ഇതു ലോകത്തെ രണ്ടു സാംസ്കാരിക തലസ്ഥാനങ്ങളെ കോർത്തിണക്കിയ യാത്രയാണ്. ഒന്നു നമ്മുടെ സ്വന്തം തൃശൂർ. രണ്ടാമത്തെ സ്ഥലം ഫ്രാൻസിലെ പാരിസ്. തൃശ്ശിവപേരിനു പൂരത്തോടാണു പ്രണയമെങ്കിൽ, പാരിസിലുള്ളവർക്ക് താളമേളങ്ങളോടാണു പ്രേമം. ആഘോഷത്തിന്റെ രീതികൾ നോക്കുമ്പോൾ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണു കാണാൻ കഴിയുക. 2024 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന പാരിസ് നഗരത്തിലേക്ക് പോകുമ്പോൾ ആകാംക്ഷ ആകാശത്തോളം ഉയർന്നു. തൃശൂരും പാരിസും തമ്മിലുള്ള സാംസ്കാരിക സാദൃശ്യം കണ്ടറിയാനുള്ള യാത്രയിലെ ബാക്കി വിശേഷങ്ങൾ ഇങ്ങനെ:
രാവിലെ 6 30ന് നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ടു. 9.30ന് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണു നമ്മുടെ തലസ്ഥാന നഗരത്തിലെ വിമാനത്താവളം. 2023 – 24 ൽ 7.36 കോടി യാത്രക്കാർ ഈ വിമാനത്താവളത്തിലൂടെ കടന്നു പോയെന്നാണു റിപ്പോർട്ട്. രാവും പകലും യാത്രക്കാരുടെ ഒഴുക്കു തുടരുന്ന വിമാനത്താവളത്തിലെത്തിയ ഞങ്ങളുടെ സംഘത്തിൽ കുട്ടിയായി എന്റെ മകൾ മാത്രമാണുള്ളത്. മൂന്നര വയസ്സുകാരി ഉൾപ്പെടെ എല്ലാവരും പാരിസ് കാണാനുള്ള ആകാംക്ഷയിൽ കാത്തിരുന്നു. ഉച്ചയ്ക്കു 12.50ന് പാരിസിലേക്കുള്ള വിമാനം ഇന്ത്യയിൽ നിന്നു പറന്നുയർന്നു.
ഫ്രാൻസിന്റെ ആകാശത്തു പ്രവേശിച്ചപ്പോൾ കാലാവസ്ഥ പ്രതികൂലമാണെന്ന് അറിയിപ്പു കിട്ടി. തൊട്ടു പിന്നാലെ കപ്പൽ ആടിയുലയുന്ന പോലെ വിമാനം കുലുങ്ങി. ഞങ്ങളുടെ സംഘത്തിൽ പതിനെട്ടു പേരാണുള്ളത്. ഓരോരുത്തരും ആശങ്കയോടെ പരസ്പരം നോക്കി. എന്നാൽ, ആശങ്കപ്പെടേണ്ടതില്ലെന്ന് പൈലറ്റിന്റെ നിർദേശം ലഭിച്ചു. വൈകിട്ട് 7.ന30നു പാരിസിൽ എത്തിച്ചേരുമെന്നാണു പറഞ്ഞിരുന്നതെങ്കിലും പ്രതികൂല കാലാവ കാരണം ഒരു മണിക്കൂർ വൈകി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തപ്പോൾ സന്തോഷം കൊണ്ട് യാത്രക്കാർ കയ്യടിച്ചു.
60 ടൺ പെയിന്റടിക്കുന്ന ഗോപുരം
വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയപ്പോൾ രാത്രി 8.30. പക്ഷേ, പകൽ പോലെ വെയിൽ! രാത്രിയായിട്ടും ഇരുട്ടു പരക്കാൻ മടിച്ചു നിൽക്കുന്ന പാരിസിന്റെ കാലാവസ്ഥ അത്ഭുദപ്പെടുത്തി. താപനില 13 ഡിഗ്രിയിലേക്ക് താഴ്ന്ന നിലയിലുള്ള കാലാവസ്ഥയാണ്. ചെറിയ കാറ്റിനൊപ്പം തണുപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു.
