Wednesday 21 July 2021 03:59 PM IST : By T.M. Haris

ഏഷ്യയെയും യൂറോപ്പിനെയും വാണിജ്യബന്ധങ്ങളിലൂടെ ഘടിപ്പിച്ച പട്ടുപാതയിൽ പഴങ്ങളുടെ നഗരത്തിൽ

uzbek

മുംബൈയിൽ നിന്ന് രാവിലെ 7.45 ന് പറന്നുയർന്ന ഉസ്ബെക് എയർലൈൻസിന്റെ വിമാനം, കാബൂളിനു മുകളിലൂടെ പറന്ന്, മൂന്നര മണിക്കൂർ കൊണ്ട് താഷ്കന്റ് വിമാനത്താവളത്തിൽ ഇറങ്ങി. മധ്യേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ രണ്ടു നഗരങ്ങളിലേക്കായിരുന്നു യാത്ര. ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം നടന്ന താഷ്കന്റിലേക്കും, സ്വീറ്റ് ഫ്രൂട്ട് സിറ്റിയെന്നും സമ്പത്തിന്റെ കലവറയെന്നും പേരുകേട്ട തിമൂറിന്റെ രാജധാനിയായിരുന്ന സമർഖണ്ഡിലേക്കും. ഇന്ത്യയേയും ഇന്ത്യക്കാരെയും ഇന്നും അത്രമേൽ സ്നേഹിക്കുന്ന നാടാണ് ഉസ്ബെക്കിസ്ഥാൻ. പൊതുവെ സൗഹൃദ ചിത്തരാണ് ഉസ്ബെക്കുകൾ, പ്രത്യേകിച്ച് ഇന്ത്യക്കാരോട്. ഇവിടെത്തുന്ന വിദേശ സഞ്ചാരികളിൽ വലിയൊരു പങ്കും ഇന്ത്യക്കാരാണെന്നതും ഇതിന് ഒരു കാരണമാവാം.

ചിംഗൻ പർവതത്തിന്റെ ഉയരത്തിലേക്ക്...

ഉസ്ബെക്കിസ്ഥാനിൽ 88 ശതമാനം ആളുകളും ഇസ്‌ലാം മതക്കാരാണ്. റഷ്യൻ - യൂറോപ്യൻ സംസ്ക്കാരമാണ് ഉസ്ബെക്കുകൾ പിന്തുടരുന്നത്. പഴയ തലമുറയിലെ വളരെക്കുറച്ചു പേരൊഴികെ മഹാഭൂരിപക്ഷം സ്ത്രീകളും ശിരോവസ്ത്രമണിയുന്നില്ല. യുവത ആധുനിക വേഷവിധാനങ്ങളിൽ ആകൃഷ്ടരാണ്. കേബിൾ കാറിൽ ചിംഗൻ പർവതത്തിന് മുകളിലേക്കായിരുന്നു ആദ്യയാത്ര. ആഹ്ളാദകരമെങ്കിലും ഒരിത്തിരി പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു അത്. താഷ്കന്റിൽ നിന്ന് ഏതാണ്ട് 85 കിലോമീറ്റർ പിന്നിടുമ്പോൾ ചിർച്ചിഖ് എന്ന പട്ടണത്തിനടുത്താണ്, ടിയാൻ ഷാൻ (Tian Shan) പർവത ശ്രേണിയിലുള്ള ഈ വിശ്രമ വിനോദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. താഷ്കന്റ് മുതൽ ഈ പർവത താഴ്‌വാരം വരെയുള്ള യാത്ര കാഴ്ചകളാൽ സമ്പന്നമാണ്. മേഞ്ഞു നടക്കുന്ന ചെമ്മരിയാടിൻ പറ്റങ്ങളെയും കൃഷി ഫാമുകൾ നിറഞ്ഞ, ചെറു കുന്നുകൾ അതിരിടുന്ന ഗ്രാമങ്ങളെയും പിന്നിട്ടാണ് കേബിൾ കാർ സ്‌റ്റേഷനിലെത്തുന്നത്. വളരെ പഴക്കമേറിയതും തുറന്നതും സുരക്ഷിതമെന്നു തോന്നാത്തതുമായ ഒരു വിന്റേജ് കേബിൾ കാർ സംവിധാനം. മലമുകളിലേക്ക് 10 മിനിറ്റ് യാത്രയുണ്ട്.

