ഐതീഹ്യകഥ സത്യമാകുന്നുവോ ! ചുരുണ്ട് പിണഞ്ഞ് അടുങ്ങി കിടക്കുന്ന പാമ്പിന്റെ രൂപത്തിൽ കൂറ്റൻ മല, പാമ്പിന്റെ ശൽക്കത്തിനു സമാനമായ ഡിസൈൻ, നാസാരന്ധ്രങ്ങളും കണ്ണുകളും പോലും വ്യക്തം
Mail This Article
പ്രകൃതിയുടെ അപൂർവമായ സൃഷ്ടിയെന്ന പോലെ, ഭീമാകാരനായ സർപ്പം ശിലയായി മാറിയെന്ന് തോന്നിപ്പിക്കുന്ന കാഴ്ച. പാമ്പിന്റെ നാസാരന്ധ്രങ്ങളും കണ്ണുകളും ശൽക്കങ്ങളും ചുറ്റി അടുങ്ങിയിരിക്കുന്ന ശരീരവും എല്ലാം ദൃശ്യമാകുന്ന പർവതവും ഒത്ത മുകളിൽ ഒരു ഗുഹയും...തായ്‌ലൻഡിന്റെ വടക്കുകിഴക്കായുള്ള ബ്യൂയെങ് കാൻ പ്രവിശ്യയിലെ പു ലങ്ക നാഷനൽ പാർക്കിലാണ് മനോഹരമായ ഭൂപ്രകൃതിയും ആത്മീയതയും കാല്പനികതയും കൂടിക്കലർന്ന നാക ഗുഹ.
സർപ്പദൈവത്തിൽ വിശ്വസിക്കുന്ന തദ്ദേശീയർക്ക് അസാധാരണമായ ഈ മല ഐതിഹ്യങ്ങളുടെ ഉറവിടമായി. ശപിക്കപ്പെട്ട നാഗദേവൻ ശിലയായി മാറി ഇവിടെ കുടിയിരിക്കുന്നു എന്ന് അവർ കണക്കാക്കി. ഐതിഹ്യം അനുസരിച്ച് നാഗദേവൻ ഒരു ദിവസം ഉയിത്തെഴുന്നേൽക്കുമത്രെ. തായ് ഭാഷയിൽ നാഗത്തിന് "നാക" എന്നാണ് പറയുന്നത്. നാഗദേവന്റെ ഇരിപ്പിടമെന്ന് വിശ്വസിക്കുന്ന ഈ സ്ഥലമറിയപ്പെടുന്നത് നാക ഗുഹ എന്നാണ്. ആശ്ചര്യജനകമായ ശിലാരൂപങ്ങളുള്ള ഈ പ്രദേശത്തിന് തദ്ദേശീയർക്കിടയിൽ ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്.
അതിശയ ഗുഹ തേടി
ബ്യൂയെങ് കാൻ ടൗണിൽ നിന്നു നാക ഗുഹയിലേയ്ക്ക് ഇരുപത് മിനിറ്റ് സഞ്ചരിച്ചാൽ മതി. രാവിലെ ഏഴ് മണിക്കെങ്കിലും പ്രവേശനകവാടത്തിലെത്തുന്നതാകും നല്ലതെന്ന് താമസിച്ച ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പറഞ്ഞിരുന്നു. നാക ഗുഹയിലെത്തിയപ്പോൾ ഏഴ് മണിയായില്ല, എങ്ങും വാഹനങ്ങളുടെയും സന്ദർശകരുടെയും തിരക്ക്. പ്രവേശനകവാടത്തിലേക്ക് നടന്നു. Naka Cave എന്നെഴുതിയ ചതുരാകൃതിയിലുള്ള കമാനം ദൂരെ നിന്നു കാണാം. ഇടതുഭാഗത്ത് ഉയരമുള്ള പഗോഡയും, മുൻപിൽ വളരെ ഉയരമുള്ള നാഗ പ്രതിമയും ചേർന്ന ക്ഷേത്രം. തദ്ദേശീയരായ സന്ദർശകർ അവിടെ കൈ കൂപ്പി പ്രാർഥിക്കുന്നു. ഒരുപക്ഷേ, കഠിനമായ മലകയറ്റത്തിൽ കാത്തുകൊള്ളാനാകും ആ പ്രാർഥന.
