്ല... പയ്യോളിയിൽനിന്നും കടലിൽ ഏകദേശം പന്ത്രണ്ട് കി മീ സഞ്ചരിക്കണം വെള്ളിയാങ്കല്ലിലെത്താൻ. ഏറെ നേരത്തെ നിർബന്ധത്തിനു ശേഷം മത്സ്യബന്ധനത്തിനു പോകുന്ന രണ്ടു ചേട്ടൻമാർ ഫൈബർ വള്ളത്തിൽ കൊണ്ടുപോകാം എന്നു സമ്മതിച്ചു. കല്ലിൽ കയറാൻ സമയമില്ല, വൈകിയിരിക്കുന്നു, അതിനാൽ ചുറ്റിക്കാണിക്കാനേ സാധിക്കൂ. ‘‘അനാദിയായി പരന്നുകിടക്കുന്ന സമുദ്രത്തിൽ വലിയൊരു കണ്ണുനീർത്തുള്ളിപോലെ’’ കാണപ്പെടുന്ന വെള്ളിയാങ്കല്ല് അടുത്തു ചെന്ന് കാണാം. 

പല കാഴ്ചകൾ നൽകും കല്ല്

പയ്യോളി കടപ്പുറത്തിനു സമീപം കോട്ടക്കലിലെ മൂരാട് പുഴയിൽനിന്നാണ് യാത്ര തുടങ്ങിയത്. ഇരട്ടഎഞ്ചിൻ ഘടിപ്പിച്ച വള്ളം പെട്ടന്നുതന്നെ അഴിമുഖം മുറിച്ചു കടന്ന് കടലിലേക്കു പ്രവേശിച്ചു. കടൽച്ചൊരുക്ക് വന്ന് ഛർദിക്കാൻ തോന്നുന്നെങ്കിൽ മുകളിലേക്ക് നോക്കി നിന്നാൽ മതിയത്രേ. സൂര്യൻ പടിഞ്ഞാറു ചായുംമുൻപ് കരയിൽ അണയാനെന്നപോലെ അതിവേഗം ആർത്തലച്ചെത്തുന്ന തിരമാലകളിൽ വള്ളം ഉയർന്നുപൊങ്ങി. പിന്നെ എടുത്തെറിയുന്നതുപോലെ താഴോട്ട്, അടുത്ത തിരയുടെ മുൻപിലേക്ക്. വീണ്ടും ഉയരുന്നു... ഭ്രാന്തമായി പായുന്ന ഒരു കുതിരപ്പുറത്തെന്നോണം ഒരു മണിക്കൂറോളം സഞ്ചരിക്കണം വെള്ളിയാങ്കല്ലിന് അടുത്തെത്താൻ. ആകെയുള്ള ധൈര്യം കടലിൽപോയി പരിചയമുള്ള, കടലിനെ അറിയുന്ന രണ്ടുപേർ കൂടെയുണ്ട് എന്നതായിരുന്നു. 

0L8A0071

വെള്ളിയാങ്കല്ല് ഒരൊറ്റ ശിലാഖണ്ഡമല്ല. ഒരു ഭീമാകാരൻ പാറക്കെട്ടും അതിൻമേൽ ഏതാനം പടുകൂറ്റൻ പാറകളുമാണ്. ദൂരേനിന്നു നോക്കുമ്പോൾ വശം ചരിഞ്ഞ്, നീണ്ടുനിവർന്ന് കിടക്കുന്ന ഒരു മനുഷ്യരൂപത്തെ ഓർമിപ്പിക്കുന്ന കല്ല് അടുത്തെത്തുമ്പോൾ പല തരത്തിലുള്ള കാഴ്ചകളാണ് തരിക. യാത്രയുടെ തുടക്കത്തിൽ കല്ലിന് ഒരേക്കറോളം പരപ്പുണ്ട് എന്ന് കേട്ടത് അതിശയോക്തിയല്ലെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. കടലിന് അടിയിലേക്ക് പന്ത്രണ്ട് ആൾ താഴ്ചയുണ്ടത്രെ ഈ ശിലാസ്തംഭത്തിന്. പാറയുടെ മുകളിൽ ആഴത്തിലുള്ള കിണറുകൾ ഉണ്ടെന്നും ഞങ്ങളോടൊപ്പം വന്നവർ പറഞ്ഞു.

ഒരു ഭാഗത്ത് ആർത്തലച്ചെത്തുന്ന തിരമാലകൾ കല്ലിൽ തട്ടിത്തെറിച്ച് വെൺനുരയായി ചിതറുന്നു. മറ്റൊരിടത്ത് തിര കല്ലിലേക്ക് അടിച്ചുകയറി പാറകൾക്കിടയിലൂടെ തിരികെ ഒഴുകി ജലധാരകൾ തീർക്കുന്നു. പറഞ്ഞറിയിക്കാനാകാത്ത കാഴ്ചയാണ് പുറങ്കടലിലെ ഈ പാറക്കെട്ട് നൽകുന്നത്.  സാഹസികമായി ഇത്രദൂരം സഞ്ചരിച്ചെത്തിയത് വെറുതേയായില്ല. 

