Friday 09 February 2018 10:22 AM IST : By ഡെൽന സത്യരത്ന

കുട്ടിയാഹാരത്തിൽ ഇവ വേണ്ടേ, വേണ്ട! അസുഖങ്ങളൊഴിവാക്കാൻ മെനു തിരുത്തി എഴുതാം

kids_menu_main ഫോട്ടോ: സരിൻ രാംദാസ്

കുട്ടികളുടെ ഭക്ഷണകാര്യത്തിൽ അമ്മമാർക്ക് നൂറു കണ്ണാണ്. എന്നാൽ കുട്ടികളുടെ ഭക്ഷണത്തിൽ നിന്ന് നിർബന്ധമായി ഒഴിവാക്കേണ്ടവ എന്തൊക്കെയാണെന്ന് പലർക്കും അറിഞ്ഞു കൂടാ. ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ അമ്മമാരുടെ കരുതൽ സഹായകരമാകും. പരസ്യങ്ങളുടെ തിളക്കത്തിൽ വീഴു ന്നത് കുട്ടികൾ മാത്രമല്ല അമ്മമാരും കൂടിയാണ്. വാഗ്ദാനം ചെയ്യുന്ന ഗുണം കിട്ടുമോ, അതോ ദോഷം വല്ലതുമുണ്ടാകുമോ എന്നൊന്നും പലരും ചിന്തിക്കാറില്ല.

നമുക്കിന്ന് നഷ്ടമാകുന്ന ഗുണമാണ് ക്ഷമ. എല്ലാവർക്കും എല്ലാം പെട്ടെന്ന് വേണം. ഇൻസ്റ്റന്റ് ഭക്ഷണം നമ്മളറിയാതെ നമ്മളിൽ സൃഷ്ടിക്കുന്ന സംസ്കാരമാണ് ഈ ക്ഷമയില്ലായ്മ. ഒന്നിനു വേണ്ടിയും അൽപം കാത്തിരിക്കാൻ ആരും തയാറല്ല. ഇൻസ്റ്റന്റ് ഭക്ഷണങ്ങളോട് ‘നോ’ പറയുകയാണ് ആദ്യം ചെയ്യേണ്ടത്. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ ക്ഷമയോടെ സമയം കരുതിയില്ലെങ്കിൽ, അതിലേറെ സമയം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുമെന്ന് മറക്കാതിരിക്കുക.

ഇൻസ്റ്റന്റ് മിക്സുകൾ ഉപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് നൽകരുത്. ജങ്ക് ഫൂഡും ഫാസ്റ്റ് ഫൂഡും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പലതാണ്. ഇൻസ്റ്റന്റ് മി ക്സുകൾ വാങ്ങുമ്പോൾ അതിലെ ലേബൽ വായിച്ച് ചേരുവകൾ മനസ്സിലാക്കുക. കുട്ടികൾക്ക് പ്രിസർവേറ്റീവ്സ് ചേർത്ത ഇൻസ്റ്റന്റ് ഭക്ഷണം കൊടുക്കരുത്. ഗുണനിലവാരം കുറഞ്ഞ ബിസ്കറ്റുകളും ഹെൽത് സപ്ലിമെന്റുകളും കുട്ടികളുടെ ഭക്ഷണശീലത്തിന്റെ ഭാഗമാക്കരുത്. പോഷകക്കുറവ് വരുന്ന സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശം അനുസരിച്ചുള്ള ഹെൽത് സപ്ലിമെന്റു കൾ ഉപയോഗിക്കാം. മാർക്കറ്റിൽ നിന്ന് സ്വയം തിരഞ്ഞെടുക്കുന്ന ബുദ്ധിമരുന്നുകളും ശക്തിമരുന്നുകളും കുട്ടിക്ക് കൊടുക്കരുത്. ഇതൊക്കെ കുട്ടികൾക്ക് നൽകുന്നത് സ്റ്റാറ്റസ് സിംബലായി കരുതുന്നവർ പോലുമുണ്ട്.

