ADVERTISEMENT

മാഡ്രിഡിൽ നിന്നു ബസിൽ കയറുമ്പോൾ മനസ്സിൽ ആവേശം നിറഞ്ഞു. ബക്കറ്റ് ലിസ്റ്റിൽ കാലങ്ങളായുള്ള ടൊലെഡൊയിലേക്കാണു യാത്ര. ജൂത, ക്രൈസ്തവ, ഇസ്‌ലാമിക സംസ്കാരങ്ങൾ സംഗമിക്കുന്ന നഗരമെന്നാണു ടൊലെഡൊ അ റിയപ്പെടുന്നത്. കെട്ടിടങ്ങളിലും കല്ലുപാകിയ തെരുവുകളിലും പലതരം സംസ്കാരങ്ങളുടെ അടയാളങ്ങൾ... ഉയരമേറിയ ഗോഥിക് കത്തീഡ്രൽ മുതൽ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന ഇടവഴികളും മ്യൂസിയങ്ങളും... കാണാനേറെയുണ്ട് ഈ പട്ടണത്തിൽ.

ടാഗസ് നദിക്ക് അഭിമുഖമായ കുന്നിന്റെ മുകളിലായി കോട്ട കെട്ടി സംരക്ഷിതമാക്കിയ ടൊലെഡൊ നഗരത്തിനു യുനെസ്കോ ലോകപൈതൃക പദവിയുണ്ട്. സ്പെയിന്റെ ഐതിഹാസിക പട്ടണങ്ങളിലൊന്നാണ് ടൊലെഡൊ.

ADVERTISEMENT

അതിഗംഭീരം ഈ കാഴ്ചകൾ

AlkasarToledo

നഗരത്തിലെ പ്രധാന അടയാളങ്ങളിലൊന്നാണ് അൽകസാർ ഡി ടൊലെഡൊ. അറബ് മാളികയായിരുന്ന കെട്ടിടമാണ് പിന്നീട് കസ്റ്റിലിയൻ കൊട്ടാരമാക്കി മാറ്റിയത്. പൂർണ പ്രൗഢിയിലല്ല ഈ കെട്ടിടം.

ADVERTISEMENT

മ്യൂസിയത്തിന് എതിർ വശത്ത് നിന്നു വരുക, മുകൾ നിലയിലേക്ക് നീങ്ങുക, അവിടത്തെ കഫേയിൽ ഇരുന്നാൽ നഗരത്തിന്റെ വിശാലമായ പനോരമിക് ചിത്രം കണ്ണിനു വിരുന്നാകും. സൗജന്യമായി ആർക്കും ചെല്ലാം ആ മട്ടുപ്പാവിൽ.

ടൊലെഡൊയിൽ കാണേണ്ട കാഴ്ചകളുടെ പട്ടികയിൽ ആദ്യം ഉൾപ്പെടുത്തേണ്ട ഒന്നാണു സാൻ ജുവാൻ ഡി ലോസ് റെയിസ് മൊണാസ്ട്രി. മനോഹരമായ കൊത്തുപണികളുള്ള ദേവാലയം. ചർച്ച് ഓഫ് സാൻ റോമൻ ചുമർചിത്രങ്ങളുടെ പേരിൽ പ്രശസ്തമാണ്. ഇഗ്ലിസിയ ഡി സാൻ ഇൽഡെഫൻസോ, ഇഗ്ലിസിയ ഡി സാന്റിയാഗോ ഡൽ അറബൽ എന്നീ ക്രൈസ്തവ ദേവാലയങ്ങളും സവിശേഷ ഭംഗിയുള്ളവയാണ്.

ADVERTISEMENT

സിനഗോഗ് ഓഫ് എൽ ട്രാൻസിറ്റോ കാണേണ്ടതാണ്. അകത്തെ ശിൽപവേലകളും തടിയിലുള്ള സൂക്ഷ്മമായ കൊത്തുപണികളും വിസ്മയിപ്പിക്കും.

ടൊലെഡൊയിലെ ജൂതചരിത്രം അടയാളപ്പെടുത്തുന്ന മ്യൂസിയവും ഇതിന്റെ ഭാഗമാണ്. സാന്റ മരിയ ലാ ബ്ലാങ്ക സിനഗോഗ്, മെസ്കിവിറ്റ ഡി ക്രിഡി ലാ ലുസ് എന്നിവയും മികച്ച കാഴ്ചകൾ തന്നെ. നഗരത്തിലെ തെരുവുകളിൽ പൈതൃകക്കാഴ്ചകൾ സുലഭം.

