Thursday 12 August 2021 02:27 PM IST : By Easwaran seeravally

അമ്മത്തണലിൽ ഉറങ്ങിയ ആനക്കുട്ടിയും രാത്രിയിൽ ദർശനം തന്ന പെട്ടിക്കൊമ്പനും... ലോക ഗജദിനത്തിൽ വേറിട്ട ചില ആനക്കാഴ്ചകൾ

wild 1

ഇന്നു ലോക ഗജദിനം. ‘‘അമ്മയുടെ കാവലിൽ ഉറങ്ങുന്ന കുട്ടിയാന, ഇതുവരെ പകർത്തിയ കാനനചിത്രങ്ങളിൽ മനസ്സിൽ മായാതെ കിടക്കുന്ന ഒന്നാണ് അത്. ആനകൾ കിടന്ന് ഉറങ്ങുന്നത് എളുപ്പം കാണാൻ പറ്റില്ല. കാട്ടിൽ പ്രത്യേകിച്ചും. അതുകൊണ്ടു മാത്രമല്ല കുട്ടിയാനയുടെ ഉറക്കം ഇഷ്ടചിത്രമായത്. ഒട്ടേറെ വൈകാരിക സന്ദർഭങ്ങളാണ് ആ നിമിഷങ്ങളിൽ മാട്ടുപ്പട്ടിയുടെ സമീപത്തുള്ള പുൽമേട്ടിൽ അരങ്ങേറിയത്. ആ കാഴ്ച കണ്ട നിമിഷങ്ങൾ മനസ്സിന്റെ അടിത്തട്ടിൽ സ്പർശിച്ചവയായിരുന്നു.’’ ചരിത്രഗവേഷകനായി സഞ്ചരിക്കുന്നതിന്റെ ഇടവേളകളിൽ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തിന്റെ വർണചിത്രം തേടി കാടുകളിലേക്ക് സഞ്ചരിക്കുന്ന ശ്രീജു അരവിന്ദ് എന്ന ചെറുപ്പക്കാരന്റെ ഇഷ്ടചിത്രങ്ങളിൽ രണ്ടെണ്ണം ആനകളുടേതാണ്. വേറിട്ട രണ്ട് ആനക്കാഴ്ചകൾ...

wild 2

അമ്മത്തണലിൽ ഉറക്കം

മൂന്നാറിൽ മാട്ടുപ്പെട്ടി ഡാമിനോടു ചേർന്നുള്ള ഭാഗത്തു പച്ചപ്പരവതാനി വിരിച്ചപോലുള്ള പുൽമേട്ടിൽ ആനക്കാഴ്ച അപൂർവമല്ല. ജലാശയത്തിലെ വെള്ളം കുടിച്ചു പച്ചപ്പുല്ലു തിന്നു നടക്കുന്ന ആനക്കൂട്ടങ്ങളെയും ഒറ്റക്കൊമ്പനെയും കണ്ടിട്ടുണ്ട്. പ്രത്യേകിച്ചു പ്രഭാതങ്ങളിൽ. മനസ്സു നിറയ്ക്കുന്ന കുട്ടിയാനയുടെ ചിത്രം കിട്ടിയ യാത്രയിൽ പുൽമേട്ടിൽ എത്തുന്നത് ഉച്ചയ്ക്കാണ്. ആനയെ കാണുമെന്ന് ഒരു പ്രതീക്ഷയുമില്ല. പുൽമേടിന്റെ പച്ചപ്പ് ആസ്വദിച്ചു നിൽക്കുമ്പോഴാണു ഡാമിൽ നിന്നു വെള്ളം കുടിച്ച ശേഷം പിടിയാനയും കുട്ടിയാനയും മുകളിലേക്കു കയറുന്നതു ശ്രദ്ധയിൽപ്പെട്ടത്. വഴിയിൽ ഒരിക്കൽപ്പോലും അമ്മയുടെ സംരക്ഷണ പരിധി വിട്ട് അകലാതിരിക്കാൻ കുട്ടിയാന ശ്രദ്ധിക്കുന്നുണ്ട്. അമ്മയെ തൊട്ടും തലോടിയും തലതാഴ്ത്തി കുണുങ്ങിക്കുണുങ്ങിയുള്ള അതിന്റെ നടപ്പ് അഴകുള്ള കാഴ്ചയാണ്. ആനക്കുട്ടിയും തള്ളയും എപ്പോഴും ആനക്കൂട്ടത്തിനൊപ്പമാണ് നടക്കാറുള്ളത്. അപകട സൂചന തോന്നിയാൽ കുട്ടിയെ ഉന്തിത്തള്ളി ആനക്കൂട്ടത്തിന്റെ നടുക്ക് എത്തിക്കും. ഇവിടെ മറ്റാനകളൊന്നും കൂട്ടിന് ഇല്ലാത്തതിനാൽ തള്ളയാന അധികം കരുതൽ എടുക്കുന്നുണ്ട്. കുഞ്ഞ് ഒപ്പമുണ്ടെന്ന് ഉറപ്പാക്കും വിധം ഇടയ്ക്ക് അതിനെ പരതി നോക്കുന്നുണ്ട്. കുട്ടിയാന അമ്മയെ മുട്ടിയുരുമ്മി നടക്കുന്നു. വാത്സല്യം തോന്നിക്കുന്ന കാഴ്ച കുറച്ചു നേരം നോക്കി നിന്നു. സാവധാനം നടന്ന് അവ പുല്‍മേട്ടി ൽ എത്തിച്ചേർന്നു. നടന്നു ക്ഷീണിച്ചതു കൊണ്ടാകാം കുട്ടിയാന അവിടെ നിന്നു. തള്ളയാനയുടെ നടത്തവും ഇതിനകം സാവധാനത്തിൽ ആകുകയും പുല്ലുതിന്നുന്നതിലേക്ക് അത് ശ്രദ്ധിക്കുകയും ചെയ്തു. പെട്ടന്നു കുട്ടിയാന തുമ്പിയൊന്നു പൊക്കി കാലുമടക്കി പുൽമെത്തയിൽ കിടന്നു. ഉറക്കത്തിനുള്ള തയാറെടുപ്പായിരുന്നു. അതുകണ്ട തള്ളയാന നടത്തം മതിയാക്കി സമീപത്തേക്കു വന്നു. അവിടെനിന്നു പുല്ലു തിന്നാൻ തുടങ്ങി. കുട്ടിയാന ഉറക്കം തുടങ്ങിയ ശേഷം അമ്മ ഒരടി മാറിയില്ല. ജാഗ്രതയോടെ അവിടെത്തന്നെ നിന്നു. ഉദ്ദേശം 10 മിനിറ്റ് ഉറക്കം നീണ്ടു. പിന്നെ കുട്ടിയാന ഉണർന്നു, തലപൊക്കി നോക്കി. കൂടുതൽ ഊർജസ്വലനായി. തള്ളയാന മുന്നോട്ടു നടക്കാൻ തുടങ്ങി. കുട്ടിയും തുള്ളിക്കളിച്ചു പിന്നാലെ ചെന്നു.