ഏറെ നേരം അവിടെ നിൽക്കേണ്ടി വന്നില്ല. റുമേനിയക്കാരനായ ഗബ്രിയേൽ സെട്രാ ബസ്സുമായി എത്തി. ‘ഫോർ എവർ’ ട്രാവൽസ് ഉടമ വിൻസ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം മുന്നോട്ടുള്ള ഞങ്ങളുടെ ടൂർ ഗൈഡ് ആയ വികാസ് തൽവാറിനെ പരിചയപ്പെടുത്തി. ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയിലെ നായിക ഇഷാ തൽവാറിന്റെ സഹോദരനാണ് വികാസ് തൽവാർ. വികാസിന്റെ നേതൃത്വത്തിൽ യാത്രാസംഘം ഒരു റസ്റ്ററന്റിൽ കയറി. അത്താഴത്തിനു ശേഷം ‘നോവോട്ടൽ’ എന്നു പേരുള്ള ഹോട്ടലിൽ എത്തിച്ചേർന്നു.
പിറ്റേന്നു രാവിലെ ഈഫൽ ടവർ കാണാൻപുറപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച അദ്ഭുതമാണ് ഐഫൽ. ഭംഗിയായി പരിപാലിച്ചു പോരുന്ന ഈഫൽ ടവർ പാരിസ് ജനതയുടെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു. അവിടേക്കുള്ള പാത അവിസ്മരണീയമായ ഒരേ നിറവും വലിപ്പവുമുള്ള കെട്ടിടങ്ങൾ, കാഴ്ചയാണ്. കേബിൾ സ്റ്റോൺ പാകിയ വഴിവീഥി, നിരയായി വെട്ടി നിർത്തിയ മരങ്ങൾ. പൗരാണികത നിലനിർത്തുന്ന നഗരക്കാഴ്ച കൗതുകമായി. അകലെ, ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഈഫൽ ടവർ കണ്ടു. ലോകാദ്ഭുതം കാണാനുള്ള കൊതിയുമായി അവിടെ എത്തിയവർക്ക് ഗൈഡ് ജാഗ്രതാ നിർദേശം കിട്ടി.
സുരക്ഷാ പരിശോധന നടത്തിയ ശേഷമേ ഈഫൽ ടവറിൽ പ്രവേശനം അനുവദിക്കൂ. ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിഫ്റ്റിൽ കയറി രണ്ടാം നിലയിലെത്തി. നയനാനന്ദകരമായ കാഴ്ചയാണ് അവിടെ കാത്തുനിന്നത്.
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്നു പാരിസ് നഗരം. നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച അവിടെ നിന്നാൽ ആസ്വദിക്കാം. അങ്ങകലെ സെയ്ൻ നദി കണ്ടു. നദിയിലൂടെ നൗകകൾ ഒഴുകുന്നുണ്ട്. സന്ദർശകരായി എത്തിയ വിവിധ രാജ്യക്കാർ ആ ദൃശ്യം ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു. ലോകത്ത് ഏറ്റവും ആളുകൾ ഫീസ് അടച്ച് സന്ദർശിക്കുന്ന (ഏകദേശം 250 ദശലക്ഷം) സ്മാരകമാണ് ഈഫൽ ടവർ. ഏഴു വർഷത്തിലൊരിക്കൽ പെയിന്റ് ചെയ്ത് പരിപാലിക്കുന്നു. ഒരു തവണ പെയിന്റിങ്ങ് നടത്താൻ 60 ടൺ പെയിന്റാണു ചെലവാക്കാറുള്ളത്. തൃശൂർ പൂരത്തിന് എല്ലാ കൊല്ലവും വടക്കുന്നാഥന്റെ മുറ്റം ഒരുങ്ങുന്ന പോലെ ഈഫൽ ഗോപുരം ഓരോ വർഷവും നിറം ചാർത്തി അണിഞ്ഞൊരുങ്ങുന്നു.
