Wednesday 22 December 2021 02:56 PM IST : By Pratheesh Jaison

സാന്റാക്ലോസിന്റെ നാട്ടിലേക്ക് ഒരു ക്രിസ്മസ് യാത്ര

santac1

ക്രിസ്മസ് എന്നു കേൾക്കുമ്പോൾ നക്ഷത്രങ്ങളോടൊപ്പം ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന രൂപമാണ് സമ്മാനപൊതിയുമായി എത്തുന്ന സാന്റാക്ലോസിന്റേത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് സാന്റാ. സാന്റാക്ലോസിന്റെ ഗ്രാമവും വീടും നാടും കണ്ട് ഒരു ക്രിസ്മസ് യാത്ര പോകാം സാന്റാക്ലോസിന്റെ നാട് എന്നറിയപ്പെടുന്ന ഫിൻലൻഡിലെ ലാപ്‌ലൻഡിൽ.

തണുപ്പിൽ മൂടിയ റോവാനിമി

നോർവീജിയൻ എയറിൽ നേരെ ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലേക്ക്. അവിടെ നിന്ന് വൈകുന്നേരത്തോടെ ലാപ്‌ലാൻഡിലെ റോവാനിമിയിൽ ലാൻഡു ചെയ്തു. തണുപ്പ് –20 ഡിഗ്രി സെൽഷ്യസിനും താഴെ. ചുറ്റും മഞ്ഞിനാൽ വെള്ള പുതച്ചു കിടക്കുന്ന എയർപോർട്ടിൽ വന്നിറങ്ങുമ്പോൾതന്നെ ഇത് സാന്റാക്ലോസിന്റെ നാടാണ് എന്നു സൂചിപ്പിക്കുന്ന അലങ്കാരങ്ങൾ കാണാം. ചെറിയ എയർപോർട്ട് മുഴുവൻ മനോഹരമായ ക്രിസ്മസ് അലങ്കാരങ്ങൾ, കൂടാതെ ആർടിക് സർക്കിളിലേക്കു സ്വാഗതം ചെയ്യുന്ന ബോർഡുകളും.

ഞങ്ങൾ ഒരു കാർ ബുക്കു ചെയ്തിരുന്നു. എയർപോർട്ടിൽ തന്നെയുള്ള അവരുടെ കൗണ്ടറിൽ നിന്നു കാറിന്റെ താക്കോലും വാങ്ങി പുറത്തോട്ട് ഇറങ്ങി. അതോടെ തണുപ്പിന്റെ ശക്തി അറിഞ്ഞു. ഇറങ്ങിയപാടെ തിരിച്ച് അകത്തേക്കു കയറി, ജാക്കറ്റും തൊപ്പിയും ഗ്ലൗസും എല്ലാം ഇട്ട് പുറത്തിറങ്ങി. കാർപാർക്ക് ലക്ഷ്യമാക്കി നടന്നു. മുൻപിൽ മഞ്ഞ് മാത്രം.

santac2

റോഡ് ഏതാണ്, നടപ്പാത ഏതാണ് എന്നൊന്നും തിരിച്ചറിയാൻ പറ്റുന്നില്ല. ഒരുവിധം കാർ പാർക്കിൽ എത്തി. എല്ലാ കാറുകളും മഞ്ഞ് മൂടിക്കിടക്കുന്നു. ഞങ്ങൾക്ക് വിട്ടു തന്നിരുന്നതിന്റെ മഞ്ഞെല്ലാം തുടച്ചു മാറ്റി വൃത്തിയാക്കി ഇട്ടിരുന്നതിനാൽ പെട്ടന്നു കണ്ടുപിടിക്കാൻ പറ്റി. നേരം ഇരുട്ടുന്നതിനു മുൻപ് ഞങ്ങൾ റോവാനിമി സെന്ററിലുള്ള താമസസ്ഥലത്തേക്കു തിരിച്ചു. റോഡിലൊന്നും തിരക്കില്ല, നാട്ടിലെ ഹർത്താൽ ദിനത്തിൽ വണ്ടി ഓടിക്കുന്ന പ്രതീതി.