uzbek3

ചിംഗൻ താഴ് വരയിൽ നിന്നും 10 km കൂടി പോയാൽ ചർവാക തടാക തീരത്തെത്താം. ഒരു ഡാമിന്റെ കാച്ച്മെന്റ് പ്രദേശമാണ് തടാകമായി രൂപപ്പെട്ടിരിക്കുന്നത്. സഞ്ചാരികൾക്ക് ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ബുള്ളറ്റ് ട്രെയിൻ യാത്ര

താഷ്കന്റിൽ നിന്ന് ഒരു ബുള്ളറ്റ് ട്രെയിനിലാണ് സമർഖണ്ഡിലെത്തിയത്. അഫ്റോസിയോബ് എന്ന പേരിൽ ആഴ്ചയിൽ 7 ദിവസവും സർവീസ് നടത്തുന്ന ഈ സ്പാനിഷ് നിർമിത ഹൈസ്പീഡ് ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 200 കിലോമീറ്റർ ആണ്. വിമാനത്തിനു സമാനമായ സൗകര്യങ്ങൾ തീവണ്ടിയിലുണ്ട്. 340 കിലോമീറ്റർ പിന്നിടാൻ രണ്ടു മണിക്കൂർ മതി. വണ്ടിയുടെ വേഗം, ഉള്ളിലെ താപനില എന്നിവ ഓരോ ബോഗിയിലും ഡിസ്പ്ലേ ചെയ്തു കൊണ്ടിരിക്കും. കാപ്പിയും സ്നാക്സും സൗജന്യമാണ്. പണം കൊടുത്തു വാങ്ങാൻ മറ്റു വിഭവങ്ങളും ലഭ്യമാണ്. ഏറെ പ്രകീർത്തിക്കേണ്ടത് തീവണ്ടിയുടെ കൃത്യനിഷ്ഠയാണ്. വൈകിയാൽ യാത്രികർക്കു റെയിൽവേ നഷ്ടപരിഹാരം നൽകും. രണ്ടു മണിക്കൂറിൽ അധികം വൈകിയാൽ മുഴുവൻ ടിക്കറ്റ്‌ ചാർജും മടക്കി നൽകും. ഒരുമണിക്കൂർ വൈകിയാൽ 75%, അരമണിക്കൂർ വൈകിയാൽ 25% എന്നിങ്ങനെയാണ് നഷ്ടപരിഹാരത്തോത്. ഉസ്ബെക്കിസ്ഥാന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സെറാഫ്ഷാൻ നദീ താഴ്‌വരയിലാണ് 2500ലേറെ വർഷം പഴക്കമുള്ള സമർഖണ്ഡിന്റെ സ്ഥാനം. ഒട്ടേറെ മാനവ സംസ്കാരങ്ങളുടെ സംഗമഭൂമിയായിരുന്നു അവിടം. ചൈനയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന സിൽക്ക് റൂട്ടിലെ പ്രധാന കച്ചവടകേന്ദ്രം. പ്രകൃതിസമ്പത്താൽ അനുഗൃഹീതമായ പ്രദേശം. ഇറാനിയൻ വംശപാരമ്പര്യമുള്ള സോഗ്ദിയൻ വിഭാഗക്കാരാണ് അവിടെ ജീവിച്ചു പോന്നിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ഏതാണ്ട് ആദ്യ പകുതി വരെ ഭരണം നടത്തിയ തിമൂറിന്റെ പേരക്കിടാവായിരുന്ന യുളുഗ്ബഗ് സമർഖണ്ഡിനെ ഒരു ശാസ്ത്ര കേന്ദ്രമാക്കി മാറ്റി.1424-29 കാലത്ത് അദ്ദേഹം അവിടെ ഒരു നക്ഷത്ര നീരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. പിൽകാലത്ത് ഈ നിരീക്ഷണ കേന്ദ്രം നശിപ്പിക്കപ്പെട്ടു.1908 ൽ ഇത് വീണ്ടും പുനർനിർമിച്ചു. രാജസ്ഥാനിലെ ജന്തർ മന്തറിന്റെ മാതൃക പിന്തുടർന്നാണ് യുളുഗ്ബഗ് ഒബ്സർവേറ്ററി നിർമിച്ചതെന്നു കരുതുന്നു.