നുണക്കുഴിയുമായി മൊണാലിസ
ഈഫൽ ടവറിൽ നിന്ന് കോഫി കുടിച്ചു. അതിനൊപ്പം സ്വാദിഷ്ടമായ മാക്രോൺ വാങ്ങി കഴിച്ചു. കോഫിക്ക് 5 യൂറോയാണു വില. കപ്പ് തിരികെ കൊടുത്താൽ രണ്ട് യൂറോ മടക്കി കിട്ടും. പ്ലാസ്റ്റിക് റീസൈക്ലിങിന്റെ ഒരു അധ്യായം ഈഫൽ ഗോപുരത്തിൽ നിന്നു പഠിച്ചു. അവിടെ നിന്നുകൊണ്ടു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ശീതക്കാറ്റ് ആ ആഗ്രഹത്തിനു വിലങ്ങു തടിയായി.
കച്ചവടക്കാർ ഞങ്ങളുടെ പുറകെ കൂടി. കീ ചെയിൻ, സുവനീർ എന്നിവയാണ് വിൽപന വസ്തുക്കൾ. ‘‘ജാഗ്രത പാലിക്കുക. ഇവിടെ പോക്കറ്റടി പതിവാണ്’’ ഗൈഡ് ഓർമിപ്പിച്ചു. പാരിസ് നഗരത്തിൽ അഭയാർത്ഥികളായി എത്തിയ ആഫ്രിക്കക്കാരാണ് ഗോപുരത്തിലെ കച്ചവടക്കാരിലേറെയും ജീവിത ചിലവ് കൂടിയ നഗരത്തിൽ ഇത്തരം അലങ്കാര വസ്തുക്കൾ വിറ്റാണ് അവർ വരുമാനം കണ്ടെത്തുന്നത്.
ഗോപുരത്തിൽ നിന്നു നേരേ ലൂവർ മ്യൂസിയത്തിലേക്കാണു പോയത്. 35000 കലാ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുള്ള പുരാവസ്തു സംരക്ഷണ കേന്ദ്രമാണു ലൂവർ. പുരാതനകാലം മുതൽ 19 ആം നൂറ്റാണ്ട് മദ്ധ്യ വരെയുള്ള കല, ചരിത്രം, സംസ്കാരം എന്നിവ 60000 മീറ്റർ സ്ക്വയറിൽ വിന്യസിച്ചിരിക്കുന്നു.
മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിനരികെ മനോഹരമായ ഗ്ലാസ് പിരമിഡ്. അകത്തേക്കു പ്രവേശിച്ചാൽ അതൊരു കൊട്ടാരമാണെന്നു തോന്നും. കലാഭംഗിയും ദൃശ്യ ചാരുതയും ക്യാമറയിൽ പകർത്താൻ സന്ദർശകർ മത്സിരിക്കുന്നതു കണ്ടു. ഓരോ ഇടനാഴിയും മുറികളും അത്രമേൽ അമ്പരപ്പുളവാക്കുന്നു. ഈ മ്യൂസിയത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം സന്ദർശകരുടെ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. അവിടെ എത്തുന്നവരുടെ കണ്ണിന്റെ ഐറിസ് ചിത്രം പകർത്തുന്ന സ്ഥാപനമാണിത്. കണ്ണിന്റെ ചിത്രത്തെ അവർ മാസ്റ്റർ പീസ് സൃഷ്ടിയാക്കി നൽകുന്നു. 15 മിനിറ്റിനുള്ളിൽ ഫോട്ടോ കിട്ടും. 49 യൂറോയാണു ചാർജ് (4400 രൂപ).