റോവാനിമിയിലുള്ള നദിയുടെ തൊട്ടടുത്താണ് അപാർട്മെന്റ് ബുക്ക് ചെയ്തത്. മുറിയിൽ ബാഗുകളെല്ലാം വച്ചിട്ട് പുറത്തേക്ക് ഇറങ്ങി. നല്ല ഉഗ്രൻ തണുപ്പ്. ലാപ്‌ലാൻഡിൽ എത്തിയ ആവേശത്തിലാണ് വരുന്ന വഴിയിൽ കണ്ട ക്രിസ്മസ് ലൈറ്റുകളുടെ ഭംഗി ആസ്വദിക്കാൻ ഇറങ്ങി നടന്നത്.

മഞ്ഞു മൂടിയ വഴികളിലൂടെ

റോഡും നടപ്പാതകളും എല്ലാം ഈർപ്പമില്ലാത്ത പൊടി മഞ്ഞിൽ മൂടി കിടക്കുന്നു. ആളുകളെയൊന്നും പുറത്തു കാണാനില്ല. അങ്ങനെ അഞ്ച് മിനിറ്റ് നടന്നപ്പോഴേക്ക് റാവനോമി നദിക്കരയിൽ എത്തി. നദി നല്ല പങ്കും തണുത്തുറഞ്ഞ് കിടക്കുന്നു. നടുവിൽ അൽപഭാഗത്തു മാത്രം വെള്ളം കാണാനുണ്ട്. ഐസ് ആയി കിടക്കുന്ന ഭാഗത്തു കൂടി കുറേ ആളുകൾ സ്നോ മൊബൈൽ വണ്ടികൾ ഓടിക്കുന്നുണ്ട്. മഞ്ഞുകാലത്ത് പൂർണമായും ഐസ് ആയി കിടക്കുന്ന ഈ നദിയുടെ പല ഭാഗങ്ങളും സ്നോ മൊബൈൽ ഓടിക്കുവാനുള്ള ട്രാക് ആക്കി മാറ്റാറുണ്ട്. കുറച്ചു നേരം കാഴ്ചകൾ കണ്ടു നിന്നു. ലാപ്‌ലാൻഡിലെ ആദ്യ ദിവസമായതിനാൽ ആയിരിക്കും അൽപസമയത്തിനുള്ളിൽ തണുപ്പ് അസഹ്യമായി തോന്നി. ക്യാമറയോ മൊബൈലോ ഒന്നു കൺട്രോൾ ചെയ്യാൻ ഗ്ലൗസ് ഊരിയാൽപിന്നെ പറയേണ്ട, ഹോ, തണുപ്പ് സഹിക്കാൻ പറ്റുന്നില്ല. ഫോട്ടോയും വിഡിയോയും എടുക്കാൻ ഫോൺ എടുത്തു. പക്ഷേ, മാക്സിമം 10 മിനിറ്റ്. അതിനുള്ളിൽ തണുപ്പ് കാരണം അവ ഓഫ് ആകും. കുറച്ചു നേരം കൂടി നദിക്കരയിൽ കറങ്ങി. തണുപ്പ് അരിച്ചു കയറിയതോടെ കയ്യും കാലുമൊക്കെ യഥാസ്ഥാനത്തുണ്ടോ എന്നു തപ്പി നോക്കേണ്ട അവസ്ഥയായി.

santac3

റൂമിലേക്കു മടങ്ങി, മുറിയിലെ ഹീറ്ററിനു മുന്നിൽ ഇരുന്നു ശരീരം ചൂടാക്കി. എന്നിട്ട് മുൻകരുതൽ എന്ന നിലയിൽ ഒരു എക്സ്ട്രാ ലെയർ സോക്സും കയ്യിൽ ഗ്ലൗസിനിടയിൽ വാമർ പാക്കറ്റും തിരുകിക്കയറ്റി വീണ്ടും പുറത്തിറങ്ങി. നേരെ സിറ്റി സെന്ററിലേക്ക് നടന്നു. സിറ്റി സെന്ററിനു നടുവിലെ ടവറിൽ താപനില –27 കാണിച്ചു. കാറ്റില്ലാത്തതിനാൽ പുറത്തിറങ്ങി നടക്കാൻ പറ്റുന്നുണ്ട്.

സിറ്റി സെന്റർ മുഴുവൻ ക്രിസ്മസ് ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്. ഐസിൽ നിർമിച്ച ചില പ്രതിമകളും കുട്ടികൾക്കു കളിക്കാൻ ഐസുകൊണ്ട് ഉണ്ടാക്കിയ നിരങ്ങുന്ന സ്ലൈഡുകളും മറ്റും ഉണ്ട്. 7 മണി കഴിഞ്ഞതിനാലും അസഹനീയമായ തണുപ്പ് ആയതിനാലും ആകും കളിക്കാനൊന്നും ആരുമില്ല.