kids_food_menu

അയൽവീട്ടിലെ കുട്ടികൾ, അല്ലെങ്കിൽ സ്കൂളിലെ കൂട്ടുകാർ കഴിക്കുന്ന ഭക്ഷണം തന്നെ കുഞ്ഞിനു വാങ്ങിക്കൊടുത്ത് തൃപ്തിയടയുന്ന മാതാപിതാക്കളുമുണ്ട്. ഇങ്ങനെ ലേറ്റസ്റ്റ് ആകുന്നതിലും നല്ലത് പരമ്പരാഗത ഭക്ഷണ രീതിയാണെന്ന് ആദ്യമേ മനസ്സിൽ ഉറപ്പിക്കുക. ഇഡ്ഢലിയും ദോശയും കഞ്ഞിയും ചെറുപയറും കപ്പയും ചക്കപ്പുഴുക്കും പോലുള്ള നാടൻ വിഭവങ്ങൾ പകരുന്ന കരുത്ത് മതിയാകും നല്ല ആരോഗ്യം നേടാൻ. പ്രോട്ടീൻ സമ്പുഷ്ടമാണ് നമ്മുടെ പരമ്പരാഗത പ്രഭാത ഭക്ഷണങ്ങൾ. അമിതവണ്ണം ഇല്ലാത്ത കുട്ടികൾക്ക് നെയ്യ് കൊടുക്കുന്നത് നല്ലതാണ്.

Puttu and kadala

മുട്ട നൽകാൻ തുടങ്ങുമ്പോൾ മഞ്ഞക്കരു വെള്ളയ്ക്കു മുമ്പ് കൊടുത്തു തുടങ്ങാം. ചില കുട്ടികൾക്കു ഓക്കാനം വരാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ അൽപം കുരുമുളകു പൊടിയും ഉപ്പും ചേർത്തു നൽകാം. നിയന്ത്രണം അമിതമായാല്‍ കുഞ്ഞിന് ഫാസ്റ്റ് ഫൂഡ് ക ഴിക്കാനുള്ള ആഗ്രഹം കൂടി വരാം. അതുകൊണ്ട് വല്ലപ്പോഴും ഫാസ്റ്റ്, പാക്കറ്റ് ഫൂഡ് വാങ്ങിക്കൊടുക്കാം. അനാരോഗ്യകരമായ ഭക്ഷണത്തിന്റെ അപകടം കുട്ടിയെ ബോധ്യപ്പെടുത്തിയ ശേഷം വേണം പൂർണമായ ഒഴിവാക്കൽ.

വെളുത്ത വില്ലൻമാർ

പൊറൊട്ടയിൽ മാത്രമല്ല മൈദയുള്ളത്. പല സ്നാക്കുകളുടെ രൂപത്തിൽ വരുന്ന ഈ വെളുത്ത വേസ്റ്റ് നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ കൊല്ലാതെ നോക്കാം. വെളുത്ത വിഷം എന്ന് ഓമനപ്പേരുള്ള പഞ്ചസാര അടുക്കളയിൽ എപ്പോഴുമുണ്ടാകും. കുഞ്ഞിനെ മരുന്നു കഴിപ്പിക്കാൻ പല അമ്മമാരും കൈക്കൂലിയായി വാഗ്ദാനം ചെയ്യുന്നത് ഒരു സ്പൂൺ പഞ്ചസാരയാണ്. കുട്ടികളിലുണ്ടാകുന്ന ദന്തക്ഷയത്തിന് പ്രധാന കാരണം പഞ്ചസാരയുടെ അമിത ഉപയോഗമാണ്. പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറച്ച് പകരം ശർക്കരയോ കരിപ്പെട്ടിയോ ഉപയോഗിക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ഭാരം കൂടുന്നതിന് ഇടയാക്കും.

