Thursday 11 November 2021 11:23 AM IST : By ഡോ. സി ജെ ജോൺ

‘സുഖവും ഉല്ലാസവുമാണ് ജീവിതമെന്ന ചിന്ത; പണമുണ്ടാക്കാനായി തരികിടകൾ കാട്ടുന്ന എത്രയോ കുട്ടികൾ’; പിള്ളമനസ്സ് അത്ര പിഞ്ചുമനസ്സല്ല, കാലം മാറി കുട്ടികളും

teen-alcchhhjjj

പിള്ളമനസ്സിൽ കള്ളമില്ല എന്ന പഴഞ്ചൊല്ലിൽ അൽപം പതിരുണ്ട് എന്ന നിലയ്ക്കാണ് സമീപകാലത്തു നടന്ന ചില സംഭവങ്ങൾ വിളിച്ചു പറയുന്നത്. കൂട്ടുകൂടി അടിപിടിയുണ്ടാക്കുക, ഒളിച്ചിരുന്നു പുകവലിക്കുക, ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക് പോവുക, കൊച്ചുപുസ്തകങ്ങളിലെ ഇക്കിളിക്കഥകൾ വായിക്കുക തുടങ്ങിയ കൗമാരക്കുറ്റങ്ങൾ പഴങ്കഥയായി. എന്നാൽ, ഇപ്പോൾ കുട്ടിക്കുറ്റങ്ങളുടെ രൂപവും ഭാവവും മാറി. പുകവലി, മദ്യപാനം തുടങ്ങിയ ലഹരി തേടൽ ഒരു പടികൂടിക്കടന്ന് കഞ്ചാവും മയക്കുമരുന്നുമായി. ലഹരി കടത്തലിന്റെ കയ്യാളുകളായി. 

പ്രണയത്തിന്റെ പേരിൽ ഒളിച്ചോട്ടം നടത്തുക, പ്രണയത്തർക്കങ്ങൾ സംഘം ചേർന്നുള്ള വീടാക്രമണം നടത്തുക, മയക്കുമരുന്നു നൽകി കൂട്ടുകാരിയെ സംഘം ചേർന്നു പീഡിപ്പിക്കുക, വിരോധമുള്ള ആൺകുട്ടികൾ പീഡിപ്പിച്ചു എന്ന് വ്യാജപ്പരാതി നൽകുക, കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി പോക്സോ കേസ് സാഹചര്യം ഉണ്ടാക്കുക... കുട്ടിക്കുറ്റങ്ങളുടെ രൂതികളിൽ കുട്ടിത്തം പാടെ പോയിക്കഴിഞ്ഞു. നഷ്ടമാകുന്ന കുട്ടിത്തത്തിന്റെ അടയാളങ്ങളല്ലേ ഇത്? മുതിർന്നവരുടെ ക്രൂരത നിഴലിക്കുന്ന കുട്ടിക്രൈമുകൾ സമൂഹത്തെ പൊള്ളിക്കും. അത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നവരോട് ദാക്ഷണ്യമില്ലാത്ത മനോഭാവം സമൂഹം പ്രകടിപ്പിക്കും. എന്നാൽ, ഒരു കാര്യം മറക്കരുത്,  ഇത്തരം കേസുകളിൽ പ്രതിഭാഗത്തു നിൽക്കുന്നവർ പ്രായത്തിൽ കുട്ടികളാണ്. 

തിരിച്ചറിവില്ലാത്ത കാലത്തെ പുതു അറിവുകൾ... 

പഴയതു പോലെയല്ല അറിവിന്റെ ലോകം. മുതിർന്ന ഒരാളിൽ നിന്ന്, ഒരു ലൈബ്രറിയിൽ പോയി തിരഞ്ഞെടുത്ത്, പുസ്തകങ്ങൾക്കിടയിൽ ഒളിച്ചുവച്ച് ഒന്നും ‘നന്മതിന്മ’കളുടെ അറിവു തേടേണ്ട കാര്യമില്ല ഇന്നത്തെ കുട്ടികൾക്ക്. ഇന്റർനെറ്റിന്റെ വരവോടെ എന്തുകരത്തിലുള്ള അറിവും ആർക്കും കയ്യെത്തും ദൂരത്തായി. കോവിഡിന്റെ വരവിൽ ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ ഇന്റർനെറ്റ് കുട്ടികളുടെ സ്വകാര്യതയുടെ ഭാഗമായി. അധ്യാപകരിൽ നിന്ന് ലഭിക്കുന്ന അറിവിനേക്കാൾ അവർക്കു താൽപര്യമുള്ള കാര്യങ്ങൾ ഒരു ക്ലിക്കിനപ്പുറം ലഭിക്കുന്ന സാഹചര്യം ഗുണത്തേപ്പോലെ തന്നെ പിപരീത ഫലവും സൃഷ്ടിക്കുന്നതായി. ബാല്യത്തിലെയും കൗമാരത്തിലെയും തലച്ചോറിലേക്ക് മുതിർന്നവരുടെ ലൈംഗികതയും ഗെയിമുകളുടെ രൂപത്തിലുള്ള അക്രമത്തിന്റെ ബിംബങ്ങളും കയറിക്കൂടിയാല്‍ അവർ ചില സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറുമെന്നു പറയാന്‍ പറ്റില്ല. ഇത് ഈ കാലത്ത് രക്ഷിതാക്കൾ തിരിച്ചറിയേണ്ട വസ്തുതയാണ്. ഓൺലൈനിലൂടെയും മറ്റു പല സ്രോതസ്സുകളിലൂടെയും ഇത്തരം വികല അറിവുകൾ കുട്ടിമനസ്സുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. 

