Tuesday 30 October 2018 04:08 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിനെ കുളിപ്പിക്കേണ്ടത് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ? ദിവസവും എണ്ണ തേപ്പിക്കാമോ? അറിയേണ്ടതെല്ലാം

Newborn Baby Getting His First Bath

നവജാത ശിശുക്കളെ കുളിപ്പിക്കുന്ന കാര്യത്തിൽ ഇപ്പോഴും നൂറുകൂട്ടം സംശയങ്ങളാണ് പലർക്കും. ഏതു വെള്ളത്തിൽ കുളിപ്പിക്കണം, എങ്ങനെ കുളിപ്പിക്കണം? എണ്ണ തേയ്‌ക്കാമോ എന്നിങ്ങനെ ഒരായിരം ചോദ്യങ്ങൾ. ഡോക്ടർ ഷിംന അസീസ് എഴുതിയ കുറിപ്പ് വായിച്ചു നോക്കൂ... നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഡോക്ടർ ഉത്തരം നൽകുന്നു.

ഷിംന അസീസ് എഴുതിയ കുറിപ്പ് വായിക്കാം;


വീട്ടിൽ കുഞ്ഞുവാവ പിറന്നു. മൂന്നാല്‌ ദിവസം കഴിഞ്ഞപ്പോ പൊന്നുംകുടത്തിനെ ആശുപത്രീന്ന്‌ വീട്ടിൽ കൊണ്ടു വന്നു. ചങ്ങായിയുടെ പൊക്കിൾകൊടിയുടെ ഇങ്ങേയറ്റം ഇനിയും പൊഴിഞ്ഞ്‌ പോയിട്ടില്ല. അവനെ കുളിപ്പിക്കാറായിട്ടില്ല. പിന്നേം രണ്ട്‌ ദിവസം കഴിഞ്ഞപ്പോ അവന്റെ പൊക്കിൾക്കൊടി പൊഴിഞ്ഞു പോയി. ഇനി എന്താ ചെയ്യാ? എന്താ സംശയം, കുളിപ്പിക്കണം. നമ്മുടെ കൈയിലുള്ള ബാലഗോപാലനെ നമുക്ക്‌ #SecondOpinion വായിച്ച്‌ പഠിച്ചിട്ട്‌ കുളിപ്പിക്കാം.

ഓ, ഇതൊക്കെ മുത്തശ്ശിക്കറിയില്ലേ, അമ്മ എക്‌സ്‌പേർട്ടല്ലേ എന്നൊക്കെ കരുതി മാറിയിരിക്കുന്ന ജുവതികളും ജുവാക്കളും ഫസ്‌റ്റ്‌ ബെഞ്ചിൽ കയറി ഇരിക്കേണ്ടതാണ്‌. നമ്മുടെ കുഞ്ഞിന്റെ കാര്യങ്ങൾ ചെയ്യാനറിഞ്ഞിരിക്കണം എന്നത്‌ നമ്മുടെ കടമയാണ്‌. അതറിയാത്തത്‌ ക്രെഡിറ്റല്ല, നാണക്കേടാണ്‌. അപ്പോൾ പഠിക്കാല്ലേ?

• നവജാതശിശുവിനെ കുളിപ്പിക്കാൻ ആദ്യം നമ്മുടെ കൈയിൽ വേണ്ടത്‌ ചുരുങ്ങിയത്‌ രണ്ടര കിലോയെങ്കിലും ഭാരമുള്ള, പൊക്കിളിലോ മറ്റോ മുറിവുകളില്ലാത്ത, നന്നായി പാല്‌ കുടിക്കുകയും മലമൂത്രവിസർജനം ചെയ്യുകയും ഉറങ്ങുകയും ചെയ്യുന്ന കുഞ്ഞുവാവയാണ്‌. ഇതിലൊന്നെങ്കിലും കുറവുണ്ടെങ്കിൽ കന്നി കുളി ഒന്ന്‌ നീട്ടി വെക്കുന്നതാണ്‌ ആരോഗ്യകരം.

• തണുത്ത വെളുപ്പാൻകാലത്തല്ല, വെയിലൊന്ന്‌ ചൂടായി അന്തരീക്ഷം തണുപ്പറ്റ ശേഷം കുളിപ്പിക്കുന്നത്‌ കുഞ്ഞിമക്കൾക്ക്‌ ശരീരം കുളിർത്ത്‌ 'ഹൈപ്പോതെർമിയ' എന്ന അവസ്‌ഥയുണ്ടാക്കുന്നത്‌ തടയും.

