Friday 09 February 2018 11:42 AM IST : By േഡാ. സന്ദീഷ് പി.ടി.

വികൃതികളെ മെരുക്കാൻ ‘ചുട്ട അടി’ തന്നെ വേണമെന്നുണ്ടോ? ഇതാ അടി തീർക്കുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ

kids01

‘കുട്ടികളെ അടിക്കുവാൻ പാടില്ല’...എന്ന ആശയം പല മാതാപിതാക്കളെയും ആശയക്കുഴപ്പത്തിൽ ആക്കാറുണ്ട്. കാരണം പല കുട്ടികളുടെയും കുസൃതി നാൾക്കുനാൾ അതിരുവിടുമ്പോൾ അവരെ നിയന്ത്രിക്കുവാനായി ‘അടിമരുന്ന്’ പ്രയോഗിക്കുകയോ, പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യാറുണ്ട് പല മാതാപിതാക്കളും. എന്നാൽ കുട്ടികളുടെ പിടിവാശികളോ അക്രമവാസനകളോ അതിരുവിട്ടാൽ പോലും അതിനെ തമാശയായി, ചിരിച്ചുതള്ളുകയോ അല്ലെങ്കിൽ അവയെ നിയന്ത്രിക്കാൻ ശ്രമിക്കാതെ അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കുകയോ െചയ്യുന്ന മാതാപിതാക്കളും നമുക്കിടയിലുണ്ട്.

ശിക്ഷയുെട ബാക്കിപത്രം


ബിസിനസ് മീറ്റുകളിൽ എത്രമാത്രം തയാറെടുപ്പുകൾ നടത്തിയാലും പതറിപ്പോകുന്നു അതു പരിഹരിക്കണം എന്ന ആവശ്യവുമായാണ് ആകാശ് (േപര് സാങ്കല്പികം) എന്നെ സമീപിച്ചത്. സംസാരത്തിനിടെ കുട്ടിക്കാലത്ത് അച്ഛനിൽ നിന്ന് ഏറ്റ കടുത്ത ശിക്ഷാനടപടികളുടെ ബാക്കിപത്രമാകാം എന്നു പറയുകയുണ്ടായി. ‘സ്ഫടികത്തിലെ ചാക്കോമാഷ് ഒക്കെ എത്ര ഭേദം. ചാക്കോമാഷിനു മാനസാന്തരം ഉണ്ടായി. ഈ പ്രായത്തിലും എന്റെ അച്ഛന് ഉണ്ടായിട്ടില്ല എന്നു മാത്രമല്ല അടിക്കുന്ന രീതികളിൽ വ്യത്യസ്തത പുലർത്തുന്ന ഒരച്ഛൻ ഒരുപക്ഷേ, അപൂർവമായിരിക്കും’ എന്ന് ആകാശ് വേദനയോടെ പറഞ്ഞു.


കുട്ടികളെ വളരെ ക്രൂരമായി മർദിക്കുന്ന മാതാപിതാക്കളുടെ വിഡിയോ ഇന്നു ധാരാളമായി ലഭിക്കാറുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളോടോ, പങ്കാളിയോടോ, സ്വയം തന്നെയോ ഉള്ള സങ്കടവും ദേഷ്യവും പലപ്പോഴും പല വ്യക്തികളും സ്വന്തം കുട്ടികളോടു പ്രയോഗിക്കാറുണ്ട്. ഇത്തരത്തിൽ അകാരണങ്ങളായ മർദനം ഏൽക്കേണ്ടിവരുന്ന കുട്ടികൾ പിൽക്കാലത്ത് ആരും ശരിയല്ല, എല്ലാം നശിപ്പിക്കണം, സ്വയം നശിക്കണം എന്ന മനോഭാവത്തോടെ പ്രവർത്തിക്കുന്നവരായിത്തീരാം.  അല്ലെങ്കിൽ എല്ലാവരെയും ഭയപ്പെട്ടു മറ്റുള്ളവരുടെ മുമ്പിൽ താൻ എപ്പോഴും മോശക്കാരനാകും എന്ന ചിന്ത വച്ചുപുലർത്തി ആത്മവിശ്വാസക്കുറവുള്ളവരായി തീരുവാനും സാധ്യത ഏറെയാണ്.


