Wednesday 10 November 2021 04:07 PM IST

‘പല വീടുകളിലും കുട്ടികൾ കുട്ടികൾ അല്ലാതായി; മനസ്സിലും ചിന്തയിലും ഓടുന്ന കാര്യങ്ങൾ മുതിർന്നവരുടേതിന് സമാനം’: ഡോ. സി ജെ ജോൺ പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

dr-cjjjggjohhn76655677

പ്ലസ് വൺ വിദ്യാർഥിനി കൂട്ടുകാരെ കൂട്ടി സഹപാഠിയുടെ വീട് ആക്രമിച്ച വാർത്ത ഞെട്ടലോടെയാണ് നമ്മൾ വായിച്ചത്. മറ്റൊരിടത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥികൾ വീട് വിട്ടിറങ്ങിയതും പതിനഞ്ചുകാരൻ യുവതിയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചതും പതിനേഴുകാരി യൂട്യൂബിൽ നോക്കി പ്രസവം എടുത്തതുമൊക്കെ നമ്മൾ വായിച്ചു. ഇവരെല്ലാം നമുക്ക് കുട്ടികൾ ആണ്, പക്ഷേ.. മുതിർന്നവർ പോലും ചെയ്യാൻ ഭയപ്പെടുന്ന കാര്യങ്ങളാണ് ഇവരിൽ പലരും ചെയ്തത്. എന്താണ് നമ്മുടെ കുട്ടികളുടെ മനസ്സിൽ സംഭവിക്കുന്നത്? മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടിത്തം ഇല്ലാതാക്കിയോ? ഈ വിഷയത്തിൽ മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടർ സി ജെ ജോൺ വനിതാ ഓൺലൈനുമായി സംസാരിക്കുന്നു. 

കുട്ടികൾ കുട്ടികൾ അല്ലാതായി..

കുട്ടികളുടെ മനസ്സിലേക്ക് വലിയവരുടേതായിട്ട് ഒരുപാട് കാര്യങ്ങൾ വന്നു വീഴുന്നുണ്ട്. ശരിയും തെറ്റും തിരിച്ചറിയാനുള്ള മാനസിക പക്വത പലർക്കുമില്ല. തലച്ചോർ വികസിച്ചു വരുന്ന പ്രായത്തിലാണ് ഇത്തരത്തിലുള്ള ക്രൈമിൽ അവർ ഉൾപ്പെടുന്നത്. പ്രണയത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ, ലൈംഗികതയെ കുറിച്ചുള്ള കാര്യങ്ങൾ, ഗെയിമിങ്ങിന്റെ രസങ്ങൾ തുടങ്ങി ഭ്രാന്തമായ അടിമത്വത്തിലേക്ക് കുട്ടികളുടെ മനസ്സ് പോവുകയാണ്. കുട്ടികൾക്ക് ഇത് വിവേചനബുദ്ധിയോടെ വിശകലനം ചെയ്തു പ്രവർത്തിപദത്തിലേക്ക് കൊണ്ടുവരാനുള്ള രീതിയിൽ അവരുടെ തലച്ചോറിന് വികാസമില്ല. നമ്മൾ കുട്ടികളോട് മൂല്യബോധം, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ അന്ധമായി പറയാറുണ്ട്. അതിനെയൊക്കെ മറികടക്കുന്ന രീതിയിലാണ് ഇന്റർനെറ്റിൽ നിന്നും കുട്ടികൾക്ക് ഓരോ അറിവുകൾ ലഭിക്കുന്നത്. 

ഇപ്പോൾ പന്ത്രണ്ടും പതിമൂന്നും വയസ്സിൽ കുട്ടികൾക്ക് ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും ഒക്കെ ഉണ്ട്. ലൈംഗികതയെ കുറിച്ചുള്ള വിഡിയോകൾ കണ്ടാണ് പലരും വളരുന്നത്. ഇത്തരം കാര്യങ്ങൾ ഉണ്ടാക്കുന്ന ഉൾപ്രേരണകളെ നിയന്ത്രിക്കാനുള്ള വൈഭവം കുട്ടികൾക്ക് ഇല്ല. പല വീടുകളിലും കുട്ടികൾ കുട്ടികൾ അല്ലാതായി മാറുകയാണ്. രൂപവും പ്രായവും ഒക്കെ കുട്ടികളുടേതാണെങ്കിലും അവരുടെ മനസ്സിലും ചിന്തയിലും ഓടുന്ന പല കാര്യങ്ങളും മുതിർന്നവരുടേതിന് സമാനമായിട്ടുള്ള കാര്യങ്ങളാണ്. അങ്ങനെ പുതിയ രീതിയിലൂടെ പോകുന്ന കുട്ടികളെ തെറ്റും ശരിയും മനസ്സിലാക്കി വളർത്താൻ നമ്മുടെ പാരന്റിങ് രീതികളും മാറിയിട്ടില്ല. അച്ഛന്റെയും അമ്മയുടെയും മനസ്സിൽ മക്കൾ എപ്പോഴും കുട്ടികളാണ്. പക്ഷേ, അവരുടെ യഥാർത്ഥ മാനസികാവസ്ഥ തിരിച്ചറിയപ്പെടുന്നില്ല. ചില സൂചനകൾ കണ്ടാലും അവൻ കുട്ടിയല്ലേ, അവൾ കുട്ടിയല്ലേ എന്ന രീതിയിലാകും മാതാപിതാക്കൾ ചിന്തിക്കുക. 