• കുളിപ്പിക്കുന്നത്‌ പച്ച വെള്ളത്തിലോ ചൂടുവെള്ളത്തിലോ? വെള്ളത്തിന്‌ തണുപ്പുണ്ടെങ്കിൽ അൽപം ചൂടുവെള്ളമൊഴിച്ച്‌ തണുപ്പ്‌ വിടുവിച്ച്‌ ഉപയോഗിക്കുന്നതാണ്‌ ഉത്തമം. ചൂടുവെള്ളം വേണെന്നില്ല

• എണ്ണ തേപ്പിക്കാമോ? വേണമെങ്കിൽ ആവാം. നിർബന്ധമില്ല. തേക്കുന്നവർ കുഞ്ഞിന്റെ തൊലിയിൽ എരിച്ചിലും പുകച്ചിലും ഉണ്ടാക്കുന്ന മഞ്ഞൾ പോലുള്ള വസ്‌തുക്കൾ ഒരു കാരണവശാലും എണ്ണയിൽ ചേർക്കരുത്‌. വെളിച്ചെണ്ണയോ ബേബി ഓയിലോ ഒലീവ്‌ ഓയിലോ തേങ്ങാപ്പാലോ എന്ത് തന്നെ ആയാലും കുഞ്ഞിന്റെ ദേഹത്ത്‌ പുരട്ടുന്ന വസ്‌തുവാണെന്ന ഓർമ്മയോടെ വൃത്തിയായി സൂക്ഷിക്കണം. എണ്ണ തേച്ച്‌ കുഞ്ഞിന്റെ കൈയും കാലും മൂക്കും തലയുമൊന്നും വലിച്ച്‌ നീട്ടി വേദനിപ്പിക്കുന്നതിൽ അർത്‌ഥമില്ല. കണ്ണ്‌ നീട്ടി വലിച്ചാൽ വലിയ കണ്ണുമുണ്ടാകില്ല. മാതാപിതാക്കളിൽ നിന്ന്‌ ജനിതകമായി കിട്ടുന്ന പ്രത്യേകതകൾ ശരീരത്തിൽ നില നിൽക്കുക തന്നെ ചെയ്യും. പ്രസവസമയത്ത്‌ തല കൂർത്ത്‌ പോയത്‌ ഒന്നും ചെയ്യാതെ തന്നെ മാറും. ഇതെല്ലാം ഞെക്കിപ്പരത്തുന്ന ഉഴിച്ചിൽ ഗുണത്തേക്കാൾ ദോഷം ചെയ്‌ത കഥകളറിയാം. സൂക്ഷിക്കുക.

• ബേബി സോപ്പ്‌/ഷാംപൂ/ബേബി വാഷ്‌? ഏത്‌ തന്നെ ആയാലും വളരെ കുറച്ച്‌ ഉപയോഗിക്കുക. കുഞ്ഞിതൊലിയിലെ സ്വാഭാവികമായ മാർദ്ദവം പോയി ഡ്രൈ ആകാതിരിക്കുന്നതാണ്‌ ശരി.

• കുഞ്ഞിനെ കുളിപ്പിക്കാൻ വിപണിയിൽ കിട്ടുന്ന ടബ്ബിലോ കൈയിലോ മടിയിലോ എങ്ങനെയാണ്‌ സൗകര്യമെന്ന്‌ വെച്ചാൽ കിടത്തി അരക്ക്‌ കീഴ്‌പോട്ട്‌ ആദ്യം കഴുകാം. മലമൂത്രാംശങ്ങൾ ഉണ്ടെങ്കിൽ മൃദുവായും വൃത്തിയായും സോപ്പുപയോഗിച്ച്‌ കഴുകാം.

• കഴുത്തിന്റെയും കൈയിന്റെയും മടക്കുകളിൽ പാല്‌ തങ്ങിയിരുന്ന്‌ തൈര്‌ പോലെയായി മുറിവും അണുബാധയുമുണ്ടാകാറുണ്ട്‌. ഇവിടമെല്ലാം നന്നായി ബേബി സോപ്പുപയോഗിച്ച്‌ പതുക്കേ കഴുകുക.

• പൊക്കിൾ വീണു പോയി കഴിഞ്ഞു ഒന്ന് രണ്ട് ദിവസത്തേക്ക് അവിടെ നിന്നും രക്തം പൊടിഞ്ഞേക്കാം. പേടിക്കാനില്ല. പഴുപ്പോ ചുറ്റും ചുവപ്പ് നിറമോ ഇല്ലെങ്കിൽ അവിടെ മരുന്നൊന്നും ഇടണമെന്നില്ല. പൊക്കിൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയാൽ മതി. എന്നിട്ട് ഒപ്പി ഉണക്കണം. പൊക്കിൾ പൊന്തി വരുന്നത് വെള്ളം കയറുന്നത് മൂലമല്ല. അത് ഹെർണിയ ആണ്. ഒന്നും ചെയ്യാതെ തന്നെ ഒരു വയസ്ലിന് മുൻപായി അത് തനിയെ ഉള്ളിലേക്ക് പൊക്കോളും.

• ഏറ്റവുമൊടുവിൽ സൗകര്യം പോലെ മലർത്തിയോ കമിഴ്‌ത്തിയോ കുഞ്ഞിന്റെ തല പെട്ടെന്ന്‌ കഴുകി തുടക്കുക. മുഖത്ത്‌ പാൽ പറ്റിപ്പിടിച്ചതോ കണ്ണിൽ അഴുക്കോ ഉണ്ടെങ്കിൽ ആദ്യം നനച്ച്‌ കട്ടി കുറച്ച ശേഷം വേദനിപ്പിക്കാതെ മയത്തിൽ തുടച്ചെടുക്കുക.