മൂന്നാമത്തെ വില്ലൻ ഉപ്പാണ്. രക്ത സമ്മർദം കുറവുള്ള കു ട്ടികൾക്ക് ഉപ്പ് അൽപം കൂടുതൽ കൊടുക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഈ സാഹചര്യം ഒഴിച്ചുനിർത്തിയാൽ, ഉ പ്പിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുന്നതാണ് ഉത്തമം. കുട്ടി വലുതാകുംതോറും രക്ത സമ്മർദം, വൃക്ക രോഗങ്ങൾ എ ന്നിവയ്ക്കുള്ള സാധ്യത കൂടും. മാത്രമല്ല, പായ്ക്കറ്റ് ഭക്ഷണ ങ്ങളിൽ ആവശ്യത്തിലധികം ഉപ്പ് ചേരുന്നുണ്ട്. ഇത്തരം സ്നാ ക്സ് പതിവായി കഴിക്കരുത്. അത് ഒഴിവാക്കാൻ കഴിയുന്നില്ലെ ങ്കിൽ കുട്ടികൾക്കായി വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് വളരെ കുറച്ച് മാത്രം മതി. പണ്ടത്തെ പോലെ വീട്ടിലെ പശുവിന്റെയോ അയലത്തെ പശുവിന്റെയോ പാലാണെങ്കിൽ കുട്ടികൾക്ക് കൊടുത്തോളൂ. അത് ആരോഗ്യത്തിന് നല്ലതാണ്. പായ്ക്കറ്റ് പാലിൽ മിക്കവയിലും പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് പായ്ക്കറ്റ് പാൽ സ്ഥിരമായി കൊടുക്കരുത്. ഇതുപയോഗിച്ചുള്ള ചായകുടി യും കുറയ്ക്കാം.

കുട്ടികൾക്കുള്ള പഴവും മിഠായികളും

ഇറക്കുമതി ചെയ്ത വില കൂടിയ പഴങ്ങൾ കുട്ടികൾക്കു വേണ്ട. കൂടുതൽ കാലം കേടു കൂടാതിരിക്കാൻ ചേർക്കുന്ന പ്രിസ ർവേറ്റീവ്സ് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. സീസണൽ പഴങ്ങളാണ് കുട്ടികൾക്ക് ഏറ്റവും നല്ലത്. മാമ്പഴ ക്കാലമാകുമ്പോൾ മാമ്പഴം തിരഞ്ഞെടുക്കാം. പഴം, ശർക്കരയും അൽപം നെയ്യും ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. പുതിയ ഇനം മധുരപലഹാരങ്ങളേക്കാളും ആരോഗ്യകരം നമ്മുടെ പഴയ മധുരങ്ങളാണ്.

കപ്പലണ്ടി മിഠായിയും എള്ളുണ്ടയും ഇക്കാര്യത്തിൽ ഒന്നാമതാണ്. എള്ളിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. പെൺകുട്ടികൾക്ക് എള്ള് ചേർന്ന പലഹാരങ്ങൾ നിർബന്ധമായി കൊടുക്കുന്ന രീതി പണ്ടുണ്ടായിരുന്നു. ഭക്ഷണം നന്നായി കഴിച്ചു തുടങ്ങുമ്പോൾ നട്സ് കുട്ടിയുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കാം. ബദാം, കാഷ്യൂ, പിസ്ത എന്നീ വില കൂടിയ നട്സ് തന്നെ കൊടുക്കണമെന്നില്ല. നിലക്കടല കൊടുത്താലും മതി. ആവശ്യത്തിന് പോഷകങ്ങൾ കിട്ടും.

വിവരങ്ങൾക്ക് കടപ്പാട്: മായാലക്ഷ്മി കെ, സീനിയർ ഗ്രേഡ് ഡയറ്റിഷ്യൻ, ജനറൽ ഹോസ്പിറ്റൽ, എറണാകുളം