പ്രായത്തിനു ചേരാത്ത ദുരനുഭവങ്ങളിലൂടെ പല കുട്ടികളും കടന്നു പോകുന്നുണ്ട്. കുട്ടികളിലിത് തെറ്റായ സ്വാധീനം ചെലുത്താനിടയുണ്ട്. കുട്ടിക്കു ലഭിക്കുന്ന മൂല്യബോധവും നല്ല കൂട്ടുകെട്ടും കുടുംബ സാഹചര്യവുമൊക്കെയാണ് ഇത്തരം സ്വാധീനങ്ങളിൽ പോടാതെ അവരെ സംരക്ഷിച്ചു നിർത്തുന്നത്. ഈ സംരക്ഷണ കവചം ദുർബലപ്പെട്ടാൽ ഫലം നമ്മൾ കരുതുന്നതിനപ്പുറമാകും. പതിനഞ്ച് വയസ്സുകാരന്‍ ഇരുപത്തിയൊന്നുകാരിയെ പകല്‍വെളിച്ചത്തിൽ ലൈംഗികമായി ഉപദ്രവിക്കാൻ തുനിഞ്ഞ കൊണ്ടോട്ടി സംഭവവും കടുത്തുരുത്തിയിൽ വീടാക്രമിച്ചതുമെല്ലാം ഇത്തരം ദുർബലപ്പെടലിന് ഉദാഹരണമാകാം. 

മനസ്സിലാക്കണം നമ്മുടെ കുട്ടികളെ

സങ്കീർണമായ ഈ സാഹചര്യത്തിൽ യാഥാർത്ഥ്യം ഉൾക്കൊണ്ട് മാറ്റം വരേണ്ടത് മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ്. കുട്ടികളെ ഈ സൈബർലോകം രൂപപ്പെടുത്തിയെടുക്കുന്ന സങ്കീര്‍ണമായ മാനസിക ചക്രവാളങ്ങൾ മിക്ക മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയുന്നില്ല. മാറുന്ന സാഹചര്യത്തിൽ കുട്ടികളെ വളര്‍ത്താനുള്ള അറിവു മാതാപിതാക്കൾ നേടിയിട്ടുമില്ല. പല മാതാപിതാക്കളും കുട്ടികളെ പോലെതന്നെ ഓൺലൈൻ ശീലങ്ങളുടെ അടിമകളാണ്. കുട്ടികൾക്ക് ഉള്ളു തുറന്നു മിണ്ടാനും പറയാനുമുള്ള ഇടം കൊടുക്കാൻ നേരവുമില്ല. എന്നാൽ ഭൗതിക സൗകര്യങ്ങൾക്ക് ഒരു കുറവുമുണ്ടാക്കില്ല. സ്വന്തം സാമ്പത്തിക സാഹചര്യത്തിനും മേലെയുള്ള ജീവിതശൈലികൾ സമ്മാനിക്കും. ഈ പുതിയ ഗാർഹിക സാഹചര്യമാണ് പലപ്പോഴും കുട്ടിക്കുറ്റവാളികളെ ഉണ്ടാക്കുന്നത്. ഓൺലൈൻ പഠന സാഹചര്യവും ഇന്റർനെറ്റ് ലഭ്യതയുമെക്കെ കുട്ടികൾക്ക് കൂടുതൽ സ്വകാര്യ ഇടങ്ങൾ നൽകിയിട്ടുണ്ട്. അവിടെ എന്തു നടക്കുന്നുവെന്ന് മുതിർന്നവർക്ക് കൃത്യമായ അറിവില്ല. ഒരു അദൃശ്യമതിൽ പല വീടുകളിലും കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ വന്നിട്ടുണ്ട്. നിയമവുമായി സംഘർഷം വരുന്ന പ്രവൃത്തികളിലേക്കും മറ്റു ഗുരുതരമായ പെരുമാറ്റ വൈകല്യങ്ങളിലേക്കും പോകാനുള്ള അനുകൂല സാഹചര്യം ഇത് മൂലം ഒരുങ്ങുന്നു.

