Thursday 25 November 2021 04:49 PM IST : By സ്വന്തം ലേഖകൻ

‘ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ ഫ്ലൂയിഡ് പൊട്ടിയൊഴുകി’: അമ്മയെ സുന്ദരിയാക്കിയ കൺമണി: പിറന്നാൾ കുറിപ്പ്

ancy-v

കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഹൃദയംതൊടും കുറിപ്പ് പങ്കുവയ്ക്കുകയാണ് അൻസി വിഷ്ണു. ലോകം കീഴടക്കിയെന്നു തോന്നിയ സന്തോഷ വാര്‍ത്തയിൽ നിന്നും ജീവിതത്തിലേക്ക് കൺമണി എത്തിയതു വരെയുള്ള നിമിഷങ്ങളാണ് അൻസി വികാരനിർഭരമായി പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രെഗ്നനൻസി കിറ്റിൽ രണ്ട് വരകൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിരുന്നു...

ഒരു കുഞ്ഞിന് വേണ്ടി എത്ര കൊതിച്ചെന്നോ.

ഒടുവിൽ പ്രെഗ്നൻസി കിറ്റ് വാങ്ങി നോക്കാം എന്ന് തീരുമാനിച്ചിരുന്ന ദിവസമാണ് അമ്മയൊന്ന് വീണ് കയ്യൊടിഞ്ഞത്, വിഷ്ണു ഏട്ടൻ സ്ഥലത്തില്ലാതിരുന്നത് കൊണ്ട് ചേർത്തലയിൽ നിന്ന് വിഷ്ണു ഏട്ടന്റെ വീട്ടിൽ നിന്ന് വിഷ്ണു ഏട്ടന്റെ ഒരു കൂട്ടുകാരനാണ് എന്നെ എന്റെ അമ്മയുടെ അടുത്ത്‌ എത്തിച്ചത്.

ഏകദേശം 85 കിലോമീറ്റർ യാത്ര ചെയ്ത് വീട്ടിൽ എത്തി, അമ്മക്ക് വയ്യാത്തോണ്ട് സകല ജോലികളും ഞാൻ ചെയ്തു, രണ്ടു കയ്യിലും വെള്ളം നിറച്ച ബക്കറ്റുകൾ എടുത്ത് വലിയൊരു കയറ്റം കയറി വീട്ടിൽ എത്തിച്ചു.

പിറ്റേന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ഓട്ടോയിൽ അമ്മയെയും കൊണ്ട് പോയി, ഗട്ടറുകളിൽ ചാടിയും കുടുങ്ങിയും ഉള്ള യാത്രയിൽ വയറിനു വേദനയുണ്ടായിരുന്നു. ഈ പ്രാവശ്യവും കാത്തിരിപ്പ് വെറുതെയാകും എന്ന് വിചാരിച് കണ്ണ് നിറച്ചു.

പിറ്റേന്ന് പ്രെഗ്നൻസി കിറ്റിൽ രണ്ട് വരകൾ തെളിഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്,

ഗർഭ കാലതൊക്കെയും വയറുവേദന ഉണ്ടായിരുന്നു, placenta lower lyeing ആയിരുന്നത് കൊണ്ട് വിശ്രമം പറഞ്ഞു, Maternal Diabetic ഉണ്ടായിരുന്നു. Amniotic fluid ഇടക്ക് കൂടുകയും കുറയുകയും ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഓരോ check up നും ഓരോരോ complications ഡോക്ടർ പറഞ് കൊണ്ടേയിരുന്നു, കോതമംഗലം സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ഡോക്ടർ നായിക് ആയിരുന്നു എന്റെ ഡോക്ടർ, വളെരെയധികം സ്നേഹവും കരുതലുമുള്ള ഡോക്ടർ.

Fluid വേരിയേഷൻ വരുമ്പോഴേക്കെയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.

