Saturday 18 December 2021 12:03 PM IST

‘സ്റ്റിച്ചെല്ലാം പൊട്ടിപ്പഴുത്തു, കുഞ്ഞ് കരഞ്ഞപ്പോൾ ഞാൻ അവളുടെ മുകളിൽ കയറിക്കിടന്നു’: ആ അമ്മ പറയുന്നു

Tency Jacob

Sub Editor

divya

ഇത് ദിവ്യ ജോണി. പ്രസവശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന വിഷാദരോഗം മൂലം (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) മൂന്നരമാസം പ്രായമുള്ള മകളെ ശ്വാസം മുട്ടിച്ചു കൊന്ന ഇരുപത്തിയാറു വയസ്സുള്ള അമ്മ. ‘കൊലപാതകി’ എന്നു പറഞ്ഞു െനറ്റി ചുളിക്കും മുന്‍പ് ദിവ്യയുടെ ജീവിതം വായിക്കാം.

കൊല്ലം കുണ്ടറ കാഞ്ഞിരക്കോടു ദേശത്തെ ഒരു സാധാരണ കുടുംബമാണ് ഞങ്ങളുടേത്. എല്ലാ ക്ലാസ്സിലും സ്കോളർഷിപ്പോടെയായിരുന്നു പഠനം. മെഡിസിന്‍ പഠിച്ചു േഡാക്ടറാകണമെന്നു മോഹമുണ്ടായിരുന്നെങ്കിലും എൻട്രൻസ് പരീക്ഷയ്ക്കു ഫീസടക്കാനുള്ള പൈസയില്ലായിരുന്നു. പിന്നെ, പഠിച്ചു കണക്കില്‍ ബിരുദാനന്തരബിരുദം എടുത്തു. കുറച്ചുകാലം പിഎസ്‌സി കോച്ചിങ്ങുമായി നടന്നു. ആ സമയത്താണ് അമ്മയ്ക്ക് വാതത്തിന്റെ പ്രശ്നങ്ങൾ തുടങ്ങുന്നത്. അതിന്റെ ചികിത്സയ്ക്ക് ആയുർവേദ ക്ലിനിക്കിൽ പോയപ്പോഴാണ് അവിടത്തെ ഡോക്ടറെ പ രിചയപ്പെടുന്നത്.

‘കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്, വീട്ടിലേക്ക് ആളെ വിടട്ടെ’ എന്നൊക്കെ ഫെയ്സ്ബുക് മെസഞ്ചറില്‍ സന്ദേശങ്ങൾ വരാൻ തുടങ്ങി. വളരെ മാന്യമായ പെരുമാറ്റമായിരുന്നു അയാളുടേത്. അറിഞ്ഞിടത്തോളം ദുഃശീലങ്ങളൊന്നുമില്ല. എനിക്കും ഇഷ്ടം തോന്നി. വ്യത്യസ്ത മതമാണെന്നതു കൊണ്ട് അപ്പനും അമ്മയ്ക്കും നീരസമുണ്ടായിരുന്നു. പിന്നീടാണ് അയാൾ വിവാഹമോചിതനാണെന്നും ഒരു കുഞ്ഞിന്റെ അച്ഛനാണെന്നും അറിയുന്നത്.

ഞാന്‍ ബിഎഡിനു ചേര്‍ന്നു രണ്ടാം കൊല്ലം പഠിക്കുമ്പോള്‍ വിധി എന്നെ വീണ്ടും കുഴപ്പിക്കാനെത്തി. അമ്മയ്ക്ക് കാൻസർ ബാധയുെട തുടക്കം. എന്റെ ജീവിതമോർത്ത് ആധി പിടിച്ച് മരണകിടക്കയിൽ കിടക്കുന്ന അമ്മയുെട കയ്യില്‍ പിടിച്ച്, ആ േഡാക്ടര്‍ വാക്കു കൊടുത്തു, ‘ജീവിതകാലം മുഴുവൻ എന്നെ നോക്കികൊള്ളാം’ എന്ന്.

അമ്മ മരിച്ചതോടെ ഞാൻ തനിച്ചായി. ആറുമാസം കഴിഞ്ഞ് ഞങ്ങളുെട കല്യാണം നടന്നു. ബിഎഡിന്റെ അവസാന പരീക്ഷ ബാക്കി നിൽക്കേ ആയിരുന്നു വിവാഹം.

ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങൾ...

ഭര്‍ത്താവിെന്‍റ വീട്ടുകാർ സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. അതുകൊണ്ടു തന്നെ ആ വീടിന് എന്നെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അറിവും നേ ർകാഴ്ചയും കൊണ്ട് ഉറച്ചു നിന്നിരുന്ന എന്റെ ആത്മവിശ്വാസം അവരെനിക്കു നേരെ പെയ്ത വാക്കുകളിൽ ഉരുകി ഇല്ലാതായിക്കൊണ്ടിരുന്നു. ബിഎഡിനു കോളജില്‍ ഫ സ്റ്റും യൂണിവേഴ്സിറ്റിയിൽ മൂന്നാം റാങ്കും ഉണ്ടായിരുന്നു. ഈ സന്തോഷം പങ്കുവച്ചപ്പോള്‍ പോലും നിസ്സംഗമായിരുന്നു പ്രതികരണം.

