Monday 28 June 2021 04:18 PM IST : By Arun Kalappila

‘കാട്ടുവാസികളിൽ’ നിന്നു തലനാരിഴയ്ക്കു രക്ഷപെട്ടു: ആണും പെണ്ണും നഗ്നരായിരുന്നു

1 - jarawa neww

പോർട്ട് ബ്ലെയറിൽ പകൽയാത്ര അവസാനിക്കുന്നതിനു മുൻപു തന്നെ ടൂർ മാനേജർ അദ്ദേഹത്തിന്റെ നോട്ടുബുക്ക് തുറന്നു. പിറ്റേന്നത്തെ യാത്രയുടെ റൂട്ട് വിവരിക്കാനായി എല്ലാവരേയും ചുറ്റുമിരുത്തി. ‘‘നാളെ ബാരട്ടാങ് ദ്വീപിലേക്കാണു പോകുന്നത്. പുലർച്ചെ രണ്ടരയ്ക്ക് പുറപ്പെടണം.’’ അർധരാത്രിയെന്നു പറയുന്നതാണ് അൽപംകൂടി നല്ലതെന്ന് കൂട്ടത്തിലൊരാൾ കമന്റ് ചെയ്തപ്പോൾ ‘‘നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളാണ് കാണാൻ പോകുന്നത്’’ അദ്ദേഹം മറുപടി പറഞ്ഞു. അതിനു ശേഷം കുറച്ചു ചിത്രങ്ങൾ കാണിച്ചു.

‘‘ബാരട്ടാങ് ദ്വീപിലേക്ക് ഇവിടെ നിന്നു തൊണ്ണൂറ് കി.മീ. ജർവ ആദിവാസി ഗോത്രം താമസിക്കുന്ന പ്രദേശം കടന്നാണ് ബാരട്ടാങ്ങിലേക്കുള്ള യാത്ര. ടൂറിസ്റ്റ് വാഹനങ്ങൾക്കു പ്രവേശനം കോൺവോ രീതിയിലാണ്. സുരക്ഷിതമായ യാത്രയൊരുക്കാൻ സായുധ പോലീസ് അകമ്പടിയുണ്ടാകും. രാവിലെ ആറിനാണ് ആദ്യ കോൺവോ വാഹനം പുറപ്പെടുക. ഒൻപത്, 12.30, 3.00 എന്നിങ്ങനെ നാലു ട്രിപ്പുകളുണ്ട്. ആദ്യവാഹനത്തിൽ കയറിയാൽ ഇരുട്ടുന്നതിനു മുൻപ് മടങ്ങാം.’’ കാര്യം വിശദീകരിക്കുന്നതിൽ സോജിമോൻ സോവിയറ്റ് എന്ന ടൂർ മാനേജർ തന്റെ കഴിവു പ്രകടിപ്പിച്ചു. പൊതുസമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ കാടിന്റെ ഉൾഭാഗത്തു താമസിക്കുന്ന ഗോത്രമാണു ജർവ. അവരുടെ തട്ടകത്തേക്കു പോകാൻ ഒന്നല്ല ഒൻപതു രാത്രി ഉറക്കമൊഴിയാൻ ഞങ്ങൾ തയാർ.

3 - jarawa

കാണാൻ പോകുന്ന പൂരത്തെ കുറച്ച് കുറച്ചെങ്കിലും മനസ്സിലാക്കി വയ്ക്കാമെന്നു കരുതി ഗൂഗിളിൽ തിരഞ്ഞു. ആൻഡമാനിലെ ദ്വീപുകളിൽ ആകർഷണീയമായ തുരുത്താണ് ബാരട്ടൺ. ഗ്രാമം എന്നു വിശേഷിപ്പിക്കാം. തലസ്ഥാനമായ പോർട്ബ്ലയറിൽ നിന്നു നൂറ്റൻപതു കി.മീ. ബംഗാൾ ഉൾക്കടലിനു നടുവിൽ നങ്കുരമിട്ട മൺകപ്പൽപോലെ കിടക്കുന്നു. ഇരുപത്തെട്ടു കിലോമീറ്റർ നീളം, 14 കിലോമീറ്റർ വീതി. ഒരു ബൈക്കിൽ കറങ്ങിയാൽ ഒരു മണിക്കൂറിനുള്ളിൽ ദ്വീപു മുഴുവൻ‌ കണ്ടു മടങ്ങാം. ബ്രിട്ടിഷുകാരാണ് ബാരട്ടൺ ദ്വീപിൽ മനുഷ്യവാസം ഒരുക്കിയത്. റാഞ്ചിയിൽ നിന്നു തൊളിലാളികളെ ഇവിടെ കൊണ്ടുവന്നു പാർപ്പിക്കുകയായിരുന്നത്രേ. ദ്വീപിൽ പന്ത്രണ്ടു ഗ്രാമങ്ങളിലായി വീടുകെട്ടിയ തൊഴിലാളികൾ കൃഷിയാരംഭിച്ചു. കണ്ടൽച്ചെടികൾ സമൃദ്ധമായി വളരുന്ന തീരക്കടലും കരയിലെ ചുണ്ണാമ്പു ഗുഹയുമാണ് കാഴ്ചകൾ. ജങ്കാറാണ് ദ്വീപിലേക്കുള്ള ഗതാഗത മാർഗം. അഗ്നിപർവത സ്ഫോടനത്തിന്റെ ശേഷിപ്പു പോലെ ചുണ്ണാമ്പു പാളികൾ കടൽത്തീരത്തുണ്ട്.