"ഫ്ലൂയിഡ് കൂടുതലാണ് ഹൈ റിസ്ക് ഉണ്ട്, ഫ്ലൂയിഡ് പൊട്ടിയാൽ ഉടൻ ഹോസ്പിറ്റലിലേക്ക് എത്തുക " എന്ന ഡോക്ടറിന്റെ വാക്കുകൾ എപ്പോഴും ചെവികളിൽ മുഴങ്ങി..

ഒൻപതാം മാസം തുടങ്ങി, ഏകദേശം ഒരാഴ്ച കഴിഞ്ഞ ദിവസം, രാത്രി ഏകദേശം രണ്ടു മണിക്ക് ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ ഫ്ലൂയിഡ് പൊട്ടി ഒഴുകാൻ തുടങ്ങി, തൊട്ടപ്പുറത്തെ മുറിയിൽ ഉറങ്ങുന്ന അമ്മയെ വിളിച്ച് കാര്യം പറഞ്ഞു, കാർ വിളിച്ചിട്ട് കിട്ടുന്നേയില്ല, പേടി കൊണ്ട് എന്റെ ദേഹം മുഴുവൻ വിറക്കുന്നുണ്ടായിരുന്നു. കുറെ പേരെ വിളിച്ചിട്ടും വണ്ടി കിട്ടിയില്ല, പിന്നെ എങ്ങനെയോ ധൈര്യം വീണ്ടെടുത്തു, തൊട്ട് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ കാറിലാണ് ആശുപത്രിയിലേക്ക് എത്തിയത്, ആശുപത്രി എത്തിയപോഴേക്കും ഞാൻ വല്ലാതെ ക്ഷീണിച്ചിരുന്നു,

വിഷ്ണു ഏട്ടൻ പെട്ടന്ന് തന്നെ ആശുപത്രിയിലേക്ക് എത്തിയിരുന്നു.

കുഴപ്പമില്ല, നമുക്ക് നോക്കാം പ്രസവം നടക്കുമോ എന്ന് ഡോക്ടർ പറഞ്ഞു പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ് എനിക്ക് വേദന വന്നത്.

Fluid പൊട്ടിച്ചു, ട്യൂബ് ഇട്ടു, ഇതിനെല്ലാം ഇടക്ക് എനിക്ക് സിസേറിയൻ മതിയെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു കൊണ്ടിരുന്നു, വിഷ്ണു ഏട്ടനും അവളെ അധികം ബുന്ധിമുട്ടിക്കേണ്ടന്ന് നമുക്ക് സിസേറിയൻ നോക്കാന്ന് ഡോക്ടറോട് പറഞ്ഞു.

വേദന വന്ന് കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. സിസേറിയനായി തീയറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ വിഷ്ണു ഏട്ടനെ ഒന്ന് നോക്കി ഞാൻ,,,,,വിഷ്ണു ഏട്ടന്റെ മുഖത്ത് വല്ലാത്ത പരിഭ്രാന്തിയും പേടിയും ഉണ്ടായിരുന്നു.

