Saturday 27 November 2021 04:18 PM IST : By സ്വന്തം ലേഖകൻ

കോങ്കണ്ണിന് ചെറുപ്പത്തിലേ പരിഹാരം; ശ്രദ്ധയോടെ സൂക്ഷിക്കാം കുഞ്ഞിക്കണ്ണുകൾ, കാഴ്ചപ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാം

shutterstock_642646969

കണ്ണേ, കൺമണിയേ... എന്ന് ഓമനിക്കുന്ന കുഞ്ഞുവാവയുടെ കണ്ണിനെ അലട്ടുന്ന പ്രശ്നങ്ങള്‍ നിസ്സാരമാക്കരുത്. ഇവ  തിരിച്ചറിയാനും പരിഹരിക്കാനുമുള്ള മാർഗങ്ങൾ അറിയാം.

കോങ്കണ്ണിന് പരിഹാരം ചെറുപ്പത്തിലേ

ജനിച്ച് ആദ്യമാസങ്ങളിൽ കുഞ്ഞുങ്ങൾക്ക് കോങ്കണ്ണുള്ളതു പോലെ തോന്നാം. എന്നാൽ ഇതു പേടിക്കേണ്ടതില്ല. ഒൻപതു മാസത്തിനു ശേഷവും കുഞ്ഞിന് കോങ്കണ്ണുള്ളതായി തോന്നിയാൽ ഒരേ ദിശയിൽ കണ്ണുകൾ ചലിപ്പിക്കാൻ കുട്ടിക്ക് പ്രയാസമാണെന്നു മനസ്സിലാക്കാം.

കണ്ണിന്റെ കാഴ്ച വൈകല്യങ്ങള്‍ കൊണ്ടുണ്ടാകുന്ന കോങ്കണ്ണിന്റെ പ്രശ്നങ്ങൾ കണ്ണട വച്ചു ശരിയാക്കാം. അതുകൊണ്ടു ശരിയാകാത്തവ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം. സർജറി ആവശ്യമാണെങ്കിൽ ചെറുപ്രായത്തിൽ തന്നെ ചെയ്യുന്നതാണ് നല്ലത്.

ബ്ലോക്ഡ് ടിയർ ഡക്ട്

കണ്ണും മൂക്കും തമ്മിൽ ബന്ധിപ്പിക്കുന്ന കനാലിൽ തടസ്സം വരുന്നതാണ് ബ്ലോക്ഡ് ടിയർ ഡക്ട്. മിക്കപ്പോഴും ഒരു കണ്ണിനു മാത്രമാണ് ഈ പ്രശ്നം വരിക. കുഞ്ഞിന്റെ കണ്ണിൽ നിന്നു തുടർച്ചയായി വെള്ളം വരിക, കണ്ണിൽ പീള അടിഞ്ഞിരിക്കുക ഇവയാണ് ലക്ഷണം.  

മൂക്കിന്റെ വശങ്ങളിൽ ബഡ്സ് അല്ലെങ്കിൽ വിരൽ ഉപയോഗിച്ച് മെല്ലേ അമർത്തി കൊടുക്കണം. കണ്ണിനു താഴെ മൂക്കിനടുത്ത് നിന്ന് മുകളിലേക്കു മസാജ് ചെയ്തു കൊടുക്കുന്നതു വഴിയും തടസം മാറി കിട്ടും. ദിവസവും മൂന്നു തവണ മസാജ് ചെയ്ത് രണ്ടു–മൂന്നു മാസം കൊണ്ട് ശരിയാക്കിയെടുക്കാനാകും. വീണ്ടും പ്രശ്നം നിലനിൽക്കുന്നെങ്കിൽ ചെറിയ സർജറി ആവശ്യമായി വരാം.

ഒരു കണ്ണിനു മാത്രം തകരാർ

ഒരു കണ്ണിനു മാത്രം വരുന്ന കാഴ്ച പ്രശ്നങ്ങൾ മിക്കപ്പോഴും കണ്ടെത്താതെ പോകും. ഇതാണ് ‘മടിയൻ കണ്ണി’നു കാരണം. ഒരു കണ്ണിനു മാത്രമാണ് പ്രശ്നമെങ്കിൽ രണ്ടു തരത്തിലുള്ള പ്രതിബിംബങ്ങളാകും കുഞ്ഞിന്റെ തലച്ചോറിലെത്തുക. ഇതിൽ അവ്യക്തമായ പ്രതിബിംബങ്ങൾ തലച്ചോർ തള്ളിക്കളയും. ക്രമേണ മോശം പ്രതിബിംബം നൽകുന്ന കണ്ണിനെ തലച്ചോർ ഉപയോഗിക്കാതെയാകും.

രോഗമില്ലാത്ത കണ്ണു മൂടി കെട്ടി വൈകല്യമുള്ള കണ്ണിനെ ആശ്രയിക്കാൻ തലച്ചോറിനെ പഠിപ്പിക്കുകയാണ് ചികിത്സയായി ചെയ്യുന്നത്. ചിലപ്പോൾ ചെറുപ്രായത്തിലെ കണ്ണട ഉപയോഗിക്കേണ്ടതായും വരും. കുഞ്ഞിന്റെ ഒരോ കണ്ണു വീതം മൂടി അടുത്തതിനു കാഴ്ചയുണ്ടോ എന്ന് അമ്മമാർ പരിശോധിച്ചു കണ്ടെത്തണം.

Tags:
  • Mummy and Me
  • Baby Care
  • Parenting Tips