ബാരട്ടാങ്ങിലെ കണ്ടൽവനം

ലോബിയിലെ ഘടികാരത്തിന്റെ സൂചി 2.30am എത്തിയപ്പോഴേക്കും യാത്രാസംഘം പുറപ്പെട്ടു. കുഴികളിൽ ഇറങ്ങിക്കയറിയ ബസ്സ് ദ്വീപിന്റെ തണുത്ത കാറ്റിനെ വകഞ്ഞുമാറ്റി മുന്നോട്ടു നീങ്ങി. ജേർക്കത്താങ് ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ സമയം 4.00. ഒന്നിനു പുറകെ മറ്റൊന്നായി വാഹനങ്ങളുടെ നിര. ജർവകളുടെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കാടിന്റെ അതിർത്തിയിലെ പരിശോധനാ കേന്ദ്രമാണ് ജേർക്കത്താങ്. ചെക്കിങ് പോയിന്റിനു സമീപത്ത് യാത്രികർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമുണ്ട്. റാന്തൽ വെളിച്ചത്തിൽ പ്രവർത്തിക്കുന്ന ചായക്കടകൾക്കു മുന്നിൽ ആളുകൾ ഒത്തുകൂടി.

ഇരുട്ടു വിട്ടുമാറുന്നതിനു മുൻപ്, രാവിലെ ആറിന് വാഹനം കാട്ടിലേക്ക് പ്രവേശിച്ചു. ജർവ ഗോത്രവാസികളെ കാണുമെന്ന പ്രതീക്ഷയോടെ വിൻഡോ ഗ്ലാസിനു പുറത്തേക്കു നീട്ടിയ ക്യാമറയുമായി ഇരിക്കുകയാണ് എല്ലാവരും. ഒന്നുരണ്ടു കി.മീ കടന്നപ്പോൾ കാടിനു നടുവിൽ കുടിലുകൾ കണ്ടു. ഈറ്റകൊണ്ടു മറച്ച ഭിത്തിയും മേൽക്കൂരയുമുള്ള കൂരകൾ. നാൽപത്തൊൻപതു കി.മീ. വനത്തിലൂടെ യാത്ര ചെയ്തിട്ടും ഗോത്രവാസികളെ കണ്ടില്ല.

മിഡിൽ സ്ട്രെയ്റ്റ് ബോട്ട് ജെട്ടിയുടെ സമീപത്തു ബസ് നിന്നു. ജങ്കാറുകൾ പുറപ്പെടാൻ തയാറായി നിന്നു. യാത്രാ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ജങ്കാറിൽ കയറ്റി. ഒരു പഞ്ചായത്ത് മൊത്തം വെള്ളത്തിൽ ഒഴുക്കിയ പോലെ ജങ്കാർ ഒഴുകി നീങ്ങി. ഉപ്പുവെള്ളം നിറഞ്ഞ കായലാണു ബാരട്ടാങ്. കണ്ടൽ വനങ്ങളാണ് ഈ യാത്രയിൽ ആസ്വദിക്കാനുള്ള കൗതുകദൃശ്യം.

സഞ്ചാരികളെ കാത്ത് മറുകരയിൽ മോട്ടോർബോട്ടുകൾ തയാറായി നിന്നു. സഹയാത്രികർ ഓരോ ബോട്ടുകളിലായി വഴിപിരിഞ്ഞു. ‘ഉപ്പുവെള്ളത്തിൽ മുതലയുണ്ട്, ജാഗ്രത’ തീരത്ത് വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