റോഡിലൊന്നും വലിയ തിരക്കില്ല. അവിടെ കുറച്ചുനേരം നിന്നു പടമൊക്കെ എടുത്ത ശേഷം ഭക്ഷണം കഴിക്കാൻ നടന്നു. ട്രിപ് അഡ്വൈസറിൽ അവിടത്തെ നല്ല റസ്റ്ററന്റ് ആദ്യമേ നോക്കി വച്ചിരുന്നു. ‘ബുൾ ബാർ ആൻഡ് ഗ്രിൽ’ എന്ന റസ്റ്ററന്റിൽ കയറി. ഗ്രിൽ ചെയ്ത സാൽമൺ, ബീഫ് സ്‌റ്റിക്, പോർക്ക് റിബ്സ്, പിന്നെ സ്പെഷ്യൽ റെയിൻഡിയർ ഗ്രിൽ ചെയ്ത് റെഡ് വൈൻ സോസിൽ മുക്കിയതും ഓർഡർ ചെയ്തു. കിടു ഫുഡ്. ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളം വരും.

പിറ്റേന്നു രാവിലെ സാന്റാക്ലോസ് ഗ്രാമത്തിലേക്കു പോകേണ്ടതു കൊണ്ട് തിരിച്ചു റൂമിൽ ചെന്നു ക്രിസ്മസ് സ്വപ്നങ്ങളും കണ്ട് കിടന്നുറങ്ങി.

santac4

സാന്റയുടെ ഗ്രാമത്തിലേക്ക്

പകൽ ഒൻപതു മണി കഴിഞ്ഞേ സൂര്യൻ പുറത്തു വരൂ. എന്നിട്ടേ ഇവിടെ കടകളും മറ്റും തുറക്കൂ. എഴുന്നേറ്റു റെഡിയായി ആദ്യം തന്നെ അടുത്തുള്ള സബ്‌വേയിൽ കയറി ഓരോ സാൻഡ്‍വിച്ച് കഴിച്ചു. പിന്നെ നേരെ കാർ പാർക്കിങ്ങിലേക്ക് നടന്നു. കാർ മുഴുവൻ മഞ്ഞു മൂടികിടക്കുന്നു. ഭാഗ്യത്തിന് കാർ വാടകയ്ക്കു തന്നവർ മഞ്ഞു തൂത്തുകളഞ്ഞ് വൃത്തിയാക്കാനുള്ള ബ്രഷും മറ്റും നൽകിയിട്ടുണ്ട്. അങ്ങനെ മഞ്ഞൊക്കെ ഒരുവിധം തട്ടിക്കളഞ്ഞ് വണ്ടി എടുത്തു. മഞ്ഞു മൂടിയ റോഡിലെ വെളുത്ത കാഴ്ചകൾ കണ്ട് സാന്റാക്ലോസ് വില്ലേജിലേക്ക് വച്ചു പിടിച്ചു. ലാപ്‌ലാൻഡിലെ ഏറ്റവും പ്രധാനപ്പട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് സാന്റാക്ലോസ് വില്ലേജ്.

santac6

ജിപിഎസ് നോക്കി പോയ യാത്രയിൽ ഗൂഗിൾ മാപ്പ് ചെറിയ പണി തന്നു. ഇടയ്ക്ക് വഴി തെറ്റി ഏതോ കാട്ടിലേക്കു പോയി. വഴി തെറ്റിയെങ്കിലും രണ്ടു വശത്തും മഞ്ഞിൽ പൊതിഞ്ഞ പൈൻ മരങ്ങളും ആളും വണ്ടികളുമില്ലാത്ത മഞ്ഞു മൂടിയ റോഡും ഒക്കെ ചേർന്ന് ഒരു കിടിലൻ വഴിയിലാണ് കിടന്നു കറങ്ങിയത്. അവസാനം ഒരുവിധത്തിൽ ശരിയായ വഴി കണ്ടുപിടിച്ച് സാന്റാക്ലോസ് വില്ലേജിന്റെ മുൻപിൽ എത്തി. സാന്റാക്ലോസിനോട് സംസാരിക്കാനും പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് സന്ദേശം അയക്കാനും റൈൻഡർ സവാരിക്കും ഒക്കെ അവിടെ അവസരമുണ്ട്.

Tags:
  • Manorama Traveller