Thursday 04 October 2018 11:59 AM IST : By സ്വന്തം ലേഖകൻ

വീട്ടില്‍ കുറുമ്പൻ, കൂട്ടുകാർക്കിടയിൽ നാണം കുണുങ്ങി; നിങ്ങളുടെ കുട്ടിയെ സ്മാർട്ടാക്കാം, അഞ്ച് വഴികളിലൂടെ

shy-1

കുഞ്ഞുങ്ങളെക്കുറിച്ച് വാ തോരാതെ പറയാൻ ഒട്ടും മടിക്കാത്തവരാണ് അച്ഛനമ്മമാർ. മക്കളുടെ നേട്ടങ്ങളേയും അവരുടെ ഇഷ്ടാനിഷ്ടങ്ങളേയും കുറിച്ച് പറയാൻ ഇത്തിരിയല്ല, ഒത്തിരിയുണ്ടാകും. എന്നാൽ അവരെ അതിഥികൾക്കു മുന്നിലോ സദസിനു മുന്നിലോ പരിചയപ്പെടുത്തുന്ന ഘട്ടം വന്നാലോ? വീട്ടിലെ കുസൃതിക്കുരുന്ന് ആളൊരു നാണക്കാരനാകും. സ്വന്തം കുഞ്ഞുങ്ങളെക്കുറിച്ച് അച്ഛനമ്മാർ അതു വരെ ഉണ്ടാക്കിയെടുത്ത ഇമേജ് അതോടെ ആവിയാകുകയും ചെയ്യും.

വീട്ടിലെ കുറുമ്പൻ മറ്റുള്ളവർക്ക് മുന്നിൽ എന്തേ നാണക്കാരനാകുന്നു? നിങ്ങളുടെ കുരുന്നിനെ സ്മാർട്ടാക്കി എടുക്കാൻ എന്താണ് മാർഗം. ഇനി പറയുന്ന അഞ്ച് സ്കില്ലുകളിലൂടെ നിങ്ങളുടെ കുട്ടിയെ സ്മാർട്ടാക്കി മാറ്റാനാകും. അവ ഏതൊക്കെയെന്ന് നോക്കാം....

നീ ആള് പുലിയാണ് കേട്ടോ

സ്വന്തം കുഞ്ഞുങ്ങളുടെ കഴിവും കരുത്തും ദൗർബല്യങ്ങളും എന്തെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുക. മറ്റുള്ളവരുടെ കഴിവുകളിൽ ഊറ്റംകൊള്ളാതെ സ്വന്തം കുഞ്ഞുങ്ങളുടെ കഴിവിലും നേട്ടത്തിലും അഭിമാനിക്കുക. വിവിധ തരത്തിലുള്ള വ്യക്തികൾ, സാഹചര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കുന്നത് നിങ്ങളുടെ കുട്ടികളെ സ്മാർട്ടാക്കി മാറ്റുക മാത്രമല്ല മികച്ച വ്യക്തിത്വത്തിനും ഉടമയാക്കും.

shy-2

അവർ പറക്കട്ടെ സ്വതന്ത്രമായി

സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് കുട്ടികളിൽ രൂപപ്പെടുത്തിയെടുക്കുന്നതും പ്രധാനമാണ്. അവർ എന്ത് ചെയ്യുന്നു എന്നതിൽ ഒരു കണ്ണുണ്ടായിരിക്കണം എന്നു മാത്രം. കുട്ടികളുടെ അഭിപ്രായങ്ങൾ, അവർ പങ്കു വയ്ക്കുന്ന നിർദ്ദേശങ്ങൾ, അവരുടെ കഴിവുകൾ എന്നിവ നാം വിലമതിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തണം. മറ്റുള്ള കുട്ടികളുമായുള്ള സമ്പർക്കത്തിലൂടേയും ഇത്തരത്തിൽ കുട്ടികളെ മിടുക്കരാക്കി മാറ്റാൻ കഴിയും.

ബന്ധനങ്ങളാകാത്ത ബന്ധങ്ങൾ

നല്ല സുഹൃദ്ബന്ധങ്ങൾ നിങ്ങളുടെ കുട്ടിയെ മിടുക്കരാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയം വേണ്ടേ വേണ്ട. വ്യക്തികളുമായും സമൂഹവുമായും എപ്രകാരം ബന്ധപ്പെടുന്നു എന്നതിലാണ് നിങ്ങളുടെ കുട്ടിയുടെ മിടുക്ക് ഒളിഞ്ഞിരിക്കുന്നത്. ഒരു സംഭാഷണം എങ്ങനെ ആരംഭിക്കാം, ഒരു കൂട്ടം ആളുകൾക്കിടയിൽ, അവരുടെ അഭിപ്രായങ്ങൾക്കിടയിൽ എങ്ങനെ പങ്കുചേരാം എന്നീ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുക. ടീച്ചർമാർ, മുതിർന്നവർ എന്നിവരുടെ ശ്രദ്ധ എങ്ങനെയെല്ലാം പിടിച്ചുപറ്റാം എന്നീ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതും അഭികാമ്യം. ചില കുട്ടികൾക്ക് മറ്റുള്ളവരുമായി കൂട്ടുകൂടാനും ഇടപെടാനുമെല്ലാം മടിയായിരിക്കും അവരെ ക്രമേണ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.

shy-3

ക്ഷമാശീലമുള്ളവർ വീജയികൾ

കുട്ടികളെ ക്ഷമാശീലമുള്ളവരാക്കുക എന്നതാണ് മറ്റൊരു പ്രധാന സംഗതി. ഉദാഹരണത്തിന് ഒരു ക്യൂവിൽ കാത്തു നിന്ന് കാര്യങ്ങൾ നേടിയെടുക്കാൻ കുട്ടികളെ ചെറുപ്പത്തിലേ പ്രാപ്തരാക്കുക. പാർക്കിൽ കളിക്കുമ്പോൾ തങ്ങളുടെ അവസരത്തിനായി കാത്തു നിൽക്കാൻ കുട്ടികളെ ഉപദേശിക്കുക.

വിനോദത്തിനായ് ഇത്തിരി നേരം

വിനോദവും വിജ്ഞാനവും സമം ചേരുമ്പോഴാണ് കുട്ടികൾ സ്മാർട്ടായി മാറുന്നത്. കൂട്ടുകാരോടൊപ്പം വിനോദത്തിനായ് സമയം ചെലവഴിക്കാൻ അവരെ അനുവദിക്കുക. ഒരു പക്ഷേ നിങ്ങളുടെ കുട്ടി കൂട്ടുകാർക്കിടയിൽ നാണക്കാരനായി മാറി നിൽക്കുന്നുണ്ടാകും, അതിൽ വിഷമിക്കേണ്ടതില്ല. ക്രമേണയുള്ള ഇടപെടലുകളിലൂടെ മാത്രമേ നിങ്ങളുടെ കുരുന്നിനെ നാണംകുണുങ്ങലിൽ നിന്നും പുറത്തു കൊണ്ടുവരാനാകൂ.

shy-4