Tuesday 07 August 2018 11:55 AM IST : By സ്വന്തം ലേഖകൻ

മകനെ.. നിന്നെ പാലൂട്ടി പോറ്റമ്മയായ ആ നിമിഷത്തെ കുറിച്ചോർക്കുമ്പോൾ ഇന്നും കണ്ണുകൾ ഈറനണിയുന്നു

arathi-fbtr
ആരതി റോബിനും മകൻ റയാനും. (കുറിപ്പിൽ പരാമർശിക്കുന്നത് മറ്റൊരു കുഞ്ഞിനെ കുറിച്ചാണ്‌)

ഓഗസ്റ്റ് ഒന്ന് മുതൽ ലോക മുലയൂട്ടൽ വാരാചരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട്  ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ആരതി റോബിൻ എന്ന വീട്ടമ്മ. മുലപ്പാൽ കിട്ടാതെ വിശന്നു കരയുന്ന അന്യന്റെ കുഞ്ഞിനെ സ്വന്തം നെഞ്ചോടു ചേർത്തി മുലയൂട്ടിയ അനുഭവമാണ് ഈ കുറിപ്പിൽ. മാതൃത്വം എന്ന മനോഹര വികാരം പങ്കുവയ്ക്കുന്ന ഫെയ്സ്ബുക് പോസ്റ്റ് ഏറെ ശ്രദ്ധേയമാവുകയാണ്.  

ആരതി റോബിൻ എഴുതിയ കുറിപ്പ് വായിക്കാം;

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം ആണിത്... ഒരു അമ്മ എന്ന നിലയിൽ ഓർക്കുമ്പോഴും ഇത് കുറിക്കുമ്പോഴും നനവാർന്ന കണ്ണുകളോടെ മാത്രം ഓർത്തെടുക്കാനാവുന്ന ഓർമ്മയുടെ ഒരേട്... 2010 ൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു എന്റെ കടിഞ്ഞൂൽ പുത്രനെ ഞാൻ പ്രസവിച്ചത്. ഒരുപാട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടേയും ഇടയിൽ ഒന്നരമാസം നീണ്ടുനിന്ന ആശുപത്രി വാസത്തിനൊടുവിൽ ജീവനെ പോലും നൂൽപ്പാലത്തിൽ നിർത്തിയുള്ള ആ സമയം ഇന്നും ഓര്‍ക്കുമ്പോൾ ഒരു ദു:സ്വപ്നം പോലെയാണ്... ഒരു കുഞ്ഞി വെള്ള തുണിയിൽ പൊതിഞ്ഞ് മോനെ കൊണ്ടുവന്ന് സിസ്റ്റേഴ്സ് കാണിച്ചു തന്നപ്പോഴാണ് ഏതു മരണ വേദനയിലും പുഞ്ചിരിക്കാനാവും എന്ന് പഠിച്ചത്...

എനിക്കൊപ്പം ലേബർ റൂമിലേക്ക് കൊണ്ടുവന്നവരെല്ലാം തിരികെ പോയിട്ടും ഞാൻ മാത്രം ഫിക്സ് വന്നും പനിച്ചും... നാലു പാടും നിന്ന് കൈയ്യും കാലും തിരുമ്മുന്ന മാലാഖമാർ അവരുടെ സ്നേഹം കരുതൽ ഒന്നും മറക്കാൻ പറ്റില്ല.. എട്ടും പൊട്ടും തിരിയാത്ത എനിക്ക് മുലയൂട്ടലിന്റെ പാഠങ്ങൾ പകർന്നു തന്നത് അവരായിരുന്നു... ലേബർ റൂമിന്റെ പുറത്തേക്ക് വരുന്നത് ഒരു പെണ്ണിന് രണ്ടാം ജന്മം പോലെയാണ്.. ആ സന്തോഷം എല്ലാരുടേയും മുഖത്ത് അന്ന് ഞാൻ കണ്ടു..

ഫീഡിംഗ് ഏരിയയിൽ ഇരുന്നു റയാനു പാല് കൊടുക്കുമ്പോളൊക്കെ ഞാൻ കൗതുകത്തോടെ നോക്കിയിരുന്നത് അവന്റെ കുഞ്ഞി വിരലുകൾ ആയിരുന്നു.. രണ്ട് ദിവസം കഴിഞ്ഞപ്പോ മനസ്സിലായി അവൻ അമേരിക്കയിലോ മറ്റോ ജനിക്കേണ്ടതായിരുന്നു എന്ന്. കൃത്യം 6 pm ന് ഉണർന്ന് കരച്ചില് തുടങ്ങിയാൽ പിറ്റേന്ന് 6 മണിയാ കണക്ക്... എന്റെ അമ്മയെ ഒരുപാട് ഉറക്കം കളഞ്ഞ് ഇരുത്തിച്ച വില്ലനാ... ആശുപത്രിയിലെ ഇടനാഴിയിലും വാർഡിലും ഒക്കെയായി അവനെയും എടുത്തു അമ്മ അങ്ങനെ നടക്കും, എവിടേലും ഇരുന്നാൽ അവൻ അപ്പോൾ കരയും.. ആ കലാപരിപാടി അങ്ങനെ തുടരുന്ന സമയം അടുത്ത ബെഡ്ഡിലെ അന്ന് ഡെലിവെറി കഴിഞ്ഞ കുട്ടിയുടെ ചേച്ചി വാ പൂട്ടാതെ കരയുന്നു... നേഴ്സ്മാരൊക്കെ വന്ന് നോക്കീട്ടും കരച്ചിൽ നിർത്തുന്നില്ല... വിവരം തിരക്കിയപ്പോൾ മാസം തികയാതെ പ്രസവിച്ച കുട്ടിയാണ് അമ്മയ്ക്ക് പാൽ ഇല്ല അതിനാൽ കുട്ടി വിശന്ന് കരയുകയാണ് എന്ന് പറഞ്ഞു. വാർഡിൽ അങ്ങോളമിങ്ങോളം ഉറക്കം നഷ്ടപ്പെടുന്നതിന്റെ മുറുമുറുപ്പ് കേൾക്കാം...