ഓപ്പറേഷൻ തീയറ്ററിൽ എത്തി, അനസ്തേഷ്യ എടുത്തു. പിന്നെ ഏകദേശം പത്തു മിനിറ്റിൽ കാര്യങ്ങൾ എല്ലാം കഴിഞ്ഞു. ആൺകുഞ്ഞ് ആണ് കേട്ടോ എന്ന് പറഞ് ഒരു നേഴ്സ് കുഞ്ഞിനെ എന്റെ ചുണ്ടോട് ചേർത്തു, അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത് കഴിഞ്ഞ്, ഡോക്ടറും നഴ്സും കുഞ്ഞിനേയും കൊണ്ട് NICU വിലേക്ക് കൊണ്ടു പോയി. ഞാൻ അവനെയൊന്ന് കൊതിതീരെ കണ്ടില്ല, മുലപാൽ കുടിപ്പിക്കാൻ വേണ്ടി കൊണ്ടുവരുമ്പോഴൊക്കെ കുഞ്ഞ് നിർത്താതെ കരഞ്ഞ് കൊണ്ടിരുന്നു, പാൽ ആവശ്യത്തിന് ഉണ്ടായിരുന്നില്ല എനിക്ക്, എന്നെ റൂമിലേക്ക് മാറ്റിയിട്ടും കുഞ് NICU വിൽ തന്നെയായിരുന്നു, കുഞ്ഞിനെ കാണാൻ ഞാനും വിഷ്ണു ഏട്ടനും NICU വിൽ നിന്നുള്ള വിളി കാത്തിരുന്നു, NICU ന്റെ വാതിൽക്കൽ കുഞ്ഞിനെ കാണാൻ കൊതിച്ച് കാത്ത് നിന്നു. പിന്നെയും എത്ര ദിവസങ്ങൾ കഴിഞ്ഞാണ് അവനെ ഞങ്ങളൊന്ന് കൊതിതീരെ കണ്ടത്,

വീട്ടിൽ എത്തിയതിനു ശേഷം ഒറ്റ രാത്രിയിലും കുഞ്ഞ് ഉറങ്ങിയില്ല, രാത്രി മുഴുവൻ കരച്ചിലും പകൽ ഉറക്കവുമായി അവൻ അമ്മയെ അവശയാക്കി കളഞ്ഞു,സിസേറിയന്റെ വേദനയും ഉറക്കമില്ലായ്മയും പ്രസവാനന്തര വിഷാദവും കൊണ്ട് ഞാൻ ആകെ തകർന്നു,

വിഷ്ണു ഏട്ടൻ എന്നെ കൂടുതൽ കരുതി ചേർത്ത് നിർത്തി, സ്നേഹിച്ചു.പതുക്കെ ഞാൻ എന്റെ സങ്കടങ്ങളെ അതിജീവിച്ചു. ചിരിച്ചു

കുഞ്ഞിനോടൊപ്പം ഞാനും വളർന്നു. അവൻ ചിരിച്ചു, മുട്ടുകുത്തി, അച്ഛാ എന്ന് ആദ്യം വിളിച്ചു, അമ്മയെന്ന് വിളിച്ചു, പിടിച്ചു നിന്നു , ഇപ്പോൾ നടക്കാൻ തുടങ്ങുന്നു, ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കുന്നു.

അമ്മക്ക് ചിരികൾ കൊണ്ട് തന്നവൻ, അമ്മക്ക് തീരുമാനങ്ങളും അഭിപ്രായങ്ങളും പറയാൻ ധൈര്യം തന്നവൻ, അടിവയറ്റിൽ മനോഹരമായ മാതൃത്വത്തിന്റെ പാടുകൾ തന്നവൻ, അമ്മയെ മുൻപത്തെക്കാൾ സുന്ദരിയാക്കിയ അമ്മേടെ തനുന് പിറന്നാൾ ഉമ്മകൾ...

അച്ഛനില്ലാതെ വളർന്ന എനിക്ക് ഒരു കുഞ്ഞ് ഉണ്ടായിരിക്കുന്നു, അവന് സ്‌നേഹത്തിന്റെ അമൃത് ആവോളം നൽകാൻ അച്ഛനുണ്ട്, അച്ഛചാനും അച്ഛമ്മയും ഉണ്ട്,

സ്നേഹിക്കപ്പെടാൻ ഭാഗ്യമുള്ളവനായി നീ വളരൂ കുഞ്ഞേ....

അച്ഛന് കൂട്ടുകാരനായും, ലോകത്തിന് നന്മ നൽകുന്നവനായും നീ വളരൂ കുഞ്ഞേ....

അമ്മയേക്കാൾ കൂടുതൽ നീ അച്ഛനെ തന്നെ സ്നേഹിക്കൂ, അമ്മ അത് കണ്ട് ചിരിക്കാം.