നുണ പറയുന്ന കുട്ടികൾ


കുട്ടിക്കാലത്തെ ചെറിയ തെറ്റുകൾക്കും മറ്റുമായി കടുത്തശിക്ഷ ഏൽക്കേണ്ടിവരുന്ന കുട്ടികളിൽ കാണുന്ന മറ്റൊരു പ്രത്യേകത നുണ പറയുക എന്നതാണ്. വളർന്നുവരുന്ന പ്രായത്തിൽ ശിക്ഷ (മർദനം) എത്രതന്നെ ചെറുതായാലും അതു നേരിടുവാനുള്ള മാനസിക പക്വത കുഞ്ഞുങ്ങൾക്കുണ്ടാകില്ല. അതിനാൽ കുട്ടിയുടെ മുന്നിൽ പ്രശ്നപരിഹാരത്തിനുള്ള ഏകമാർഗം നുണ പറയലാകുന്നു.  തെറ്റായ കാര്യം ചെയ്യരുത് എന്ന ബോധത്തെക്കാൾ തങ്ങളോട് കർക്കശമായി മർദിക്കുന്ന രീതിയിൽ ആരും പെരുമാറരുത് എന്നതാകും കുട്ടികളുടെ  ചിന്ത. അമിതമായി കുട്ടികളെ അടിച്ചുവളർത്തുന്ന രക്ഷിതാക്കളും സ്കൂളുകളിലെ അധ്യാപകരും എല്ലാം തന്നെ കുട്ടികൾ നുണ പറയുന്നതിനു കാരണക്കാരാണ്. മാത്രമല്ല ഭയം നിറഞ്ഞ സാഹചര്യങ്ങളാണ് കുട്ടികളിൽ കുറ്റവാസനകൾ പ്രോത്സാഹിപ്പിക്കുന്നത്.

kids02

മാനസികാേരാഗ്യം തകർക്കും


കുട്ടികളുടെ മാനസികാരോഗ്യം അവരുടെ ചുറ്റുപാടുകളെ ആശ്രയിച്ചാണ്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇതിൽ പങ്കുണ്ട്. കുട്ടികളെ മർദിക്കുന്ന രക്ഷിതാക്കൾ പലപ്പോഴും കുട്ടിയുടെ മാനസികാരോഗ്യം തകർക്കുന്നതിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്. അതുപോലെ യാെതാരു നിയന്ത്രണവുമില്ലാതെ വളർത്തുന്ന കുട്ടികൾ തന്നിഷ്ടക്കാരും മറ്റുള്ളവരെ വകവച്ചുെകാടുക്കാത്തവരും മറ്റുള്ളവരുടെ വേദനകൾക്കോ പ്രശ്നങ്ങൾക്കോ  പരിഗണന നൽകാത്തവരുമായി മാറും.

നമുക്ക് എന്ത് ചെയ്യാം?