0L8A0053

വെള്ളിയാങ്കല്ലിന്റെ പടിഞ്ഞാറു വശത്ത് ധാരാളം പാടുകൾ കാണാം. ഒട്ടിപ്പിടിച്ച ഗോളങ്ങൾ ഇളകിപ്പോയതുപോലെ നിറയെ കുഴികൾ. അതിനുപിന്നിൽ ഒട്ടേറെ യുദ്ധങ്ങളുടെ ചരിത്രമുണ്ട്, പീരങ്കികൾ വെള്ളിയാങ്കല്ലിലേക്ക് വെടിയുതിർത്തതിന്റെ കഥകളുണ്ട്. പോർട്ടുഗീസുകാരും സാമൂതിരിയും തമ്മിലുള്ള പല നാവിക ഏറ്റുമുട്ടലുകളും അരങ്ങേറിയത് ഈ പ്രദേശത്തു വച്ചായിരുന്നു. അന്ന് കപ്പലിലെ പീരങ്കികൾ തലങ്ങും വിലങ്ങും വെടിയുതിർത്തപ്പോൾ വന്നിടിച്ച വെടിയുണ്ടകളുടേതാണത്രെ ഈ പാടുകൾ.

0L8A0021

എടുത്തുവച്ച കല്ലും ആമക്കല്ലും

വെള്ളിയാങ്കല്ലിൽ തെക്കുവശത്ത് ഒരു പാറയുടെ മേൽ ആരോ എടുത്തു കയറ്റിവച്ചതുപോലെ ഒരു വലിയകല്ല്. നാട്ടുകാരിതിനെ വിളിക്കുന്നത് എടുത്തുവച്ച കല്ല് എന്നാണ്. അപ്പുറത്ത് പന്നിയുടെ മുഖവുമായി സാദൃശ്യം തോന്നുന്ന മറ്റൊന്ന്, പന്നിക്കല്ല്. വെള്ളിയാങ്കല്ലിൽ തൊടാതെ അല്പം മാറി, ആമയുടെ പുറന്തോട് പോലെ ഒരു ഭാഗം മാത്രം ജലോപരിതലത്തിൽ കാണപ്പെടുന്നത് ആമക്കല്ല്. അങ്ങിനെ വെള്ളിയാങ്കല്ലിന്റെ ഭാഗങ്ങൾ പോലും പലപേരിൽ അറിയപ്പെടുന്നു. കല്ലുമ്മക്കായയും സ്ലേറ്റിലെഴുതാനുപയോഗിക്കുന്ന കല്ലുപെൻസിലുമൊക്കെ വെള്ളിയാങ്കല്ലിൽ സുലഭമാണ്. 

0L8A0135

പടിഞ്ഞാറേക്ക് ചായുന്ന സൂര്യനെ സാക്ഷിനിർത്തി വെള്ളിയാങ്കല്ലിന് രണ്ടുവലത്ത് വെച്ച് ആ സൗന്ദര്യം ആവോളം ആസ്വദിച്ചു. അപ്പോൾ അങ്ങുദൂരെ നിന്നും ഒരു കൊച്ച് ഓടത്തിൽ കുറേ അധികം ആളുകൾ വെള്ളിയാങ്കല്ല് ലക്ഷ്യമാക്കി, വരുന്നതു കാണാമായിരുന്നു.

ഇപ്പോൾ തിക്കോടിയിൽനിന്നും പയ്യോളിയിൽനിന്നുമെല്ലാം വെള്ളിയാങ്കല്ലിലേക്ക് വരുന്ന ആൾക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് വള്ളവുമായി എത്തിയ ചേട്ടൻ പറയുന്നത്. ഭക്ഷണവും പാനീയവുമൊക്കെയായി വന്ന് സാഹസികമായി പാറയിൽ കയറി ഉല്ലസിച്ച് ആഘോഷിച്ച ശേഷമേ അവർ മടങ്ങു. 

0L8A0059

മൂന്നുനാലു മണിക്കൂർ എടുക്കുന്ന ഇത്തരം യാത്രകൾ രാവിലെയേ പുറപ്പെടാറുള്ളു. കടൽ ശാന്തമായിരിക്കുമ്പോൾ, കാറ്റിന്റെ പേടിപ്പെടുത്തലുകളില്ലാതെ വെള്ളിയാങ്കല്ലിനടുത്തെത്താം. പണ്ടൊക്കെ മുക്കുവർ കല്ലിലേക്ക് പുറപ്പെടുന്നത് ആചാരപരമായ നേർച്ചകൾ നടത്തി വീട്ടിലേക്ക് ചെലവുകാശും ഏൽപിച്ചായിരുന്നു അത്രേ. കടലിലെങ്ങും ഒന്നും കിട്ടാതെ വിഷമിച്ചാലും കല്ലിൽ പോയാല്‍ വെറും കയ്യോടെ മടങ്ങേണ്ടി വരാറില്ല അവർക്ക്.

ആത്മാവുകളെ അലോസരപ്പെടുത്താതെ

കാല്പനികമായ ഭാവത്തിൽ നിന്ന വെള്ളിയാങ്കല്ലിന്റെ നിഗൂഢതകളിലെവിടെയെങ്കിലും ദാസന്റെയും ചന്ദ്രികയുടെയും ഉൾപ്പടെയുള്ള ആത്മാവുകൾ ഉണ്ടാകാം. അവയെ തേടാനോ അലോസരപ്പെടുത്താനോ ഒരുങ്ങിയില്ല. കിഴക്കൻ ചക്രവാളത്തിൽ കരതേടി പറക്കുന്ന പക്ഷികളും പടിഞ്ഞാറ് കടലിലേക്ക് മറയാനൊരുങ്ങുന്ന സൂര്യനും ഞങ്ങൾക്ക് മടങ്ങാനായി എന്ന് സൂചിപ്പിച്ചു. കടലിന്റെ ഓളങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതുകൊണ്ടാണോ എന്തോ അങ്ങോട്ടുപോയതുപോലെയല്ല, ശാന്തമായാണ് കരയിലേക്കുള്ള യാത്ര. 

0L8A0024
Tags:
  • Manorama Traveller