Thursday 29 July 2021 04:24 PM IST : By സ്വന്തം ലേഖകൻ

വീട്ടിലെ പുലിക്കുട്ടി അപരിചിതരെ കാണുമ്പോൾ ഓടിയൊളിക്കും; കുഞ്ഞുങ്ങളിലെ ആത്മവിശ്വാസക്കുറവ് പരിഹരിക്കാൻ 15 നിർദേശങ്ങൾ

kidssshyynnee3444

സ്വന്തം വീട്ടിൽ പുലിക്കുട്ടിയാണെങ്കിലും അപരിചിതരെ കാണുമ്പോൾ ഓടിയൊളിക്കുന്നവരാണോ നിങ്ങളുടെ കുഞ്ഞുങ്ങൾ? അപരിചിതരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ വിക്കുകയും വിയർക്കുകയും ചെയ്യുന്ന ശീലം നിങ്ങളുടെ കുഞ്ഞിനുണ്ടോ? ഈ സ്വഭാവങ്ങളെല്ലാം നിങ്ങളുടെ കുഞ്ഞിനുണ്ടെങ്കിൽ അതിന്റെ കാരണം ആത്മവിശ്വാസക്കുറവ് തന്നെയാണ്. മാതാപിതാക്കൾ ഒരല്പം ശ്രദ്ധ നൽകിയാൽ കുട്ടിയിലുള്ള ആത്മവിശ്വാസക്കുറവ് മാറ്റിയെടുക്കാൻ കഴിയും. പലപ്പോഴും ജനിതക പ്രശ്നങ്ങളല്ല ഇതിനു കാരണം. കുട്ടിക്കാലം മുതൽ കുട്ടികൾ പരിചയിച്ചുവരുന്ന ചുറ്റുപാടുകളാണ് അവനെ ഇങ്ങനെയാക്കി മാറ്റുന്നത്. പ്രശ്നപരിഹാരത്തിന് മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന 15 നിർദേശങ്ങൾ താഴെ നൽകുന്നു;

1. ആരും സദ്ഗുണ സമ്പന്നരല്ല

തെറ്റ് ചെയ്യാത്തവരായി ഈ ഭൂമിയിൽ ആരുമുണ്ടാകില്ല. എന്നാൽ ആ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുമ്പോഴാണ് അതൊരു വലിയ കുറ്റമായി മാറുന്നത്. കുട്ടികൾ തെറ്റ് ചെയ്‌താൽ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. എന്നാൽ അതൊരിക്കലും മൂടിവയ്ക്കാൻ ശ്രമിക്കരുത്. ഈ സമൂഹത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായ ചില കാര്യങ്ങളുണ്ടെന്നും അവ കുറ്റകരമാണെന്നും അവനെ പറഞ്ഞു മനസ്സിലാക്കണം. അതുപോലെ ഈ ഭൂമിയിൽ ആരും പെർഫെക്റ്റ് അല്ലെന്നും, തെറ്റു ചെയ്യുന്ന കാര്യത്തിൽ എല്ലാവരും ഒരുപോലെയാണെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക.

2. നീ എനിക്ക് സ്പെഷ്യലാണ്

കുട്ടിയുടെ അപകർഷതാബോധം മാറ്റിയെടുക്കാൻ അവൻ മറ്റുള്ളവരിൽ നിന്ന് സ്പെഷ്യലാണെന്ന് ബോധ്യപ്പെടുത്തണം. അവന്റെ കഴിവുകൾ എന്തുതന്നെയായാലും അത് പുറത്തുകൊണ്ടുവരുക. കൂടുതൽ പ്രോത്സാഹനം നൽകുക. മറ്റു കുട്ടികളുമായി ഒരിക്കലും അവനെ താരതമ്യം ചെയ്യാതിരിക്കുക.

3. കഴിവുകൾ കണ്ടെത്തി കൊടുക്കുക

പ്രത്യേകിച്ച് ഒന്നിനോടും താല്പര്യം പ്രകടിപ്പിക്കാത്ത കുഞ്ഞുങ്ങൾ ഉണ്ടാകും. എന്നാൽ കുട്ടികൾ തിരിച്ചറിയാത്ത ചില പ്രത്യേക കഴിവുകൾ അവർക്കുണ്ടാകും. അത് കണ്ടെത്തി കൊടുക്കലാണ് മാതാപിതാക്കളുടെ പ്രധാന കർത്തവ്യം. അവന്റെ ഇഷ്ടങ്ങൾ, കഴിവുകൾ മനസ്സിലാക്കി മുന്നോട്ടു നയിക്കുക.

4. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കുക

മാതാപിതാക്കൾ അവരുടെ തീരുമാനങ്ങൾ കുട്ടിയുടെ മേൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. കുട്ടിയെ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കണം. ചെറിയ കാര്യങ്ങളിൽ പോലും അവനോട് ഇഷ്ടങ്ങൾ ചോദിക്കണം. തിരഞ്ഞെടുക്കേണ്ട വസ്ത്രം, ഭക്ഷണം, ഗെയിമുകൾ എന്നിങ്ങനെ എല്ലാ കാര്യത്തിലും അവന് സ്വന്തം തീരുമാനങ്ങൾ ഉണ്ടായിരിക്കണം.

5. നിങ്ങൾ സൂപ്പർ ഡാഡോ, സൂപ്പർ മോമും ആകരുത്

കുട്ടികളുടെ കാര്യത്തിൽ അമിതമായി സ്വാധീനം ചെലുത്തുമ്പോഴാണ് മാതാപിതാക്കൾ അവർക്ക് സൂപ്പർ മോമും സൂപ്പർ ഡാഡും ആകുന്നത്. കുട്ടികൾക്ക് ചിന്തയ്ക്ക് പോലും ഇട നൽകാതെ അവരുടെ എല്ലാ പ്രശ്ങ്ങളും പരിഹരിക്കപ്പെടുന്നു. എന്തിനും തുണയായി നിൽക്കുന്നു. എന്നാൽ ഇത്തരം അമിതമായ ഇടപെടലുകൾ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനുള്ള അവന്റെ കഴിവിനെ ഇല്ലാതെയാകും. എപ്പോഴും മറ്റുള്ളവരുടെ തണലിൽ കഴിയാൻ ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങൾ മാറും.

6. ഉത്തരവാദിത്വങ്ങൾ നൽകി നോക്കൂ

വീട്ടിലെ പ്രത്യേകതരം ജോലിയുടെ ഉത്തരവാദിത്വങ്ങൾ കുട്ടികൾക്ക് ഏല്പിച്ചുകൊടുക്കാം. അതൊരുപക്ഷേ ഇളയ കുഞ്ഞിനെ നോക്കാനുള്ള ചുമതലയാകാം. അതല്ലെങ്കിൽ അടുക്കിപ്പെറുക്കി വൃത്തിയാക്കലോ, പൂന്തോട്ടം നനയ്ക്കലോ ആകാം. ഇങ്ങനെ ഉത്തരവാദിത്വങ്ങൾ കുട്ടിയെ ഏൽപ്പിക്കുന്നതോടെ അവർ കൂടുതൽ പ്രാപ്തരും കരുത്തരുമാകും.

7. കഴിവുകൾ അംഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക

കുട്ടികൾ ചെയ്യുന്ന പ്രവൃത്തിയിൽ കുറ്റവും കുറവുകളുമൊക്കെ കാണാം. എന്നാൽ അതൊരു കുറ്റമായി അവതരിപ്പിക്കരുത്. പകരം കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള പുതിയ വഴികളായേ അവതരിപ്പിക്കാവൂ. അവന്റെ കഴിവുകളെ അംഗീകരിക്കുക. കാരണം ഏതൊരു കുഞ്ഞും സ്വന്തം മാതാപിതാക്കളിൽ നിന്നാണ് നല്ല വാക്കോ, അംഗീകാരമോ കൊതിക്കുക. കുട്ടികളെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുക.

8. ഏറ്റവും നല്ല വിമർശകർ നിങ്ങളാണ്

കുട്ടികളോടായാലും മുതിർന്നവരോടായാലും വിമർശനം എപ്പോഴും ആരോഗ്യകരമായിരിക്കണം. കുട്ടികളുടെ കുറവുകൾ ചൂണ്ടിക്കാട്ടി അവരെ തളർത്താൻ ശ്രമിക്കരുത്. പ്രോബ്ലം സോൾവ് ചെയ്യാനുള്ള വഴികൾ പറഞ്ഞുകൊടുക്കുക. ഒരുതവണ തെറ്റുകൾ തിരുത്തി കൊടുക്കുക. എന്നാൽ വീണ്ടും വീണ്ടും അക്കാര്യം പറഞ്ഞ് അവരെ മുഷിപ്പിക്കാതിരിക്കുക.