മ്യൂസിയത്തിന്റെ പ്രധാന ഹാളിൽ വലിയ വൈദ്യുത വിളക്കുകളില്ല. സൂര്യപ്രകാശം നേരേ കടന്നു വരുന്ന രീതിയിലാണ് ഇന്റീരിയർ ഡിസൈൻ. അവിടെ പ്രദർശിപ്പിച്ചിട്ടുള്ള ഗ്ലാസ് പിരമിഡിലൂടെ കടന്നു വരുന്ന സൂര്യപ്രകാരം ഹാളിലാകെ വെളിച്ചം വിതറുന്നു.
സന്ദർശകരായി എത്തിയ ആൾക്കൂട്ടം തങ്ങി നിന്നിരുന്നത് മോണോലിസ ചിത്രത്തിനു മുൻപിലാണ്. എല്ലാവരും ആ വിശ്വവിഖ്യാത കലാസൃഷ്ടിക്കൊപ്പം സെൽഫി എടുത്തു.
മ്യൂസിയത്തിൽലെ 711ാം മുറിയിലാണ് മോണാലിസ ചിത്രം സൂക്ഷിച്ചിട്ടുള്ളത്.
മോണാലിസിയുടെ ചിത്രം ഓരോ വസ്തുക്കളിലും ആലേഖനം ചെയ്ത് അവിടെ വ്യാപാരം പൊടിപൊടിക്കുന്നു.
തൃശൂരിലും മ്യൂസിയമുണ്ട്, വടക്കേ സ്റ്റാൻഡിന്റെയടുത്ത് – രാമവർമ മ്യൂസിയം. ആയിരക്കണക്കിന് അംഗനമാർ ചുവടുറപ്പിക്കുന്ന കേരള കലാമണ്ഡലവും തൃശൂരിലാണ്. പുരാതന കഥാപാത്രങ്ങളായി വേഷമിടുന്ന കഥകളി കലാകാരന്മാരുടെ മുഖത്തും മൊണാലിസയെപ്പോലെ ശൃംഗാരം വിടരാറുണ്ട്.
സെയ്ൻ നദിയിലെ ബോട്ട് സവാരി
ഈഫൽ ടവറിനു താഴെ നിശബ്ദം ഒഴുകുന്നു സെയ്ൻ നദി. സെയ്ൻ നദിയിലൂടെ ബോട്ട് സവാരിയുണ്ട്. സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ചെറു മാതൃക സെയിൻ നദിയിൽ സ്ഥാപിച്ചിട്ടുണ്ട്. ജലാശയത്തിന്റെ ഇരുകരയിലും പുരാതന കെട്ടിടങ്ങളുണ്ട്. അവിടെ പുതിയ കെട്ടിടം നിർമിക്കുന്നവർ പാരമ്പര്യ വാസ്തുഭംഗി നിലനിർത്തിക്കൊണ്ടാണ് നിർമാണം നടത്തുന്നത്. കെട്ടിടങ്ങളുടെ രൂപസാദൃശ്യത്തിൽ ഇതു വ്യക്തമാണ്. എല്ലാ കെട്ടിടങ്ങളുടെയും മേൽക്കൂരയ്ക്കു കറുത്ത നിറത്തിലുള്ള പെയിന്റാണ് ഉപയോഗിച്ചിട്ടുള്ളത്.
സന്ദർശകരെല്ലാം സെയ്ൻ നദിയിൽ ബോട്ട് സവാരി നടത്തുന്നുണ്ട്. അതിഥികളുടെ അറിവിലേക്കായി നഗരത്തിന്റെ ചരിത്രം വിവരിക്കുന്നുണ്ട്, പക്ഷേ, ഫ്രഞ്ച് ഭാഷയിലാണു വിവരണം. ബോട്ട് യാത്രക്കാരുടെ ഇരിപ്പിടത്തിനരികെ ഹെഡ് ഫോണുണ്ട്. അതിൽ ഇംഗ്ലിഷ് വിവരണം കേൾക്കാം. ബോട്ടിന്റെ ഒന്നാം നിലയിൽ കയറി നിന്നാൽ ഈഫൽ ടവർ വ്യക്തമായി കാണാം. ഇവിടെ മാത്രമല്ല, പാരിസിലെ ഏതു വഴിയിൽ നിന്നു നോക്കിയാലും ഈഫൽ ടവർ കാണാം.