wild 3

പെട്ടിക്കൽ കൊമ്പൻ

wild 5

സുഹൃത്ത് നിതിൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആയി ജോലിയിൽ പ്രവേശിച്ച ശേഷമാണ് അട്ടപ്പാടിയിലേക്ക് യാത്ര ചെയ്യുന്നത്. ആനമൂളി, മുക്കാലി ചെക്പോസ്‌റ്റുകൾ കടന്നു ചുരം കയറുമ്പോൾ കോട മൂടിയിരുന്നു. മല്ലീശ്വരക്ഷേത്രവും കണ്ട് അട്ടപ്പാടി എത്തി. അഗളി ഫോറസ്‌റ്റ് ഓഫിസിൽ റാപിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കൊപ്പം പെട്ടിക്കൽ കൊമ്പൻ, നീലിയും മക്കളും, മറ്റത്തിക്കോട് കൊമ്പൻ തുടങ്ങിയ ആനകളുടെ കഥകൾ കേട്ടിരുന്നു. പതിവായി പെട്ടിക്കൽ ഭാഗത്തു കാടിറങ്ങി എത്തുന്ന കൊമ്പനാണ് പെട്ടിക്കൽ കൊമ്പൻ. സന്ധ്യ കഴിയുന്നതോടെ അതു കാടിറങ്ങും. ഗ്രാമത്തോടു ചേർന്ന് ഒഴുകുന്ന ശിരുവാണിപ്പുഴയിലെ വെള്ളം കുടിച്ചുചുറ്റി നടക്കും. ചക്കയും മാങ്ങയും കായ്ക്കുമ്പോഴാണു പെട്ടിക്കൽ കൊമ്പനു വികൃതി ഏറുന്നത്. എങ്കിലും ഇന്നുവരെ ആളുകളെ ഉപദ്രവിച്ച ചരിത്രമില്ല. ഗ്രാമീണരും ആനയെ ബഹുമാനത്തോടെ ‘പോ സാമി’ എന്നു പറഞ്ഞേ കാട്ടിലേക്കു മടക്കി അയയ്ക്കുകയുള്ളു. കഥ കേട്ടിരിക്കുമ്പോൾ കൊമ്പൻ നാട്ടിലിറങ്ങിയ വിവരം കിട്ടി. ടോർച്ചും പടക്കവും എടുത്തു വനപാലകർ ഇറങ്ങി. ഒപ്പം ഞാനും. വനാതിർത്തിയിലെ ഒരു പറമ്പിലാണ് കൊമ്പൻ നിന്നിരുന്നത്. യൗവനത്തിൽ എത്തിയതേയുള്ളൂ പെട്ടിക്കൽ കൊമ്പ ൻ. ഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്നു. ചെവിക്കും കണ്ണിനും ഇടയിലൂടെ മദജലം ഒഴുകുന്നു.

wild 4

 

ആരേയും കൂസാതെ നിൽക്കുന്ന കൊമ്പനെ കാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള വനപാലകരുടെ ശ്രമം വിജയിച്ചില്ല. ഇടയ്ക്കു സമീപത്തുള്ള പ്ലാവിലെ ചക്ക പറിച്ചു തിന്നുന്നു. അൽപസമയത്തിനു ശേഷം പെട്ടിക്കൽ കൊമ്പൻ തനിയെ കാടു കയറി. ‌മദപ്പാടിൽ ആയതിനാൽ അവൻ അടുത്ത ദിവസം പകൽ സമയത്തും നാട്ടിലെത്തി. മറ്റത്തിക്കോട് കൊമ്പൻ, പൊന്നിയും മക്കളും എന്നിങ്ങനെ പേരെടുത്ത ആനകളുണ്ട് അട്ടപ്പാടിയിൽ. ആനച്ചിത്രങ്ങൾക്കായി അട്ടപ്പാടിയിൽ എത്തിയപ്പോഴൊന്നും നിരാശപ്പെടുത്തിയിട്ടില്ല ആ നാട്.

 

 

Tags:
  • Manorama Traveller