ഗർഭകാലത്ത് ഒരു ഐസ്ക്രീമിനൊക്കെയേ ഞാൻ കൊ തിച്ചിട്ടുള്ളൂ. ഏഴാം മാസം മുതലേ കുഞ്ഞുടുപ്പുകളൊരുക്കി ഏറ്റവുമധികം കാത്തിരുന്നത് ഞാനാണ്. ആ ഞാനാണല്ലോ ഈശ്വരാ...’’ ദിവ്യ വീണ്ടും മുഖം െപാത്തി നിശ്ശബ്ദയായി. പിന്നെ, കണ്ണീര്‍ തുടച്ച് ഒാര്‍മകളിലേക്ക്...

‘നമുക്കു മോനായിരിക്കും അല്ലേ’ എന്നു ഭര്‍ത്താവ് എപ്പോഴും പറയുമായിരുന്നു. എന്തു കുഞ്ഞായാലും ആ രോഗ്യത്തോടെയിരിക്കാന്‍ മാത്രമാണ് ഏത് അമ്മയേയും പോലെ ഞാനും ആഗ്രഹിച്ചത്. കുഞ്ഞ് മഷിയിട്ടതു കൊണ്ടു പെട്ടെന്നു സിസേറിയൻ ചെയ്തെടുക്കേണ്ടി വന്നു. പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ ഭര്‍ത്താവ് കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ ഇറങ്ങിപ്പോയി.

എനിക്ക് അമ്മയില്ലാത്തതു കൊണ്ട്, ആശുപത്രിയില്‍ നിന്നു നേരെ ഭര്‍ത്താവിെന്‍റ വീട്ടിലേക്കാണു പോയത്. മുലപ്പാൽ കുറവായതു കൊണ്ടാണോ മറ്റ് എന്തെങ്കിലും വിഷമം കൊണ്ടാണോ എന്നറിയില്ല, കുഞ്ഞ് നിര്‍ത്താതെ കരച്ചിലായിരുന്നു. ആ കരച്ചിൽ എന്നെ എപ്പോഴും പേടിപ്പിച്ചു. കുഞ്ഞിന്റെ കരച്ചിൽ കാരണം ഇല്ലാതാകുന്ന രാത്രിയുറക്കം നികത്താന്‍ പകൽ കുഞ്ഞുറങ്ങുമ്പോൾ ഞാനും ഉറങ്ങാൻ കിടക്കും. പക്ഷേ, ടിവിയുടെ ഉയർന്ന ശബ്ദവും വീട്ടിലെ ബഹളങ്ങളും പകൽവെട്ടവും കാരണം ഉറങ്ങാനൊന്നും പറ്റില്ല.

പല ദിവസവും വൈകിയാണ് ഉച്ചയ്ക്കു ഭക്ഷണം കഴിച്ചിരുന്നത്. പിന്നീട് പതിയെ എനിക്കു വിശപ്പു കെട്ടു തുടങ്ങി. ഒന്നും സംസാരിക്കാതെ വെറുതേ എവിടേക്കോ നോക്കിയിരിക്കും. വെളിവുള്ള ചില നേരങ്ങളിൽ എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്ന ചിന്ത ഉള്ളിൽ വന്നു തികട്ടും. വിശ്രമമില്ലാത്തതു കൊണ്ടായിരിക്കണം സ്റ്റിച്ചെല്ലാം പൊട്ടി പഴുത്തു. പക്ഷേ, ആരും അതൊന്നും ശ്രദ്ധിക്കുകയോ േവണ്ട കരുതൽ തരികയോ െചയ്തില്ല. മറ്റുള്ളവരുടെ മു ൻപിൽ എല്ലാവരും കുഞ്ഞിനോടു സ്നേഹം അഭിനയിച്ചു. അല്ലാത്തപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല.

കുഞ്ഞിന് ഇരുപത്തിയാറു ദിവസമായിക്കാണും. വീട്ടില്‍ വളരെ ഉച്ചത്തില്‍ ടിവി വച്ചിരിക്കുകയാണ്. എനിക്കെന്തോ തല പെരുക്കുന്നതു പോലെ തോന്നി. ‘ഒച്ചയൊന്നു കുറച്ചേ’ എന്നു പറയാന്‍ എഴുന്നേറ്റു െചന്ന ഞാന്‍ അവിടെ കുഴഞ്ഞു വീണു. പിന്നെ, എനിക്കൊന്നും ഓർമയില്ല. ഡോക്ടറെ കാണിച്ചപ്പോൾ സോഡിയവും പൊട്ടാസ്യവും കുറഞ്ഞതാണെന്നു പറഞ്ഞു മരുന്നു തന്നു.

പിറ്റേന്നു കുഞ്ഞു കരഞ്ഞപ്പോഴും എനിക്കു തല െപരുത്തു വന്നു. ആ ശബ്ദം എന്നെ ഭ്രാന്തുപിടിപ്പിക്കും പോലെ... ആ കരച്ചിലില്‍ നിന്നു രക്ഷപെടാന്‍ ഞാന്‍ കുഞ്ഞിെന്‍റ മുകളിൽ കയറിക്കിടന്നു. വീട്ടുകാർ കണ്ടതു കൊണ്ടു മാത്രം അന്ന് കുഞ്ഞ് രക്ഷപ്പെട്ടു. ഇരുപത്തെട്ടുകെട്ടിന്റെയന്നു ഞാൻ കൈഞരമ്പ് മുറിച്ചതായിരുന്നു മറ്റൊരു ദുരന്തം. ഞാൻ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെല്ലാം എനിക്കു മനസ്സിലാകുന്നുണ്ട്. ആരോ ഉള്ളിലിരുന്നു ചെയ്യൂ, ചെയ്യൂ എന്നു പറയുന്ന പോലെയായിരുന്നു അവയെല്ലാം.

പൂർണരൂപം വനിത ഡിസംബർ ആദ്യലക്കത്തിൽ

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