∙ ഒാരോ കുട്ടിയെയും പഠിച്ചുവേണം അവനെ/അവളെ ഏതു രീതിയിൽ തിരുത്തി നല്ല വഴിക്കു നയിക്കാമെന്നു തീരുമാനിക്കേണ്ടത്.
∙ മുതിർന്നവരെപ്പോലെ കുട്ടികൾ പെരുമാറണം, പ്രവർത്തിക്കണം എന്നു ശഠിക്കുന്നവരാണ് പലരും. മുതിർന്നവരെപ്പോലെ ചിന്താശക്തിയോ കാര്യവിവേചനശേഷിയോ കുട്ടികൾക്കില്ലെന്ന് പലരും ഒാർക്കാറില്ല. കുട്ടികളുടെ പ്രായം, ശാരീരികവും മാനസികവുമായ വികാസം എന്നിവ മനസ്സിലാക്കി വേണം പെരുമാറ്റരീതി ശീലിപ്പിക്കുവാൻ.
∙കുട്ടികൾ പലപ്പോഴും ‘അടികളെക്കാൾ’ ശബ്ദങ്ങളെ ഭയക്കുന്നവരാണ്. അതിനാൽതന്നെ ശബ്ദവ്യതിയാനത്തിലൂടെയും നിയന്ത്രണത്തിലൂടെയും മുഖഭാവമാറ്റങ്ങളിലൂടെയും കുട്ടികളെ നിയന്ത്രിക്കാം.
∙ കുട്ടിയുെട വികൃതി കൂടുമ്പോൾ ശ്രദ്ധ തിരിച്ചുവിട്ട് നിയന്ത്രിക്കാം.
∙ കുട്ടികളുടെ അനാവശ്യവാശികൾക്കു ചെവികൊടുക്കാതിരിക്കുക. അതേപോലെ അവരുടെ ന്യായമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുകയോ ഉടനെ കഴിയില്ലെങ്കിൽ എപ്പോൾ സാധിക്കുമെന്നു കാര്യകാരണങ്ങളിലൂടെ അവർക്കു മനസ്സിലാക്കി കൊടുക്കാനോ ശ്രമിക്കുക.
∙ കുട്ടികളിലെ ശരികൾ അംഗീകരിക്കുക. മറ്റുള്ളവരെപ്പോലെ പരിഗണനയും ബഹുമാനവും നൽകുക.
∙ എന്തിനും ഏതിനും കുട്ടികളുടെ കൂടെ തങ്ങൾ ഉണ്ട് എന്ന ഒരു ചിന്ത മാതാപിതാക്കൾ കുട്ടികളിൽ വളർത്തിയാൽ കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു തെറ്റു സംഭവിച്ചാൽ തന്നെ അതു കള്ളം പറഞ്ഞു ന്യായീകരിക്കാതെ മാതാപിതാക്കളോടു തുറന്നു പറയാൻ തയാറാകും.
∙ ചെയ്തതു തെറ്റാണോ ശരിയാണോ എന്ന് അറിയാതെ കുട്ടികൾ വിഷമിക്കുമ്പോൾ മാർഗനിർദേശത്തിനായി മാതാപിതാക്കളെ സമീപിക്കാൻ തോന്നുന്ന തരത്തിലുള്ള അന്തരീക്ഷം വീട്ടിലുണ്ടാക്കണം.
∙ കുട്ടികളുടെ മോശമായ പെരുമാറ്റത്തിന്റെേയാ പഠനത്തിലെ പിന്നോക്കാവസ്ഥയുടെയോ പിന്നിൽ അവർ നേരിടുന്ന സമ്മർദങ്ങളാണോ എന്ന് അറിയേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്.
∙ മാതാപിതാക്കളുടെ ദേഷ്യം തീർക്കാൻ കുട്ടികളെ കരുവാക്കരുത്.
∙ കുട്ടി മോശം സ്വഭാവം കാണിക്കുമ്പോൾ അവന്റെ/അവളുടെ ഇഷ്ടമുള്ള വസ്തുക്കളോ/കളികളോ/ഭക്ഷണസാധനങ്ങളോ നൽകാതിരിക്കുകയും എന്തുകൊണ്ട് അതു നൽകുന്നില്ല എന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക.
∙ കുട്ടിയെ അടിച്ചുകഴിഞ്ഞാൽ ഉടനെ തന്നെ അവരോടു സോറി പറഞ്ഞ്, അവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിക്കൊടുത്ത് അമിതമായി ലാളിക്കുന്ന മാതാപിതാക്കളെ കാണാറുണ്ട്. ഇത്തരം പ്രവൃത്തികൾ കുട്ടികളിൽ വീണ്ടും തെറ്റു ചെയ്യാനുള്ള പ്രവണതയാണ് വർധിപ്പിക്കുന്നത്. പകരം എന്തിനാണ് മോനെ/മോളെ അടിക്കേണ്ടിവന്നത് എന്ന് അവരെ സാവധാനം ക്ഷമയോടെ മനസ്സിലാക്കിക്കൊടുക്കുക.
∙ മാതാപിതാക്കളുടെ മാതൃകാപരമായ പെരുമാറ്റവും സത്യസന്ധമായ സ്വഭാവവും കുട്ടിയുടെ വളർച്ചയുടെ നാഴികക്കല്ലാണ്. അതിനാൽ മാതാപിതാക്കൾ സ്വയം തന്നിലേക്കു നോക്കുക. പല കുട്ടികളും അച്ഛനമ്മമാരെ അനുകരിക്കുന്നവരാണ്. സ്വന്തം ആവശ്യങ്ങൾ ദേഷ്യപ്പെട്ട് നേടിയെടുക്കുന്ന ഒരാളാണോ നിങ്ങൾ എന്നു സ്വയം വിലയിരുത്തുക.
∙ മാതാപിതാക്കളുടെ സഫലീകരിക്കാൻ സാധിക്കാതെപോയ പ്രതീക്ഷകളുടെ ഭാരം പേറുന്നവരായി സ്വന്തം മക്കളെ മാറ്റാതിരിക്കുക.
∙ എത്ര നല്ല രീതിയിൽ ശ്രമിച്ചിട്ടും കുട്ടി അംഗീകരിക്കുന്നില്ല, മോശം സ്വഭാവം, പഠനപിന്നോക്കാവസ്ഥ മുതലായവ തുടരുകയാെണങ്കിൽ മനഃശാസ്ത്രജ്ഞന്റെ സഹായം തേടാം.
∙ കുട്ടികളിൽ കാണപ്പെടുന്ന എഡിഎച്ച്ഡി പോലുള്ള അവസ്ഥകൾ, വിഷാദം, ഉത്കണ്ഠ, സ്വഭാവവൈകല്യങ്ങൾ, പഠന െെവകല്യങ്ങൾ തുടങ്ങിയവ കുട്ടികളുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും സാരമായി ബാധിക്കാം. ഇത്തരം കുട്ടികളെ അടിച്ചു ശരിയാക്കുവാൻ ശ്രമിക്കരുത്.


കുട്ടികളുമായി ആത്മബന്ധമുള്ള മാതാപിതാക്കൾക്ക് അവർ ചെയ്യുന്ന തെറ്റുകൾ മർദനത്തിലൂടെയും അടിയിലൂടെയും അല്ലാതെ എളുപ്പത്തിൽ തിരുത്തുവാനാകും. ശിക്ഷയെക്കാൾ കുട്ടികൾ തെറ്റു മനസ്സിലാക്കി തിരുത്തലിനാവണം പ്രാധാന്യം നൽകേണ്ടത്. അടിസ്ഥാനപരമായി അതു കുട്ടികൾ നേടുന്നതു മാതാപിതാക്കളെ മാതൃകയാക്കിതന്നെയാണ്.

 

തയാറാക്കിയത്: േഡാ. സന്ദീഷ് പി.ടി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗവ. മെൻറൽ െഹൽത് സെൻറർ, കോഴിക്കോട്. drsandheesh@gmail.com