Saturday 29 September 2018 04:50 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിപ്പല്ലുകൾക്കു വേണം സംരക്ഷണം; കുട്ടികളെ ശരിയായ രീതിയിൽ ബ്രഷ് ചെയ്യാൻ പഠിപ്പിക്കാം

teeth

കുഞ്ഞരിപ്പല്ലുകൾ കാട്ടിയുള്ള പൊന്നോമനയുടെ ചിരി കാണുമ്പോൾ ആരുടെ മനസ്സാണു നിറയാത്തത്? പാൽപ്പല്ലുകളെ വേണ്ടതു പോലെ സംരക്ഷിച്ചില്ലെങ്കിൽ കുഞ്ഞുങ്ങളുടെ ചിരിയുടെ തിളക്കം മങ്ങും . കുഞ്ഞിപ്പല്ലുകൾക്കു കരുതൽ നൽകാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..

ബ്രഷിങ് തുടങ്ങാം

പല്ലു മുളയ്ക്കുമ്പോഴുള്ള അസ്വസ്ഥതകളെ ടീത്തിങ് എന്നാണു പറയാറ്. നേരിയ പനി, ഉറക്കമില്ലായ്മ, തടിച്ചു വീർത്ത മോണ എന്നിവയാണു ലക്ഷണങ്ങൾ. മോണ വീങ്ങിയിട്ടുണ്ടെങ്കിൽ വിരലുകൾ കൊണ്ടു മസാജ് ചെയ്ത ശേഷം വൃത്തിയുള്ള നനഞ്ഞ തുണിയോ പഴക്കഷണങ്ങളോ കടിപ്പിക്കുക. 

∙ ഓരോ തവണ പാലു കൊടുത്ത ശേഷവും കുഞ്ഞിന്റെ മോണയും പല്ലും ഈർപ്പമുള്ള തുണിയോ മുറിവു കെട്ടാനുപയോഗിക്കുന്ന ഗോസ് എന്ന നേർത്ത തുണിയോ െകാണ്ട് തുടയ്ക്കുക. ഇത് പല്ലിലെ പ്ലാക്ക് കളയാൻ സഹായിക്കും. പല്ല് മുളച്ചു കഴിഞ്ഞ ശേഷമേ ബ്രഷിങ് തുടങ്ങാവൂ. 

∙ പല്ല് മുളയ്ക്കുന്ന പ്രായത്തിൽ ഫിംഗർ ബ്രഷ് ഉപയോഗിക്കുന്നതാകും നല്ലത്. കൈയുറയുടെ രൂപത്തിലുള്ള ഈ ബ്രഷ് മുതിർന്ന ആളുടെ വിരലിൽ ഇട്ട് കുഞ്ഞിന്റെ പല്ല് മൃദുവായി തേച്ചു കൊടുക്കുക. രണ്ടു വയസ്സു കഴിഞ്ഞാൽ ബ്രഷ് െചയ്യാൻ തുടങ്ങാം. 

∙ വൃത്താകൃതിയിൽ മൃദുവായ നാരുകളുള്ള ബ്രഷാണ് നല്ലത്. കുട്ടികൾക്കു വേണ്ടി പ്രത്യേകം തയാറാക്കിയ, ഫ്ളൂറൈ‍‍ഡിന്റെയും രാസവസ്തുക്കളുടെയും അംശങ്ങൾ കുറഞ്ഞ, വെളുത്ത നിറമുള്ള പേസ്റ്റുകൾ മാത്രമേ ഉപയോഗിക്കാവൂ. ജെൽ പേസ്റ്റുകളിലെ  സിലിക്ക പല്ലിന്റെ ഇനാമൽ തേഞ്ഞു പോകാൻ ഇടയാക്കും.  ഇവ ഒഴിവാക്കുക. ചെറിയ പയറുമണിയുടെ വലുപ്പത്തിൽ മാത്രമേ പേസ്റ്റ് ഉപയോഗിക്കാവൂ.. 

∙ കൂടുതൽ നേരം ബ്രഷ് ചെയ്യുന്നതു കുഞ്ഞിപ്പല്ലുകൾക്കു ഗുണകരമല്ല. രണ്ടോ മൂന്നോ മിനിറ്റ് ബ്രഷ് ചെയ്താൽ മതി. ആഹാരം ചവച്ചരയ്ക്കുന്ന അണപ്പല്ലുകൾ നല്ലപോലെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. 