9. തുറന്നു സംസാരിക്കുക

കുട്ടികൾ പറയുന്നത് കേൾക്കുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ട ഒരു പ്രധാന കാര്യം. അവർക്ക് പേടി കൂടാതെ തുറന്നു സംസാരിക്കാൻ അവസരം കൊടുക്കാം. നിങ്ങൾ നൽകുന്ന സ്വാതന്ത്ര്യമാണ് അവർക്ക് കിട്ടുന്ന ആത്മവിശ്വാസം.

10. സ്നേഹം പ്രകടിപ്പിക്കുക

മനസ്സിൽ ഒരു കുന്നോളം സ്നേഹം വച്ച് അത് പ്രകടിപ്പിക്കാതിരിക്കരുത്. മക്കളോട് സ്നേഹപൂർവ്വം സുഹൃത്തിനെ പോലെ ഇടപഴകുക.

11. അവരറിയാതെ ഒരു സുരക്ഷാവലയം

കുഞ്ഞുങ്ങൾ അറിയാതെ തന്നെ അവർക്ക് ചുറ്റും ഒരു സംരക്ഷണ വലയം തീർക്കുക. അവർ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടാൽ പക്വതയോടെ കൈകാര്യം ചെയ്യുക. കൂടുതൽ കരുതലോടെ ചേർത്തുപിടിക്കുക.

12. മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുക

മറ്റുള്ളവർക്ക് സഹായം ചെയ്തു നൽകാൻ കുഞ്ഞുങ്ങളെ  പ്രേരിപ്പിക്കാം.ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ കൂടുതൽ കരുത്തരാക്കും. ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യാൻ മാത്രമല്ല മറ്റൊരാളെ സാഹായിക്കാൻ കൂടി തനിക്ക് കഴിയുമെന്ന് തോന്നിയാൽ അതവന്റെ ആത്മവിശ്വാസം നൂറിരട്ടി വർധിപ്പിക്കും.

13. ശുഭാപ്തി വിശ്വാസം വളർത്തുക

ജീവിതത്തിന് ഇരുട്ടും വെളിച്ചവും നിറഞ്ഞ രണ്ടു ഭാഗങ്ങളുണ്ടെന്ന് കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുക. വിജയങ്ങളും തോൽവികളും ഉണ്ടാകും. പരാജയങ്ങൾ തട്ടിമാറ്റി മുന്നോട്ടു പോകാൻ കുട്ടിയെ പ്രാപ്തനാക്കണം. അതിനായി കുട്ടിയിൽ ശുഭാപ്തി വിശ്വാസം വളർത്തുക.

14. സൗഹൃദങ്ങൾ വളർത്തിക്കൊണ്ടുവരുക

ജീവിതത്തിൽ സൗഹൃദങ്ങൾ വളർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം മാതാപിതാക്കൾ മനസ്സിലാക്കണം. കുട്ടികളുടെ നല്ല സൗഹൃദങ്ങളെ പോസിറ്റീവ് ആയിത്തന്നെ കാണണം. കൂടുതൽ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതോടെ കുട്ടികളിൽ സഭാകമ്പം ഇല്ലാതാകും. അവൻ കൂടുതൽ സ്മാർട്ടാകും.

15. ലക്ഷ്യബോധം നിശ്ചയിക്കുക

കുട്ടികളെ ഭാവിയെ കുറിച്ച് സ്വപ്നം കാണാൻ പ്രേരിപ്പിക്കുക. വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉള്ളവർക്കേ ഉയരങ്ങൾ കീഴടക്കാൻ കഴിയൂ എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. വലുതാകുമ്പോൾ ഞാനെന്താകണം എന്ന നിശ്ചയമുള്ളവരായി കുട്ടികളെ വളർത്തുക.

Tags:
  • Mummy and Me
  • Parenting Tips