Wednesday 25 March 2020 11:44 AM IST : By സ്വന്തം ലേഖകൻ

കുട്ടികളിലെ വായ്നാറ്റം, തിരഞ്ഞെടുക്കാം ഫ്ലൂറൈഡ് ഇല്ലാത്ത ടൂത്ത്‌പേസ്റ്റ്

06

ഭക്ഷണം കഴിച്ചിട്ട് വായ കഴുകിയില്ലേ, എന്തൊരു വായ്നാറ്റമാ ഇത്...’ കൊഞ്ചിയരികെ എത്തിയ കുട്ടിയുടെ മനസ്സു വിഷമിക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. കുഞ്ഞുങ്ങളിലെ വായ്നാറ്റം പലപ്പോഴും  മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ടാകാം ഉണ്ടാകുന്നത്. അറിയാം വായ്നാറ്റത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും.


∙ ദന്തക്ഷയം (പുഴുപ്പല്ല്), മോണരോഗം, വായിൽ ഭക്ഷണ അവശിഷ്ടം പറ്റിപിടിച്ചിരിക്കുക എന്നിവ വായ്നാറ്റത്തിനു കാരണമാകാം. വായിൽ ഉമിനീര് വേണ്ടത്ര ഉണ്ടാകാതിരിക്കുക, നാവ് വൃത്തിയാക്കാതിരിക്കുക, വായിലൂടെ ശ്വസിക്കുക, ദഹനപ്രശ്നങ്ങൾ ഇവയും വായ്നാറ്റത്തിലേക്കു നയിക്കാം.


∙ ചോക്‌ലെറ്റ്, മധുരപലഹാരം എന്നിവയുടെ അമിത ഉപയോഗം വായ്നാറ്റം വരുത്താം. ഇവ വായിൽ ഒട്ടിപ്പിടിച്ചിരിക്കും എന്നതാണ് കാരണം.


∙ ശരിയായി ബ്രഷ് ചെയ്യുന്നതും മോണ വൃത്തിയാക്കുന്നതും പതിവാക്കണം. കൂടാതെ ആറു മാസത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തുകയും വേണം.


∙ ആറാം മാസത്തിലാണ് കുഞ്ഞിന് ആദ്യത്തെ പാൽപല്ല് വന്നു തുടങ്ങുന്നത്. ഈ പ്രായം മുതലാണ് മുലപ്പാലിനൊപ്പം കുറുക്കു രൂപത്തിലുള്ള ഭക്ഷണം കുഞ്ഞിന് നൽകിത്തുടങ്ങുന്നതും. അതിനാൽ പല്ലും വായും വൃത്തിയാക്കുന്നതിൽ ശ്രദ്ധ ചെലുത്തണം. ഈ സമയത്ത് ഫിംഗർ ബ്രഷ് ഉപയോഗിക്കാം.   ഒരു വയസ്സാകുമ്പോൾ മുതൽ വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും  കുട്ടികൾ കഴിച്ചു തുടങ്ങും. ഈ സമയത്ത് വായ വൃത്തിയാക്കുന്നതിൽ മാതാപിതാക്കളുടെ ശ്രദ്ധ വേണം.


∙ രണ്ടു വയസ്സാകുമ്പോഴേക്കും കുട്ടികൾ ശരിയായി തുപ്പാൻ പഠിക്കും. ഈ പ്രായം മുതൽ തനിയെ ബ്രഷ് ചെയ്യാൻ പഠിപ്പിക്കാം, രാവിലെയും രാത്രിയും പല്ലു തേക്കുന്നത് ശീലമാക്കാം. ഫ്ലൂറൈഡ് ഇല്ലാത്ത ടൂത്ത്‌പേസ്റ്റ് വേണം തിരഞ്ഞെടുക്കാൻ. ഒപ്പം നാക്കു വൃത്തിയാക്കുന്നതും പ്രധാനമാണ്. നാലു വയസ്സു മുതൽ ഫ്ലൂറൈഡ് കലർന്ന ടൂത്പേസ്റ്റുകൾ ഉപയോഗിക്കാം.


∙ ഇലക്കറികളും നാരുള്ള ഭക്ഷണവും ധാരാളമായി കഴിക്കണം. ഇതു ദഹനം സുഗമമാക്കുകയും വായ്നാറ്റം അകറ്റിനിർത്തുകയും ചെയ്യും. കൂടാതെ ധാരാളം വെള്ളം കുടിപ്പിക്കാനും ശ്രദ്ധിക്കണം.

Tags:
  • Parenting Tips