∙ തീരെ കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ടങ് ക്ലീനര്‍ ഉപയോഗിക്കേണ്ടതില്ല. മൂന്നു വയസ്സായാൽ നാവ് വൃത്തിയാക്കിത്തുടങ്ങാം. മൂർച്ചയുള്ള ടങ് ക്ലീനറിനു പകരം  പിന്നിൽ നാവ് വൃത്തിയാക്കാൻ സൗകര്യമുള്ള ബ്രഷ് ഉപയോഗിക്കുന്നതാണു നല്ലത്. 

∙ അഞ്ചു വയസ്സാകുമ്പോഴേക്കും ദന്തശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ചു കുഞ്ഞിനു പറഞ്ഞു കൊടുക്കുകയും സ്വയം ബ്രഷ് ചെയ്യാൻ കുഞ്ഞിനെ ശീലിപ്പിക്കുകയും വേണം. എട്ടു വയസ്സു വരെ ബ്രഷ് ചെയ്യുമ്പോൾ കുഞ്ഞിനൊപ്പം അച്ഛനോ അമ്മയോ നിൽക്കണം. എട്ടു വയസ്സു വരെ ബേബി ബ്രഷുകൾ തന്നെ ഉപയോഗിക്കാം. ആറുമാസം കൂടുമ്പോൾ ബ്രഷ് മാറ്റാൻ ശ്രദ്ധിക്കണം. 

ശ്രദ്ധ വേണം ഭക്ഷണത്തിലും

കുട്ടികളുടെ ഭക്ഷണത്തിൽ മധുരം അഥവാ പഞ്ചസാരയുടെ അളവ് കഴിവതും കുറയ്ക്കുക. ജ്യൂസുകൾക്കു പകരം അതത് പഴങ്ങളായിത്തന്നെ നൽകിക്കോളൂ. ജ്യൂസുകൾ നൽകുകയാണെങ്കിൽ കുപ്പികളിൽ കൊടുക്കാതെ ഗ്ലാസിൽ നൽകുക. വായിൽ ജ്യൂസ് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാം.

∙ കുക്കീസ്, മിഠായികൾ, പേസ്ട്രികൾ തുടങ്ങി അമിതമായി മധുരമുള്ളതെല്ലാം സാധാരണ ആഹാരം കഴിച്ചതിനു ശേഷം മാത്രം നൽകി കഴിച്ചയുടനെ ബ്രഷ് ചെയ്യാൻ ശീലിപ്പിക്കുക. കുട്ടികൾക്കുള്ള പല മരുന്നുകളിലും മധുരം അടങ്ങിയിരിക്കും. അതുകൊണ്ട് രാത്രി മരുന്നു കൊടുക്കുകയാണെങ്കിൽ അതിനു ശേഷം മാത്രം  ബ്രഷ് ചെയ്താൽ മതി. 

ശരിയായ രീതിയിൽ ബ്രഷ് ചെയ്യാം

സ്റ്റെപ്പ് 1:  മുൻനിര പല്ലും  മോണയും ചേരുന്ന സ്ഥലത്ത് ബ്രഷ് 45 ഡിഗ്രി ചെരിച്ച് പല്ലിലും മോണയിലും ചേർത്തു വയ്ക്കുക. മുകളിലേക്കും താഴേക്കും  എന്ന രീതിയിൽ വൃത്താകൃതിയിൽ ബ്രഷ് ചെയ്യുക. തൊട്ടടുത്തുള്ള പല്ലുകളും അതേ പോലെ ബ്രഷ് ചെയ്യുക. 

സ്റ്റെപ്പ് 2: അണപ്പല്ലുകളുടെ ഭാഗത്തു ബ്രഷ് വച്ച് മുമ്പിലേക്കും പുറകിലേക്കും തേയ്ക്കുക.

സ്റ്റെപ്പ് 3: ബ്രഷിന്റെ അഗ്രഭാഗം കൊണ്ട് മുകളിലെയും താഴത്തെയും പല്ലുകളുടെ ഉൾവശം തേയ്ക്കാം. ബ്രഷ് കൊണ്ടു തന്നെ നാവും വൃത്തിയാക്കി വാ കഴുകുക.