കമാനത്തിലൂടെ മുന്നോട്ടു പോയി ഇടത് തിരിയുമ്പോഴാണ് ടിക്കറ്റ് കൗണ്ടർ. വിദേശികൾക്ക് പ്രവേശന ടിക്കറ്റിന് വില കൂടുതലാണ്, മുതിർന്നവർക്ക് ഇരുന്നൂറും കുട്ടികൾക്ക് നൂറും തായ് ബാത്ത് കൊടുക്കണം. ഒരു തായ് ബാത്ത് ഏകദേശം രണ്ടര രൂപയോളം വരും.
നാഗത്തിന്റെ വാല്‍
നാലര കിലോമീറ്ററോളം ദൈർഘ്യമുള്ള, അൽപം കഠിനമായ ട്രെക്കിങ്ങ് ആണ് ഇതെന്ന് പാതയുടെ തുടക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് മൂന്ന് മുതൽ അഞ്ചു മണിക്കൂർ വരെ സമയമെടുക്കും. കുത്തനെ പാറകളുള്ള ഇടങ്ങളിലൊക്കെ ഇരുമ്പ് ഗോവണി പിടിപ്പിച്ചിട്ടുണ്ട്. അവയിൽ പിടിച്ചു കയറാൻ കൈവരിയുമുണ്ട്. അൽപം പ്രായമുള്ളവർക്ക് പലയിടങ്ങളിലും ഈ ഗോവണികളിൽ പിടിച്ചു കയറുന്നതുപോലും പ്രയാസമാണ്. എങ്കിലും, പ്രായമുള്ളവരുടെ തിരക്കിനൊട്ടും കുറവ് കണ്ടില്ല. അത് ഭക്തിയുടെ ശക്തിയാകും.
പോകുന്ന വഴികളിൽ കണ്ട ശിലകളെല്ലാം സർപ്പത്തിന്റെ ശൽക്കത്തെ പോലെ വിണ്ടുകീറിയിരുന്നു. കുറെ പോയപ്പോൾ, വശങ്ങൾ തേഞ്ഞ് അഗ്രം കൂർത്തൊരു ശിലാരൂപം നിരപ്പായ നിരത്തിൽ പൊന്തി നിൽക്കുന്നു. അത് നാഗത്തിന്റെ വാലാണെന്ന് ഗൈഡ് പറഞ്ഞു.
മുന്നോട്ട് പോയപ്പോൾ കാട്ടുപാതയുടെ ഒരു വശത്ത് മുളച്ചു നിൽക്കുന്ന കൂണിനെ പോലെ തോന്നിക്കുന്ന ഭീമാകാരമായ ശില. കൂൺ പാറ എന്നാണതിനെ വിളിക്കുന്നത്. മുകളിലേക്ക് ചെല്ലുന്തോറും വഴിയോരത്ത് ഇരുന്ന് വിശ്രമിക്കുന്നവരുടെ എണ്ണം കൂടി. മുകളിലെ നിരപ്പായ സ്ഥലങ്ങളിൽ ആളുകൾ നടന്നുണ്ടായ വഴിത്താര. ഈ പാതയുടെ ഇരുവശത്തുള്ള വൃക്ഷങ്ങളുടെ വേരുകൾ ഭയപ്പെട്ടെന്നപോലെ എതിർഭാഗത്തേയ്ക്ക് ഓടി പടർന്ന്, ഞരമ്പുകൾ പോലെ മേൽമണ്ണിന് മുകളിൽ തെളിഞ്ഞു നിൽക്കുന്നു.
നടന്നെത്തിയത് ഒരു വ്യൂ പോയിന്റിലാണ്, അവിടെ നിന്നു നോക്കിയാൽ താഴെ പരന്നു കിടക്കുന്ന ഭൂപ്രദേശം. കരിഞ്ഞുണങ്ങിയ നിലങ്ങൾക്കിടയിൽ അങ്ങിങ്ങ് പച്ചപ്പിന്റെ തുരുത്തുകൾ.