ഒരു രസത്തിനു തുടങ്ങി ഒടുവിൽ..

പ്രണയം എന്ന് പറയുമ്പോൾ അവന് കിട്ടുന്ന മാതൃകകൾ വെടിവച്ചു കൊല്ലുന്നതും കത്തിക്കുന്നതുമൊക്കെയാണ്. അത്തരം ബിംബങ്ങൾ ആണ് കുട്ടികളുടെ മനസ്സിലേക്ക് എത്തുന്നത്. സിനിമയും അവരുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ട്. ഒളിച്ചോടി പോകുന്നതും നാട് വിടുന്നതുമൊക്കെ സിനിമയിൽ ഗ്ലോറിഫൈ ചെയ്തു കാണിക്കുമ്പോൾ അതൊരു ഹീറോയിസമായി കാണുന്നവരുണ്ട്. യാത്ര ചെയ്യണം, സ്വതന്ത്രമായി നടക്കണം എന്നൊക്കെ പറഞ്ഞു ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത്.   

ജീവിക്കുന്നത് പണമുണ്ടാക്കാനും എൻജോയ് ചെയ്യാനുമാണെന്ന ഒരു തോന്നൽ സമൂഹത്തിൽ വന്നിട്ടുണ്ട്. സുഖാനുഭൂതി തേടി ലഹരിയ്ക്ക് അടിമപ്പെടുന്നവരും കൂടുതലാണ്. ഒരു രസത്തിനു തുടങ്ങി ഒടുവിൽ എത്തിപ്പെടുന്നത് ക്രൈമിലേക്കാണ്. പെൺകുട്ടികളിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. മൊബൈൽ ചാറ്റ് റിലേഷൻഷിപ്പിലൂടെ വലിയ പ്രശ്നങ്ങളിൽ ചാടുന്ന കുട്ടികൾ വളരെ കൂടുതലാണ്. എത്രകണ്ടുതന്നെ ബോധവത്കരണം കൊടുത്താലും കാര്യമില്ല. ഇഷ്ടം കൂടി വിധേയത്വം ഉണ്ടായിക്കഴിഞ്ഞാൽ ഏതു പടവും കൈമാറാമെന്ന രീതിയിലേക്ക് പോകുന്ന കുട്ടികൾ ധാരാളമുണ്ട്. യൂട്യൂബിൽ നോക്കി പ്രസവം എടുക്കുന്നത് വരെയെത്തി കാര്യങ്ങൾ.

രഹസ്യ ലോകത്തിൽ.. 

ഒരു പ്രായം കഴിഞ്ഞാൽ കുട്ടികളിലെ കുട്ടിത്ത ഭാവം പോവുകയാണ്. സമഗ്രവ്യക്തിത്വ വികസനം എന്ന് പറയുന്നുണ്ടെങ്കിലും സ്‌കൂളിൽ നിന്ന് അത് പൂർണ്ണമായും ലഭിക്കുന്നില്ല. കോവിഡ് വന്നതോടെ പഠനം ഓൺലൈനിൽ ആയി. ഇതോടെ കുട്ടികളുടെ ദിനചര്യ നഷ്ടപ്പെട്ടുപോയി. ഓൺലൈൻ ക്ലാസ് കഴിഞ്ഞാൽ പിന്നെ ധാരാളം സമയമാണ് മുന്നിലുള്ളത്. ഗെയിമിങ്, കൊറിയൻ സീരീസ്, സിനിമകൾ എന്നുതുടങ്ങി അവരുടെ പ്രായത്തിനു ചേരാത്ത കാര്യങ്ങളിൽ ഏർപ്പെടുകയാണ്.   