മധ്യകാലത്തിന്റെ പ്രൗഢി

സെൽറ്റിക് ഗോത്രത്തിന്റെ വാസസ്ഥാനമായിരുന്നു ടൊലെഡൊ. റോമാക്കാർ അവരെ കീഴ്പ്പെടുത്തി ഈ പട്ടണം സ്വന്തമാക്കി. പിന്നീട് അറബികളുടെ കയ്യിലായപ്പോൾ കൊർഡോബ ആയി ഭരണസിരാകേന്ദ്രം. 1031 മുതൽ 1085 വരെ ടൊലെഡൊ ഒറ്റയ്ക്ക് ചെറു സാമ്രാജ്യമായി നിലനിന്നു. 1085 മുതൽ അഞ്ഞൂറ് വർഷം കസ്റ്റിലിയൻ സാമ്രാജ്യത്തിനു കീഴിലായി ടൊലെഡൊ. പല വട്ടം അവരുടെ തലസ്ഥാനമാകുകയും ചെയ്തു.

മധ്യകാലത്ത് അഭിവൃദ്ധി പ്രാപിച്ച ഈ നാട് ഉരുക്കുകൊണ്ട് പണിഞ്ഞ വാളിന്റെ പേരിൽ പ്രശസ്തി നേടി. ഇന്നും ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ആയുധങ്ങൾ.

ദേവാലയങ്ങളുടെ പട്ടണം

ToledoCathedral

ടൊലെഡൊ കത്തീഡ്രൽ സ്പെയിനിലെ മികച്ച പത്തു ദേവാലയങ്ങളിലൊന്നാണ്. മധ്യകാല ഗോഥിക് ആർക്കിടെക്ചറിന്റെ മകുടോദാഹരണം. വിടർന്ന റോസാപ്പൂവ് പോലുള്ള ജാലകങ്ങൾ, ഫ്ലയിങ് ബട്രസ് എന്നു വിശേഷിപ്പിക്കുന്ന കമാനങ്ങൾ, കൂർത്ത കമാനങ്ങൾ തുടങ്ങി മധ്യകാല ഗോഥിക് സവിശേഷതകൾ നിറഞ്ഞതാണ് ഇതിന്റെ ഉൾവശം.

13ാം നൂറ്റാണ്ടിൽ നിർമിച്ച ടൊലെഡോ കത്തീഡ്രലിൽ ഒക്കാവോ ചാപ്പൽ, സാൻ ബ്ലാസ് ചാപ്പൽ തുടങ്ങി മനോഹരമായി അലങ്കരിക്കപ്പെട്ട ചാപ്പലുകൾ പലതുമുണ്ട്. എൽ ഗ്രെക്കോ എന്ന പെയിന്ററിന്റെ ‘ദി ബറിയൽ ഓഫ് ദി കൗണ്ട് ഓഫ് ഓർഗാസ്’ എന്ന ചിത്രം ഇഗ്ലിസ ഡി സാന്റോ ടോം പള്ളിയിൽ കാണാം. സാന്റോ ഡോമിങോ എന്ന ദേവാലയത്തിലാണ് ഈ ചിത്രകാരന്റെ ഭൗതിക ശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ളത്.

ഐതിഹ്യങ്ങളുടെ നാട്

എക്സ്കാലിബർ എന്ന അദ്ഭുതവാളിനെ ചുറ്റിപ്പറ്റിയുള്ള െഎതിഹ്യകഥ കേട്ടോളൂ. ആർതർ രാജാവും എക്സ്കാലിബറും ഉൾപ്പെട്ട കഥ ഇംഗ്ലണ്ടിലാണ് നടക്കുന്നത്. ആ വാൾ‍ ടൊലെഡൊയിലെ പ്രഗദ്ഭരായ കൊല്ലൻമാർ രൂപപ്പെടുത്തിയതാണെന്നാണു കഥകൾ. യോഗ്യരായ രാജാക്കൻമാരുടെ കയ്യിലെത്തുമ്പോൾ വാളിനു മാന്ത്രികശക്തികൾ ലഭിക്കുമത്രേ...

ടൊലെഡൊ കത്തീഡ്രലിനു താഴെയുള്ള അദൃശ്യ നിധിയെപ്പറ്റിയുള്ളതാണു മറ്റൊരു കഥ. മൂറിഷ് രാജാവ് ഉപേക്ഷിച്ച സമ്പത്തിനു ഭീകരനായ വ്യാളിയുടെ കാവലുണ്ട് എന്നാണു കഥകൾ. ആ നിധി തേടി അലഞ്ഞവർ ഏറെയുണ്ടെങ്കിലും ആരും അതിൽ വിജയിച്ചില്ല. ടൊലെഡൊയിൽ കഥകളുടെ പിന്നാലെ അലഞ്ഞാൽ കാഴ്ചകൾക്കു മിഴിവേറുമെന്ന് ഉറപ്പ്.

ADVERTISEMENT