Friday 09 February 2018 10:08 AM IST : By ടി.എം. സിൻജിത, ഡയറ്റീഷൻ

കുട്ടികളുടെ ഭക്ഷണശീലമോർത്ത് ടെൻഷനടിക്കേണ്ട! വളർച്ചയും ആഹാര കാര്യങ്ങളും അറിയാം, ക്രമീകരിക്കാം

eating_habits

കുട്ടികളുടെ ആഹാരകാര്യത്തെക്കുറിച്ച് അമ്മമാർക്ക് എപ്പോഴും ടെൻഷനാണ്. ഒട്ടും ആഹാരം കഴിക്കാത്ത കുഞ്ഞുങ്ങവാണെങ്കിൽ ഇവർക്കു വേണ്ട പോഷണം എങ്ങനെ ലഭിക്കുമെന്നും ഇടയ്ക്കിടെ ആഹാരം ആവശ്യപ്പെടുന്ന കു‍ഞ്ഞുങ്ങളാണെങ്കിൽ ഈ ശീലം അവരിൽ പൊണ്ണത്തടി പോലുള്ള രോഗാവസ്ഥകൾ സൃഷ്ടിക്കുമോയെന്നും. എന്തായാലും അമ്മമാരുടെ ആകുതലതകൾ അവസാനിക്കുന്നില്ല. കൊച്ചു കുഞ്ഞുങ്ങൾ തുടങ്ങി സ്കൂളിൽ പോകുന്ന കുട്ടികളുടെ വരെ വളർച്ചയും ആഹാര കാര്യങ്ങളും പോഷണ വിവരങ്ങളും മനസ്സിലാക്കാം.

പ്രീസ്കൂൾ, സ്കൂൾ ഗോയിങ് കുട്ടികളിലെ വളർച്ച ക്രമേണയുള്ളതും സ്ഥിരതയാർന്നതുമാണ്. ഓരോ വര്‍ഷവും 1.6 മുതൽ 3.3 കി.ഗ്രാം വരെ ഭാരവും 5 മുതൽ 9 സെ.മീ വരെ ഉയരവും 9 മുതൽ 10 വയസാകുന്നതുവരെ ഉയർന്നു കൊണ്ടിരിക്കുന്നു. ഈ കാലയളവിൽ എല്ലുകൾ, പല്ലുകൾ, പേശികൾ എന്നിവയുടെ വളർച്ചയും രക്തത്തിന്റെ ഉത്പാദനവും കൂടിവരുന്നു അതുകൊണ്ടുതന്നെ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരെ അപേക്ഷിച്ച് ഇവരുടെ വലുപ്പത്തിന് ആനുപാതികമായ പോഷകാഹാരം കൂടിയ അളവിൽ ആവശ്യമാണ്. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവും നാളുകളായിട്ടുള്ള വിശപ്പില്ലായ്മയും വളരെ നാളായി വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുന്നതും പോഷകാഹാരക്കുറവിന് കാരണമാകുന്നു. കുട്ടികളുടെ പ്രായത്തിന് അനുസൃതമായ പോഷകങ്ങളുടെ അളവ് താഴെ കൊടുത്തിരിക്കുന്നു.

കുട്ടികളിൽ വളർച്ചക്കൊപ്പം കളികളും കൂടുതലായ ഈ കാലയളവിൽ എനർജിയുടെ ആവശ്യവും കൂടുതലാണ്. അതിനാൽത്തന്നെ കൂടുതൽ ഊർജം പ്രദാനം ചെയ്യുന്ന ആഹാരങ്ങൾ ഇവർക്ക് കൊടുക്കാം എന്നാൽ അമിതഭാരം ആകാതെയും ശ്രദ്ധിക്കണം. ചെറിയ കുട്ടികളിൽ Stomach capacity കുറവായതിനാൽ ചെറുതും ഇടവിട്ടുള്ളതുമായ ഭക്ഷണക്രമീകരണമാണു നല്ലത്. സാധാരണ വീട്ടിൽ ഉണ്ടാക്കുന്ന ചോറ്, ഇഡ്ഡലി, ദോശ, അപ്പം തുടങ്ങി പഴവർഗങ്ങളും പരിപ്പ്, പയർ, കടല വർഗങ്ങളും ഊർജ്ജം ഉള്ള ഭക്ഷണം തന്നെയാണ്. ചെറിയ കുട്ടികളിൽ ചോക്കിങ്(ശ്വാസംമുട്ട്) ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പഴവർഗ്ഗങ്ങളും മറ്റും ചെറിയ കഷണങ്ങളായി മുറിച്ചു കൊടുക്കുന്നതാണ് നല്ലത്.

കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ഓക്സിജന്റെ സുഗമസഞ്ചാരത്തിനും കോശങ്ങളുടെ പുനർനിർമാണത്തിനും ഹോർമോണിന്റെയും എൻസൈമിന്റെയും ശരിയായ ഉത്പാദനത്തിനും പ്രവർത്തനത്തിനും പ്രോട്ടീൻ കൂടിയെ തീരു. ഇറച്ചി, മീൻ, മുട്ട, പാൽ, ഓട്ട്സ്, പയറു പരിപ്പു വർഗ്ഗങ്ങൾ എന്നിവയിൽ ധാരാളം പ്രോട്ടീനുണ്ട്. ഇവയും ചോക്കിങ് തടയാനായി ചെറു കഷണങ്ങളായി കുട്ടികൾക്ക് കൊടുക്കുന്നതാണ് നല്ലത്.

കുട്ടികളിൽ ഫാറ്റ് തീരെ കുറയ്ക്കേണ്ട. ഫാറ്റ് തീരെ കുറഞ്ഞ ആഹാരത്തിൽ ഊർജ്ജം കുറവായിരിക്കും. അതിനാൽതന്നെ ഇവർക്ക് ഫാറ്റ് അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞ, നട്സ്, നെയ്യ് ഇവ മിതമായ രീതിയിൽ ഉപയോഗിക്കാം.

ഇവ കൂടാതെ വൈറ്റമിനുകളും മിനറലുകളും കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അത്യന്താപേക്ഷിതമാണ്. ഇവ കുറഞ്ഞാൽ പലതരത്തിലുള്ള ഡെഫിഷ്യൻസി സിസീസ് ഉണ്ടാകാൻ കാരണമാകുന്നു. കുട്ടികളിൽ വളർച്ചയ്ക്കൊപ്പം രക്തത്തിന്റെ അളവും ഹീമോഗ്ലോബിനും കൂടുന്നു. ഇത് അയണിന്റെ ആവശ്യകതയും കൂട്ടുന്നു. അയൺ കുറവ് കുട്ടികളിൽ വിളർച്ചപോലുള്ള അസുഖങ്ങൾക്കു കാരണമാകുന്നു. ശർക്കര, ഈന്തപ്പഴം, ഉണക്കമുന്തിരി, റെഡ് മീറ്റ്, ചില ചീര ഇലകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി അയൺ ലഭിക്കും. കൂടാതെ വൈറ്റമിൻ സി കൂടി ഉണ്ടെങ്കിൽ അയണിന്റെ ലഭ്യത കൂടുന്നു. നെല്ലിക്ക, പേരക്ക, പപ്പായ, മാങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങളിൽ സി വൈറ്റമിൻ അടങ്ങിയിട്ടുണ്ട്.

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും കാൽസ്യം കൂടിയേ തീരൂ. പാലും പാലുൽപ്പന്നങ്ങളും തന്നെയാണ് കാൽസ്യത്തിന്റെ ആദ്യ സോഴ്സ്. ഒന്നോ രണ്ടാ ഗ്ലാസ് പാലോ പുഡിങ്ങോ വെണ്ണയോ ചീസോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി പ്രോട്ടീനും കാൽസ്യവും കുട്ടികൾക്ക് ലഭിക്കുന്നു. വൈറ്റമിൻ ഡി കാത്സ്യത്തിന്റെ ആഗീരണത്തിന് സഹായിക്കുന്ന ഒന്നാണ്. സൂര്യപ്രകാശത്തിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാവിലെയുള്ള വെയിൽ ശരീരത്തിലേൽക്കുന്നത് നല്ലതാണ്. ചീസ്, മുട്ടയുടെ മഞ്ഞ, ബീഫിന്റെ കരൾ എന്നിവ വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണമാണ്.

സിങ്കിന്റെ കുറവ് വളർച്ച കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും മുറിവുകൾ താമസിച്ച് ഉണങ്ങാനും കാരണമാകുന്നു. ബദാം, നട്സ്, ഇറച്ചി, ചോളം, ഗോതമ്പ് എന്നിവയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. മറ്റു വൈറ്റമിനുകളും മിനറലുകളും ഇതുപോലെ തന്നെ കുട്ടികളിൽ പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ ഇവ അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ശരിയായ ഭക്ഷണക്രമത്തോടൊപ്പം ശരിയായ സമയ ക്രമീകരണവും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പ്രഭാത ഭക്ഷണം ദിവസവും കഴിച്ചിരിക്കണം. ഇതു കുട്ടികളിലെ ക്ളാസ്റൂം പെർഫോമൻസ് കൂട്ടും. പ്രഭാതഭക്ഷണം മാത്രമല്ല മറ്റു ഭക്ഷണങ്ങളും ശരിയായ രീതിയിൽ ശരിയായ സമയത്തു തന്നെ കുട്ടികൾക്ക് കൊടുക്കണം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫാറ്റ്, വൈറ്റമിൻ, മിനറലുകൾ എല്ലാം ഭക്ഷണത്തിൽ ഉണ്ടോ എന്നു ശ്രദ്ധിക്കണം. മാത്രമല്ല കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം എത്രത്തോളം കഴിക്കുന്നു എന്നു കൂടി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.