Saturday 08 September 2018 04:02 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങൾക്ക് മുന്നിൽ വഴക്കിടരുതേ...; മാതാപിതാക്കൾ അറിയേണ്ടതെല്ലാം

kids3-parents

‘അച്ഛനും അമ്മയും സ്നേഹിക്കുന്നത് കണ്ട് വേണം മക്കൾ വളരാൻ’ എന്നാണ് പഴമക്കാർ പറയുന്നത്. അടുത്തിടെ ഇറങ്ങിയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ പോലും ഇത് പറയുന്നുണ്ട്. എന്നാൽ അച്ഛനും അമ്മയുമായി സ്ഥിരമായി വഴക്കിടുന്നതാണ് കുട്ടികൾ കാണുന്നതെങ്കിലോ? ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ദൈർഘ്യമില്ലാത്ത ചെറിയ ചില പിണക്കങ്ങൾ കുടുംബ ബന്ധത്തിന്റെ ആഴം കൂട്ടുമെന്നാണ്. പക്ഷെ പ്രശ്നങ്ങൾ ഭാര്യാഭർത്താക്കന്മാർക്കിടയിലല്ലാതെ കുട്ടികളുടെ മുന്നിലാകുമ്പോൾ അത് അവരെ വൈകാരികമായി ബാധിക്കും. ഇന്നത്തെ കാലത്ത് അണുകുടുംബങ്ങളായത് കൊണ്ട് തന്നെ കുട്ടികളുടെ മുന്നിൽ വച്ചല്ലാതെ പലപ്പോഴും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കങ്ങൾ ഉണ്ടാകാറില്ല. ഇത് കുട്ടികളുടെ പെരുമാറ്റത്തെ പോലും ബാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. അച്ഛനും അമ്മയും പരസ്പരം തർക്കിച്ചു ജയിക്കാൻ വാളെടുത്ത് ഇറങ്ങും മുമ്പ് അതൊക്കെ കണ്ടും കേട്ടും മക്കളുണ്ടെന്ന് ഓർക്കുക. ഇതാ കുട്ടികളുടെ മുന്നിൽ വച്ച് ഇത്തരം പിണക്കങ്ങളും വാദങ്ങളും ഒഴിവാക്കാൻ ഇനിയെങ്കിലും ശ്രമിക്കാം.

കുട്ടികളെ ഇടയ്ക്ക് ചേർക്കേണ്ട

പല കുടുംബ വഴക്കുകളിലും കുട്ടികളെ ആവശ്യമില്ലാതെ വലിചചിഴയ്ക്കുന്നവരുണ്ട്. അച്ഛൻ പറഞ്ഞതല്ലേ ശരി? അമ്മ പറഞ്ഞതല്ലേ ശരി എന്നൊക്കെ ചോദിച്ച് കുട്ടികളെ ആകെ ആശയക്കുഴപ്പിത്തിലാക്കുന്നവരുണ്ട്. ഇത് ഒട്ടും ശരിയല്ല. അച്ഛനമ്മമാർക്കിടയിലെ തർക്കങ്ങൾ കാണുകയും ഇവരെന്താണ് ഇങ്ങനെ തെറ്റായി പെരുമാറുകയും ചെയ്യുന്നതെന്ന ആശയക്കുഴപ്പവുമായി ഇരിക്കുന്ന കുട്ടികളോട് ശരിയും തെറ്റും കണ്ടു പിടിക്കാൻ ചെയ്യുമ്പോൾ അവർ ആശയക്കുഴപ്പത്തിലാകും. അമ്മയെയും അച്ഛനെയും തുല്യമായി സ്നേഹിക്കാനും തങ്ങൾക്ക് തുല്യപ്രാധാന്യമാണ് ഉള്ളത് എന്നും കാണിക്കാനാണ് ശ്രമിക്കേണ്ടത്. മുതിർന്നവർ വഴക്കുകൾ പരിഹരിച്ചാലും കുട്ടികളുടെ മനസിൽ അത് മുറിവായി അവശേഷിക്കുമെന്നതോർക്കുക.

തർക്കിക്കാം, അപമാനിക്കരുത്

എല്ലാ പ്രസ്ഥാനവും പോലെ കുടുംബവും ഐക്യത്തോടെ മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്നിരിക്കെ അവിടെ തർക്കങ്ങളും കടന്നു വരാം. ആറോഗ്യപരമായ തർക്കങ്ങൾ നല്ലതാണ്. അത് അതിരു കടക്കരുത്. ഭാര്യ ഭർത്താവിനെയോ ഭർത്താവ് ഭാര്യയെയോ അപമാനിച്ചോ വില കുറച്ചോ സംസാരിക്കരുത്. കുട്ടികളുടെ ംുന്നിൽ മാന്യമായ വാക്കുകളും പെരുമാറ്റവും എപ്പോഴും ഉറപ്പാക്കണം.

അടിപിടി വേണ്ട

പങ്കാളിയുമായുള്ള തർക്കങ്ങൾക്കിടയിൽ ഫ്ലവർവെയ്സോ തലയണയോ ഭക്ഷണമോ ഒക്കെ എടുത്തെറിയാൻ തോന്നാറുണ്ടോ? എന്നാൽ അരുത്. എത്ര വലിയ തർക്കങ്ങളുമാകട്ടെ പക്ഷെ ദോഹോപദ്രവം അരുത്. പരസ്പരം ശരീരത്തിൽ വേദനിപ്പിക്കുന്നത് തമാശയ്ക്ക് പോലും നന്നല്ല എന്നാണ് മാനസിക രോഗ വിദഗ്ധർ പറയുന്നത്. വഴക്കുകൾക്കിടയിൽ പരസ്പരം വേദനിപ്പിക്കുന്നത് കുട്ടികൾ കണ്ടാൽ അത് അവരിലെ നെഗറ്റീവ് എനർജി കൂട്ടുക മാത്രമല്ല നിങ്ങളോടുള്ള ബഹുമാനം കുറയ്ക്കാനും കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കള്ളം പറയരുത്

ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിണക്കങ്ങളും തർക്കങ്ങളും ഉണ്ടാകാം. പരസ്പരം അവർക്ക് പറഞ്ഞു ജയിക്കാനാണ് പലപ്പോഴും താലൽപര്യം. ജയിക്കാൻ വേണ്ടി എത്ര ചെറുതായാലും കള്ളം പറയരുത്. നിങ്ങളാണ് തെറ്റിന്റെ ഭാഗത്തെന്ന് തിരിച്ചറിഞ്ഞാലും കള്ളം പറഞ്ഞ് വാദിക്കരുത്. തെറ്റ് സമ്മതിക്കുന്നത് ഒരിക്കലും ചെറിയ കാര്യമല്ല, പ്രത്യേകിച്ച് കുടുംബ ബന്ധത്തിൽ അത് ഏറെ പ്രാധാന്യമർഹിക്കുന്നു.

നിങ്ങൾ മുതിർന്നവർ

നിങ്ങൾക്ക് കുട്ടിത്തമുണ്ടാകാം പക്ഷെ നിങ്ങൾ കുട്ടികളല്ല. അത് കൊണ്ട് തന്നെ പക്വമായി പെരുമാറാനും സംസാരിക്കാനും കുട്ടികളുടെ മുന്നിൽ വച്ച് പറയേണ്ട കാര്യങ്ങൾ മാത്രം പറയാനുമുള്ള വിവേകമുണ്ടാകണം. കുട്ടികൾ പലപ്പോഴും അവരുടെ മാതാപിതാക്കളെയാണ് മാതൃകയാക്കുന്നത്.