Saturday 14 December 2019 04:42 PM IST : By സ്വന്തം ലേഖകൻ

കുറുക്ക് നീട്ടി തയാറാക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടുത്തും; പൊന്നോമനയുടെ ഭക്ഷണശീലത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം...

food55gubbnij

കുഞ്ഞുങ്ങൾക്ക് എന്ത് ഭക്ഷണമാണ് നൽകേണ്ടതെന്നത് മിക്ക അമ്മമാരുടെയും സംശയമാണ്. കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകം ഉറപ്പാക്കാൻ ഭക്ഷണശീലത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം.

ആറ് മാസം വരെ

ജനിച്ച് ആറ് മാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. ഈ കാലയളവിൽ വെള്ളം നൽകേണ്ട ആവശ്യമില്ല. അമ്മ കുടിക്കുന്ന വെള്ളത്തിലൂടെ കുഞ്ഞിന് ആവശ്യമായ വെള്ളം ലഭിക്കും.  

ആറ് മാസത്തിന് മുൻപ് മുലപ്പാൽ അല്ലാതെയുള്ള ഭക്ഷണം നൽകുന്നത് വയറിളക്കം, പലവിധ അസുഖങ്ങൾ ഇവയ്ക്ക് കാരണമാകാം. കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനും രോഗപ്രതിരോധശക്തി ഉറപ്പാക്കുന്നതിനും ആറ് മാസം മുലപ്പാൽ മാത്രം നൽകുക.

ആറ് മാസത്തിനു ശേഷം

ആറ് മാസത്തിനു ശേഷം കുട്ടികളുടെ വളർച്ചയ്ക്ക് കൂടുതൽ ഊർജവും പോഷകങ്ങളും ആവശ്യമാണ്. അതുകൊണ്ട് കട്ടിയാഹാരം പരിചയപ്പെടുത്താം. കഴിയുമെങ്കിൽ  ഈ കാലയളവിലും പ്രധാന ഭക്ഷണമായി മുലപ്പാൽ നൽകണം. ഒപ്പം വീട്ടിലുണ്ടാക്കുന്ന കുറുക്ക് ഉൾപ്പെടെ മൃദുവായതും പെട്ടെന്നു ദഹിക്കുന്നതുമായ ഭക്ഷണം നൽകാം. ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം.

പുതിയ രുചി പരിചയപ്പെടാൻ ആവശ്യമായ സമയം കുഞ്ഞുങ്ങൾക്ക് നൽകണം. ഒരു ഭക്ഷണം പരിചയപ്പെടുത്തി പ ത്തോ പന്ത്രണ്ടോ ദിവസം കഴിഞ്ഞ് അടുത്ത ഭക്ഷണം പുതുതായി നൽകിത്തുടങ്ങുന്നതാണ് നല്ലത്. കുട്ടികളിൽ ദഹനപ്രശ്നം, അലർജി ഇവയുണ്ടാകാനിടയുള്ളത് കൊണ്ടാണിത്. പുതുതായി ഏതെങ്കിലും ഭക്ഷണം നൽകുമ്പോൾ പകൽ സമയത്ത് നൽകാൻ ശ്രദ്ധിക്കുക.

കുറുക്ക്  നീട്ടി തയാറാക്കുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ പോഷകങ്ങളിൽ കുറവ് വരും. സ്പൂൺ ചരിച്ചാൽ പുറത്തേക്ക് ഒഴുകാത്ത പാകത്തിൽ കട്ടിയിൽ വേണം കുറുക്ക് തയാറാക്കേണ്ടത്.   

∙  റാഗി കഴുകി ഉണക്കിപ്പൊടിച്ച് അരിച്ചെടുത്ത് കുറുക്കുണ്ടാക്കാം. മധുരത്തിന് കൽക്കണ്ടമോ ശർക്കരയോ പൊടിച്ച് ചേർക്കാം. പഞ്ചസാര ഒഴിവാക്കുക. പൊടിച്ച റാഗി അരിക്കാൻ മറക്കരുത്. ഇതിലടങ്ങിയ നാരുകൾ തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ദഹിക്കില്ല. റാഗിയിൽ  കാൽസ്യം ധാരാളമടങ്ങിയിട്ടുണ്ട്. ശർക്കര കൂടി േചർത്താൽ ഇരുമ്പും സമൃദ്ധമായി ലഭിക്കും. ശർക്കര ചേർക്കുമ്പോൾ ഉരുക്കി അരിച്ച് അഴുക്ക് നീക്കാൻ ശ്രദ്ധിക്കണം.

∙ ഏത്തക്കായ കഴുകി അരിഞ്ഞ് ഉണക്കിപ്പൊടിച്ച് കുറുക്കു രൂപത്തിലാക്കി കൊടുക്കാം.

∙ പൊട്ടാസിയം, ഇരുമ്പ്, ബി വൈറ്റമിൻ ഇവയടങ്ങിയ കൂവപ്പൊടി ഏറെ ആരോഗ്യകരമാണ്. കൂവപ്പൊടി കുറുക്കായി നൽകുന്നത് ആരോഗ്യപ്രദമാണ്.

∙  അരി, ചെറുപയർ പരിപ്പ് ഇവ വേവിച്ച് നന്നായി ഉടച്ച് അൽപം നെയ്യ് ചേർക്കുന്നത് നല്ലതാണ്. നെയ്യ് ഇല്ലെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ ചേർക്കാം. ഇതിൽ ഊർജവും പ്രോട്ടീനും നല്ല കൊഴുപ്പും ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്.

∙ കുറുക്ക് പോലെ തന്നെ കാരറ്റ്, കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ വേവിച്ച് ഉടച്ച് നൽകുക.

∙ ഏഴ് മാസത്തിന് ശേഷം അംഗൻവാടികളിൽ നിന്ന് വിതരണം ചെയ്യുന്ന അമൃതംപൊടി നൽകാം. പല തരം ധാന്യങ്ങൾ ചേർത്തുണ്ടാക്കുന്ന ഈ െപാടിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

എട്ട് മാസത്തിനു ശേഷം മുട്ട മഞ്ഞ നൽകാം. അൽപാൽപമായി നൽകി അലർജിയില്ലെന്ന് ഉറപ്പ് വരുത്തുക. സാവധാനം മുട്ട വെള്ള നൽകിത്തുടങ്ങാം. ഒൻപത് മാസത്തിനു ശേഷം  വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സാവധാനം നൽകിത്തുടങ്ങാം.  

വിവരങ്ങൾക്കു കടപ്പാട്: സുേജത ഏബ്രഹാം, റിട്ടയേഡ് ന്യൂട്രീഷനിസ്റ്റ്, മെഡിക്കൽ േകാളജ്, േകാട്ടയം

Tags:
  • Mummy and Me
  • Baby Care
  • Parenting Tips