2 - jarawa

കായൽപ്പരപ്പിലൂടെ സ്പീഡ്ബോട്ടുകൾ ഇരമ്പി നീങ്ങുന്നു. ഞങ്ങൾ കയറിയ പച്ച നിറമുള്ള ബോട്ട് ലൈം േസ്റ്റാൺ കേവ് ലക്ഷ്യമാക്കി കണ്ടൽ വനങ്ങൾക്കിടയിലൂടെ കുതിച്ചു. കണ്ടലിനു നടുവിൽ ഒരിടത്ത് നടപ്പാതയുടെ അരികിൽ ബോട്ട് നിന്നു. ഞങ്ങൾ അവിടെ ഇറങ്ങി. ഒറ്റയടിപ്പാതയുടെ ഇരുവശത്തും മരങ്ങളാണ്. കൃഷിക്കാരുടെ ഗ്രാമം താണ്ടി ലൈം േസ്റ്റാൺ കേവിലെത്തി. ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ ഗുഹയുടെ ഇടുങ്ങിയ വാതിലിനു മുന്നിൽ ആളുകൾ ഒത്തുകൂടി. പ്രകൃതി ഒരുക്കിയ കൗതുകത്തെ പശ്ചാത്തലമാക്കി കുറേ ഫോട്ടോ എടുത്തതിനു ശേഷം മടക്കയാത്രയ്ക്ക് ബോട്ടിൽ കയറി. തെളിഞ്ഞ മാനം പെട്ടന്നു കറുത്തിരുണ്ട്. നിമിഷങ്ങൾക്കുള്ളിൽ മഴ പെയ്തു.

ആൻഡമാനിൽ കാലാവസ്ഥ ഇങ്ങനെയാണ്. വെയിലും മഴയും മാറാമാറി എഴുന്നള്ളും. കുതിച്ചു പായുന്ന ബോട്ടിൽ മഴ നനഞ്ഞിരുന്നു. കുട്ടികളെ ലൈഫ് ജാക്കറ്റിൽ ഒളിച്ചിരുത്തി മഴച്ചാർത്തിൽ നിന്നു രക്ഷിച്ചു. ജങ്കാർ നിർത്തിയിട്ട കടവിൽ എത്തിയപ്പോഴേയ്ക്കും മഴമാറി വെയിൽ പരന്നു. പൊലീസ് വാഹനങ്ങളും പൊലീസുകാരും അവിടെ എത്തിയിരുന്നു. മഴയ്ക്കു മുൻപ് ചെറിയ തോതിൽ ഭൂമികുലുക്കം ഉണ്ടായതിനെ തുടർന്ന് സുരക്ഷയൊരുക്കാൻ എത്തിയതാണ് അവർ. ആൻഡമാനിലെ ദ്വീപുകളിൽ ഭൂമികുലുക്കം പുതുമയല്ല. അതിന്റെ പ്രതിഫലനമായി ‘മഡ് വോൾക്കാനോ’ സ്ഫോടനം സംഭവിക്കുന്നു. 2005ൽ ശക്തമായ സ്ഫോടനവും ലാവാ പ്രവാഹവുമുണ്ടായ ദ്വീപാണ് ബരാട്ടങ്ങ്.

4 - jarawa

ജർവ ഗോത്രം

ജങ്കാറിൽ നിന്നിറങ്ങി ബസ്സിൽ കയറി. റാലി പോലെ ബസ്സുകളുടെ നിര. ജർവകളുടെ കാട്ടിലൂടെ മടക്കയാത്ര. ബോട്ട് ജെട്ടിയിൽ നിന്ന് ഒരു കി.മീ. പിന്നിട്ടപ്പോൾ റോഡരികിൽ കുറേ അമ്മമാർ, കുട്ടികൾ. ചുവന്നു നൂലുകൾ കൂട്ടിപ്പിണച്ചുണ്ടാക്കിയ തോരണംകൊണ്ടു നാണം മറച്ചവർ – ജർവ ഗോത്രക്കാർ. ജർവകൾ നഗ്നരായി ജീവിതം ശീലിച്ചവരാണ്. മീൻ, കിഴങ്ങ്, പഴം എന്നിവയാണ് അവരുടെ ഭക്ഷണം. പ്രകൃതിയുമായി ചേർന്നു ജീവിക്കുന്ന മനുഷ്യരിൽ ചിലർ ബസ്സുകളിലേക്കു കൈനീട്ടി. അവരുടെ കുട്ടികൾ കൗതുകത്തോടെ ബസ്സിനു ചുറ്റും ഓടി. അക്കൂട്ടത്തിൽ പുരുഷൻ മീൻപിടിക്കാനുള്ള ആയുധവുമായി ബസ്സിനു മുന്നിൽ നിന്നു. അയാളുടെ പിന്നാലെ കുറേയാളുകൾ നിരന്നു. അമ്പും വില്ലും, കഠാര, കുന്തം എന്നിവ കയ്യിലേന്തിയ ആളുകൾ ദൈന്യതയോടെ ബസ്സിലിരിക്കുന്നവർക്കു നേരേ കൈനീട്ടി. ഗോത്രവാസികൾക്ക് സമ്മാനങ്ങൾ നൽകരുതെന്ന് ബസ്സിൽ കയറുന്നതിനു മുൻപ് നിർദേശം ലഭിച്ചിരുന്നു. ‘‘അവർക്ക് ആധുനിക ജീവിതം പരിചിതമല്ല. വിഷം പുരട്ടിയ അമ്പുമായാണ് അവർ പുറത്തിറങ്ങാറുള്ളത് ’’ – ഞങ്ങളുടെ വഴികാട്ടി നൽകിയ ഉപദേശം ഓർത്തു.