uzbek5

പട്ടുപരവതാനി നെയ്യുന്ന നാട്

പട്ടു പരവതാനികൾ നെയ്തെടുക്കുന്ന ലോകപ്രശസ്തമായ ഒരിടമാണ് സമർഖണ്ഡ്. ഇവിടെ നെയ്തെടുക്കുന്ന വില കൂടിയ പരവതാനികൾ ഏറെയും തുർക്കിയിലേക്കാണ് കയറ്റി അയയ്ക്കുന്നത്. ഭക്ഷ്യവിഭവങ്ങളുടെ രുചിപ്പെരുമയിലും ഉസ്ബെക്കിസ്ഥാൻ മുന്നിലാണ്. ഉസ്ബെക്കുകാരുടെ വിഭവങ്ങളിൽ ബ്രഡും ന്യൂഡ്ൽസും ആട്ടിറച്ചിയും ഒഴിച്ചുകൂടാനാവാത്തവയാണ്. അരിയും ആട്ടിറച്ചി കഷ്ണങ്ങളും കാരറ്റും സവാളയും ഡ്രൈ ഫ്രൂട്ട്സും ചേർത്തുണ്ടാക്കുന്ന 'പിലാഫ് ' അതിഥികൾക്കായ് ഒരുക്കുന്ന ഒരു പ്രധാന വിഭവമാണ്. സമ്പന്നമായ സ്ഥലം എന്നും മധുര ഫലങ്ങളുടെ നഗരമെന്നുമെല്ലാം അർഥമുള്ള സമർഖണ്ഡ് ഉസ്ബെക്കിസ്ഥാനിലെ രണ്ടാമത്തെ പ്രമുഖ നഗരമാണ്. ഇവിടത്തെ സാമൂഹിക ജീവിതത്തിന്റെ ചലനങ്ങൾ കാണാൻ റഗിസ്ഥാനിൽ അൽപ നേരം ചെലവഴിച്ചാൽ മതിയാകും. തിമൂർ സാമ്രാജ്യ ഭരണത്തിൽ സ്ഥാപിക്കപ്പെട്ട മൂന്ന് മദ്രസകളും ഒരു പള്ളിയും മുസോളിയവും ഉൾപ്പെട്ടതാണ് റഗിസ്ഥാൻ പ്രദേശം. സോവിയറ്റ് ഭരണകാലത്ത് ഇവയെല്ലാം മ്യൂസിയങ്ങളാക്കി മാറ്റിയത്രേ. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷവും അവയെല്ലാം അതേ നിലയിൽ തുടരുന്നു. ഷാ-ഇ-സിൻഡ സമർഖണ്ഡിലെ ഒരു സുപ്രധാന ദേവാലയ സമുച്ചയമാണ്. ഏഴാം നൂറ്റാണ്ടിൽ സമർഖണ്ഡിലേക്ക് ഇസ്‌ലാം വ്യാപിപ്പിച്ച, പ്രവാചകന്റെ മച്ചുനനായിരുന്ന ക്വാസിം ഇബ്നു അബ്ബാസിന്റെ ശവക്കല്ലറ ഇവിടെയാണ്. തിമൂറിന്റെ കുടുംബാംഗങ്ങളുടെ ശവകുടീരങ്ങളും ഉള്ള ഈ സമുച്ചയത്തിന്റെ ചുമരുകളിലും മേൽക്കൂരകളിലും 14, 15 നൂറ്റാണ്ടുകളിലെ അപൂർവമായ ശിൽപചാരുത ദർശിക്കാം. തിമൂർ ചക്രവർത്തിയുടെയും മക്കളുടെയും പേരക്കിടാങ്ങളുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഗുർ ഇ അമീർ. തിമൂറിന്റെ ഇഷ്ട പ്രിയതമയുടെ പേരിൽ അറിയപ്പെടുന്ന, ഉസ്ബെക്കിസ്ഥാനിലെ പ്രസിദ്ധമായ ചരിത്ര സ്മാരകമാണ് ബീബി ഖാനൂം ദേവാലയം. ഇന്ത്യയിൽ നിന്നും ഇറാനിൽ നിന്നുമുള്ള ശിൽപികളെ വരുത്തിയാണ് ഇത് നിർമിച്ചതെന്ന് കരുതപ്പെടുന്നു.1399 നും 1404 നും ഇടയിൽനിർമിച്ച ബീബി ഖാനും പള്ളി 1991 ൽ യുനെസ്കോ പൈതൃക സ്ഥാനമായി തിരഞ്ഞെടുത്തു.