ഞാൻ എന്റെ അമ്മയോട് ചോദിച്ചു ഞാനാ കുട്ടിക്ക് പാല് കൊടുക്കട്ടെ എന്ന്... അമ്മ ആദ്യം ഒന്ന് ഞെട്ടി എന്ന് തോന്നി. പിന്നെ ചോദിച്ചു അവര് സമ്മതിക്കുമോ എന്ന്.. രണ്ടും കൽപ്പിച്ച് ആ ചേച്ചിയോട് ചോദിച്ചു ഞാൻ കുട്ടിക്ക് പാല് കൊടുത്തോട്ടെ എന്ന്.. എന്നേലും ഒരുപാട് പ്രായം ആ ചേച്ചിക്ക് ഉണ്ട്.. എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ നിന്ന എന്റെ കയ്യിലേക്ക് ആ കുഞ്ഞിനെ ആ ചേച്ചി നീട്ടി... അവനെ കയ്യിൽ വാങ്ങി പാല് കൊടുക്കുമ്പോൾ കരഞ്ഞു വറ്റിയ അവന്റെ കണ്ണ് തിളങ്ങുന്നുണ്ടായിരുന്നു.. ഏങ്ങലടി കുറഞ്ഞ് കുറഞ്ഞ് ഉറക്കത്തിലാവും മുമ്പ് എന്റെ ചൂണ്ടുവിരലിലും നൈറ്റിയിലും അവന്റെ കുഞ്ഞി വിരലുകൊണ്ട് ഇറുക്കെ പിടിച്ചിരുന്നു... നേരെയൊന്ന് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആ വേദനയൊക്കെ മറന്ന് അവന് പാലൂട്ടുമ്പോൾ എന്നെ പറ്റി ചേർന്ന് കിടന്നു ഉറങ്ങുന്ന അവന്റെ മുഖം മതിയായിരുന്നു എനിക്ക് സന്തോഷിക്കാൻ..

ഒന്ന് രണ്ട് തവണ അവന്റെ അമ്മമ്മ എടുത്തോണ്ട് പോവാൻ നോക്കിയെങ്കിലും അവൻ എന്റെ വിരലിലെ പിടി ഒന്നൂടെ മുറുക്കി..പിന്നെയും സമയം കടന്നു പോയ്കൊണ്ടേ ഇരുന്നു.. മോള് കിടന്നോ സമയം ഒരുപാട് ആയില്ലേ എന്നും പറഞ്ഞ് ആ അമ്മൂമ്മ അവനെ എന്നിൽ നിന്നും അടർത്തി എടുക്കുമ്പോൾ വിടാതെ മുറുകെ പിടിച്ചിരുന്ന ആ കുഞ്ഞി വിരലുകൾ വിടർത്തി എടുത്തു മാറ്റുമ്പോൾ അറിയാതെ എങ്കിലും കണ്ണിൽ നനവ് പടർന്നു.. ചങ്ക് പിടച്ചു... ആ കുഞ്ഞ് ആരെന്നോ ഇപ്പോൾ എവിടെയെന്നോ എന്നൊന്നും എനിക്കറിയില്ല പക്ഷേ നിന്നെ പാലൂട്ടിയ പോറ്റമ്മയായ നിമിഷത്തെ ഇപ്പോഴും ഞാൻ ഈറനണിയിക്കുന്ന ഓർമ്മയായി സൂക്ഷിക്കുന്നു...

ലോക മുലയൂട്ടൽ വാരാചരണത്തിന് ആഗസ്റ്റ് 1 ന് തുടക്കം കുറിച്ചിരിക്കുകയാണ്. മുലയൂട്ടൽ ജീവന്റെ ആധാരം എന്നതാണ് ഈ വർഷത്തെ പ്രമേയം. പ്രസവിച്ചു കഴിഞ്ഞാൽ ഉടൻ കുഞ്ഞിന് മുലപ്പാൽ നൽകുക, ആദ്യത്തെ ആറു മാസം മുലപ്പാൽ അല്ലാതെ മറ്റൊന്നും കുഞ്ഞിന് നൽകരുത്, മുലയൂട്ടലിന്റെ കാല ദൈർഖ്യം വർദ്ധിപ്പിക്കുക തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ ജനിക്കുന്ന 78 ദശലക്ഷം കുട്ടികൾക്ക് (അഞ്ചിൽ മൂന്നുപേർ) ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ ലഭിക്കുന്നില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്.