സാമ്പത്തിക ബുദ്ധിമുട്ടും ജോലിപ്രശ്നങ്ങളും ഒക്കെയായി രക്ഷിതാക്കൾക്ക് വേണ്ട രീതിയിൽ അവരെ ശ്രദ്ധിക്കാനും സമയമില്ലാതായി. മുൻപ് സ്‌കൂളിൽ കൂടുതൽ സമയം ചിലവഴിച്ചിരുന്നു. അധ്യാപകരുടെ ശ്രദ്ധയും കരുതലും കിട്ടിയിരുന്ന സ്‌കൂൾകാലം രക്ഷിതാക്കൾക്ക് ഏറെ ആശ്വാസമായിരുന്നു. അന്ന് കുറച്ചു സമയം മാത്രം കുട്ടികളെ ശ്രദ്ധിച്ചാൽ മതിയായിരുന്നു. ഇന്നത്തെ അവസ്ഥ അതല്ല. മൊബൈലുമായി പഠനത്തിനാണെന്ന് പറഞ്ഞ് മുറിയടച്ചിരിക്കുകയാണ് കുട്ടി. അനാവശ്യമായി കുട്ടി സ്വകാര്യതയിലേക്ക് പോകുന്നുവെങ്കിൽ അത് കുഴപ്പത്തിന്റെ സൂചനയാണ്. എതിർപ്പ് പ്രകടിപ്പിക്കൽ, ദേഷ്യം കാണിക്കൽ, വാശി പിടിച്ചു ആഗ്രഹം സാധിച്ചെടുക്കൽ ഇതൊക്കെ സൂചനകളാണ്. അങ്ങനെ രഹസ്യലോകത്തിലേക്ക് പോയിട്ടുള്ള കുട്ടികൾ നിരവധിയാണ്. കുറച്ചുകൂടി ദുർഘടം പിടിച്ച കുട്ടിക്കാലം ആണ് ഇപ്പോഴുള്ളത്. 

മുൻപ് മാതാപിതാക്കൾ സ്നേഹം കൊടുക്കുന്നവരാണ്, ഇപ്പോൾ കുറേകൂടി മെറ്റീരിയലിസ്റ്റിക് ആയി. കുട്ടികൾക്ക് അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കുന്ന വ്യക്തികൾ മാത്രമാണ് മാതാപിതാക്കൾ. പ്രൊവൈഡർ എന്ന നിലയിലായി, അതിൽ സ്നേഹത്തിന്റെ വാത്സല്യത്തിന്റെ എലമെന്റ് എവിടെയോ നഷ്ടമായി. ഒരു പരിധിവരെ മാതാപിതാക്കളും ഇതിനൊക്കെ കാരണമാണ്. കുട്ടികളുമായി ആവശ്യത്തിന് സമയം ചിലവഴിക്കാതെ, അവരിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാതെ എല്ലാത്തിനും കാശ് കൊണ്ടുള്ള കുറുക്കുവഴിയിലേക്ക് വളർത്തൽ മാറിയതോടു കൂടിയാണ് കുട്ടികളിലും മാറ്റങ്ങൾ വന്നിരിക്കുന്നത്. 

ആദ്യം അറിയേണ്ടത് മാതാപിതാക്കൾ

എന്റെ കുട്ടി ഇതിൽ നിന്ന് മുക്തനാണ്, നിഷ്കളങ്കനാണ് എന്നൊന്നും ചിന്തിക്കാതെ എല്ലാ കുട്ടികളും പൊതുവിൽ ഉണ്ടായിരിക്കുന്ന സാംസ്കാരിക മലിനീകരണത്തിന്റെ ഇരകളാകാൻ സാധ്യതയുള്ളവരാണ് എന്ന് മനസ്സിലാക്കിയിട്ട് കുറച്ചുകൂടി കൂടുതൽ സമയം കുട്ടികളുമായി ചിലവഴിക്കേണ്ടി വരും. അവരെ മലിനപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ചു പോലും ചർച്ച ചെയ്യേണ്ടി വരും. അയ്യേ.. ഇതെങ്ങനെയാ എന്ന് ചിന്തിക്കാതെ ശരി തെറ്റുകളെ കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കണം. കുട്ടിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കണം. രാവിലെ സ്‌കൂളിൽ പോകുന്ന കുട്ടി തിരിച്ചുവരുമ്പോൾ പോയപോലെ ആയിക്കൊള്ളണം എന്നില്ല. ഇതിനിടയ്ക്ക് അവന്റെ മനസ്സിനെ സ്വാധീനിക്കുന്ന പല സംഭവങ്ങളും ഉണ്ടായിരിക്കാം. അതിനെക്കുറിച്ചു ഓപ്പൺ ആയി ചർച്ച ചെയ്യാനും സംസാരിക്കാനും ഉള്ള സ്വാതന്ത്ര്യം വീടുകളിൽ ഉണ്ടാകണം. 

കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആദ്യം അറിയേണ്ടത് മാതാപിതാക്കളാണ്. അടുത്ത ലെവലിൽ അധ്യാപകരും ആയിരിക്കണം. പ്രശ്നങ്ങളിൽ ചെന്ന് ചാടുമ്പോഴായിരിക്കും പലരും എന്റെ കുട്ടിയാണോ ഇങ്ങനെ ചെയ്തത് എന്നൊക്കെ അമ്പരന്നു പോകുന്നത്. ഏറ്റവും അവസാനം സ്വന്തം കുട്ടിയെ അറിയുന്നതിൽപരം ദുരന്തം വേറെയില്ല. മാതാപിതാക്കളും അധ്യാപകരും ഒരുപോലെ പരിശ്രമിച്ചാൽ മാത്രമേ മൂല്യബോധമുള്ളവരായി കുട്ടികളെ വളർത്തിയെടുക്കാൻ സാധിക്കൂ..  

Tags:
  • Mummy and Me
  • Parenting Tips