പണമുണ്ടാക്കാനായി തരികിടകൾ

സങ്കീര്‍ണ ബാല്യങ്ങളും കൗമാരങ്ങളും ഒരു യാഥാർഥ്യമാണ്‌. കോവിഡ് നാളുകളിൽ അതു വർധിച്ചുവോയെന്നു സംശയിക്കണം. അതിൽ പോണോഗ്രഫി കണ്ടിട്ടുള്ളവരുണ്ട്, അക്രമം നിറയുന്ന വിഡിയോ ഗെയിമുകൾ കളിച്ചവരുണ്ട്, ഓൺലൈൻ കാലം നല്‍കുന്ന വിദേശ സീരിയൽ ആസ്വാദനങ്ങളുടെ അവശേഷിപ്പുകളുണ്ട്, നിത്യേനയെന്നോണം പൊതുബോധത്തില്‍ നിറയുന്ന കുറ്റകൃത്യങ്ങളുടെ മാതൃകകളുണ്ട്. ഇതൊക്കെ ഇളംമനസ്സുകളെ എങ്ങനെയൊക്കെ മാറ്റിമറിച്ചുവെന്നത് വീട്ടുകാർക്കെങ്കിലും അറിയാമോ? അറിയാൻ ശ്രമിക്കുന്നുണ്ടോ? കൗമാര കൗതുകവും റിസ്ക് എടുക്കാനുള്ള വാസനയും കൂടി ചേരുമ്പോൾ ഇവയൊക്കെ പ്രയോഗത്തിൽ വരുത്തണമെന്ന ഉൾപ്രേരണയുണ്ടാകാം. തുണയാകേണ്ട മൂല്യവിചാരം കൃത്യമായി കിട്ടാത്ത വീടുകളിലെ കുട്ടികൾ പെട്ടുപോകാം. സുഖവും ഉല്ലാസവുമാണ് ജീവിതത്തില്‍ പ്രധാനമെന്ന നീതിശാസ്‌ത്രത്തിന്റെ പിറകെ പോകുന്ന പിള്ളേരും ഇതുപോലെയുള്ള അരാജകത്വത്തിന്റെ വഴിയേ പോകാം. ഇതിനായി പണമുണ്ടാക്കാനായി തരികിടകൾ കാട്ടുന്ന എത്രയോ കുട്ടികൾ.

നിരന്തര ജാഗ്രത വേണം

എന്റെ കുട്ടി ഇതിലൊന്നും പെടില്ലെന്ന വിചാരം വേണ്ട. കൂടുതൽ സ്വകാര്യതയിലേക്കും രഹസ്യ സ്വഭാവത്തിലേക്കും ചുരുങ്ങാൻ ശ്രമിക്കുമ്പോൾ സൂക്ഷിക്കണം. എന്തു ചെയ്യുന്നുവെന്ന് സ്‌നേഹത്തോടെ അന്വേഷിക്കുമ്പോൾ കയർത്താണ് മറുപടിയെങ്കിൽ ശ്രദ്ധിക്കണം. ഒളിക്കാൻ ശ്രമിക്കുന്ന എന്തിലും ഒരു കുഴപ്പത്തിന്റെ തീപ്പൊരിയുണ്ടാകാം. നേരത്ത തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ അത് വലിയ അഗ്നിയായി ഉറക്കം കെടുത്തും. ഇതൊക്കെ സാധിക്കണമെങ്കിൽ സംശയാലു ചമയാതെയുള്ള നല്ല അടുപ്പവും തുറന്ന ആശയവിനിമയവും വേണം. കുട്ടിയെ കുട്ടിയായി വളർത്താനുള്ള വൈഭവവും പ്രധാനം. 

ക്രൈം ഉണ്ടാകുമ്പോള്‍ മാത്രം ഞെട്ടിയാൽ ഇത് തീരില്ല. നിരന്തര ജാഗ്രത വേണം. അതിരു വിടുന്ന വികൃതികളുടെ പൊട്ടും പൊടിയും കാണുമ്പോൾ അധ്യാപകരും ഉണർന്ന് പ്രവർത്തിക്കണം. അത്തരമൊരു സംരക്ഷണ വലയം ഇല്ലാതെ പോയതിന്റെ കോട്ടം കാണാനുണ്ട്. ഇതൊക്കെ തടയാൻ വേണ്ടി സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ ശക്തമാക്കാം. കുട്ടികളെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന മുതിർന്നവരെ നിയമത്തിനു കാട്ടിക്കൊടുക്കാം. കുറ്റം ചെയ്താലും കുട്ടിയുടെ പക്ഷം ചേർന്ന് നിൽക്കാം. ഉത്തരവാദികൾ മുതിർന്നവരും സമൂഹവുമാണല്ലോ. കുട്ടിത്തം വീണ്ടെടുക്കാൻ എന്തു ചെയ്യാമെന്ന് കൂടി ആലോചിക്കാം. 

(ലേഖകൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണ്‌)

Tags:
  • Mummy and Me
  • Parenting Tips