തൃശൂർ നഗരത്തിന്റെ ഏരിയൽ ആംഗിൾ കാണാൻ പറ്റിയ സ്ഥലം വിലങ്ങൻകുന്നാണ്. തൃശൂരിൽ നിന്നു ഗുരുവായൂർ റൂട്ടിൽ ഏഴു കിലോമീറ്റർ സഞ്ചരിച്ച് വിലങ്ങൻകുന്നിലെത്തിയാൽ തൃശൂർ നഗരം മുഴുവൻ കാണാം. അങ്ങകലെ പാടത്തിനു നടുവിലൂടെ നീണ്ടൊഴുകുന്നു മണലിപ്പുഴ.
ഗില്ലറ്റിൻ, രക്തക്കറയുടെ ചരിത്രം
പിന്നീട്, ആർക്ക് ഡി ട്രയോഫ് സന്ദർശിച്ചു. ഇന്ത്യ ഗേറ്റിനോട് സാമ്യതയുള്ള സ്മാരകമാണിത്. ഈഫൽ ടവറിന്റെ നിർമ്മാണ കാലഘട്ടം രണ്ടുവർഷമായിരുന്നെങ്കിൽ, 30 വർഷം കൊണ്ടാണ് ആർക്ക് ഡി ട്രയോഫ് നിർമാണം പൂർത്തിയാക്കിയത്. ഫ്രഞ്ച് സൈന്യത്തിന്റെ വിജയാഘോഷ കേന്ദ്രമാണിത്. നെപ്പോളിയൻ ഒന്നാമൻ 1815 ഡിസംബർ രണ്ടിന് ഓസ്റ്റർ ലിട്സ് യുദ്ധത്തിന്റെ പിറ്റേന്ന് തന്റെ സൈനികരോട് പറഞ്ഞു. “ നിങ്ങൾക്ക് വീട്ടിലേക്ക് പോകാനുള്ള ഏകമാർഗം ട്രയൽഫിന്റെ കമാനത്തിനു കീഴിലാണ് “. എന്നാൽ, ആ വിജയകരമായ യുദ്ധത്തെ തുടർന്നു തോൽവികളും സംഭവിച്ചു. പിന്നീട് 1821 അദ്ദേഹം അന്തരിച്ചു. ഈ സംഭവങ്ങൾ ആർക്ക് നിർമാണത്തിന്റെ പുരോഗതിയെ ബാധിച്ചു. കാലം ഏറെ കഴിഞ്ഞെങ്കിലും ത്യാഗസ്മരണയിൽ എല്ലാ ദിവസവും വൈകിട്ട് ആർക്ക് ഡി ട്രയോഫിൽ ജ്വാല തെളിയാറുണ്ട്.
യുദ്ധ സ്മാരകത്തിനു ശേഷം പ്രശസ്തമായ വെഴ്സയിൽസ് കൊട്ടാരത്തിലേക്കാണു പോയത്.
പാരിസിൽ നിന്ന് 20 കിലോമീറ്റർ അകലെയാണു വെഴ്സയിൽസ് കൊട്ടാരം. 17-ാം നൂറ്റാണ്ടിൽ ലൂയി പതിനാലാമൻ രാജാവിന്റെ ഭരണകാലത്താണ് ഇതു നിർമിച്ചത്. പിൽക്കാലത്തു ഇതു ഫ്രഞ്ച് രാജാക്കൻമാരുടെ ശക്തിയുടെ പ്രതീകമായി മാറി. അവിടെ നടുക്കുന്ന കാഴ്ചയായി മാറിയതു ഗില്ലറ്റിൻ യന്ത്രത്തിന്റെ ശേഷിപ്പുകളാണ്.
ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ച ചത്വരത്തിനു മുന്നിലാണ് ഗില്ലറ്റിൻ സ്ഥാപിച്ചിട്ടുള്ളത്. കൂട്ടക്കൊല ചെയ്തിരുന്ന യന്ത്രമാണു ഗില്ലറ്റിൻ. ലൂയി പതിനാറാമനും മേരി അന്റോണിറ്റായും കുഞ്ഞുങ്ങളും 1200 ഭടന്മാരും ഈ ചത്വരത്തിലൂടെയാണു കടന്നുപോയത്. രക്തക്കറയുടെ, കൂട്ട കൊലപാതകങ്ങളുടെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ ചത്വരത്തിൽ.
പതിനഞ്ചാം നൂറ്റാണ്ടിൽ കെട്ടിപ്പൊക്കിയ രാജസൗധം കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആയിരക്കണക്കിനാളുകൾ എത്തുന്നുണ്ട്. കൊട്ടാരത്തിന്റെ ചരിത്രം വിവരിക്കാനെത്തിയ ഗൈഡ് 70ാം വയസ്സിലും ചുറുചുറുക്കോടെ വർത്തമാനം പറയുന്ന വനിതയായിരുന്നു. പ്രായം അവരുടെ ജോലിക്ക് ഒരു നിമിഷം പോലും തടസ്സമായില്ല. ആ സ്ഥലത്തുകൂടി ഓടിനടന്ന് കൊട്ടാരം കാണിച്ചു തരാനും ചരിത്രം ഭംഗിയായി അവതരിപ്പിക്കുവാനും അവർക്ക് കഴിഞ്ഞു. അവരുടെ കയ്യിൽ ഏകദേശം 20ലധികം ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ ഉണ്ടായിരുന്നു. അവർ അതു ഞങ്ങൾക്കു നൽകി. അവർ മൈക്കിലൂടെ സംസാരിക്കുമ്പോൾ സന്ദർശകർക്കു വ്യക്തമായി കേൾക്കാനാണ് ഹെഡ് സെറ്റ് വിതരണം ചെയ്തത്. നമ്മുടെ നാട്ടിലെ ചരിത്ര കേന്ദ്രങ്ങളിലെ ഗൈഡുകൾക്കും ഇതു മാതൃകയാക്കാവുന്നതാണ്.
ഇല്ല, തൃശൂരിനു പകയുടേയും രക്തക്കറയുടേയും പിന്നാമ്പുറ കഥകളില്ല. അമ്പലപ്രാവുകൾ പ്രഭാതഗീതം ആലപിക്കുന്ന തട്ടകത്ത് എത്രയോ സ്നേഹഗാഥകൾ സിനിമകളായി അവതരിച്ചിട്ടുണ്ട്.
എല്ലാ വഴികളും ചത്വരത്തിലേക്ക്
രാത്രിയുടെ പാരിസ് നഗരം കാണാനിറങ്ങിയപ്പോഴും ഈഫൽ തന്നെയാണ് ആകർഷണം. മഹത്തായ നിർമിതിയിൽ ഇരുപതിനായിരത്തിലധികം ഇലുമിനേഷൻ വിളക്കുകളുണ്ട്. രാത്രി പത്തിനു ശേഷം വർണം വിതറുന്ന വിളക്കുകൾ തെളിയും. ശരീരം വിറപ്പിക്കുന്ന ശീതക്കാറ്റിനെ അവഗണിച്ച് ആ കാഴ്ച ആസ്വദിക്കാൻ ആയിരക്കണക്കിനാളുകൾ ചത്വരത്തിൽ ഒത്തു ചേർന്നു. ഈ സമയത്ത് അവിടെ ആഫ്രിക്കൻ ജനതയുടെ നൃത്തം അരങ്ങേറി. ഇതിനിടെ ചില കല്യാണ ഫോട്ടോഷൂട്ടുകളും നടക്കുന്നുണ്ടായിരുന്നു. അത്രയും വലിയ തിരക്കിനിടയിലും ഈഫൽ ഗോപുരത്തിന്റെ വിളക്കുകളുടെ ചെറു മാതൃകയുമായി വിൽപനക്കാർ ഓടിയെത്തി.
