Friday 09 February 2018 11:03 AM IST : By സ്വന്തം ലേഖകൻ

കുട്ടികളുടെ കാര്യക്ഷമത കൂട്ടണോ? ശ്വസനരീതി നിയന്ത്രിക്കാന്‍ വ്യായാമങ്ങള്‍ ഇതാ

breathing_excercises

ധ്യാനം, പ്രാണായാമം, ശ്വസനക്രിയകള്‍- ടെന്‍ഷന്‍ കുറയ്ക്കാനുള്‍പ്പടെ ജീവിതം മെച്ചപ്പെടുത്താന്‍ വിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്നത് ഇന്ന് ഇവയൊക്കെയാണ്. ചെറുപ്രായത്തിൽത്തന്നെ കുട്ടികളേയും ഇത്തരം വ്യായാമങ്ങൾ ശീലിപ്പിക്കുന്നത് വളരെ നല്ലതാണ്. ശ്വാസം നിയന്ത്രിക്കുന്നതിലൂടെ മനസ്സ് ശാന്തമാകും എന്ന് ലോകത്തോട്‌ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പറഞ്ഞത് യോഗയാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്‌ എൺപതുകളില്‍ ആണെങ്കിലും ലോകമെമ്പാടും വന്‍പ്രചാരത്തില്‍ ആയിട്ട് അധിക വർഷങ്ങളായിട്ടില്ല.

എങ്ങനെയാണ് ശ്വസനരീതി ശരീരത്തെ സ്വാധീനിക്കുന്നത്?

നമ്മുടെ നാഡീവ്യൂഹം ആണല്ലോ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്‌. ഹൃദയമിടിപ്പും ദഹനവും ഒക്കെ കൃത്യമായി നടക്കുന്നതും ഇതിന്റെ മേല്‍നോട്ടത്തില്‍ ആണ്. പുറമേ നിന്നൊരു പ്രശ്നം വരുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങളെ അതിനനുസരിച്ച് പൊരുത്തപ്പെടുത്തി എടുക്കുന്നതിനു മസ്തിഷ്കത്തെ സഹായിക്കുന്നതും ഇവ തന്നെ.

ടെന്‍ഷന്‍ ഉള്‍പടെയുള്ള പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ രണ്ടു തരത്തില്‍ ഉള്ള പ്രതികരണങ്ങളാണ് ശരീരത്തില്‍ ഉണ്ടാവുന്നത്. ഒന്ന് സിംഫാട്ടിക് പ്രതികരണം. നിന്ന് എതിര്‍ക്കാനും അല്ലെങ്കില്‍ ഓടി അകലാനും നമ്മെ സജ്ജരാക്കുന്നത് ഈ പ്രതികരണരീതിയാണ്‌. ഹൃദയമിടിപ്പും ശ്വസനവേഗവുമൊക്കെ കൂടുന്നതിനൊപ്പം ഇതില്‍ മാനസ്സികസമ്മര്‍ദത്തിനുള്ള ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കപ്പെടും. രണ്ടാമത്തെ പ്രതികരണം പാരാസിംഫാറ്റിക്ക് ആണ്. പ്രശ്നങ്ങളെ നേരിടാന്‍ ചിലപ്പോള്‍ വേണ്ടത് വിശ്രമം ആണെന്ന് തിരിച്ചറിയുമ്പോള്‍ ശരീരം ആ വേഗം കുറയ്ക്കും. ശാരീരിക അവശതകള്‍ ഒക്കെ വരുമ്പോള്‍ ആയാസം കുറച്ചു വിശ്രമാവസ്ഥയില്‍ എത്തി സ്വയം റിപ്പയര്‍ ചെയ്യാന്‍ ശരീരം ശ്രമിക്കുന്നത് ഇങ്ങനെയാണ്.

വ്യത്യസ്തമായ ശ്വസനരീതികള്‍ ഈ പ്രതികരണങ്ങളെ നമുക്കനുകൂലമാക്കാന്‍ ശരീരത്തെ സഹായിക്കും. ഉദാഹരണത്തിന് ദേഷ്യം വന്നു നില്‍ക്കുമ്പോള്‍ ശ്വസനവേഗം ഉള്‍പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും, ദേഷ്യപ്പെടാനും ടെന്‍ഷനടിക്കാനും കൂടുതല്‍ ഊര്‍ജം ശരീരത്തിന് ആവശ്യമായതിനാല്‍ ആണത്. എന്നാല്‍ ആ സമയത്ത് ശ്വാസം പതുക്കെ എടുക്കാന്‍ ശ്രമിച്ചാല്‍ തന്നെ പ്രശ്നം ഒഴിഞ്ഞു എന്നാവും മസ്തിഷ്കം മനസ്സിലാക്കുന്നത്‌. ഉടന്‍ തന്നെ ശാന്തമാകാനുള്ള സൂചന ശരീരത്തിന് കൊടുക്കുകയും ചെയ്യും.

എങ്ങനെയാണ് ശ്വാസം നിയന്ത്രിക്കേണ്ടത്?

യോഗ അനുശാസിക്കുന്നത് പതുക്കെ ശ്വാസം എടുത്തു അല്‍പനേരം ശ്വാസം ഉള്ളില്‍ നിലനിര്‍ത്തി ശ്വാസമെടുക്കുന്നതിലും സാവധാനത്തില്‍ ശ്വാസം പുറത്തു വിടാന്‍ ആണ്. നാല് നിമിഷം ശ്വാസം ഉള്ളിലേക്കെടുക്കുക, രണ്ടു നിമിഷം ഉള്ളില്‍ ശ്വാസം നിലനിര്‍ത്താം എന്നിട്ട് ഏഴു മാത്രയെടുത്തു പുറത്തുവിടാം. ഇത് പ്രാണായാമത്തില്‍ പൊതുവേ അനുവര്‍ത്തിച്ചു വരുന്ന രീതിയാണ്.