ദ്വീപ് സമൂഹമായ ഫിലിപ്പീൻസിലെ പലവാൻ ദ്വീപിലാണ് ലോകാദ്ഭുതമായി വിശേഷിപ്പിക്കുന്ന ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദി. പലവാനിലെ തീരദേശ നഗരമായ പ്യൂർട്ടോ പ്രിൻസസയിലാണ് ഈ നദി ഒഴുകുന്നത്. നദിയെ വിളിക്കുന്നതും പ്യൂർട്ടോ പ്രിൻസസ സബ് ടെറാനിയൻ റിവർ എന്നാണ്.
ഭൂമിയുടെ ഉപരിതലത്തിലൂടെയല്ലാതെ, പാറക്കെട്ടുകൾക്കടിയിലൂടെയോ ഗുഹകൾക്കകത്തുകൂടിയോ മണ്ണിന്റെ പാളിക്കടിയിലൂടെയോ ഒക്കെ ഒഴുകുന്ന നദികളെയാണ് ‘സബ് ടെറേനിയൻ അഥവാ അണ്ടർഗ്രൗണ്ട് റിവർ’ എന്നു വിശേഷിപ്പിക്കുന്നത്. ഉപരിതലത്തിനടിയിലൂടെ ജലം ഒഴുകുന്നു എന്നതാണ് ഇവയുടെ വിശേഷത. പലവാനിലെ ഭൗമാന്തര നദി ജലാശയത്തിൽ തുടങ്ങി ഗുഹകൾക്കകത്തുകൂടി ഒഴുകി കടലില്‍ ചേരും. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യവും വേലിയേറ്റ വേലിയിറക്കങ്ങളുടെ സ്വാധീനവുമാണ് ഇതിനെ ലോകാദ്ഭുതങ്ങളിലൊന്നാക്കി മാറ്റുന്നത്.
പ്യൂർട്ടോ പ്രിൻസസയിൽ എത്തുന്ന സഞ്ചാരികൾക്ക് അണ്ടർഗ്രൗണ്ട് റിവറിലൂടെ ബോട്ട് സഞ്ചാരത്തിനുള്ള അവസരമൊരുക്കിയിട്ടുണ്ട്. വിശാലമായ ജലാശയത്തിൽ നദി പാറക്കെട്ടിനടിയിലേക്ക് ഒഴുകുന്ന ഗുഹാമുഖത്തിനു മുൻപിൽ നിന്നാണ് ബോട്ട് തുഴഞ്ഞ് നീങ്ങുന്നത്. ഇരുട്ട് നിറഞ്ഞ ഗുഹയ്ക്കകത്ത് വഴികാട്ടിയുടെ ടോർച്ചിൽ നിന്നുള്ള .പ്രകാശത്തിൽ കാഴ്ചകൾ കാണാം. കാൽസ്യവും മറ്റു ധാതുക്കളും ചേർന്ന് രൂപപ്പെടുത്തിയ ചുണ്ണാമ്പുകൽ രൂപങ്ങളും പാറക്കെട്ടുകളുമാണ് ഗുഹയുടെ ഉള്ളിലെ കാഴ്ചകൾ. അണ്ടർഗ്രൗണ്ട് റിവറിന്റെയും ഗുഹയുടെയും സവിശേഷതകളും പ്രാധാന്യവും പരിഗണിച്ച് ഫിലിപ്പീൻസ് ഏറെ ശ്രദ്ധയോടെ സംരക്ഷിക്കുന്ന പ്രദേശമാണ് പ്യൂർട്ടോ പ്രൻസസ സബ്ടെറേനിയൻ റിവർ നാഷനൽ പാർക്ക്. ഇത് യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലംകൂടിയാണ്.
ഇന്ത്യൻ സഞ്ചാരികൾക്ക് ഫിലിപ്പീൻസിലേക്ക് സഞ്ചരിക്കാൻ മുൻകൂട്ടി വീസ നേടേണ്ടതുണ്ട്. ഓൺലൈനായി വീസ അപേക്ഷിച്ച് ഇലക്ട്രോണിക് വീസ നേടാനുള്ള സൗകര്യവുമുണ്ട്. എന്നാൽ വീസ ഓൺ അറൈവൽ കാലാനുസൃതമായ മാറ്റം വരാം.