Friday 10 August 2018 03:55 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞാവയെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും കരുതലോടെ; ശ്രദ്ധിക്കണം ഈ ആറു കാര്യങ്ങൾ!

baby-bath-in

വളരെ മൃദുലവും നേർത്തതുമായിരിക്കും നവജാത ശിശുക്കളുടെ ചർമ്മം. അതുകൊണ്ടുതന്നെ കുളിപ്പിക്കുമ്പോഴും അണിയിച്ച്  ഒരുക്കുമ്പോഴുമെല്ലാം പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്;

1. ഇളം ചൂടുവെള്ളത്തില്‍ മാത്രം കുഞ്ഞുങ്ങളെ കുളിപ്പിക്കുക. അമിത ചൂടോ, തണുപ്പോ കുഞ്ഞിന്റെ ചർമ്മത്തിന് നല്ലതല്ല. ശരീരത്തില്‍ എണ്ണ തേപ്പിച്ചതിന് ശേഷം 15 - 20 മിനിറ്റ് കഴിഞ്ഞതിന് ശേഷമേ കുളിപ്പിക്കാവൂ. തലയോട്ടിയിൽ എണ്ണ തേയ്‌ക്കരുത്. തണുപ്പ് ഇറങ്ങി നീർക്കെട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്.  

2. കുഞ്ഞിന്റെ തലയിൽ വെള്ളമൊഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം കുഞ്ഞിനെ കമിഴ്ത്തി കിടത്തണം. ചെവിയിലും മൂക്കിലും വെള്ളം കയറാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

3. കുളിപ്പിച്ച ശേഷം ശ്രദ്ധയോടെ കുഞ്ഞിന്റെ മൂക്കിലെയും ചെവികളിലെയും വെള്ളം ഒപ്പിയെടുക്കണം. ഒരിയ്‌ക്കലും ചെവിക്കകത്തേക്ക് തുണിയോ ബഡ്ഡ്‌സോ കടത്താന്‍ ശ്രമിക്കരുത്. അമർത്തി തിരുമ്മുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോൾ ചുവന്ന തടിപ്പ് ഉണ്ടാകാനും തൊലി പൊട്ടാനും സാധ്യതയുണ്ട്.

4. അധികം കെമിക്കലുകള്‍ ചേരാത്ത ബേബി സോപ്പോ, നെല്ലിക്കപ്പൊടി വെള്ളത്തില്‍ യോജിപ്പിച്ചതോ, നേർത്ത പയറുപൊടിയോ ചേര്‍ത്തോ കുഞ്ഞിനെ കുളിപ്പിക്കാം. തൊലിപ്പുറത്ത് അലർജിയും ചൊറിച്ചിലും ഉണ്ടാകാതിരിക്കാനാണ് ഇത്. തലയിൽ ഷാമ്പൂ തേയ്‌ക്കുമ്പോൾ കണ്ണിൽ പോകാതെ ശ്രദ്ധിക്കണം. മലർത്തി കിടത്തി കരുതലോടെ കഴുകിക്കളയണം.

5. കുഞ്ഞിനു കണ്ണെഴുതുമ്പോൾ നിങ്ങളുടെ നഖം മുഖത്ത് അമർന്നു പോകാതിരിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞിനെ പരിചരിക്കുന്നവർ നഖം വെട്ടി വൃത്തിയായിരിക്കണം. കുഞ്ഞുങ്ങൾക്ക് പൗഡർ ഇടാതിരിക്കുന്നതാണ് നല്ലത്. നിർബന്ധമാണെങ്കിൽ പൗഡറിന്റെ തരികൾ കൈയിൽ നിന്ന് കുടഞ്ഞുകളഞ്ഞശേഷം വെറുതെ തലോടിയാൽ മാത്രം മതി.  

6. കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്ന കണ്മഷി മുതിർന്നവർ ഉപയോഗിക്കരുത്. കുഞ്ഞിനു പ്രത്യേകം വാങ്ങി സൂക്ഷിക്കുക.