• ശേഷം കുഞ്ഞിന്റെ ശരീരം മൃദുവായ ടൗവ്വൽ കൊണ്ട്‌ ഒപ്പി തുടക്കുക. പാല്‌ കെട്ടിക്കിടന്ന മുറിവും മറ്റും ഉണ്ടെങ്കിൽ ഒരിക്കലും ഉരച്ച്‌ തുടക്കരുത്‌, ഒപ്പി മാത്രം തുടക്കുക.

• കുളിപ്പിച്ചാലുടൻ കുഞ്ഞിന്‌ നന്നായി ഉടുപ്പിട്ട്‌ കൊടുത്ത്‌ പുതപ്പിച്ച്‌ കിടത്തുക. താപനഷ്‌ടം കുറക്കേണ്ടത്‌ അനിവാര്യമാണ്‌. അതിനാണ്‌ കുഞ്ഞുമേനിയിൽ നിന്നും ഏറ്റവും കൂടുതൽ ചൂട്‌ നഷ്‌ടപ്പെടുന്ന തല അവസാനം നനക്കണമെന്നും ആദ്യം തുടക്കണമെന്നും നന്നായി മൂടണമെന്നും പറയുന്നത്‌.

• കുളിപ്പിച്ച ശേഷം പൗഡർ, കൺമഷി തുടങ്ങി യാതൊന്നും കുഞ്ഞിന്റെ ചർമ്മത്തിന്‌ ഗുണം ചെയ്യില്ല. ബേബി പൗഡർ ശ്വാസകോശത്തിൽ പോകുന്നതും ഈയത്തിന്റെ അംശമുള്ള കൺമഷി കുഞ്ഞിക്കണ്ണിൽ ആകുന്നതും ഗുണകരമല്ല താനും. ഇവയൊന്നുമില്ലാതെ തന്നെ നിങ്ങളുടെ പൈതൽ ഭൂമിയിലേറ്റവും ഭംഗിയുള്ള കാഴ്‌ചയാണ്‌.

• വെള്ളം അടുത്ത്‌ വെച്ച്‌ ഒരു നിമിഷം പോലും കുഞ്ഞിനെ ശ്രദ്ധിക്കാതെ മറ്റൊരിടത്തേക്ക്‌ പോകരുത്‌. രണ്ടിഞ്ച്‌ വെള്ളവും രണ്ട്‌ മിനിറ്റിന്റെ അശ്രദ്ധയും മതി നമ്മുടെ പ്രാണൻ എന്നെന്നേക്കും ഉരുകുന്ന ആ വലിയ നഷ്‌ടമുണ്ടാകാൻ.

• കുഞ്ഞിന്റെ ഉടുപ്പുകൾക്ക്‌ ഭംഗിയല്ല, കുഞ്ഞിന്റെ സൗകര്യമാണ്‌ പ്രധാനം. ഏറ്റവും കട്ടി കുറഞ്ഞതും കുഞ്ഞിന്‌ അസ്വസ്‌ഥതയുണ്ടാക്കാത്തതുമായ വസ്‌ത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക.

• ഇഴഞ്ഞ്‌ നീങ്ങൽ തുടങ്ങും വരെ കുഞ്ഞിനെ ദിവസവും കുളിപ്പിക്കണമെന്ന്‌ നിർബന്ധവുമില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ച്‌ തുടച്ചാലും മതി.

വാൽക്കഷ്‌ണം: കുളിപ്പിക്കുന്ന സമയത്ത്‌ ആൺകുഞ്ഞുങ്ങളുടെ മുലക്കണ്ണ്‌ പിഴിഞ്ഞുടക്കുന്ന രീതി തികച്ചും പ്രാകൃതവും ക്രൂരതയുമാണ്‌. ഈ ചെയ്യുന്നതിന്‌ യാതൊരു ശാസ്‌ത്രീയ അടിസ്‌ഥാനവുമില്ല. കുഞ്ഞിന്‌ വലിയ വേദന നൽകുന്ന, കടുത്ത അണുബാധക്ക്‌ സാധ്യതയുള്ള ഈ പരിപാടി ഒഴിവാക്കിയേ മതിയാകൂ. ജനനശേഷം പെൺകുട്ടികൾക്ക്‌ കുറച്ച്‌ ദിവസം യോനിയിലൂടെ രക്‌തം കലർന്ന സ്രവം വരുന്നത്‌ തികച്ചും സ്വാഭാവികമാണ്‌. ഇതിനും പ്രത്യേകിച്ച് യാതൊന്നും തന്നെ ചെയ്യേണ്ടതില്ല. പാരമ്പര്യ പ്രസവരക്ഷയെന്ന പേരിൽ കുഞ്ഞുങ്ങൾക്ക്‌ വേദന പകരുന്നത്‌ എന്നോ പറഞ്ഞു തീർന്ന കഥയാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

- Dr. Shimna Azeez

shim-baby768