സർപ്പ ഭാഗങ്ങൾ
പ്രധാന സ്ഥലത്തേയ്ക്കാണ് ഇനി പോകുന്നത് എന്ന് ഗൈഡ് പറഞ്ഞു. സർപ്പത്തിന്റെ ശൽക്കത്തെ പോലെ വിണ്ടുകീറിയ പ്രതലമുള്ള ഉയർന്നു നിൽക്കുന്ന വലിയ രണ്ടു പാറകൾക്കിടയിലെ വിടവിലൂടെ കുറച്ചു താഴേയ്ക്ക് നടന്നിറങ്ങണം. ഒരാൾക്ക് മാത്രം കഷ്ടിച്ച് കടന്നു പോകാൻ കഴിയുന്ന ആ വിടവിൽ അക്ഷമരായി വരിനിൽക്കുകയാണ് സന്ദർശകർ. താഴേയ്ക്ക് നടന്നിറങ്ങിപ്പോൾ കണ്ടത് ചുരുണ്ട് പിണഞ്ഞു കിടക്കുന്ന സർപ്പത്തിന്റെ ഉദരം പോലെ തോന്നിപ്പിക്കുന്ന ശിലാരൂപം. ശപിക്കപ്പെട്ട് ശിലയായി മാറിയ സർപ്പദൈവമാണെന്ന് കരുതിയതിൽ നാഗങ്ങളെ ആരാധിക്കുന്ന തായ്‌ലന്റുകാരെ കുറ്റം പറയാൻ പറ്റില്ല. ആരും ആ വലിയ പാറക്കെട്ട് നോക്കി നിന്ന് പോകും, അതുല്യനായ ഒരു ശില്പി അക്ഷോഭ്യനായി കൊത്തിയെടുത്തത് പോലെ, അത്ര കുറ്റമറ്റതാണ് പ്രകൃതിയുടെ ഈ നിർമിതി.
അല്പം ഉയർന്ന ഒരു തട്ടിൽ സർപ്പശയ്യയിൽ ധ്യാനത്തിലിരിക്കുന്ന സ്വർണ്ണവർണ്ണത്തിലുള്ള ബുദ്ധപ്രതിമ. ബുദ്ധശിരസ്സിന് പിറകിൽ ഒൻപത് തലയുള്ള നാഗം വിടർന്നു നിൽക്കുന്നു. മുന്നോട്ട് നടന്നപ്പോൾ ചെറിയ വഴിയുടെ ഇരുഭാഗത്തും ഈറ്റക്കാടുകൾ. അതിനിടയിലെ കറുത്ത കല്ലിനെ ചൂണ്ടിക്കാണിച്ചു ഗൈഡ് പറഞ്ഞു, നാഗത്തിന്റെ കണ്ണാണിതെന്ന്. പറഞ്ഞു കേട്ടപ്പോൾ നമുക്കും ഒരു സർപ്പദൃഷ്ടി സങ്കൽപിക്കാൻ കഴിയും. മുന്നോട്ട് നടന്ന് കയറിയപ്പോൾ മിക്കവാറും നിരപ്പായ മുകൾഭാഗത്തെത്തിയെന്നു മനസ്സിലായി. മേൽമണ്ണ് മാറി പോയ സ്ഥലങ്ങളിൽ കാണുന്ന ശിലകൾ സർപ്പത്തിന്റെ ശൽക്കത്തെ അനുസ്മരിപ്പിക്കുന്നത് പോലെ വിണ്ടു കീറി കിടക്കുന്നു. സർപ്പത്തിന്റെ മുകളിലൂടെ നടക്കുന്നത് പോലെ തോന്നും. വഴിയിലൊരിടത്ത് പാറയിൽ ചെറിയൊരു കുഴിയുടെ മധ്യത്തിൽ വൃത്താകൃതിയിലൊരു വലിയ സുഷിരം. ഇത് വൃത്താകൃതിയിൽ ചുരുണ്ടു കിടക്കുന്ന നാഗത്തിന്റെ കേന്ദ്രസ്ഥാനമായി വിശ്വസിക്കുന്നു എന്ന് ഗൈഡ് പറഞ്ഞു.