ഘടികാരത്തിൽ 10.00 അറിയിച്ച നിമിഷത്തിൽ ഗോപുരം ദീപാലംകൃതമായി. പത്തു മിനിറ്റ് വെളിച്ചത്തിന്റെ ഗോപുരം ആസ്വദിച്ചതിനു ശേഷം തിരികെ വണ്ടിയിൽ കയറി.
പാരിസ് നഗരം സന്ദർശകരുടെ മനസ്സിൽ വിവിധ ചിത്രങ്ങളായാണു പതിയുക. പ്രകൃതിയുടെ പച്ചനിറവും ആധുനിക സൗന്ദര്യവും ഒത്തിണങ്ങിയ നഗരമാണു പാരിസ്. കമ്പിളി കുപ്പായങ്ങളും മനോഹരമായ ഫാഷൻ വസ്ത്രങ്ങളും അണിഞ്ഞ് സുന്ദരന്മാരും സുന്ദരികളുമായി ജനം നഗരവിഥീകളിലൂടെ ഒഴുകുന്നു. പാതകളും വഴിയോരങ്ങളും അവർ വൃത്തിയോടെ പരിപാലിക്കുന്നു. റോഡരികിൽ ഓവുചാലുകളും വൈദ്യുതി കമ്പികളും കാണാനാവില്ല. ഈ വിധം മനോഹാരിതയിലൂടെ നീങ്ങുമ്പോഴാണ് ആത്മാ ടണലിന്റെ പതിമൂന്നാം പില്ലർ കണ്ടത്. അവിടെ വച്ചുണ്ടായ കാറപകടത്തിലാണ് ബ്രിട്ടനിലെ ഡയാന രാജകുമാരി മരിച്ചത്. ലോകപ്രശസ്തയായ രാജകുമാരിയുടെ ഓർമയിൽ ആ സ്ഥലം കറുത്ത അടയാളമായി അവശേഷിക്കുന്നു.
പാരിസ് നഗരത്തെ പൂർണമായും മനസ്സിലാക്കാൻ ഇടവഴികളൂടെ സഞ്ചരിക്കണം. അവരുടെ തനതു വിഭവങ്ങൾ രുചിക്കണം. ഫ്രഞ്ച് വിഭവങ്ങൾ മാത്രം ലഭിക്കുന്നതും ലോകത്തെ എല്ലാ തരം വിഭവങ്ങൾ തയാറാക്കുന്നതുമായ റസ്റ്ററന്റുകൾ പാരിസിലുണ്ട്. നഗരപ്രദക്ഷിണം നടത്തുമ്പോൾ റസ്റ്ററന്റുകൾ കാണാം.
ഏതു വഴികളിലൂടെ സഞ്ചരിച്ചാലും ഈഫൽ ടവറിന്റെ താഴെയുള്ള നഗരമധ്യത്തിലേക്കാണ് എത്തിച്ചേരുക. ഇതു തന്നെയല്ലേ നമ്മുടെ തൃശൂർ നഗരത്തിന്റെയും ഘടന? ഏതു കൈവഴികളിലൂടെ നടന്നാലും ‘മ്മള് എത്തിച്ചേരണത് റൗണ്ടിലാണല്ലോ’.
വൃത്താകൃതിയിൽ നഗരാസൂത്രണം ചെയ്ത ഫ്രാൻസിലെ ചക്രവർത്തിമാർക്കും തൃശൂരിലെ രാജാക്കന്മാർക്കും സ്നേഹാഭിവാദ്യങ്ങൾ...