Saturday 07 April 2018 10:41 AM IST : By സാദിഖ് കാവില്‍

ലൈവ് പാചകവുമായി തിളങ്ങി അമ്മ ഷെഫിന്റെ മകൾ കുഞ്ഞു ഷെഫ്, വിഡിയോ

chef

ഷാർജ: വിത്തുഗുണം പത്തുഗുണം എന്നാണല്ലോ; പാചക വിദഗ്ധ ജുമാനാ ഖാദിരിയുടെ മകൾക്ക് ഇതല്ലാതെ മറ്റെന്തു ഹരം! കുഞ്ഞു പാചകക്കാരി ജെഹാൻ റസ്ദാൻ ഇൗ മാസം 18 മുതൽ 28 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിനെത്തുന്നവരെ അതിശയിപ്പിക്കാൻ പോകുന്നു; തത്സമയ പാചകവുമായി.

മുതിർന്നവരുടെ വിഭാഗത്തിലാണു ലിറ്റിൽ ഷെഫ് ജെഹാനെ ഉൾപ്പെടുത്തിയിട്ടുള്ളത്. കാനഡയിൽ നിന്നുള്ള അറിയപ്പെടുന്ന പാചകവിദഗ്ധ സൂസന്ന ഹുസൈനി, ഇംഗ്ലണ്ടുകാരി ജെന്നി ടെഷ്ചിഷെ, ലാറ സ്റ്റാർ, നാൻസി മാക്ഡഗൻ, അമേരിക്കയിൽ നിന്നുള്ള മാർക് അയിൻസ് വെർത് എന്നിവരാണ് മറ്റുള്ള പാചകക്കാര്‍.  ഉദ്ഘാടന ദിവസം വൈകിട്ട് ഏഴു മുതൽ 7.45 വരെയും 19നും 24നും വൈകിട്ടു നാലു മുതൽ 4.45 വരെയും 20നും 27നും വൈകിട്ട് 5.15 മുതൽ ആറു വരെയും 22നു രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും 23ന് വൈകിട്ട് 6.30 മുതൽ‌ 7.15 വരെയും 26ന് രാവിലെ 10 മുതൽ 10.45 വരെയും ജെഹാൻ ഹാൾ നമ്പർ നാലിലെ കുക്കറി കോർണറിൽ വിവിധ വിഭവങ്ങൾ തത്സമയമുണ്ടാക്കും.
 

ജെഹാൻസ് കിച്ചൻ എന്ന പേരിൽ യു ട്യൂബിൽ സജീവമായ ജെഹാൻ കുട്ടികളുടെ പാചകക്കാരിൽ യുഎഇയിലും ഇന്ത്യയും അറിയപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ക്യാമറയ്ക്കു മുൻപിലെ പ്രകടനമെല്ലാം വെറും തമാശയായാണ് ഇൗ വികൃതിക്കുട്ടി കാണുന്നത്. മാതാവ് ജുമാനാ ഖാദിരി പ്രശസ്തയായ പാചകവിദഗ്ധയും അവതാരകയുമാണ്. അമ്മയെ കണ്ടാണു ജെഹാൻ ഇൗ മേഖലയോട് താത്പര്യം കാണിച്ചുതുടങ്ങിയത്.  എങ്കിലും, വലുതായാല്‍ മുത്തശ്ശിയെ പോലെ ഡോക്ടറാകാനാണ് ആഗ്രഹം. അബുദാബി ഗ്രാമർ സ്കൂളിൽ കെജി 2 വിദ്യാർഥിയാണ് ഇൗ മിടുക്കിക്കുട്ടി. നേരത്തെ അബുദാബിയിൽ നടന്ന ബേബി ഷോയിൽ റണ്ണർ അപ്പായിരുന്നു.

കഴിഞ്ഞ മാസം അൽഐൻ ലുലുവിലും തത്സമയ പാചകം നടത്തി ആളുകളുടെ പ്രിയങ്കരിയായി. പാചകത്തോടൊപ്പം കഥപറയാനും പാട്ടുപാടാനും വിഡിയോ നിർമിക്കാനും ഇഷ്ടം തന്നെ. അബുദാബിയില്‍ ജോലി ചെയ്യുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി റസ്ദാൻ ഖാനാണ് ജെഹാന്റെ പിതാവ്. കുഞ്ഞു സഹോദരൻ അദ്നാൻ റസ്ദാൻ. മുതിർന്നവരുടെ തത്സമയ പാചകം കൂടാതെ, കുട്ടികള്‍ക്കും മുതിർന്നവർക്കും പാചക മത്സരവും വായനോത്സവത്തോടനുബന്ധിച്ച് അരങ്ങേറുന്നു. മലയാളികളടക്കം തിരഞ്ഞെടുക്കപ്പെട്ട എട്ടു കുട്ടികളാണ് മാറ്റുരക്കുക.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