ചേഡി ലുവാങ് പു സാവോ
വെള്ള നിറത്തിലെ വളരെ വലിയ ബുദ്ധപ്രതിമയും അടുത്ത് തന്നെയുള്ള സ്വർണ്ണനിറത്തിലെ പഗോഡയുമാണ് ചേഡി ലുവാങ് പു സാവോ. പോകുന്ന വഴിയിൽ ലുവാങ് പു വാങ് പഗോഡയിലേയ്ക്കുള്ള ഇരുവശത്തും പത്തി വിരിച്ചു നിൽക്കുന്ന ഏഴ് തലയുള്ള നാഗങ്ങളുടെ കൈവരിയോട് കൂടിയ പടിക്കെട്ടുകൾ കാണാം. മലമുകളിൽ സ്വർണ്ണനിറത്തിലെ പഗോഡ. ചേഡി ലുവാങ് പു സാവോയുടെ മുൻപിലുള്ള പാ ജായ് ഖാട്ട് വ്യൂ പോയിന്റിൽ നിന്നുള്ള ദൃശ്യങ്ങളും മനോഹരമായിരുന്നു. ലുവാങ് പു വാങ് ഗുഹയായിരുന്നു അടുത്ത ലക്ഷ്യം. പോകുന്ന വഴിയിൽ ഒരു വലിയ പാറക്കെട്ടിന്റെ മുകളിൽ നിന്നും പുറത്തേയ്ക്ക് ഉന്തിനിൽക്കുന്നത് പോലെയുള്ള ഒരു ശില നാഗത്തിന്റ തലപോലെ തോന്നി. ലുവാങ് പു വാങ് ഗുഹയുടെ ഒരു ഭാഗത്ത് നിരത്തി വച്ചിരിക്കുന്ന ധാരാളം ബുദ്ധപ്രതിമകൾ,
മലയിറങ്ങുന്ന വഴിയിലാണ് നാഗത്തിന്റെ മൂന്ന് ശിരസ്സുകൾ കാണാൻ കഴിയുന്നത്. മൂന്നെണ്ണത്തിലും ഭാവന കൂടി ചേർത്ത് സർപ്പത്തിന്റെ ശിരസ്സ് ദർശിക്കാൻ കഴിയും. അതിൽ മൂന്നാമത്തതിനെ സർപ്പശിരസ്സാക്കാൻ അധികം ഭാവനയൊന്നും വേണ്ട.
ഇവിടുത്തെ കാലാവസ്ഥയിലെ ചില പ്രത്യേകതകൾ കാരണം, മാറി മാറി വരുന്ന ചൂടിന്റെയും തണുപ്പിന്റെയും സ്വാധീനം മൂലമുള്ള അസാധാരണമായ ദ്രവീകരണമാണ് ശിലകൾ ഇങ്ങിനെ വിണ്ടുകീറാൻ ഇടയാക്കിയതെന്നാണ് ഭൂവിജ്ഞാന ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.
ഈ പ്രവിശ്യയിൽ തന്നെ സർപ്പത്തിന്റെ ശൽക്കങ്ങൾ പോലെ വിണ്ടു കീറിയ ശിലകളുള്ള രണ്ട് ഇടങ്ങൾ കൂടിയുണ്ട്, നാകീ ഗുഹയും കിന്നരീ നാക ഗുഹയും. മലമുകളിലേയ്ക്കുള്ള തിരക്ക് കൂടി വരുകയാണ്, നിരനിരയായി പോകുന്ന ബുദ്ധഭിക്ഷുക്കളും ഉണ്ട്. മല കയറിയിറങ്ങി താഴെ എത്താൻ ഏകദേശം മൂന്ന് മണിക്കൂർ എടുത്തു. ഗൈഡിനോട് തൊഴുതു വിടപറഞ്ഞു കാർപാർക്കിലേക്ക് നടക്കുമ്പോഴും വിചിത്രമായ ആ നാഗശിലകൾ ഉള്ളിൽ ഒരു വിസ്മയമായി പത്തിവിടർത്തി ആടികൊണ്ടിരുന്നു.