Monday 25 October 2021 03:34 PM IST : By സ്വന്തം ലേഖകൻ

‘ഭക്ഷണം മൂക്കുമുട്ടെ വാരിവലിച്ച് കഴിക്കാതെ അരവയർ മാത്രം കഴിച്ചു ശീലിക്കാം’; കുട്ടികളെ പഠിപ്പിക്കാം നല്ല ഭക്ഷണ സംസ്കാരം

healthy-food-habittttt

കുട്ടികളെ മിടുക്കന്മാരാക്കി വളർത്തുന്നത് പോലെ പ്രധാനമാണ് ആരോഗ്യകരമായ ഭക്ഷണ സംസ്കാരം പകർന്നു കൊടുക്കുന്നതും. എന്നാൽ ഇന്നത്തെ കാലത്ത് കുട്ടികളോട് എന്തു കഴിക്കണം, എങ്ങനെ കഴിക്കണം, എത്ര കഴിക്കണം എന്നതു സംബന്ധിച്ച നല്ലപാഠം പഠിപ്പിച്ചുകൊടുക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ചെറുപ്പം തൊട്ടെ കുട്ടികളിൽ നല്ല ഭക്ഷണരീതികൾ വളർത്തിയെടുക്കാം.

∙ വിശക്കുമ്പോൾ മാത്രം കഴിക്കുക

ക്ലോക്കിലെ സമയം നോക്കി ഭക്ഷണം കഴിക്കരുത്. ശരീരം ഭക്ഷണം ആവശ്യപ്പെടുമ്പോൾ മാത്രം കഴിക്കുക. അതായത് വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാം.  

∙ അരവയറുണ്ണിച്ച് ശീലിപ്പിക്കുക  

മൂക്കുമുട്ടെ വാരിവലിച്ച് കഴിക്കാതെ അരവയർ മാത്രം കഴിച്ച് ബാക്കി വെള്ളത്തിനു നീക്കിവച്ച് ഒഴിച്ചിടാൻ ശീലിക്കുക. ടിവിക്കു മുന്നിലേക്ക് ഭക്ഷണവുമായി പോകുന്ന പതിവ് അവസാനിപ്പിക്കുക. ടിവി കണ്ടു കൊണ്ട് കഴിക്കുമ്പോൾ അറിയാതെ ഭക്ഷണത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. തീൻമേശയിൽ എല്ലാവരുടെയും ഒപ്പമിരുന്ന് മാത്രം ഭക്ഷണം കഴിപ്പിക്കുക. 

∙ ഈറ്റിങ് ഔട്ട് വേണ്ട

വീട്ടിലെ അടുക്കളയിലാണ് ഏറ്റവും രുചിയേറിയതും ആരോഗ്യപ്രദവുമായ വിഭവങ്ങൾ തയാറാകുന്നത്. അതുകൊണ്ട് പരമാവധി പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഹെൽത്തിയായ ആഹാരങ്ങൾ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി നൽകാം. ജങ്ക് ഫുഡ്, ടിൻഡ് ഫുഡ്, ബേക്കറി വിഭവങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക. 

∙ പ്രാതൽ നിർബന്ധം

പഠിക്കുന്ന കുട്ടികൾ എത്ര തിരക്കുള്ള ദിവസങ്ങളിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഇത് തലച്ചോറിനുള്ള ഭക്ഷണമാണ്. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ പല ഭക്ഷണവും വേവിക്കാതെയോ പാതി വേവിച്ചോ മാത്രം കഴിച്ചു ശീലിക്കുക. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

Tags:
  • Mummy and Me
  • Parenting Tips