uzbek2

സമർഖണ്ഡിലെ വിശാലമായ ഡ്രൈ ഫ്രൂട്ട് മാർക്കറ്റ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. വാൾനട്ട്, ആപ്രിക്കോട്ട്, ബദാം, കിസ്മിസ്, വിവിധയിനം സീഡുകൾ തുടങ്ങി ഒട്ടേറെ ഉണക്കിയ പഴങ്ങളുടെയും വിത്തുകളുടെയും കലവറയാണ് ആ മാർക്കറ്റ്. മിത്തുകളുടെ പക്ഷി ഉസ്ബെക്കിസ്ഥാന്റെ ദേശീയ പക്ഷിയാണ് ഹ്യൂമ [Huma Bird].പേർഷ്യൻ മിത്തുകളിൽ ജീവിക്കുന്ന ഈ പക്ഷി ഭൂമിയിലേക്കിറങ്ങി വരാതെ ഉയർന്നുയർന്നു പറക്കുന്നുവെന്നാണ് സങ്കൽപം. താഷ്കന്റിലെ മെമ്മോറിയൽ സ്ക്വയറിൽ ഈ പക്ഷിയുടെ പറക്കുന്ന രൂപം ആലേഖനം ചെയ്തുവച്ചത് കാണാം. ഉസ്ബെക്ക് പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള സ്വാതന്ത്ര്യ ചത്വരത്തിൽ ഒരു ഗാലറിയുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഉസ്ബെക് ജനതയുടെ പേരുകൾ രേഖപ്പെടുത്തിയ ഒട്ടേറെ ഓർമപ്പുസ്തകങ്ങൾ ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

uzbek4

ലോകമഹായുദ്ധത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലി കഴിച്ച ഒരു ലക്ഷത്തോളം ഉസ്ബെക് വംശജരുടെ വേർപാടിൽ വേദനിക്കുന്ന അമ്മമാരുടെ പ്രതീകമായി 'വിലപിക്കുന്ന മാതാവി'ന്റെ ഒരു പ്രതിമയും സ്വാതന്ത്ര്യ ചത്വരത്തിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രതിമയ്ക്ക് മുന്നിലെ കെടാത്ത തീജ്വാലകൾ ആ ജനതയുടെ സ്മൃതികളിൽ അവരിന്നും ജീവിക്കുന്നുവെന്ന് നമ്മെ ഓർമപ്പെടുത്തുന്നു..

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Travel Stories